Tuesday, August 30, 2011

അജ്ഞാതനായ ഒരു സുഹൃത്തിന്‍റെ ഓര്‍മ്മയ്ക്ക്.

ടി. എന്‍. വി. ആര്‍. ഹോട്ടലില്‍ ശാപ്പാട് ഇല്ല. ടിഫിന്‍ മാത്രമേ കിട്ടു. അതുകൊണ്ട് ഉച്ച നേരത്ത് വലിയ തിരക്ക് കാണില്ല. മിക്കവാറും ഉച്ച ഭക്ഷണത്തിന്ന് ഞാന്‍ അവിടെ ചെല്ലും. സേവയോ, തൈര് ശാദമോ കഴിക്കും.

ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞ് തിരിച്ചു വരികയാണ്. സ്വാമി സ്റ്റോറില്‍ കയറി ഒരു പച്ച റീഫില്ലും വാങ്ങി ഓഫീസിലേക്ക് നടന്നു. മാര്‍ക്കറ്റ് റോഡില്‍ നിന്ന് ബി. ഓ. സി. റോഡ് വേര്‍പിരിഞ്ഞു പോകുന്ന ജങ്ക്ഷന്‍ കഴിഞ്ഞതേയുള്ളു. ആരോ '' സാറേ '' എന്ന് വിളിക്കുന്നു. ഞാന്‍ ചുറ്റും നോക്കി. വഴിയോരത്ത് തുണി വില്‍ക്കുന്ന ആളാണ്. ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു.

'' എന്താ '' ഞാന്‍ ചോദിച്ചു.

'' നല്ല ബനിയനുണ്ട് സാര്‍. എടുക്കട്ടെ ''.

'' വേണ്ടാ '' എന്നു പറഞ്ഞ് ഒഴിവാക്കാം. പക്ഷെ എന്തുകൊണ്ടോ എനിക്കതിന്ന് ആയില്ല. ആ മദ്ധ്യ വയസ്ക്കന്‍റെ മുഖത്തുള്ള പ്രതീക്ഷാ നിര്‍ഭരമായ നോട്ടം എനിക്ക് അവഗണിക്കാന്‍ കഴിഞ്ഞില്ല.

'' നല്ലതാണോ '' ഞാന്‍ ചോദിച്ചു.

'' തിരുപ്പൂരില്‍ നിന്ന് കൊണ്ടു വരുന്നതാണ് , സാര്‍ . പീടികയില്‍ ഇതിന്ന് ഇരട്ടി വില വാങ്ങും '' അയാള്‍ പറഞ്ഞു.

'' ശരി. നാളെ വാങ്ങാം '' ഞാന്‍ പറഞ്ഞു '' ഇന്ന് പൈസ എടുത്തിട്ടില്ല ''.

'' അതിനെന്താ സാറേ. നാളെ തന്നാല്‍ മതി ''. പത്ത് ബനിയനുകള്‍ അയാള്‍ പൊതിയാന്‍ തുടങ്ങി.

'' വേണ്ടാ. കടം തരാന്‍ നിങ്ങള്‍ക്ക് എന്നെ പരിചയം ഇല്ലല്ലോ '' ഞാന്‍ വിലക്കി.

'' അതൊന്നും സാരമില്ല '' അയാള്‍ പൊതി എന്നെ ഏല്‍പ്പിച്ചു '' നൂറി എഴുപത്തിയഞ്ച് ഉറുപ്പികയാണ്. സാറ് നൂറ്റമ്പത് തന്നാല്‍ മതി ''.

മനമില്ലാ മനസ്സോടെ ഞാന്‍ പൊതിയും വാങ്ങി നടന്നു.

പിറ്റേന്ന് നൂറ്റമ്പത് രൂപയുമായി ഞാന്‍ ഉച്ചയ്ക്ക് ചെന്നു. പക്ഷെ അയാള്‍ സ്ഥലത്തില്ല. ഞാന്‍ തൊട്ടടുത്ത് ഫ്രൂട്ട്‌സ് വില്‍ക്കുന്ന ഉന്തുവണ്ടിക്കാരനോട് അയാളെ അന്വേഷിച്ചു.

'' ഇന്ന് കണ്ടില്ല '' എന്ന മറുപടി കേട്ടതോടെ എനിക്ക് വിഷമം തോന്നി. വെറുതെ അയാളോട് കടം വാങ്ങാന്‍ പോയി.

തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും അയാള്‍ ഇല്ല. എന്താണ് വേണ്ടത് എന്നറിയാതെ ഒരു മനപ്രയാസം ഉണ്ടായി തുടങ്ങി.

അടുത്ത തിങ്കളാഴ്ചയാണ് പിന്നീട് അയാളെ കാണുന്നത്.

'' നാല് ദിവസവും ഞാന്‍ പൈസയുമായി വന്നിരുന്നു '' പണം ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'' ക്ഷമിക്കണം സാറേ. എനിക്ക് അത്യാവശ്യമായിട്ട് നാട്ടില്‍ പോണ്ടി വന്നു '' അയാള്‍ കാരണം വ്യക്തമാക്കി.

'' വീട് എവിടെയാണ് '' ഞാന്‍ ചോദിച്ചു.

'' കുറച്ച് പടിഞ്ഞാറാ. പട്ടാമ്പീന്ന് പിന്നേം പോണം ''.

ക്രമേണ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം ഉണ്ടായി. അയാളോട് സംസാരിക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ റോഡിന്‍റെ എതിര്‍വശത്ത് കൂടി നടക്കാന്‍ തുടങ്ങി. എന്നെ കാണുമ്പോള്‍ '' സാറേ, സുഖം അല്ലേ '' എന്ന് അയാള്‍ കുശലാന്വേഷണം നടത്തും.

'' നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം എന്ത് വിശ്വാസത്തിലാണ് നിങ്ങള്‍ എനിക്ക് കടം തന്നത് '' ഒരു ദിവസം ഞാന്‍ അയാളോട് ചോദിച്ചു.

