Sunday, July 19, 2009

പിന്നില്‍ ഒരു കാലൊച്ച.

1988 ലാണ് സംഭവം നടന്നത്.തികച്ചും അസാധാരണമായ ഒന്ന്. ഇന്നും എനിക്ക് യുക്തിക്ക് നിരക്കുന്ന ഒരു വിശദീകരണം
ഈ സംഭവത്തെകുറിച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരം ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ചായകുടി കഴിഞ്ഞ് കുറച്ച് നേരം ഇരിക്കും. ആ സമയത്താണ് മക്കളുടെ വക സ്കൂള്‍ പുരാണം അവതരിപ്പിക്കല്‍. സമയം ആറേകാല്‍
ആയാല്‍ ക്ലബ്ബിലേക്ക് ഇറങ്ങും. പിന്നെ എട്ടര മണി വരെ ചീട്ടുകളിയാണ്. മറ്റെന്ത് കാര്യം ഒഴിവാക്കിയാലും ഞങ്ങള്‍ അംഗങ്ങള്‍
ആരും കളിയോഗം ഒഴിവാക്കാറില്ല.

ജനവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ആണ് ഇത് നടക്കുന്നത്. വീട്ടിലേക്കുള്ള മണ്‍പാതയുടെ ഇരുവശത്തും ഉള്ള വയലുകള്‍ എല്ലാം വിളഞ്ഞ കതിര്‍ ചൂടി നില്‍ക്കുകയാണ്. ഒന്നാന്തരം കാലാവസ്ഥ. വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ഞാന്‍
സാവധാനം നടക്കുകയാണ്. അസ്തമിക്കാന്‍ തയ്യാറെടുത്ത സൂര്യന്‍ മുഖത്താകെ ചുവപ്പ് ചായം തേച്ച് ഓവര്‍ ബ്രിഡ്ജിന്ന്
അരികിലായി യാത്രാമൊഴി ചൊല്ലി നില്‍ക്കുന്നു. ഞാന്‍ മനസ്സില്‍ അദ്ധ്യാത്മ രാമായണത്തിലെ ആദിത്യസ്തുതിയുടെ ഈരടികള്‍ മൂളിപ്പാട്ട് പോലെ ഉരുവിടുന്നുണ്ടായിരുന്നു.

പെട്ടെന്ന് പുറകില്‍ ഒരു കാലൊച്ച. ആരോ ഓടി വരുന്നത് പോലെ. കളി കഴിഞ്ഞ് വരുമ്പോള്‍ വല്ലതും വാങ്ങിയിട്ട് വരണമെന്ന്
പറയാന്‍ ചിലപ്പോള്‍ മക്കള്‍ വരാറുണ്ട്. അങ്ങിനെ ആവുമെന്ന് വിചാരിച്ച് ഞാന്‍ നിന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ പുറകില്‍
ആരുമില്ല. വെറും തോന്നലാണ് എന്ന് കരുതി ഞാന്‍ വീണ്ടും നടക്കാന്‍ തുടങ്ങിയതും കാലൊച്ച പിന്നില്‍ കേട്ട്തുടങ്ങി.
ഇതെന്ത് മറിമായമാണെന്ന് കരുതി ഞാന്‍ നിന്നു. ഇത്തവണ പരിസരം മുഴുവന്‍ ഞാന്‍ ശ്രദ്ധിച്ച് നോക്കി. അടുത്തെങ്ങും ഒരു ജീവി പോലുമില്ല. ഞാന്‍ നടന്ന് തുടങ്ങിയതോടെ കാലൊച്ച പിന്നിലുണ്ട്. എന്നെ അത്ഭുതപ്പെടുത്തി നൂറ്റമ്പത് മീറ്റര്‍ ദൂരത്തെ നടത്തം മുഴുവന്‍ പിന്നിലെ കാലൊച്ചയുടെ അകമ്പടിയോടെ ആയിരുന്നു.

റെയില്‍വെ സ്റ്റേഷനിലെ ഫുട്ടോവര്‍ ബ്രിഡ്ജില്‍ നിന്ന് ഞാന്‍ വന്ന വഴി മുഴുവന്‍ നോക്കി. വീട്ടിന്ന് മുമ്പിലെ ആലിന്‍ചുവട് മുതല്‍ സ്റ്റേഷന്‍ വരെ ഒന്നുമില്ല. രാത്രി തിരിച്ച് വരുമ്പോള്‍ ഇത് തുടര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്ന് ചിന്തിച്ച് ഞാന്‍ എന്‍റെ വഴിക്ക് പോയി. തിരിച്ച് വരുമ്പോള്‍ എന്നല്ല പിന്നീടൊരിക്കലും ഈ പ്രതിഭാസം ഉണ്ടായിട്ടില്ല.

ഈ കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്ന് മാത്രമല്ല, ഇയാള്‍ക്ക് ശകലം ബുദ്ധിഭ്രമം ഉണ്ട് എന്ന് വിചാരിക്കുകയും
ചെയ്യും. അമ്മയെങ്ങാനും അറിഞ്ഞാല്‍ പിന്നീട് സന്ധ്യക്കുള്ള യാത്ര വിലക്കി എന്നും വന്നേക്കാം. ഇതൊക്കെ കണക്കാക്കി നടന്ന കാര്യം ഞാന്‍ മനസ്സില്‍ തന്നെ ഒതുക്കി.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞു കാണും. ഒരു ദിവസം ഓഫീസില്‍ ഞാനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ. കെ.വി. രാമചന്ദ്രനും മാത്രം. 'തന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ എന്തെങ്കിലും അസാധാരണമായ വല്ലതും ഉണ്ടോ' എന്ന് അദ്ദേഹം ചോദിച്ചു. എന്ത് കാര്യമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായില്ല. കാര്യം എന്താണെന്ന് ഞാന്‍ തിരക്കി .

