Thursday, June 27, 2013

മറയുന്നതിന്നു മുമ്പ്.


'' തള്ളേ, വേണെങ്കില്‍ സാധനം വാങ്ങിനേ. അല്ലെങ്കില്‍ ആളെ മെനക്കെടുത്താതെ സ്ഥലം വിട് '' ഉച്ചത്തിലുള്ള ആക്രോശം കേട്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് നോക്കി. വെള്ളത്തുണികൊണ്ട് തയ്ച്ച കയ്യില്ലാത്ത ബനിയനും കള്ളിമുണ്ടും ധരിച്ച ഒരു കച്ചവടക്കാരന്‍ സാധനം വാങ്ങാന്‍ എത്തിയ
വൃദ്ധയോട് കയര്‍ക്കുകയാണ്. ചുവപ്പു നിറം പൂണ്ട അയാളുടെ ഉണ്ടക്കണ്ണുകളും മുകളിലേക്ക് പിരിച്ചു വെച്ച കൊമ്പന്‍ മീശയും അയാളെ ഒരു ഭീകരനാക്കി.

'' അതല്ലടാ മകനേ '' ചാക്കില്‍ കൂമ്പലെ കൂട്ടി വെച്ച കപ്പല്‍ മുളകില്‍ കയ്യോടിച്ച് വൃദ്ധ പറഞ്ഞു   '' ഇതങ്ങന്നെ ചപ്പാണ് ''.

'' വില്‍ക്കാന്‍ വെച്ച ചരക്കില്‍ തൊട്ട് കുറ്റം പറഞ്ഞാലുണ്ടല്ലോ '' അയാള്‍ അലറി '' വയസ്സായി എന്നൊന്നും ഞാന്‍ നോക്കില്ല. ഒറ്റ ചവിട്ടിന് പണി തീര്‍ക്കും ''. ആ സ്ത്രീ എന്തെങ്കിലും
പറയുന്നതിന്നു മുമ്പ് കൂടെയുള്ളവര്‍ അവരെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോയി.

അര നൂറ്റാണ്ടിന്ന് മുമ്പത്തെ ആഴ്ച ചന്തയാണ് രംഗം. പറളി ഹൈസ്കൂളില്‍ ചേര്‍ന്ന ശേഷം
വല്ലപ്പോഴും ഞാന്‍ നാണിയമ്മയോടൊപ്പം ചന്തയ്ക്ക് പോവാറുണ്ട്. സാധനങ്ങള്‍ ചോദിച്ചു വാങ്ങാനൊന്നും എനിക്കറിയില്ല. അതൊക്കെ നാണിയമ്മ ചെയ്തോളും. ചന്തയിലെ പല വിധത്തിലുള്ള കാഴ്ചകള്‍ കാണാനുള്ള കൌതുകംകൊണ്ട് പോയിരുന്നു എന്നേയുള്ളു.

ബുധനാഴ്ച ദിവസങ്ങളിലാണ് പറളി ചന്ത. വളരെ കുറച്ച് വ്യാപാരികള്‍ മാത്രമേ ഇപ്പോള്‍
ചന്തയില്‍ എത്താറുള്ളു. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും അധികമൊന്നുമില്ല. എന്നാല്‍
ആ കാലത്ത് ഇങ്ങിനെ ആയിരുന്നില്ല.