'' മനുഷ്യര് തമ്മില് അന്യോന്യം ഒരു വിശ്വാസം ഇല്ലെങ്കില്‍ ഈ ലോകം ഉണ്ടോ സാറേ '' അയാള്‍ പറഞ്ഞു '' പിന്നെ, എന്‍റെ നൂറ്റമ്പത് ഉറുപ്പിക പറ്റിച്ചിട്ട് കഴിഞ്ഞു കൂടണ്ട ആളല്ല സാറ് എന്ന് ഒറ്റ നോട്ടത്തില്‍ അറിയില്ലേ ''.

അയാളുടെ തത്വശാസ്ത്രം എനിക്ക് ഇഷ്ടപ്പെട്ടു. മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം ഇല്ലാതായാല്‍ ഈ ലോകം ഇപ്പോഴത്തെ നിലയില്‍ ആവില്ല.

വേനല്‍ക്കാലം കഴിഞ്ഞ് എത്തിയ മഴക്കാലവും കടന്നു പോയി. പലപ്പോഴും അയാള്‍ വേറുതെ ഇരിക്കുന്നത് കാണാം.

'' ഈ കച്ചവടം കൊണ്ട് കഴിഞ്ഞു കൂടാന്‍ വല്ലതും കിട്ടാറുണ്ടോ '' ഒരു ദിവസം ഞാന്‍ ചോദിച്ചു.

'' ഞങ്ങളെപ്പോലെ ഉള്ളോര്‍ക്ക് എന്തെങ്കിലും കിട്ടുന്നതന്നെ വലിയ ഭാഗ്യം അല്ലേ സാര്‍. ആരേയും ഉപദ്രവിക്കാതെ ഇങ്ങിനെ പോണം എന്നെ പടച്ചോനോട് പറയാറുള്ളു ''.

നോമ്പ് കാലം ഏതാണ്ട് അവസാനിക്കാറായി.

'' ഇക്കുറി പെരുനാളിന്ന് പോയാല് പിന്നെ ഒരു ട്രിപ്പേ ഞാന്‍ ഇങ്ങിട്ട് വരൂ '' അയാള്‍ ഒരു ദിവസം പറഞ്ഞു.

'' അതെന്താ '' ഞാന്‍ അന്വേഷിച്ചു.

'' നാട്ടില് തന്നെ കൂടണം എന്ന് വിചാരിക്കുന്നു. കുറച്ചും കൂടി ജവുളി വാങ്ങി ഒരു സൈക്കിളില്‍ കൊണ്ടു നടന്ന് വില്‍ക്കണം ''.

'' അപ്പോള്‍ ബിസിനസ്സ് നന്നാക്കാനുള്ള ഒരുക്കത്തിലാണ് ''.

'' അതല്ല സാറേ, ഉമ്മാക്ക് വയസ്സായി. എന്‍റെ മൂന്ന് മക്കളെ നോക്കാന്‍ ആള് വേണ്ടേ''.

'' അപ്പോള്‍ ഭാര്യ ''.

'' പടച്ചോന്‍ നേരത്തെ കൂട്ടിക്കൊണ്ടു പോയി ''.

എന്‍റെ മനസ്സിനുള്ളല്‍ ഒരു നടുക്കം തോന്നി.

പെരുനാള്‍ കഴിഞ്ഞതിന്ന് ശേഷം ഒരു ദിവസം അയാളെ വീണ്ടും കണ്ടു.

'' ഞാന്‍ സാറിനെ കാത്ത് ഇരിക്ക്യാണ് '' അയാള്‍ പറഞ്ഞു '' ഇന്ന് വൈകുന്നേരം ഞാന്‍ പോവും ''.

'' എവിടെ പോയാലും സന്തോഷമായി ഇരിക്കട്ടെ '' എന്‍റെ ശബ്ദം ഇടറിയിരുന്നു.

'' സാറ് ഒരു മിനുട്ട് എനിക്കും വേണ്ടി നില്‍ക്കണം '' അയാള്‍ കുറച്ചകലത്തുള്ള ഉന്തുവണ്ടിയില്‍ നിന്നും ഒരു ഗ്ലാസ്സ് ചായയും പത്രക്കടലാസിന്‍റെ കീറില്‍ ഒരു പഴംപൊരിയുമായി വന്നു.

'' സാറ് ഇത് കഴിക്കണം. ഇതേ ഇപ്പൊ തരാനുള്ളു '' അയാള്‍ അവ എനിക്ക് നേരെ നീട്ടി.

സാവധാനം ഞാന്‍ അത് കഴിച്ചു.

'' ഇനി എപ്പഴാ നമ്മള്‍ തമ്മില്‍ കാണുക '' ഞാന്‍ ചോദിച്ചു.

'' ഭൂമി ഉരുണ്ടതല്ലേ സാറെ. എവിടേങ്കിലും വെച്ച് കാണും ''.

ഞാന്‍ സാവധാനം നടന്നു. പെട്രോള്‍ പമ്പ് കടന്ന് വലത്തോട്ട് തിരിയുന്നതിന്ന് മുമ്പ് ഞാന്‍ തിരിഞ്ഞു നോക്കി. അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു.

'' എല്ലാവര്‍ക്കും എന്‍റെ പെരുനാളാശംസകള്‍ ''.
Tuesday, August 16, 2011

രക്തസാക്ഷി ദിനവും ഒരു ശിക്ഷയും.

വര്‍ണ്ണശബളമായ പ്രൈമറി വിദ്യാഭ്യാസമായിരുന്നില്ല എന്‍റേത്. ഒരു പക്ഷെ ആ കാലഘട്ടത്തിലെ ഒട്ടു മിക്ക കുട്ടികളുടേയും അവസ്ഥ അതായിരുന്നു. അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കിട്ടുന്ന രണ്ടോ മൂന്നോ ജോഡി ഉടുപ്പുകള്‍, കാക്കിസ്സഞ്ചിക്കകത്ത് വെക്കാനൊരു സ്ലേറ്റും , മലയാളം പാഠാവലിയും. ചിലപ്പോള്‍ ഒരു നാല്‍പ്പതാം പേജ് നോട്ട് പുസ്തകവും, കടലാസ്സ് പെന്‍സിലും കൂടി കാണും. കഴിഞ്ഞു പഠനവുമായി ബന്ധപ്പെട്ട ചിലവുകള്‍.