ആരോടും പറയുകയൊന്നും വേണ്ടാ എന്നും പറഞ്ഞ് രാമചന്ദ്രന്‍ വസ്തുത വെളിപ്പെടുത്തി. നമ്മുടെ സ്വാമി പറഞ്ഞതാണ് എന്നും പറഞ്ഞാണ് തുടങ്ങിയത്. സ്വാമി എന്നു വിളിക്കപ്പെടുന്ന ശ്രീ. പി.എസ്. രാമചന്ദ്രന്‍ കെ.എസ്.ഇ.ബി. എഞ്ചിനീയറാണ്. വൈദ്യുതി തകരാര്‍ വന്ന ഒരു ദിവസം ലൈന്‍ ഓഫ് ചെയ്യാന്‍ ജീവനക്കാരെ കിട്ടിയില്ല. എന്‍റെ വീടിന്നടുത്തുള്ള എ.ബി. സ്വിച്ച് ഓഫാക്കാനായി സന്ധ്യ നേരത്ത് സ്വാമി വന്നു. വൈദ്യുതി വിച്ഛേദിച്ച് തിരിച്ച് വന്ന് സ്വാമി മണ്‍പാതയിലെത്തി. രണ്ട് ചുവട് നടന്നതേയുള്ളു. പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം. തിരിഞ്ഞ് നോക്കുമ്പോള്‍ ആരുമില്ല. എന്നാലോ നടക്കുമ്പോള്‍ കാലടി ശബ്ദം കേള്‍ക്കാനുമുണ്ട്. അദ്ദേഹം പരിഭ്രമിച്ചു.

അപ്പോള്‍ ഞാന്‍ നേരിട്ട അസാധാരണമായ ആ സംഭവം ആദ്യമായി രാമചന്ദ്രനോട് പറഞ്ഞു. ഇന്നും ചിലപ്പോള്‍ ആ മണ്‍പാതയിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍ ആ സംഭവം ഓര്‍മ്മയില്‍ കടന്നു വരും, പൊരുളറിയാത്ത എത്രയോ കാര്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനായി .

Saturday, July 18, 2009

നള ദമയന്തി കഥയിലെ അരയന്നം പോലെ .

'സാറിനെ കാണാന്‍ ആരോ പുറത്ത് കാത്ത് നില്‍പ്പുണ്ട്' എന്ന് ഓഫീസ് അറ്റന്‍ഡന്‍റ് കൃഷ്ണേട്ടന്‍ വന്ന് പറഞ്ഞു. നേരം പത്തേ കാല്‍ ആവുന്നതേയുള്ളു. 'ആരടപ്പാ ഈ നേരത്ത് അന്വേഷിച്ച് വരാന്‍ ' എന്നും വിചാരിച്ച് വെളിയില്‍
ചെല്ലുമ്പോഴുണ്ട് സ്റ്റെയര്‍ കേസില്‍ ചന്ദ്രന്‍ നായര്‍ നില്‍ക്കുന്നു. ഇയാള്‍ എന്തിനാണ് എന്നെ തിരക്കി എത്തിയത് എന്ന് എനിക്ക് മനസ്സിലായില്ല. എന്ത് ഏടാകൂടമാണോ ഇയാള്‍ പറയാന്‍ വന്നത്എന്ന് എനിക്ക് ആശങ്ക തോന്നി. എന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുന്ന സമയമാണ് . ക്ഷണിക്കലൊക്കെ തുടങ്ങി കഴിഞ്ഞു. അത്യാവശ്യമുള്ള ഓഫീസ് ജോലികള്‍ തീര്‍ത്ത് അടുത്ത ആഴ്ച മുതല്‍ ലീവില്‍
പ്രവേശിക്കേണ്ടതാണ്. ഈ സമയത്ത് ഇനി എന്തെങ്കിലും മാറ്റങ്ങള്‍ പറയാനായിരിക്കുമോ ചന്ദ്രന്‍ നായര്‍ വന്നത് എന്ന് ഞാന്‍ ശങ്കിച്ചു. കാരണം അദ്ദേഹമാണ് എന്‍റെ കല്യാണത്തിന്‍റെ ദല്ലാള്‍ .

'ഒമ്പതര മുതല്‍ ഞാന്‍ കാത്ത് നില്‍ക്കാന്‍ തുടങ്ങിയതാണ്' ചന്ദ്രന്‍ നായര്‍ പറഞ്ഞു 'എപ്പോഴാണ് ഇതിനകത്ത് കേറിയത്'. ഒമ്പത് മണിക്ക് ഞാന്‍ എത്തിയെന്നും ലീവ് എടുക്കുന്നതിന്ന് മുമ്പ് കുറെയേറെ ജോലികള്‍ തീര്‍ക്കാനുള്ളതിനാല്‍ നേരത്തെ വന്ന് വൈകിയേ പോവാറുള്ളു എന്നും ഞാന്‍ പറഞ്ഞു. ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മൂപ്പര്‍ എന്നെ പുറത്തേക്ക് വിളിച്ചു. സംഗതി പന്തികേടായി എനിക്ക് തോന്നി. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് വല്ല അസൌകര്യവും കാണുമോ എന്ന് ഞാന്‍ ശങ്കിച്ചു.

എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി മതിലും ചാരി നില്‍ക്കുന്ന ഒരു സ്ത്രീയെ അദ്ദേഹം എനിക്ക് കാണിച്ചു തന്നു. 'ഇവരുടെ കാര്യം ശരിയാക്കാനാണ് ഞാന്‍ നിന്നെ കാണാന്‍ വന്നത് ' ചന്ദ്രന്‍ നായര്‍ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ അവരെ സൂക്ഷിച്ച് നോക്കി. മുമ്പ് കണ്ട മുഖ പരിചയം പോലും തോന്നുന്നില്ല. ' എനിക്ക് ഇവരെ അറിയില്ലല്ലോ ' ഞാന്‍ പറഞ്ഞു.

'അത് എനിക്ക് അറിയില്ലേ' ചന്ദ്രന്‍ നായര്‍ പറഞ്ഞു' അവര് ഈ നാട്ടിലൊന്നും അല്ല താമസിക്കുന്നത്'. പിന്നെ ഇത് എന്ത് പുലിവാലാണ് എന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ' നമുക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ആണ് ഇവള്‍. ഇവള്‍ക്ക് ഒരു പ്രശ്നമുണ്ട് '. തുടര്‍ന്ന് അദ്ദേഹം കാര്യം വിസ്തരിച്ചു. പെണ്‍കിടാവ് ഒരു മറുനാടന്‍ മലയാളിയാണ്. ജോലി സ്ഥലത്ത് വെച്ച് ഒരു ചെറുപ്പക്കാരനുമായി അവള്‍ പ്രേമത്തിലായി. ഇപ്പോള്‍ അയാള്‍ നാട്ടില്‍ വന്നിട്ടുണ്ട്. പയ്യന്ന് വേറെ വിവാഹാലോചനകള്‍ നടക്കുന്നതായി അറിയുന്നു . അങ്ങിനെ സംഭവിച്ചാല്‍ ഇവളുടെ സ്ഥിതിയെന്ത്. ഇത്ര ആയിട്ടും ഈ കാര്യത്തില്‍ എന്‍റെ റോള്‍ എന്തെന്ന് എനിക്ക് മനസ്സിലായില്ല.

'അതിന്ന് ഇപ്പോള്‍ ഞാനെന്താ ചെയ്യേണ്ടത്' എന്ന് ഞാന്‍ തുറന്ന് ചോദിച്ചു. ചന്ദ്രന്‍ നായര്‍ ഒന്ന് ചിരിച്ചു. ' ഏയ് , അത്ര വലിയ കാര്യം ഒന്നുമില്ല' മൂപ്പര്‍ പറഞ്ഞു' ഒന്ന് ആ പയ്യന്‍റെ വീട് വരെ ചെല്ലണം. ഇങ്ങിനെ ഒരു പെണ്‍കുട്ടി വന്ന് കാത്ത് നില്‍പ്പുണ്ട്. ഇത്രടം വരെ ഒന്ന് വരണം എന്ന് ചെറുക്കനോട് പറയണം. വേറൊന്നും വേണ്ടാ '.

എന്നാല്‍ പിന്നെ ആ സ്ത്രീക്ക് നേരിട്ട് അങ്ങോട്ട് ചെന്ന് കണ്ടാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു.'നല്ല കഥയായി ' നായര്‍ അത് പറ്റില്ല എന്ന് കൈ ആംഗ്യം കാട്ടി. ചെക്കന്‍റെ അച്ഛന്‍ വലിയ ഉദ്യോഗസ്ഥനായിരുന്ന് പെന്‍ഷനായ ആളാണ്. ചൂലിന്‍
കെട്ട് എടുത്ത് അയാള്‍ തല്ലി ഓടിക്കും. അങ്ങിനെ ആണെങ്കില്‍ നിങ്ങള്‍ക്ക് തന്നെ അവിടെ ചെന്ന് അയാളോട് പറഞ്ഞുകൂടെ എന്ന് ഞാന്‍ സംശയം ചോദിച്ചു.

അതും പറ്റില്ല , അവിടുത്തെ കാരണവര്‍ക്ക് എന്നെ നന്നായി അറിയാം. ചിലപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് നടക്കുന്ന കാര്യം കൂടി ഇല്ലാതാവും. നീ ആവുമ്പോള്‍ കിഴവന്ന് ആളെ അറിയില്ല. ആ പയ്യനെ പുറത്തേക്ക് വിളിച്ച് സ്വകാര്യത്തില്‍ പറഞ്ഞാല്‍ മതി. അവന്‍ തീര്‍ച്ചയായും വരും. എന്തിനാണ് വേണ്ടാത്ത പണിക്ക് പുറപ്പെടുന്നത് എന്ന് ഞാന്‍ ശങ്കിച്ചു. ആ സമയത്താണ് 'സാര്‍ , പ്ലീസ് ഞാന്‍ ഒരു സഹോദരിയാണെന്ന് കരുതി ഒന്ന് ഹെല്‍പ്പ് ചെയ്യൂ ' എന്ന് സ്ത്രി കഥാപാത്രം
മൊഴിയുന്നത്. തുലഞ്ഞ് പോട്ടെ എന്ന്ശപിച്ച് ഓഫീസില്‍ കയറി പതിനഞ്ച് മിനുട്ട് നേരത്തേക്ക് പുറത്ത് പോവാന്‍ സമ്മതം ചോദിച്ച് കൃഷ്ണേട്ടന്‍റെ പക്കല്‍ നിന്നും സൈക്കിളിന്‍റെ താക്കോലും വാങ്ങി താഴെ ചെന്നു. ചന്ദ്രന്‍ നായര്‍ വഴി പറഞ്ഞ് തന്നു. ഒരു കാരണവശാലും പയ്യന്‍റെ അച്ഛന്‍ വിവരം അറിയരുത് എന്ന് എനിക്ക് താക്കീതും തന്നു.