ചന്തയില്‍ എത്തുന്നതിന്നു മുമ്പുതന്നെ തിരക്ക് കാണാന്‍ കഴിയും. രണ്ടോ മൂന്നോ കോഴികളെ
കാലുകെട്ടി തൂക്കിപ്പിടിച്ച് വില്‍ക്കാന്‍ എത്തുന്നവരും അവരുടെ മുന്നില്‍ വിലപേശി വാങ്ങാന്‍
നില്‍ക്കുന്നവരും റോഡോരത്തുതന്നെ ഉണ്ടാവും. മണ്‍കലങ്ങളും തൊട്ടികളും ഓലപ്പായകളും
വില്‍ക്കാനെത്തുന്ന സ്ത്രീകളെയാണ് അവര്‍ക്കരികില്‍ കാണുക. പൊക്കവടയും സുഖിയനും വെല്ലപ്പവും ഒരു തട്ടില്‍ നിരത്തി വില്‍ക്കാനിരിക്കുന്ന മന്ദാടിയാരേയും, വിസ്തൃത മനപ്പാഠവും
കവളപ്പാറകൊമ്പനും സരോജിനിയുടെ കടുംകയ്യും പോലേയുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന
കച്ചവടക്കാരനേയും കടന്ന് അകത്തോട്ട് ചെന്നാല്‍ പടിഞ്ഞാറേ തലവരേയും അവിടെ നിന്ന്
വടക്ക് ഹൈസ്ക്കൂള്‍ പറമ്പ് വരേയും നീണ്ടു കിടക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തില്‍ കച്ചവടക്കാര്‍
നിരന്നിരിക്കുന്നത് കാണാം. പച്ചക്കറി, പല വ്യഞ്ജനം തുടങ്ങിയവ വില്‍ക്കുന്നവരെ കൂടേതെ വളക്കാരന്‍ ചെട്ടിയാരും തോര്‍ത്തു മുണ്ടും ശീലക്കോണകവും പട്ടുകോണകവും വില്‍ക്കുന്ന കിഴവനും, ഉണക്ക മത്സ്യം വില്‍പ്പന ചെയ്യുന്ന വട്ടത്താടിക്കാരനും കച്ചവടക്കാരില്‍പെടുന്നു.

'' എന്തിനാ നാണിയമ്മേ അയാള് അവരെ ചവിട്ടിക്കൊല്ലും എന്ന് പറഞ്ഞത് '' ചന്തയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു.

'' അവന്‍റെ സാധനത്തിനെ കുറ്റം പറഞ്ഞതിനാണ്. എന്നാലും അങ്ങിനെ പറയാന്‍ പാങ്ങുണ്ടോ. ഒന്നൂല്യെങ്കിലും വയസ്സായ തള്ളയല്ലേ അത്. അവന്‍ പറഞ്ഞത് ഈശ്വരന്‍ പൊറുക്കില്ല. ദൈവം വേണ്ടതുപോലെ കൊടുത്തോളും ആ ദുഷ്ടന് ''.

പിറ്റേന്ന് സ്കൂളിലേക്ക് പോവുന്ന വഴിയില്‍വെച്ചുതന്നെ ചന്തപ്പുരയ്ക്ക് സമീപം ലോറി തട്ടി ഒരാള്‍ മരിച്ചു എന്ന വിവരം അറിഞ്ഞു. സ്കൂളിലേക്കുള്ള എളുപ്പ വഴി ഉപേക്ഷിച്ച് അപകടം
നടന്ന ദിക്കിലേക്ക് ഞാന്‍ നടന്നു. അവിടെ പാര്‍സല്‍ ലോറിയുടെ പിന്‍ചക്രത്തിന്നു മുമ്പില്‍
കിടന്ന ശരീരം അയാളുടേതായിരുന്നു. മുറിക്കയ്യന്‍ ബനിയനും കള്ളിമുണ്ടും തന്നെയാണ് വേഷം. തുറിച്ച ചോരക്കണ്ണുകളും കൊമ്പന്‍ മീശയും അപ്പോഴും പേടിപ്പെടുത്തുന്ന മട്ടിലാണ്. മൂക്കില്‍ നിന്നും വായില്‍ നിന്നും മഞ്ഞ നിറത്തില്‍ കൊഴുത്ത ദ്രാവകം ഒഴുകിയത് കാണാം.

'' ഇന്നലെ ചന്ത പിരിഞ്ഞ ശേഷം ബാക്കി വന്നതൊക്കെ ചാക്കിലാക്കി ചായപ്പീടികയില്‍വെച്ചു
 പോയതാണ്. ഇന്ന് ബസ്സില്‍ വന്നിറങ്ങി അതെടുക്കാന്‍ റോഡ് ക്രോസ്സ് ചെയ്തപ്പോള്‍ ലോറി ഇടിച്ചതാണ് '' അപ്പോള്‍ സ്ഥലത്തെത്തിയ ആരോടോ അവിടെ നിന്നിരുന്ന ആള്‍ പറയുന്നത് കേട്ടു. കൂട്ടുകാരോടൊപ്പം പൊട്ടുകടല കൊറിച്ചുംകൊണ്ട് ഞാന്‍ അവിടെ നിന്നു. സ്കൂളില്‍
ബെല്ലടിച്ചപ്പോഴാണ് അവിടെ നിന്ന് പോന്നത്.