പഴയ റെയില്‍വെ സ്റ്റേഷന്ന് മുമ്പിലുള്ള ജൂനിയര്‍ ബേസിക്ക് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. റെയില്‍വെ സ്റ്റേഷന്നും സ്കൂളിന്നും ഇടയില്‍ പഴയ പാലക്കാട്- ഷൊര്‍ണ്ണൂര്‍ റോഡ് ( റെയില്‍വെ സ്റ്റേഷന്‍ പിന്നീട് കിഴക്കോട്ടേക്ക് മാറ്റി, അതോടൊപ്പം റോഡും പുതുതായി നിര്‍മ്മിച്ചു ). സ്കൂളിന്ന് കിഴക്കു ഭാഗത്ത് ഇടവഴി. വടക്കും , പടിഞ്ഞാറും ഭാഗങ്ങള്‍ ജാനകി വിലാസ്‌കാരുടെ വീടും മുറ്റവും. ബാല്യ കാല സ്മരണകള്‍ ആ ഇടുങ്ങിയ പരിസരത്ത് ഒതുങ്ങി കൂടുന്നു.

അദ്ധ്യാപകര്‍ക്ക് പുറമെ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് മാത്രമേ ശീലക്കുട ഉണ്ടായിരുന്നുള്ളു. മറ്റെല്ലാവര്‍ക്കും പട്ടക്കുടയാണ്. പനയോലകൊണ്ട് ഉണ്ടാക്കിയ കുടകള്‍ക്ക് മുളങ്കാലാണ്. മിക്കവരും പാതയോരത്തുള്ള വീപ്പക്കുറ്റിയില്‍ നിന്ന് ഉരുകിയൊലിച്ച ടാര്‍ വീട്ടില്‍ കൊണ്ടുപോയി കുടയുടേ മുകളില്‍ അടിക്കും. എത്ര കനത്ത മഴയാണെങ്കിലും പട്ട കുട പിടിച്ചാല്‍ ഒട്ടും നനയില്ല. ഒരേയൊരു പോരായ്മ സൂക്ഷിച്ചു വെക്കാനുള്ള പ്രയാസമാണ്. സ്കൂളിന്ന് മുന്നിലായി മതില്‍ക്കെട്ടിനകത്ത് കുറച്ച് സ്ഥലമുണ്ട്. എല്ലാവരും കുടകള്‍ അവിടെ വെക്കും. മാറി പോവാതിരിക്കാന്‍ കുടയില്‍ ചിലരൊക്കെ പേര് എഴുതും. കുടക്കാലിലും , തട്ടിലും ചുവപ്പും പച്ചയും ചായം തേച്ച് ഭംഗിയാക്കുന്നവരും ഉണ്ട്.

ഒഴിവു നേരത്ത് പെണ്‍കുട്ടികള്‍ കൊത്താങ്കല്ല് കളിക്കും. കുറെ പേര്‍ പുറകിലെ മുറ്റത്ത് ചില്ലിട്ട് കളിയില്‍ ഏര്‍പ്പെടും. പുറകിലെ പ്ലാവിന്‍ ചോട്ടില്‍ കയര്‍ ചാട്ടവുമായി കുറച്ചു പേര്‍ കൂടും . ഗോട്ടികളി, അണ്ടികളി എന്നിവയാണ് ആണ്‍കുട്ടികളുടെ കളികള്‍. കിഴക്കു വശത്തെ ഇടവഴിയുടെ ഓരത്താണ് ആണ്‍കുട്ടികള്‍ മൂത്രം ഒഴിക്കാറ്. അവിടെ തന്നെയാണ് അണ്ടികളിയും. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ചില ആണ്‍കുട്ടികള്‍ ജാനകി വിലാസ്കാരുടെ മുന്‍വശത്ത് പന്ത് കളിക്കും. കവറിട്ട പന്ത് എന്നു വിളിക്കുന്ന ടെന്നിസ് ബോളാണ് കളിക്കാന്‍ ഉപയോഗിക്കുക.

പഴുക്ക പ്ലാവില പെറുക്കിയെടുത്ത് ഞെട്ടി ഇലയുടെ നടുവിലൂടെ തുളച്ചു കയറ്റി കളിപ്പാട്ടം ഉണ്ടാക്കും. അത് ആനയാണ്. വേലിയോരത്ത് ഉണ്ടാവുന്ന കൊട്ടയുടെ കായ പൊട്ടിച്ച് ഒരു ഈര്‍ക്കിലക്കോലിന്‍റെ രണ്ടറ്റവും അതില്‍ തുളച്ച് കയറ്റും. അര്‍ദ്ധവൃത്താകൃതിയിലുള്ള ആ ഈര്‍ക്കിളിന്ന് നടുവിലായി വേറൊരു ഈര്‍ക്കില്‍ കുത്തി നിര്‍ത്തും. അവയ്ക്കിടയിലൂടെ രണ്ട് ഈര്‍ക്കില്‍ കൊള്ളികള്‍ കടത്തി തിരിച്ചാല്‍ തുന്നല്‍ മിഷ്യന്‍റെ ശബ്ദം ഉണ്ടാവും. ആ കളിപ്പാട്ടങ്ങളുമായി ചിലര്‍ ഒഴിവുനേരം ആഘോഷിക്കും.

ആ കാലത്ത് കാറ് വളരെ കുറവായിരുന്നു. തീവണ്ടി പോവുന്ന നേരത്ത് ഗെയിറ്റ് അടയ്ക്കും. ആ സമയത്ത് ഏതെങ്കിലും കാറ് വന്നു നിന്നാല്‍ കുട്ടികള്‍ അത് കാണാന്‍ ഓടും.