പറഞ്ഞു തന്ന അറിവ് വെച്ച് കയറി ചെന്നത് വലിയൊരു വീട്ടിലാണ്. കൂട്ടില്‍ കിടന്ന് ഒരു ശ്വാനന്‍ പുറത്ത് വിട്ടാല്‍ എന്നെ ശരിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി കുരച്ച് ബഹളം സൃഷ്ടിച്ച് സ്വാഗതം അരുളി. കൂട്ടിന്ന് വെളിയിലുള്ള ശുനകനെ പേടിച്ചാല്‍ മതി, അകത്ത് ഉള്ളവനെ കാര്യമാക്കേണ്ടാ എന്ന തിയറിയുടെ അടിസ്ഥാനത്തില്‍ ' നീ കിടന്ന് ചിലക്കാതെ അടങ്ങി കിടക്കെടാ സാരമേയ സൂനൂ ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ സധൈര്യം മുന്നോട്ട് നടന്നു. എന്‍റെ കണക്ക് കൂട്ടലുകളാകെ തെറ്റിച്ച് ഉമ്മറത്ത് സ്റ്റെപ്പിന്ന് ഇരു വശത്തുമായി കാരണവരും പുത്രനും ഇരിക്കുന്നു.

എങ്ങിനെ ഈ കാര്യം അവതരിപ്പിക്കും എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കുമ്പോള്‍ 'ആരാ, എന്താ വേണ്ടത്'
എന്ന് കാരണവര്‍ ചോദിച്ചു. 'എനിക്ക് ഇദ്ദേഹത്തോട് ഒരു കാര്യം പറയാനുണ്ട്' മകനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. ' എന്താണെങ്കിലും പറഞ്ഞോളൂ, ഞാന്‍ അന്യനൊന്നുമല്ല ' എന്നായി കാരണവര്‍. വിഷയം എപ്പോഴായാലും ഇയാള്‍ അറിയേണ്ടതാണ്. നേരത്തെ ആയാല്‍ അത്രയും നന്ന് എന്ന് തീരുമാനമെടുത്ത്' ഇങ്ങേരുടെ കാമുകിയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ ഇലക്ട്രിസിറ്റി ഓഫീസിന്ന് മുമ്പില്‍ നില്‍ക്കുന്നുണ്ട്. ഇയാളോട് എന്തോ അത്യാവശ്യം പറയാനുണ്ടത്രേ. ഒന്ന് അവിടം വരെ ഇയാളോട് വരാന്‍ പറയാന്‍ എന്നെ പറഞ്ഞു വിട്ടതാണ് ' എന്ന് ഒറ്റ ശ്വാസത്തില്‍ ഞാന്‍ വെച്ച് കാച്ചി.

രണ്ടുപേരും മുഖത്തോട് മുഖം നോക്കി. 'നിങ്ങളാരാ' എന്ന് പിതാവ് എന്നോട് ചോദിച്ചു. ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനാണെന്നും , ഒരു സഹായം അഭ്യര്‍ത്ഥിച്ചത് കാരണം വന്നതാണെന്നും ഞാന്‍ വിശദീകരിച്ചു. ' ശരി, നിങ്ങള്‍ പൊയ്ക്കോളു,വേണ്ടത് ചെയ്യാം ' എന്ന് പറഞ്ഞ് അവര്‍ എന്നെ തിരിച്ചയച്ചു. ഓഫീസിന്ന് മുന്നില്‍ എന്നേയും കാത്ത് നിന്ന ചന്ദ്രന്‍ നായരോട് വിവരം പറഞ്ഞ് ഞാന്‍ ജോലിക്ക് കയറി.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. ചന്ദ്രന്‍ നായര്‍ ഞാനിരിക്കുന്ന ഇടം തപ്പി പിടിച്ച് അരികിലെത്തി.
'ആ വിദ്വാന്‍ ഇനിയും എത്തിയില്ലല്ലോ' എന്ന് എന്നോട് ഒരു പരിഭവം. വരുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനും.' ഒരു ഉപകാരം കൂടി താന്‍ ചെയ്യണം , അയാള്‍ വരുമോ ഇല്ലയോ എന്ന് രണ്ടിലൊന്ന് പറയാന്‍ പറഞ്ഞിട്ട് വിവരം അറിഞ്ഞ് വരണം 'കക്ഷി പറഞ്ഞു . എനിക്ക് പറ്റില്ല എന്ന് ഞാന്‍ പലവുരു പറഞ്ഞ് നോക്കി.മുഖം മുറിഞ്ഞ് കാര്യം പറയാനുള്ള കഴിവുകേട് വീണ്ടും എന്നെ തോല്‍പ്പിച്ചു. കൃഷ്ണേട്ടന്‍റെ കയ്യില്‍ നിന്നും സൈക്കിളിന്‍റെ ചാവി വാങ്ങി ഞാന്‍ രണ്ടാമങ്കത്തിന്ന് പുറപ്പെട്ടു.