'' ഒരു ഓലപ്പായില്‍ അയാളെ ചുരുട്ടിക്കെട്ടി കാളവണ്ടിയില്‍ പാലക്കാട്ടേക്ക് കൊണ്ടുപോയി '' അത്ര നേരം ക്ലാസ്സില്‍ വരാതെ അവിടെത്തന്നെ നിന്നിരുന്ന സഹപാഠി ഇന്‍റര്‍വെല്‍ സമയത്ത് വന്ന് പറഞ്ഞു.

                                      - 2 -

'' ദാസേട്ടാ, വെള്ളം നോക്കാന്‍ ചെന്നതാണോ '' പാടത്തു നിന്ന് വലിയ വരമ്പിലേക്ക് കയറിയ എന്നോട് രാമകൃഷ്ണന്‍ ചോദിച്ചു.

'' ഇക്കുറി വരമ്പ് പൊതിയാന്‍ പറ്റിയില്ല. അതു കാരണം ഒരുപാട് കള്ളമ്പോടുണ്ട് '' ഞാന്‍
പറഞ്ഞു '' ദിവസവും നോക്കിയില്ലെങ്കില്‍ പാടത്ത് ഒരു തുള്ളി വെള്ളം ഉണ്ടാവില്ല ''.

രാമകൃഷ്ണന്‍ ചീട്ടുകളി ക്ലബ്ബിലെ അംഗമായിരുന്നു. വളരെക്കാലം ഒന്നിച്ച് നടന്നവരാണ് ഞങ്ങള്‍. കല്യാണത്തിന്നു മുമ്പ് വേലയ്ക്കും പൂരത്തിനും സിനിമയ്ക്കും നാടകത്തിനും
ഒന്നിച്ച് പോയിരുന്നതാണ്.

'' ഒരു ബീഡി വലിക്കിന്‍ '' ഡ്രോയര്‍ പോക്കറ്റില്‍ നിന്ന്  അയാള്‍ ഒരു കെട്ട് സാധുബീഡിയും
തീപ്പെട്ടിയും എടുത്തു. ബീഡിയും വലിച്ച് ഞങ്ങള്‍ വരമ്പത്ത് നിന്നു.

'' ദാസേട്ടാ, കുട്ടികള്‍ക്കൊക്കെ സുഖോല്ലേ '' അയാള്‍ വിശേഷം ചോദിച്ചു.

'' വലിയ കുഴപ്പമൊന്നും കൂടാതെ പോവുന്നു. തനിക്ക് വിശേഷിച്ച് ഒന്നൂല്യല്ലോ ''.

'' നമുക്കെന്ത് വിശേഷം. പത്ത് പത്തില് അങ്ങിനെ പോണൂ '' രാമകൃഷ്ണന്‍റെ വാക്കുകളില്‍
നിരാശ നിഴലിച്ചു.

'' എന്താടോ അങ്ങിനെ. തനിക്കെന്താ ഒരു പ്രയാസം പോലെ ''.

'' ഒന്നും പറയണ്ടാ. ജോലിടെ കാര്യം ആലോചിക്കുമ്പോള്‍ ഒരു സമാധാനവും ഇല്ല ''.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന കുറേ കാലം അയാള്‍ക്ക് ജോലിയുണ്ടായിരുന്നതാണ്.
പിന്നീട് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട കൂട്ടത്തില്‍ അയാളും പെട്ടു. വീണ്ടും ആ ജോലി കിട്ടാന്‍ ശ്രമിക്കുകയാണ്.

'' വിഷമിക്കണ്ടടോ. ദൈവം തനിക്ക് വേറെന്തെങ്കിലും കണ്ടിട്ടുണ്ടാവും ''.

'' ഉവ്വ്. ആ ചങ്ങാതി നന്നെങ്കില്‍ ഞാന്‍ ഇത്ര കഷ്ടപ്പെടില്ല '' അയാളൊന്ന് നീട്ടിത്തുപ്പി.

'' വെറുതെ വേണ്ടാത്തത് പറയണ്ടാ. ഒക്കെ ശരിയാവും '' ഞാന്‍ ആശ്വസിപ്പിച്ചു. കുറെ നേരം
കൂടി ഞങ്ങള്‍ സംസാരിച്ചു നിന്നു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ടെന്നും പോയ ജോലി തിരിച്ചുകിട്ടാന്‍
ശ്രമിക്കുന്നുണ്ടെന്നും ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ അതിന്‍റെ ഫലം അറിയാമെന്നും അയാള്‍
പറഞ്ഞു.