വലിയ രണ്ട് ഫ്ലാസ്കുകളില്‍ ഐസ് ഫ്രൂട്ടുമായി ഒരള്‍ സ്കൂളിന്ന് മുന്നില്‍ റോഡോരത്ത് വന്നിരിക്കും. അതുപോലെ ഒരു കമ്പില്‍ ചുവപ്പും വെളുപ്പം കലര്‍ന്ന ലാലിമുട്ടായിയുമായി വേറൊരാളും. ഒരു കാലില്‍ ചിലങ്ക കെട്ടിയ അയാള്‍ മുട്ടായി കൊടുക്കുന്ന നേരം ഡാന്‍സ് ചെയ്യും. കമ്പില്‍ നിന്ന് മിട്ടായി വലിച്ചൂരി വാച്ചിന്‍റെ രൂപത്തില്‍ കുട്ടികളുടെ കയ്യില്‍ കെട്ടി കൊടുക്കുകയാണ് ചെയ്യാറ്. കയ്യില്‍ പറ്റിപ്പിടിക്കുന്ന മുട്ടായി അയാള്‍ ഇടയ്ക്കിടയ്ക്ക് നക്കും. തൊട്ടടുത്ത മലയാ സ്റ്റോറില്‍ നിന്ന് പൊട്ടു കടലയും ശര്‍ക്കരയും വാങ്ങി തിന്നുന്നവരും ഉണ്ട്.

നാരായണന്‍ മാഷാണ് ഹെഡ്മാസ്റ്റര്‍. അദ്ദേഹത്തിന്‍റെ ക്ലാസ്സില്‍ മാത്രം ഒരു പ്ലാറ്റ്ഫോമുണ്ട്, അതിലാണ് ഹെഡ്മാസ്റ്ററുടെ പൂട്ടാവുന്ന മേശയും, അലമാറയും, കസേലയും. സ്കൂള്‍ പാര്‍ലിമെണ്ട് കൂടുമ്പോള്‍ ആ മേശയ്ക്ക് മുമ്പില്‍ ഒരു സ്റ്റൂളിട്ട് സ്പീക്കറെ ഇരുത്തും. മറ്റെല്ലാവര്‍ക്കും മുമ്പില്‍ അങ്ങിനെ ഇരിക്കാന്‍ ഒരു ഗമയാണ്. ഞാന്‍ പല തവണ സ്പീക്കര്‍ ആയിട്ടുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നാണ് ഇരിക്കാറ്. എന്‍റെ അടുത്ത് ഇരുന്നിരുന്നത് വെളുത്ത് തടിച്ച ഒരു പെണ്‍കുട്ടി ( പേര് ഓര്‍മ്മ വരുന്നില്ല ) ആയിരുന്നു. ആ കുട്ടി ഒരു ചെറിയ കുപ്പിയില്‍ സെന്‍റ് കൊണ്ടുവരാറുണ്ട്.

'' കണക്ക് ചെയ്തത് എനിക്ക് കാണിച്ചു തന്നാല്‍ കുട്ടിടെ കുപ്പയത്തില്‍ ഞാന്‍ സെന്‍റ് തേക്കാം '' എന്ന് ആ കുട്ടി പറയും. കണക്ക് തെറ്റിച്ച് തല്ല് കിട്ടാതിരിക്കാനാണ്. മിക്ക ദിവസങ്ങളിലും എന്‍റെ ഷര്‍ട്ട് സെന്‍റ് മണം ഉള്ളതാവും.

ആ കുട്ടിയുടേ അച്ഛന്‍ ആഴ്ചതോറും ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് വരും. അപ്പോഴൊക്കെ അവള്‍ക്ക് തിന്നാന്‍ മിഠായി കൊണ്ടു വരും.

'' കുട്ടി എന്നെ ചേച്ചീന്ന് വിളിച്ചാല്‍ ഞാന്‍ കുട്ടിക്ക് മിഠായി തരാം '' അവള്‍ പറയും. മിഠായിയുടെ മധുരം നാവില്‍ നിന്ന് മാറും മുമ്പ് ഞാന്‍ വീണ്ടും '' കുട്ടി '' എന്ന് വിളിച്ചിരിക്കും

പഠിക്കാതെ ചെന്നാല്‍ അടി ഉറപ്പാണ്. അതുകൊണ്ട് കേട്ടെഴുത്തും കണക്കും തെറ്റിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കും. ഉറക്കെ ശബ്ദം ഉണ്ടാക്കുകയോ, വികൃതി കാട്ടുകയോ ചെയ്താല്‍ ശിക്ഷ കുറച്ചു കൂടി കഠിനമാണ്. ഹെഡ്മാസ്റ്ററാണ് അതിനുള്ള ശിക്ഷ നടപ്പാക്കുക. ട്രൌസര്‍ മുകളിലേക്ക് പൊക്കും. ചന്തിക്ക് തൊട്ടു താഴെ നാല് പെട. ഒറ്റ നോട്ടത്തില്‍ തല്ലിയതിന്‍റെ അടയാളം പുറമെ കാണാതിരിക്കാനും , ബെഞ്ചില്‍ ഇരിക്കുമ്പോള്‍ വേദനിക്കാനും ആണ് അങ്ങിനെ ചെയ്തിരുന്നത്. പെണ്‍കുട്ടികള്‍ക്ക് ഇളവൊന്നും ലഭിച്ചിരുന്നില്ല. അവരുടെ പാവാട മേലോട്ട് പൊക്കി ഇതേ പോലെ അടിക്കും. ഇതൊക്കെയാണെങ്കിലും അദ്ധ്യാപകര്‍ക്ക് കുട്ടികളോട് വളരെ സ്നേഹമായിരുന്നു. ഒരിക്കല്‍ ക്ലാസ്സില്‍ തല ചുറ്റി വീണ ഒരു കുട്ടിയെ രണ്ടു കയ്യിലും കൂടി കോരി എടുത്ത് ഹെഡ്മാസ്റ്റര്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോവുകയുണ്ടായി.