ഇത്തവണ ചെന്നപ്പോള്‍ കണ്ട ഏക മാറ്റം പിതാവും പുത്രനും ഇരിപ്പിടങ്ങള്‍ മാറി എന്നത് മാത്രമാണ്. 'ങും, എന്താ' എന്ന് തെല്ലൊരു നീരസം കലര്‍ന്ന ശബ്ദത്തില്‍ കാരണവര്‍ ചോദിച്ചു. ' അവര് ഇപ്പോഴും കാത്ത് നില്‍പ്പുണ്ട്. എന്താണ്' അവരോട് പറയേണ്ടത് ' എന്ന് ഞാന്‍ പറഞ്ഞൊപ്പിച്ചു.

'ഹേയ്, മിസ്റ്റര്‍ , നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ ഇങ്ങിനെ ദൂതും കൊണ്ട് നടക്കാന്‍' കിഴവന്‍ അലറി. ' പ്രേമിക്കുന്നതിന്ന് മുമ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മകന്‍ പഠിക്കാത്തതിന്‍റെ കുഴപ്പമാണ് ഇതൊക്കെ ' എന്നും പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു. എനിക്ക് വന്ന ദേഷ്യത്തിന്ന് അതിരില്ല. ഒരു ആവശ്യവും ഇല്ലാതെയാണ് അന്യന്‍റെ വായിലെ വര്‍ത്തമാനമെല്ലാം എനിക്ക് കേള്‍ക്കേണ്ടി വന്നത്. ചന്ദ്രന്‍ നായരാണ് ഇതിനെല്ലാം കാരണക്കാരന്‍. കിട്ടിയത് പലിശ ചേര്‍ത്ത് ഞാന്‍ അയാള്‍ക്ക് കൊടുക്കുന്നുണ്ട്.

ഇലക്ട്രിസിറ്റി ഓഫീസിന്‍റെ മതിലും ചാരി കഥാനായിക നില്‍പ്പുണ്ട്. ചന്ദ്രന്‍ നായരെ അവിടെയൊന്നും കാണാനില്ല. അയാളോട് തോന്നിയ ദേഷ്യം മുഴുവന്‍ അവളോടായി. 'എന്തായി' അവര്‍ ചോദിച്ചു. 'ഇവിടെ തന്നെ നിന്നോളൂ' ഞാന്‍ പറഞ്ഞു
' അവര് താലിയും മാലയും വാങ്ങാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ എത്തും കെട്ടും കഴിഞ്ഞ് സദ്യയും ഉണ്ട് നേരെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാം '.

സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് ഞാന്‍ മുകളിലേക്ക് കയറി പൊയി. യാത്ര പറയാന്‍ പോലും അന്ന് എന്‍റെ അടുത്ത്ചന്ദ്രന്‍ നായര്‍ വന്നില്ല.

Sunday, July 5, 2009

കാറപകടം.

എന്ത് അപകടം നടന്നാലും അതിന്‍റെ കുറ്റം മുഴുവന്‍ വലിയ വാഹനത്തിന്‍റെ ആളുകളില്‍ ചുമത്തുകയാണ് നമ്മുടെ നാട്ടിലെ പതിവ് രീതി. കാല്‍ നടക്കാരന്‍ സൈക്കിളിന്ന് മുമ്പില്‍ കുറുകെ ചാടിയിട്ട് സൈക്കിള്‍ മുട്ടിയാലും ജനം സൈക്കിള്‍ ഓടിച്ചവനോട്
'എവിടെയാടാ നിന്‍റെ കണ്ണ് 'എന്നേ ചോദിക്കൂ. ചില ദിക്കില്‍ നിര്‍ഭാഗ്യവാനായ ഡ്രൈവറുടെ കരണത്ത് രണ്ട് പൊട്ടിച്ചും
കൊണ്ടായിരിക്കും ചോദ്യം.വാഹനത്തിന്‍റെ വലിപ്പം കൂടുന്നതനുസരിച്ച് ഇത്തരം പ്രതികരണത്തിന്‍റെ തോത് വര്‍ദ്ധിക്കും. എന്നാല്‍ ഇതിന്ന് വ്യത്യസ്തമായി ന്യായത്തിന്‍റെ ഭാഗത്തും ആള് കൂടും എന്ന് തെളിഞ്ഞ ഒരു അനുഭവം എനിക്ക് ഉണ്ടായി.

ഇന്നലെ (2009 ജൂലൈ 4ശനിയാഴ്ച) വൈകീട്ട് നാലര മണി കഴിഞ്ഞതേയുള്ളു. വീട്ടിലെ ഫോണ്‍ ശബ്ദിച്ചു.എടുത്തപ്പോള്‍ രണ്ടാമത്തെ മകന്‍ ബിനു. 'അച്ഛാ, കാര്‍ ആക്സിഡന്‍റ് ആയി'. മൂത്ത മകന്‍ ബിജുവും അവനും കുടി പെരിന്തല്‍മണ്ണയില്‍
നിന്നും വരുന്ന വരവാണ്. 'ആരാ വണ്ടി ഓടിച്ചത്' ഞാന്‍ തിരക്കി .