'' അത് കിട്ടി ഒരു മാസത്തെ ശമ്പളം വാങ്ങീട്ട് ചത്താലും വേണ്ടില്ല '' അയാള്‍ നെടുവീര്‍പ്പിട്ടു.

'' ഈശ്വരന്‍ സഹായിക്കട്ടെ '' ഞാന്‍ ആ കൈകളില്‍ പിടിച്ചു.

'' കാണുമ്പോള്‍ കാണാം '' അയാള്‍ യാത്ര പറഞ്ഞു. രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്ത വിവരമാണ് പിന്നീട് ഞാന്‍ അറിയുന്നത്.

                                                        - 3 -

ഒമ്പതു മണിക്ക് ബസ്സ് സ്റ്റോപ്പിലെത്തിയതാണ്. ആദ്യം വന്ന ബസ്സില്‍ നല്ല തിരക്ക്. അത് ഒഴിവാക്കി. അടുത്തതില്‍ കയറാം. പിന്നീട് രണ്ടു ബസ്സുകള്‍ ഒന്നിച്ചാണ് വന്നത്. രണ്ടും
നിര്‍ത്തിയില്ല. പിന്നീടു വന്ന ബസ്സുകളും നിറുത്താതെ പോയപ്പോള്‍ പരിഭ്രമമായി. സമയം
ഒമ്പതരയാവുന്നു. ഇനി ബസ്സ് കിട്ടാന്‍ വൈകിയാല്‍ സമയത്തിന്ന് ഓഫീസില്‍ എത്തില്ല.

'' എന്താടോ അടുപ്പില്‍ ചുറ്റി വിട്ട കോഴിയെപ്പോലെ താന്‍ ഇവിടെ കിടന്ന് തിരിയുന്നത്. ജോലിക്കൊന്നും പോണില്ലേ ''. ഞാന്‍ തിരിഞ്ഞു നോക്കി. എക്സിക്യുട്ടീവ് ഓഫീസര്‍
മണിയേട്ടനാണ്.

'' ഒമ്പത് മണിക്ക് എത്തിയതാണ്. ബസ്സൊന്നും നിര്‍ത്തിയില്ല '' ഞാന്‍ പറഞ്ഞു.

'' താന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലാണെന്ന് അവര്‍ക്കറിയും. അതാ നിര്‍ത്താത്തത്. പോയാലും
പോയില്ലെങ്കിലും നിങ്ങള്‍ക്ക് കാശ് കിട്ട്വോലോ '' അദ്ദേഹം ഉറക്കെ ചിരിച്ചു.

അപ്പോഴേക്കും ഒരു ബസ്സെത്തി. ഗുരുവായൂരില്‍ നിന്നുള്ളതാണ്. വാകച്ചാര്‍ത്ത് തൊഴുത് പോന്ന കുറച്ചുപേര്‍ക്ക് ഇറങ്ങാന്‍ ബസ്സ് നിര്‍ത്തി.

'' വേഗം പോയി കയറെടോ '' മണിയേട്ടന്‍ പറഞ്ഞു. ഞാന്‍ ബസ്സില്‍ കയറി.

ഓഫീസ് സമയത്തിന്നു ശേഷം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി മീറ്റിങ്ങില്‍
പങ്കെടുക്കേണ്ടി വന്നതിനാല്‍ അന്ന് വൈകിയാണ് തിരിച്ചെത്തിയത്.

'' കുട്ടി നമ്മുടെ മണിയേട്ടന്‍ പോയി '' പെട്ടിക്കട നടത്തുന്ന മോപ്പാന്‍ ബസ്സിറങ്ങി വന്ന എന്നെ വിളിച്ചു പറഞ്ഞു '' ഓഫീസില്‍ പണി ചെയ്യുമ്പോള്‍ ഹാര്‍ട്ട് നിന്നതാണ് ''. ഷോക്കേറ്റ പോലെ ഞാന്‍ നിന്നു. രാവിലെ സംസാരിച്ചു പിരിഞ്ഞതാണ്. മനുഷ്യജീവിതം ഇത്രയൊക്കെ ഉള്ളൂ.