ഒരു രക്തസാക്ഷി ദിനത്തില്‍ നടപ്പാക്കിയ ശിക്ഷ മറന്നിട്ടില്ല. അന്ന് രാവിലത്തെ അസംബ്ലിയില്‍ ആ ദിനത്തിന്‍റെ പ്രാധാന്യവും , രക്തസാക്ഷികളോടുള്ള ആദര സൂചകമായി ബെല്ലടിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്ന് മൌനം ആചരിക്കണമെന്നും , ആരും ശബ്ദം ഉണ്ടാക്കരുതെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

'' ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍ സര്‍വ്വ എണ്ണത്തിനേയും പെടച്ച് നീളം വലിക്കും '' അദ്ദേഹം മുന്നറിയിപ്പ് തന്നു.

ബെല്ലടിച്ചതും എല്ലാവരും എഴുന്നേറ്റു നിന്നു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയെ ഭഞ്ജിച്ച് എവിടെ നിന്നോ ഒരു ചിരി പൊട്ടി. സെക്കന്‍ഡുകള്‍ക്കകം അത് പടര്‍ന്നു പിടിച്ചു. ഒടുവില്‍ അതൊരു കൂട്ടച്ചിരിയായി മാറി. മൌനാചരണം അവസാനിച്ച നിമിഷം നാരായണന്‍ മാസ്റ്റര്‍ ചൂരലെടുത്തു. ഗോവിന്ദന്‍കുട്ടി മാഷാണ് മൂന്നാം ക്ലാസ്സ് വരെയുള്ളവര്‍ക്ക് ശിക്ഷ നല്‍കിയത്. രണ്ടു കയ്യിലും ഈരണ്ടടി വീതം വാങ്ങി കുട്ടികള്‍ കരച്ചില്‍ ആരംഭിച്ചു.

പതിവ് രീതിയിലാണ് നാരായണന്‍ മാസ്റ്റര്‍ ശിക്ഷ നടപ്പാക്കിയത്. അഞ്ചാം ക്ലാസ്സുകാരുടേതാണ് ആദ്യത്തെ ഊഴം. പുറകില്‍ നിന്ന് ഒരോരുത്തരായി എഴുന്നേറ്റു ചെന്ന് ശിക്ഷ വാങ്ങി പോന്നു. തൊട്ടടുത്ത ക്ലാസിലുള്ള ഞങ്ങള്‍ തല്ലുന്നതും നോക്കി പേടിച്ചിരിക്കുകയാണ്. അപ്പോഴാണ് അതുണ്ടായത്. സ്കൂളിലെ ഏറ്റവും വലിയ പെണ്‍കുട്ടി മടിച്ചു മടിച്ചാണ് എഴുന്നേറ്റ് ചെന്നത്. എണ്ണക്കറുപ്പ് നിറത്തിലുള്ള അവളുടെ നെറ്റിയില്‍ ഒരു മുറിപ്പാടുണ്ട്. കളിക്കുമ്പോഴെല്ലാം ഉറക്കെയാണ് അവള്‍ വര്‍ത്തമാനം പറയാറ്. നാരായണന്‍ മാസ്റ്റര്‍ അവളുടെ പാവാട പൊക്കിയതും ഒന്ന് സ്തംഭിച്ചു. അവള്‍ അടി വസ്ത്രം ധരിച്ചിരുന്നില്ല.

'' പൊയ്ക്കോ '' ഹെഡ് മാസ്റ്റര്‍ അവളോട് പറഞ്ഞിട്ട് ചൂരല്‍ മേശപ്പുറത്ത് ഇട്ടു. അതോടെ അന്നത്തെ ശിക്ഷ നിന്നു. അടി കിട്ടുന്നതില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ആര്‍ക്കും സന്തോഷം തോന്നിയില്ല. തിരിച്ച് ബെഞ്ചില്‍ ചെന്നിരുന്ന അവള്‍ തേങ്ങി കരയുന്നതും നോക്കി എല്ലാവരും ഇരുന്നു. ഉച്ചയ്ക്ക് വീട്ടിലേക്ക് പോയ അവള്‍ പിന്നെ സ്കൂളില്‍ വന്നില്ല.

ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം എന്തോ സാധനം വാങ്ങാന്‍ മലയാ സ്റ്റോറിലേക്ക് ഞാന്‍ ചെന്നതാണ്. സ്കൂളിന്ന് തൊട്ടടുത്തുള്ള ഇടവഴിയിലൂടെ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന ദമ്പതികള്‍ക്ക് പുറകില്‍ തലയില്‍ ഒരു വലിയ പെട്ടിയുമായി ഒരു സ്ത്രി വരുന്നു. നെറ്റിയില്‍ ആ മുറിപ്പാടുണ്ട്. അത് അവളായിരുന്നു. വെള്ള മുണ്ടും, ജാക്കറ്റുമാണ് വേഷം. തോളില്‍ ഒരു തോര്‍ത്ത് മടക്കിയിട്ടിട്ടുണ്ട്. കഴുത്തില്‍ ഒരു കറുപ്പ് ചരട്. പാലമരത്തിന്‍റെ ചുവട്ടിലൂടെ നടന്ന് പാളം കടന്ന് അവള്‍ പ്ലാറ്റ്ഫോമില്‍ പെട്ടി ഇറക്കി വെച്ചു.

വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. ഓഫീസില്‍ നിന്ന് വരുന്ന വഴി സിഗററ്റ് വാങ്ങാന്‍ ഞാന്‍ പീടികയില്‍ കയറിയതാണ്. സാധനം വാങ്ങാന്‍ കുറച്ചു പേരുണ്ട്. തോളിലിരിക്കുന്ന കുട്ടിക്ക് കൊടുക്കാന്‍ മിഠായി ചോദിച്ചും കൊണ്ട് ഒരു സ്ത്രീ ധൃതി കൂട്ടുന്നു.

'' ഒന്ന് അടങ്ങിയിരിക്കിന്‍ തള്ളേ '' പീടികക്കാരന്‍ പറഞ്ഞു '' എനിക്ക് രണ്ട് കയ്യേ ഉള്ളു ''.