'ഞാന്‍ തന്നെ' അവന്‍ പറഞ്ഞു' ഒരു ഓട്ടോറിക്ഷക്കാരന്‍ കാറില്‍ നേരെ വന്ന് ഇടിച്ചതാണ്. 'ആര്‍ക്കെങ്കിലും വല്ലതും പറ്റിയോ പറ്റിയോ എന്ന് ചോദിച്ചതിന്ന് ഓട്ടോവിലുള്ള ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും സ്ഥലത്ത് ജനം കൂടിയിട്ടുണ്ടെന്നും അവന്‍
പറഞ്ഞു. അച്ഛന്‍ ഉടനെ ലെക്കിടിയില്‍ എത്തണമെന്ന് പറഞ്ഞ് മകന്‍ ഫോണ്‍ നിര്‍ത്തി.

ഞാന്‍ അനിയെ വിളിച്ചു വിവരം പറഞ്ഞു. അമ്മാമന്‍റെ മകനാണ് അനി എന്ന് വിളിക്കപ്പെടുന്ന അനില്‍ കുമാര്‍. വേഗം
പുറപ്പെട്ടുകൊള്ളു, കാറുമായി തയ്യാറാവാമെന്ന് അനി പറഞ്ഞു. ഞാന്‍ വസ്ത്രം മാറി ഇറങ്ങുമ്പോഴേക്കും എന്‍റെ ഇളയ മകന്‍ ബിനോജ് എന്ന് ഉണ്ണികുട്ടനുമായി അനി എത്തി കഴിഞ്ഞു. ' അപകടം എങ്ങിനെ സംഭവിച്ചാലും കുറ്റം വലിയ വാഹനം ഓടിച്ച ആള്‍ക്ക് എന്നേ നാട്ടുകാര്‍ പറയൂ ' കാറോടിക്കവേ അനി പറഞ്ഞു. യാതൊരു പരിചയമില്ലാത്ത സ്ഥലം .
ഓട്ടോറിക്ഷക്കാര്‍ക്ക് സംഘബലം ഉണ്ട്. കാര്യങ്ങള്‍ എന്തൊക്കെ ആവുമോ എന്ന് എനിക്ക് പരിഭ്രമം തോന്നി.

കുറച്ച് കഴിയുമ്പോഴേക്കും മൂത്തമകന്‍ ബിജോയ് വിളിക്കുന്നു. 'അച്ഛന്‍ വിഷമിക്കേണ്ടാ. അവന്‍ കള്ള് കുടിച്ച് ഓട്ടോ ഓടിച്ച് ഒരു ജീപ്പില്‍ ഇടിച്ചിട്ടാണ് നമ്മുടെ കാറില്‍ വന്ന് ഇടിച്ചത്. നാട്ടുകാര്‍ നമുക്ക് സപ്പോര്‍ട്ടാണ്. ആരോ അവന്ന് ഒരു പൂശ കൊടുത്തു കഴിഞ്ഞു. പോലീസ് വന്നിട്ടുണ്ട് ' എന്നൊക്കെ അവന്‍ പറഞ്ഞു. എനിക്ക് സമാധാനമായി. ഞാന്‍ വിവരം അപ്പോള്‍ തന്നെ വീട്ടിലും അറിയിച്ചു. അവരും പരിഭ്രമിക്കരുതല്ലോ.ഞാന്‍ സ്ഥലത്ത് എത്തുമ്പോള്‍ കുറെ പേര്‍ കൂടി നില്ക്കുന്നു. 'കാറിന്‍റെ ഉടമസ്ഥന്‍ എത്തി'എന്ന് ആരോ പറഞ്ഞു. ഞാന്‍ കാറിന്നടുത്ത് ചെന്നു. മുന്‍ ഭാഗം തകര്‍ന്ന് അത് റോഡോരത്ത് കിടപ്പാണ്. 'സാറെ അവനെ വെറുതെ വിടരുത്' ആരോ പറഞ്ഞു ' ശരിക്കും കേസ്സാക്കണം'. ഞങ്ങള്‍ ഒക്കെ സാക്ഷി പറയാന്‍ വരാമെന്ന് പലരും പറഞ്ഞു. പ്രായമായ ഒരാളാണ് കാര്യങ്ങള്‍ പറഞ്ഞത്. ഓട്ടോക്കാരന്‍ നന്നായി മദ്യപിച്ചിട്ടുണ്ട്. നേരത്തെ ഒരു ജീപ്പില്‍ മുട്ടി നിറുത്താതെ ഓടിച്ച് വന്നതാണ്. കുറച്ച് അകലെ വെച്ച് ഒരു ലോറിയില്‍ ഇടിക്കേണ്ടതായിരുന്നു. എന്തോ ഭാഗ്യത്തിന്ന്അത് ഉണ്ടായില്ല. നിങ്ങളുടെ കാറില്‍
ഇടിക്കാനായിരിക്കും യോഗം. നിസ്സാരമല്ലാത്ത പരിക്കാണ് ആസ്പത്രിയില്‍ പ്രവേശിപിച്ചവരുടേത്. ചെറിയൊരു കുട്ടിയുടെ വിരല്‍ അറ്റു പോയിട്ടുമുണ്ട്.