'' വീട്ടില്‍ ചെന്നതും മണിയേട്ടന്‍റെ വീടുവരെ ഒന്ന് പോവണം. രാവിലെ വര്‍ത്തമാനം പറഞ്ഞു പിരിഞ്ഞതാണ്. എനിക്കൊന്ന് കാണണം '' ഞാന്‍ പറഞ്ഞു.

'' ദഹിപ്പിക്കല് കഴിഞ്ഞു. എന്നിട്ടാ ഞാന്‍ പോന്നത് ''മോപ്പാന്‍ പറഞ്ഞു. രാവിലെ ഞങ്ങള്‍
സംസാരിച്ചു നിന്ന ഭാഗത്തേക്ക് ഞാന്‍ നോക്കി.


                                                       - 4 -

'' മൊയ്ത്വോ, നാളെ ജനവരി ഒന്നാം തിയ്യതി ആണ് എന്ന് അറിയാലോ. ആറര ആവുമ്പോഴേക്ക് ഇവിടെ എത്തണം. ചീട്ടു കളിച്ച് തോറ്റിട്ട് ചെവീല് കൊടി വെച്ചാല്‍ അതൊരു വര്‍ക്കത്താ. ഒരു കൊല്ലത്തേക്ക് അതിന്‍റെ ഫലം കിട്ടും '' ചീട്ടുകളി കഴിഞ്ഞ് ക്ലബ്ബില്‍ നിന്ന് പോരുമ്പോള്‍ ചന്ദ്രന്‍
മാസ്റ്റര്‍ മൊയ്തുവിനോട് പറയുന്നത് കേട്ടു.

'' അതിനെന്താ. എപ്പൊ വേണച്ചാലും എത്താലോ '' മൊയ്തു മറുപടി പറഞ്ഞു.

'' തന്നോട് ഇനി പ്രത്യേകിച്ച് പറയണോ '' മാഷ് എന്നോട് ചോദിച്ചു.

'' വേണ്ടാ, ഞാന്‍ എത്തും '' ഞാന്‍ ഉറപ്പ് നല്‍കി.

പിറ്റേന്ന് വൈകുന്നേരം രാമചന്ദ്രനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ഓവര്‍ബ്രിഡ്ജിന്ന് സമീപം എന്തോ അപകടം നടന്ന വിവരം സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിക്കുന്നത്. എന്‍റെ ചെറിയ മകനെ വിവരം അന്വേഷിച്ചു വരാന്‍ ഞാന്‍ ഏല്‍പ്പിച്ചു. ബൈക്കുമായി പോയ അവന്‍ ഉടനെ തിരിച്ചെത്തി.

''  ഒരു ടാറ്റാ സുമോ ചന്ദ്രന്‍ മാസ്റ്ററെ ഇടിച്ചതാണ്. ചക്രം കാലില്‍ കയറിയിരുന്നു എന്നാണ് അറിഞ്ഞത്. അപ്പോള്‍ത്തന്നെ പാലക്കാട്ടേക്ക് കൊണ്ടുപോയി '' അവന്‍ പറഞ്ഞു. ഉടനെ ഞാന്‍ അജിതനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.

'' ഇപ്പോള്‍ തന്നെ ഞാന്‍ കാറുമായി വരാം. നീ ബാലന്‍ മാഷെ വിളിച്ച് വിവരം അറിയിക്ക് '' അജിതന്‍ പറഞ്ഞു.

കരുണ ഹോസ്പിറ്റലിലും വെല്‍കെയര്‍ ഹോസ്പിറ്റലിലും മാസ്റ്ററെ കണ്ടെത്താനായില്ല. ഞങ്ങള്‍ ജില്ലാ ആസ്പത്രിയിലേക്ക് തിരിച്ചു. അവിടേയും എത്തിയിട്ടില്ല. ഇനിയെന്തു വേണം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ പാലന ഹോസ്പിറ്റലിലെ ആംബുലന്‍സ് എത്തി. അതില്‍ നിന്നും മാസ്റ്ററുടെ മകന്‍ കരഞ്ഞുകൊണ്ട് ഇറങ്ങി. ഞങ്ങള്‍ വേഗം അടുത്തേക്ക് ചെന്നു.

'' എന്‍റെ അച്ഛന്‍ പോയി '' പൊട്ടികരയുന്ന മകനെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ ഏല്‍പ്പിച്ച് തിരിച്ചു പോരുന്ന വഴി കടവത്തെത്തിയപ്പോള്‍ എത്രയോ കൊല്ലങ്ങളായി മാസ്റ്റര്‍ കൊണ്ടു നടന്ന ക്ലബ്ബിലേക്ക്  ഞാന്‍ നോക്കി.