'' വേഗം കൊണ്ടാ, ഈ ചെക്കന്‍ വാശി പീടിക്കാന്‍ തുടങ്ങിയാല്‍ എന്നെക്കൊണ്ട് ആവില്ല '' കുറച്ചു നേരം നിന്നിട്ട് ആ സ്ത്രീ പീടികക്കാരനോട് പറഞ്ഞു '' മകളുടെ കുട്ടിയാണ്. ഇന്നലെ വിരുന്ന് വന്നതാ ''

കുട്ടിയുടെ കവിളില്‍ തലോടി അതിനോട് എന്തോ പറഞ്ഞ് അവര്‍ ചിരിച്ചു. ഞാന്‍ ആ സ്ത്രീയെ ഒന്നു നോക്കി. അവളുടെ നെറ്റിയിലെ മുറിപ്പാട് ഞാന്‍ കണ്ടു. എനിക്ക് ആളെ മനസ്സിലായി. മുന്‍വശത്തെ രണ്ട് പല്ലുകളും , പഴയ തടിയും ആരോഗ്യവും എങ്ങോ പോയി മറഞ്ഞിട്ടുണ്ട്. മൂപ്പെത്തും മുമ്പ് കയറി വന്ന വാര്‍ദ്ധക്യം തകര്‍ത്ത ശരീരത്തിലെ മുടി മാത്രം നരച്ചിട്ടില്ല.

വായിലെ മുറുക്കാന്‍ റോഡിലേക്ക് നീട്ടിത്തുപ്പി, മിഠായിക്കായി അവള്‍ കാത്തു നിന്നു.

Saturday, August 6, 2011

നന്മ നിറഞ്ഞ ഒരു കാലം.

'' വിദ്യാര്‍ത്ഥികളും ബസ്സ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി '' ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഇടക്കിടയ്ക്ക് മാധ്യമങ്ങളില്‍ കാണാറുണ്ട്. രണ്ടു വിഭാഗക്കാര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും. മിന്നല്‍ പണി മുടക്കില്‍ അവസാനിക്കുന്ന അത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല.

നാലര പതിറ്റാണ്ടിന്ന് മുമ്പാണ് ഞാന്‍ പഠിച്ചത്. ആ കാലത്ത് ഇത്തരം സംഭവങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. ഇന്നത്തെയത്ര ബസ്സുകള്‍ അന്ന് ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണവും താരതമ്യേന കുറവായിരുന്നു. ഒരുപക്ഷെ അതുകൊണ്ടായിരിക്കണം ബസ്സുകള്‍ തമ്മിലുള്ള മത്സരവും വിദ്യാര്‍ത്ഥികളെ ഒഴിവാക്കാനുള്ള പ്രവണതയും തീര്‍ത്തും ഇല്ലാതിരുന്നത്.

ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വിദ്യാര്‍ത്ഥികളോട് സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. അവരില്‍ പലരേയും ഇന്നും ഓര്‍മ്മയുണ്ട്. ടി. ബി.ടി ബസ്സിലെ ഡ്രൈവര്‍ ശങ്കരന്‍ നായര്‍ , മയില്‍ വാഹനം ബസ്സിലെ ഡ്രൈവര്‍മാരായ ശേഖരന്‍ നായര്‍, വാസുപ്പിള്ള, ശ്രീധരന്‍ നായര്‍, നാരായണന്‍ എന്നിവരും കണ്ടക്ടര്‍മാരായ ജബ്ബാറണ്ണന്‍ , ജോസഫേട്ടന്‍ എന്നിവരും സ്ഥിരം യാത്രക്കാരായ വിദ്യര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടവരായിരുന്നു. ഒരിക്കലും ബസ്സ് നിര്‍ത്തി കുട്ടികളെ കയറ്റാതെ അവര്‍ പോവാറില്ല.

വൈകുന്നേരം കോളേജ് വിട്ട് ഇറങ്ങിയാല്‍ വേഗം നടന്ന് ബസ്സ് സ്റ്റാന്‍ഡില്‍ എത്തും. വാസുപ്പിള്ളയാണ് ഡ്രൈവര്‍. അല്‍പ്പം കറുത്ത് തടിച്ച് വെണ്‍ചാമരം പോലത്തെ മുടിയുള്ള അദ്ദേഹം തൊട്ടടുത്ത റാക്കില്‍ നിര്‍ത്തിയിട്ട കെ. എസ്. ആര്‍. ടി. സി. ബസ്സ് ഡ്രൈവറോട് സംസാരിക്കുകയാവും.

'' ഇവരൊക്കെ എന്‍റെ കുട്ട്യേള് ആണ് '' അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തും.

ഡ്രൈവറുടെ തൊട്ടടുത്ത് നീളം കൂടിയ സീറ്റിലാണ് ഞങ്ങളൊക്കെ ഇരിക്കാറ്. അഞ്ചു പേര്‍ക്കിരിക്കാനുള്ള സീറ്റില്‍ ഏഴും എട്ടും പേര്‍ തിക്കി തിരക്കി ഇരിക്കും. പിന്നെ വഴി നീളെ വിശേഷങ്ങള്‍ പറച്ചിലാണ്. ഡ്രൈവര്‍ വാസുപ്പിള്ളയും ഞങ്ങളുടെ സംഭാഷണത്തില്‍ ചേരും.

ഒരു ദിവസം നൂറണിയില്‍ വെച്ച് ഒരു യാത്രക്കാരന്‍ കൈ കാണിച്ചു. വാസുപ്പിള്ള നിര്‍ത്തിയില്ല.

'' ഒരാള് കൈ കാണിച്ചല്ലോ '' ഞാന്‍ പറഞ്ഞു.

'' കണ്ടു '' അദ്ദേഹം പറഞ്ഞു '' ബട്ട് ഹി ഈസ് എ ലെപ്പര്‍ ''.

എനിക്ക് വിഷമം തോന്നി.

'' ഇതാണ് മോന്‍ ജീവിതം '' അല്‍പ്പം കഴിഞ്ഞ് അദ്ദേഹം തുടര്‍ന്നു '' അയാളെ കയറ്റാത്തതില്‍ എനിക്ക് സങ്കടം ഉണ്ട്. സുഖക്കേട് വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ല. പക്ഷെ അയാളെ കയറ്റിയാല്‍ ചില യാത്രക്കാര്‍ക്ക് ഇഷ്ടക്കേടാവും. അതും നോക്കണ്ടേ ''.

ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ കാലഘട്ടമാണ് അത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.സി. സി. പരിശീലനം നിര്‍ബ്ബന്ധമായിരുന്നു. ഒന്നിട വിട്ട ദിവസങ്ങളില്‍ എന്‍.സി. സി. പരേഡുണ്ടാവും. അത് കഴിഞ്ഞ് പോരുമ്പോള്‍ നേരം വൈകും. വൈകീട്ട് ആറേകാലിനാണ് നാരായണേട്ടന്‍റെ ബസ്സ്. ബസ്സിന്‍റെ മുമ്പില്‍ ചാരി നിന്ന് അദ്ദേഹം ഞങ്ങളോട് സംസാരിക്കും.

കാല്‍ക്കൊല്ല പരീക്ഷ കഴിഞ്ഞ് പേപ്പറൊക്കെ കിട്ടിയോ, എത്ര മാര്‍ക്കുണ്ട്, എന്തേ മാര്‍ക്ക് ഇത്ര കുറഞ്ഞത് എന്നൊക്കെ അന്വേഷിക്കും. നല്ലോണം പഠിക്കണം കേട്ടോ എന്നൊരു ഉപദേശവും തരും.

വിദ്യാര്‍ത്ഥികളുടെ ഐഡന്‍റിറ്റി കാര്‍ഡില്‍ ബസ്സ് കമ്പനിക്കാരുടെ സീലും ഒപ്പും വേണം എന്നൊരു നിബന്ധന ആ കാലത്ത് ഉണ്ടായിരുന്നു. മയില്‍ വാഹനം കമ്പനിയുടെ ഓഫീസ് ഷൊര്‍ണ്ണൂരാണ്. മൂന്ന് മാസത്തേക്കാണ് അവര്‍ കണ്‍സഷന്‍ തരാറുള്ളത്. കാലാവധി കഴിയുമ്പോള്‍ ഷൊര്‍ണ്ണൂരില്‍ ചെന്ന് വീണ്ടും ഒപ്പ് വാങ്ങണം. പല കുട്ടികള്‍ക്കും അത് പ്രയാസമുള്ള കാര്യമായിരുന്നു. ഒരു ദിവസത്തെ മിനക്കേടിന്ന് പുറമെ പണച്ചിലവും ഉണ്ട് പലര്‍ക്കും അതിനുള്ള വക കാണില്ല. ഒരു തവണ ഞാന്‍ പരിചയക്കാരന്‍റെ സൈക്കിള്‍ വാങ്ങി നാല്‍പ്പതോളം കിലോമീറ്റര്‍ അകലെയുള്ള ബസ്സ് കമ്പനിയുടെ ഓഫീസില്‍ ചെന്ന് ഒപ്പ് വാങ്ങിച്ചിട്ടുണ്ട്. കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ ഷൊര്‍ണ്ണൂരില്‍ ചെല്ലാനുള്ള ബുദ്ധിമുട്ട് പറഞ്ഞതോടെ നാരായണേട്ടന്‍ കാര്‍ഡ് വാങ്ങി കൊണ്ടു പോയി പുതുക്കി കൊണ്ടു വന്ന് തരും.

'' നിങ്ങളൊക്കെ പഠിച്ച് ബ്രേക്ക് ഇന്‍സ്പെക്ടറോ, ആര്‍. ടി ഓ യോ ആവുമ്പോള്‍ ഞങ്ങളെപോലെ ഉള്ളോരെ ബുദ്ധികുട്ടിക്കരുത് '' എന്ന് നാരായണേട്ടന്‍ കൂടെ കൂടെ പറയും

ജബ്ബാറണ്ണന്‍ കുട്ടികളുടെ ഉറ്റ സുഹൃത്തായിരുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ അദ്ദേഹത്തെ കാണാറില്ല. എല്‍. പി. സ്കൂളിന്‍റെ വാര്‍ഷികവും സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ഒന്നിച്ചാണ്. മുന്‍കാല വിദ്യാര്‍ത്ഥികളുടെ വക ഒരു നാടകവും ഉണ്ടായിരുന്നു. പെട്ടെന്ന് തട്ടിക്കൂട്ടിയ ആ നാടകത്തില്‍ മരണശേഷം യമന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്ന ഒരു ബസ്സ് കണ്ടക്ടറുടേ വേഷമാണ് എനിക്ക് കിട്ടിയത്. നാടകത്തില്‍ അഭിനയിക്കാന്‍ കണ്ടക്ടറുടെ ബാഗ് വേണം. പറളി - പാലക്കാട് ആറാം നമ്പര്‍ ടൌണ്‍ ബസ്സിലെ കണ്ടക്ടര്‍ ജബ്ബാറണ്ണനായിരുന്നു. ഞാന്‍ ആവശ്യം ഉന്നയിച്ചു.

'' എപ്പഴാ കുട്ട്യേ നാടകം തുടങ്ങ്വാ '' അദ്ദേഹം ചോദിച്ചു.

'' രാത്രി പത്ത് മണിയാവും എന്ന് തോന്നുന്നു '' ഞാന്‍ മറുപടി നല്‍കി.

'' എന്നാല്‍ സാരൂല്യാ. എട്ടരയ്ക്ക് ലാസ്റ്റ് ട്രിപ്പ് കഴിഞ്ഞ് ഞാന്‍ എത്തും. വന്നതും ബാഗ് തരാം ''.

'' അതുപോരാ. കാണാനും വരണം ''.

റെയില്‍വെ സ്റ്റേഷന്ന് അടുത്തുള്ള ഗെയിറ്റിന്‍റെ ഇരു വശങ്ങളിലായിട്ടാണ് സ്കൂളും ബസ്സ് നിര്‍ത്തിയിടുന്ന സ്ഥലവും. രണ്ടും തന്നില്‍ കഷ്ടിച്ച് ഒരു ഫര്‍ലാങ്ങ് ദൂരമേയുള്ളു. ജബ്ബാറണ്ണന്‍ വരാമെന്ന് ഏറ്റു. പറഞ്ഞതു പോലെ നാടക ദിവസം ഒഴിഞ്ഞ ബാഗുമായി വന്ന് ജബ്ബാറണ്ണന്‍ അത് എന്നെ ഏല്‍പ്പിച്ചു.