'വാഹനം ആവുമ്പോള്‍ തട്ടീന്നും മുട്ടീന്നും ഒക്കെ വരും. അത് കഴിഞ്ഞിട്ടുള്ള അവന്‍റെ പെരുമാറ്റമാണ്' ആളുകളെ ചൊടിപ്പിച്ചത് ' ഒന്ന് നിര്‍ത്തിയ ശേഷം അയാള്‍ പറഞ്ഞു തുടങ്ങി. അപകടം കഴിഞ്ഞതും ഓടി കൂടിയ ആളുകള്‍ പരിക്കേറ്റവരെ രക്ഷിക്കാനാണ് ശ്രദ്ധിച്ചത്. ആ സമയം കൊണ്ട് ഓട്ടോ ഓടിച്ചവനും മുന്‍സീറ്റില്‍ അവനോടൊപ്പം ഉണ്ടായിരുന്നവനും ഓടി രക്ഷപ്പെടാന്‍ നോക്കി. ആരോ ചിലര്‍ പുറകെ ഓടി ചെന്ന് പിടിച്ചുകൊണ്ട് വന്നതാണ്. 'നിന്‍റെ വണ്ടിയിലെ യാത്രക്കാര്‍ പരിക്ക് പറ്റി കിടക്കുമ്പോള്‍ നീ ഓടി പോയത് ശരിയായ പണി ആണോ' എന്ന് ആരോ ചോദിച്ചതിന്ന്' അവര് ചത്താല്‍ എനിക്കെന്താ' എന്ന് ഡ്രൈവര്‍ പറഞ്ഞതും
ആരോ അവന്‍റെ കരണത്ത് ഒന്ന് പൂശിയതും ഒന്നിച്ചായിരുന്നു.

പൊലീസ് അവനെ വലയം ചെയ്ത് രക്ഷിക്കുകയായിരുന്നു. എന്നിട്ടും' നീ എന്നെ തല്ലി അല്ലേ നിനക്ക് ഞാന്‍
വെച്ചിട്ടുണ്ട് ' എന്നാണത്രേ അവന്‍ പറഞ്ഞത്. ചെക്കന്‍റെ അഹമതിക്ക് ശരിക്കും ശിക്ഷ കിട്ടണം എന്നും പറഞ്ഞ് അയാള്‍ നിര്‍ത്തി. ജീപ്പിന്‍റെ ഉടമസ്ഥന്‍ അടുത്ത് വന്നു. അയാളുടെ ജീപ്പിന്‍റെ ഹെഡ് ലൈറ്റും ഇന്‍ഡിക്കേറ്ററും തകര്‍ന്നിട്ടുണ്ട്. 'ഓട്ടോ വരുന്ന വരവ് കണ്ടപ്പോഴേ അവന്‍ എന്തെങ്കിലും അപകടം വരുത്തും എന്ന് തോന്നി. ജീപ്പില്‍ ഇടിച്ചിട്ട് നിറുത്താതെ പോയപ്പോള്‍ പുറകെ വന്നതാ. അപ്പോഴേക്കും ഓട്ടൊ നിങ്ങളുടെ കാറില്‍ ഇടിച്ചു കഴിഞ്ഞിരുന്നു ' അയാള്‍ പറഞ്ഞു.

ഞാന്‍ ഓട്ടോ ഡ്രൈവറെ നോക്കി. ചുവപ്പ് ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരു ചെറുപ്പക്കാരന്‍. അയാളുടെ കൂട്ടുകാരനും
ഏതാണ്ട് അതുപോലെ തന്നെ. അപ്പോഴേക്കും ഇന്‍സ്പെക്ടര്‍ എത്തി. 'ആരാ കാറിന്‍റെ ഓണര്‍' അദ്ദേഹം ചോദിച്ചു. ഞാന്‍ അടുത്ത് ചെന്നുനിന്നു. ' നോക്കൂ, അപകടം സംഭവിച്ചാല്‍ ചില നടപടി ക്രമങ്ങള്‍ ഉണ്ട് ' അദ്ദേഹം പറഞ്ഞു 'ഇനി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ പരിശോധിച്ചിട്ടേ കാര്‍ എടുക്കാന്‍ പറ്റു. വണ്ടികള്‍ എല്ലാം തന്നെ സ്റ്റേഷനിലേക്ക്
എത്തിക്കണം'. നാട്ടുകാര്‍ പലരും അടുത്ത് വന്നു.എന്ത് സഹായം വേണമെങ്കിലും ചോദിക്കാം എപ്പോള്‍ വേണമെങ്കിലും
ഞങ്ങളെത്തും എന്നൊക്കെ വാക്ക് തന്നു.വേറെ ചിലര്‍ അവരുടെ മൊബൈല്‍ നമ്പറും മേല്‍വിലാസവും തന്നു. വിഷമിച്ചിരുന്ന ഞങ്ങളെ ചിരകാല പരിചിതരെ പ്പോലെ ആശ്വാസം പകര്‍ന്നാണ് അവര്‍ അവിടെ നിന്നും അയച്ചത്.മുന്‍വശം തകര്‍ന്ന കാര്‍ ബിനു ഓടിച്ചു. ഞങ്ങള്‍ അനിയുടെ കാറിലും. പോലീസ് ജീപ്പില്‍ ഓട്ടോ ഡ്രൈവറേയും
കൂട്ടുകാരനേയും കയറ്റി. സ്റ്റേഷനില്‍ ഒരു ഭാഗത്ത് അവരെ നിര്‍ത്തി. 'ഒരു ഭാഗത്ത് ഇരുന്നോളു' ഇന്‍സ്പെക്ടര്‍ പറഞ്ഞു. ബെഞ്ചില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മാറ്റിച്ച് ഇരിക്കാന്‍ സൌകര്യപ്പെടുത്തുകയും ചെയ്തു. അപകടത്തെ കുറിച്ച് അവരന്യോന്യം സംസാരിക്കുന്നുണ്ടായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞു. ഓഫീസില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്നു.' കാര്‍
നിങ്ങളുടെ ആണല്ലേ ' എന്ന് അദ്ദേഹം തിരക്കി. ഞാന്‍ അതെയെന്ന് പറഞ്ഞു ' അവന്‍ നന്നയി കുടിച്ചിട്ടുണ്ട് ' അദ്ദേഹം പറഞ്ഞു. ഓട്ടോ റിക്ഷക്കാരുടെ പണിമുടക്കല്ലേ , അയാള്‍ ആ ഒഴിവ് ആഘോഷിച്ചതാവുമെന്ന് ഞാനും പറഞ്ഞു.

നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുക്കാല്‍ പങ്കും മദ്യപിച്ചിട്ട് ഉണ്ടാവുന്നവയാണെന്നും, പ്രതികളില്‍ തൊണ്ണൂറ്ശതമാനവും
ചെറുപ്പക്കാരാണെന്നും, ആലോചിക്കുമ്പോള്‍ കഷ്ടം തോന്നാറുണ്ടെന്നും പറഞ്ഞ് അദ്ദേഹം പോയി. ഇതിനിടെ സ്റ്റേഷനില്‍ ആരോ പറഞ്ഞ് ഞങ്ങള്‍ക്ക് ചായ തന്നു. പുറത്ത് തകര്‍ത്ത് മഴ പെയ്യുകയാണ്. ചൂട് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിനു
പറഞ്ഞു ' അച്ഛാ, ഞാന്‍ ദൂരത്ത് നിന്നു തന്നെ ഓട്ടോ വെട്ടി വെട്ടി വരുന്നത് കണ്ടു. ഉടനെ കാര്‍ സൈഡാക്കി നിര്‍ത്തി. അതല്ലെങ്കില്‍ ഇതിലും വലിയ അപകടമായേനെ '.

' അവന്‍റെ വരവില്‍ ഒരു പന്തികേട് തോന്നി. ഞാന്‍ മൊബൈലില്‍ അത്പകര്‍ത്താന്‍ നോക്കി ' മൂത്ത മകന്‍ ബിജോയ് പറഞ്ഞു.' അപ്പോഴേക്കും ഇടി കഴിഞ്ഞു. എന്നാലും ചില ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് '.

സമയം അഞ്ച്മണി കഴിഞ്ഞു. ഇന്ന് ഇനി വാഹനങ്ങള്‍പരിശോധിക്കുകയില്ലെന്നും നാളെ ഒഴിവായതിനാല്‍
തിങ്കളാഴ്ചയെ കിട്ടുകയുള്ളു എന്നും റൈറ്റര്‍ പറഞ്ഞു.അടുത്ത ആഴ്ച മകന്‍റെ കല്യാണമായതിനാല്‍ വാഹനത്തിന്‍റെ
ആവശ്യമുണ്ടെന്നും തനിക്ക് പരാതി ഒന്നും ഇല്ലെന്നും എഴുതി കൊടുത്ത്ജീപ്പുകാരന്‍ വാഹനവുമായി പോയി. 'എവിടേക്കെങ്കിലും
പോവാന്‍ കാറിന്‍റെ ആവശ്യം വരുമോ 'എന്ന് റൈറ്റര്‍ ചോദിച്ചു. തിങ്കളാഴ്ച എന്‍റെ അറുപത്തൊന്നാം പിറന്നാളാണ്.
ഗുരുവായൂരില്‍ ചെന്ന് തൊഴാമെന്ന് നിരീച്ചതാണ്. 'സാരമില്ല, എനിക്ക് ഒരു ഓമ്നി വാന്‍ കൂടിയുണ്ട് 'എന്ന് ഞാന്‍ മറുപടി നല്‍കി .

' അത് നന്നായി. അല്ലെങ്കിലും ഈ രൂപത്തില്‍ കാറ് ഓടിക്കാന്‍ പറ്റില്ലല്ലൊ ' എന്നും പറഞ്ഞ് അദ്ദേഹം ജോലി തുടര്‍ന്നു. ഇതിനകം ഡ്രൈവറേയും കൂട്ടുകാരനേയും വൈദ്യപരിശോധനക്കായി പോലീസ് ജീപ്പില് ‍കൊണ്ടുപോയി. വണ്ടിയിലുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് വണ്ടി പൂട്ടി താക്കോലുമായി പൊയ്ക്കോളാന്‍ ഞങ്ങളെ അനുവദിച്ചു. തകര്‍ത്ത് പെയ്യുന്ന മഴയത്ത്ഞങ്ങള്‍ ലെക്കിടിയിലെ നല്ലവരായ നാട്ടുകാരോട് മനസ്സ് നിറയെ നന്ദിയുമായി തിരിച്ച്പോന്നു.

വീട്ടിലെത്തി, വിവരങ്ങള്‍ പറഞ്ഞു. 'കഷ്ടകാലത്തിലും നമുക്ക് ഒരു നല്ല കാലം ഉണ്ട്'. ഭാര്യ പറഞ്ഞു. 'അല്ലെങ്കില്‍ ഇതിലും വലുത് പറ്റിയേനെ'.