                                                                  - 5 -

ചന്ദ്രന്‍ മാസ്റ്ററുടെ മരണത്തോടെ ക്ലബ്ബ് ഏതാണ്ട് നിര്‍ജ്ജീവമായി. മാസത്തിലൊരിക്കലോ മറ്റോ തുറന്ന് അടിച്ചു വാരും. കുറച്ചു നേരം അവിടെ ചിലവഴിക്കും. ക്ലബ്ബ് നില നിന്നിരുന്ന കെട്ടിടംഉടമസ്ഥന്‍ ഒരു ദിവസം പൊളിച്ചു മാറ്റിയതോടേ അതും തീര്‍ന്നു. താവളം
 നഷ്ടപ്പെട്ട ഞങ്ങള്‍റെയില്‍വേ സ്റ്റേഷനിലേക്ക് ചേക്കേറി. വൈകുന്നേരം ആറരയോടെ എത്തും. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ചാരുബെഞ്ചില്‍ ഇരിക്കും. എട്ടു മണി വരെ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞങ്ങിനെ കൂടും.

പതിവുപോലെ അന്നും ഞാനും അജിതനും ബാലന്‍ മാസ്റ്ററും മൊയ്തുവും ഒത്തുകൂടി.

'' ഇന്നെന്താ നമ്മടെ ആളെ കാണാത്തത് '' ഏഴുമണി കഴിഞ്ഞപ്പോള്‍ മൊയ്തു ചോദിച്ചു. മാധവന്‍ നായരെ ഉദ്ദേശിച്ചാണ് ആ ചോദ്യം.

'' ചിലപ്പോള്‍ കുന്നംകുളത്തേക്ക് പോയിട്ടുണ്ടാവും '' ഞാന്‍ പറഞ്ഞു. ഏഴര ആവുമ്പോഴേക്ക് മാധവന്‍ നായരെത്തി.

'' മാധവേട്ടാ  ഇന്നെന്താ ഇത്ര വൈകിയത് '' മൊയ്തു അന്വേഷിച്ചു.

'' അത്താഴംപൊറ്റക്കാവില്‍ പോയിരുന്നു. നേരം വൈകിയപ്പോള്‍ ഇന്നിനി പോരുന്നില്ല എന്ന് വിചാരിച്ചതാണ്. റോഡില്‍ കയറിയപ്പോള്‍ ഒരു ബസ്സ് വന്നുനിന്നു. ഞാനതില്‍ കേറി പോരും
ചെയ്തു ''.

'' അത് ഏതായാലും നന്നായി ''.

'' ദക്ഷിണ കൊടുത്തപ്പോള്‍ ശാന്തിക്കാരന്‍ തന്നതാണ്. ഇനി അതില്ലാത്ത കുറവ് വേണ്ടാ '' നെറ്റിയില്‍ തൊട്ട ചന്ദനവും പൂവും അദ്ദേഹം കാണിച്ചു തന്നു.

'' ഇഷ്ടാ, നമുക്ക് ഇങ്ങിനെയൊക്കെ ആയാല്‍ മതിയോ '' അത്താഴംപൊറ്റക്കാവും തിരുവഞ്ചി അമ്പലവും പുതുക്കി പണിയുന്ന വിവരങ്ങള്‍ വര്‍ണ്ണിച്ചതിന്നു ശേഷം പൊടുന്നനെ മാധവേട്ടന്‍
ചോദിച്ചു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.

'' എന്നും നമുക്ക് ഇങ്ങിനെ സ്റ്റേഷനില്‍ കൂടിയാല്‍ മതിയോ. രണ്ടു മൂന്ന്  മാസം കഴിഞ്ഞാല്‍
മഴക്കാലമാവും. പിന്നെ നമ്മള്‍ എവിടെ കൂടും ''. സത്യത്തില്‍ ഞങ്ങളാരും അതിനെക്കുറിച്ച്
ചിന്തിച്ചിരുന്നില്ല.