മരിച്ചു ശേഷം കണ്ടക്ടറെ രണ്ട് കിങ്കരന്മാര്‍ ചേര്‍ന്ന് യമധര്‍മ്മ രാജാവിന്‍റെ മുമ്പില്‍ ഹാജരാക്കുന്നതാണ് രംഗം .

'' എന്താ ഇവന്‍ ചെയ്ത് തെറ്റ് '' യമന്‍റെ ഗര്‍ജ്ജനം.

'' പ്രഭോ, ഇവന്‍ യാത്രക്കാര്‍ക്ക് ബാക്കി കൊടുക്കാതെ പറ്റിച്ചിട്ടുണ്ട് '' ചിത്രഗുപ്തന്‍ ഒരു പുസ്തകത്തിലേക്ക് നോക്കി ഉറക്കെ വായിച്ചു '' അതിന്ന് പുറമെ ഇവന്‍ യാത്രക്കാരായ സ്ത്രീകളുടെ ദേഹത്ത് ചാരി നിന്നാണ് ടിക്കറ്റ് കൊടുത്തിരുന്നത് ''.

'' ഓഹോ. ഇവനെ മയില്‍ വാഹനം ​ബസ്സില്‍ പലക്കാട് നിന്ന് ഷൊര്‍ണ്ണൂര്‍ വരെ യാത്ര ചെയ്യിക്ക് , അല്ലെങ്കിലോ നരകത്തില്‍ കൊണ്ടു പോയി തിളച്ചു ഉരുകി കിടക്കുന്ന പത്ത് ലിറ്റര്‍ ഇരുമ്പ് കുടിപ്പിക്ക് '' അദ്ദേഹം തിരിഞ്ഞ് കണ്ടക്ടറോട് പറഞ്ഞു '' എന്താ വേണ്ടത് എന്ന് നീ തന്നെ നിശ്ചയിച്ചോ ''.

'' ഞാന്‍ ഇരുമ്പ് ഉരുക്കിയത് കുടിച്ചോളാം '' എന്ന് കണ്ടക്ടര്‍ തൊഴുത് പറയുന്നതോടെ രംഗം അവസാനിച്ചു. നാടകം കഴിഞ്ഞതും മുഖവും തുടച്ച് ജബ്ബാറണ്ണനെ ബാഗ് ഏല്‍പ്പിക്കാന്‍ ചെന്നു.

'' ഞങ്ങളെ തന്നെ വെച്ചൂ അല്ലേ '' എന്നും പറഞ്ഞ് അദ്ദേഹം സ്നേഹത്തോടെ തോളില്‍ ഒന്നു തട്ടി. പഠനം കഴിഞ്ഞ് ഉദ്യോഗസ്ഥനായതിന്ന് ശേഷവും വളരെക്കാലം ജബ്ബാറണ്ണനെ കണ്ടിരുന്നു. അപ്പോഴൊക്കെ പഴയ പോലെ കുശലാന്വേഷണങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ മറക്കാറില്ല.

ജോസഫേട്ടന്‍ അന്നേ പ്രായം ചെന്ന ആളാണ്. മുഴുവന്‍ കഷണ്ടിയായ അദ്ദേഹത്തിന്‍റെ തലയില്‍ ചെറിയൊരു മുഴ ഉണ്ടായിരുന്നു.

'' മക്കളെ, ഒന്ന് ഒട്ടിചേര്‍ന്ന് നില്‍ക്കിന്‍. പഴുത് കാണാന്‍ പാടില്ല '' അദ്ദേഹം ഞങ്ങളെ ഒതുക്കി നിര്‍ത്തുമ്പോള്‍ പറയും ''ആര് കണ്ടാലും മയില്‍ വാഹനം ആണ് എന്ന് തോന്നണ്ടേ ''. ആ പറയുന്നത് അനുസരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഓഫീസ് സമയത്ത് അല്ലാത്തതിനാല്‍ , ജോലികിട്ടിയതിന്ന് ശേഷം അദ്ദേഹത്തിന്‍റെ ബസ്സില്‍ പോവാറില്ല. മൂന്ന് നാല് കൊല്ലങ്ങള്‍ക്ക് ശേഷം ഒരു തവണ ഞാന്‍ ആ ബസ്സില്‍ കയറി. എന്‍റെ കൈവശം അപ്പോള്‍ ട്രഷറി കോഡിന്‍റേയും അക്കൌണ്ട് കോഡിന്‍റേയും പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അന്നും അദ്ദേഹം കണ്‍സഷന്‍ ചാര്‍ജ്ജാണ് എടുത്തത്.

'' ജോസഫേട്ടാ, എന്‍റെ പഠിപ്പ് കഴിഞ്ഞു കുറച്ചായി '' ഞാന്‍ പറഞ്ഞു '' ഇപ്പോള്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിക്കാരനാണ് ''.

'' അതുവ്വോ. സന്തോഷായി '' അദ്ദേഹം ചിരിച്ചു.

പിന്നീട് ഒരു വട്ടം കൂടി അദ്ദേഹത്തിനെ കണ്ടു. അന്ന് അദ്ദേഹം ജോലിയിലല്ലായിരുന്നു. പുറകിലെ സീറ്റില്‍ ഇരിക്കുകയാണ്.

'' ജോസഫേട്ടാ '' ഞാന്‍ വിളിച്ചു.

അല്‍പ്പം നീങ്ങി അദ്ദേഹം എന്നെ അടുത്തിരുത്തി.

'' ഞാന്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞു. വയസ്സായില്ലേ '' ജോസഫേട്ടന്‍ പറഞ്ഞു.

ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ കൈ കൊടുത്ത് ഇറങ്ങി. പിന്നീട് അദ്ദേഹത്തിനെ കണ്ടിട്ടില്ല.