'' നമുക്ക് റോഡോരത്ത് നാലോ അഞ്ചോ സെന്‍റ് സ്ഥലം വാങ്ങിക്കാം. അതില് ഒരു രണ്ടു നില കെട്ടിടം ഉണ്ടാക്കണം. താഴെ പീടിക മുറികള്‍. മുകളില്‍ ഒരു ഹാള്‍. എന്തെങ്കിലും മീറ്റിങ്ങ് കൂടാന്‍ കെടക്കട്ടെ അങ്ങിനെയൊന്ന്. പിന്നെ ഒരു മുറി. പത്തുക്ക് പത്ത് മതി. നമുക്ക് കുറച്ചു നേരം ഇരിക്കാനും വേണച്ചാല്‍ ചീട്ടുകളിക്കാനും അതൊക്കെ ധാരാളം മതി '' ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു '' നമ്മളെല്ലാവരും കുറേശ കാശെടുത്താല്‍ മതി. സംഗതി ക്ലീന്‍ ''. ആരും
ഒന്നും പറഞ്ഞില്ല. ഇത് നടപ്പിലാക്കാന്‍ പറ്റുമോ എന്ന സംശയത്തിലാണ് എല്ലാവരും.

'' എടോ, ആ സ്ഥലം കിട്ട്വോ എന്ന് താന്‍ ഒന്ന് അന്വേഷിക്ക് '' റെയില്‍വെ സ്റ്റേഷന്നടുത്തുള്ള സ്ഥലത്തെക്കുറിച്ചന്വേഷിക്കാന്‍ മാധവേട്ടന്‍ എന്നെ ഏല്‍പ്പിച്ചു.

നേരം ഏഴേ മുക്കാലായി. ബാലന്‍ മാസ്റ്റര്‍ എഴുന്നേറ്റു. അദ്ദേഹത്തിന്ന് പോവാനുള്ള ബസ്സ് എത്താറായി.

'' മാധവേട്ടാ, നിങ്ങള്‍ വരുന്നോ '' മാഷ് ചോദിച്ചു.

'' നിങ്ങള് നടന്നോ. ഞാന്‍ കുറച്ചു കഴിഞ്ഞിട്ടേയുള്ളു '' മാധവേട്ടന്‍ പോവാന്‍ ഒരുക്കമല്ല.

എട്ടുമണി കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റു. എന്‍റെ വീട് സ്റ്റേഷനടുത്താണ്. മാധവേട്ടനും
മൊയ്തുവിനും തെക്കു ഭാഗത്തേക്ക് പോവണം. അജിതന് വടക്കു ഭാഗത്തേക്കും.

'' റെയില് കടക്കുമ്പോള്‍ തടഞ്ഞു വീഴണ്ടാ '' അജിതന്‍ അവരോട് പറഞ്ഞു. ആ നേരത്താണ്      '' സാര്‍ '' എന്നൊരു വിളി കേട്ടത്. ഒരു കോണ്ട്രാക്ടര്‍ മാധവേട്ടനെ വിളിച്ചതാണ്.

'' ഞാന്‍ ഇയാളുടെ കൂടെ ഈ വഴിക്ക് പോവുന്നു '' മാധവേട്ടന്‍ അയാളോടൊപ്പം നടന്നകന്നു.

കഴിഞ്ഞ രാത്രി വീട്ടിലേക്ക് പോവുന്ന വഴിക്ക് മാധവേട്ടനെ ബൈക്ക് ഇടിച്ച വിവരം പിറ്റേന്ന് ഒലവക്കോടുനിന്ന് രാധാകൃഷ്ണന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്.

'' വിവരം അന്വേഷിച്ച് താന്‍ എന്നെ വിളിച്ചറിയിക്ക്വോ '' അദ്ദേഹം ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷെ അത് വേണ്ടി വന്നില്ല. അതിനുമുമ്പേ രാധാകൃഷ്ണന്‍ ഒരിക്കല്‍ കൂടി വിളിച്ചു.

'' മാധവേട്ടന്‍ പോയി. ബോഡി പാലനയിലുണ്ടത്രേ ''.

  മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ എടുക്കുന്നതിന്നു മുമ്പ് ഞാനും അജിതനും ബാലന്‍
മാസ്റ്ററും ആസ്പത്രിയിലെത്തി. മോഹങ്ങള്‍ ബാക്കിവെച്ച് വേര്‍പിരിഞ്ഞ മാധവേട്ടന്‍റെ ദേഹം
ടേബിളില്‍ കിടപ്പുണ്ടായിരുന്നു.