Thursday, November 12, 2015

നെയ്റോസ്റ്റ്.

( നിറപ്പകിട്ടില്ലാത്ത ജീവിതത്തിലേക്ക് വര്‍ണ്ണരേണുക്കള്‍ വാരി വിതറിയ കൊച്ചുകൊച്ചു അനുഭവങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്. മനസ്സില്‍ തങ്ങിനില്‍ക്കുന്നവയില്‍ ഒന്നാണിത്).

ചന്തപ്പുരയിലെ ബ്രാഹ്മണാള്‍ കാപ്പി അന്‍ഡ് ശാപ്പാട് ഹോട്ടലിലെ റോസ്റ്റ് വളരെ പ്രസിദ്ധമാണ്. റെയില്‍വേ സ്റ്റേഷന്‍റെ സമീപത്തുള്ള ഗെയിറ്റിന്ന് തൊട്ടടുത്തായിരുന്ന ഹോട്ടല്‍ ചന്തപ്പുരയിലേക്ക് പിന്നീട് മാറ്റിയതാണ്.


 നെയ്റോസ്റ്റ്, വെങ്കായറോസ്റ്റ്. മസാലറോസ്റ്റ് എന്നിവയാണ് ഹോട്ടലിലെ പ്രധാന വിഭവങ്ങള്‍. ബൂരിമസാല, കിച്ചടി, കടലച്ചൂണ്ടല്‍ എന്നിവയ്ക്കു പുറമെ ഉഴുന്നുവട, പരിപ്പുവട, ബോണ്ട, ബജ്ജി എന്നീ എണ്ണക്കടികളും നെയ്യപ്പം, കേസരി, ഇലയട എന്നിവയില്‍ ഏതെങ്കിലും മധുരപലഹാരവും  വില്‍പ്പനയ്ക്കുണ്ടാവും.


നല്ല നെയ്യൊഴിച്ചുണ്ടാക്കുന്ന നെയ്റോസ്റ്റിനും, വെളിച്ചെണ്ണയില്‍ മൂപ്പിച്ച സവാള നിറച്ച വെങ്കായറോസ്റ്റിന്നും ഉരുളക്കിഴങ്ങും സവാളയും ചേര്‍ന്ന മസാലകൊണ്ടുണ്ടാക്കിയ മസാലറോസ്റ്റിനും ബഹുസ്വാദാണ്. 


ഇങ്ങിനെയാണെങ്കിലും ഒരിക്കലും ഹോട്ടലില്‍ വലിയ തിരക്ക് കാണാറില്ല. പണത്തിന്ന് ആ കാലത്തുണ്ടായിരുന്ന ദുര്‍ഭിക്ഷം തന്നെയാണ് അതിന്നുള്ള കാരണം. 


അറുപത് വയസ്സിനോടടുത്ത ഒരുസ്വാമിയാണ് ഹോട്ടലിന്‍റെ ഓണര്‍. ഉടുത്ത ഡബിള്‍വേഷ്ടിയുടെ അടിവശം നിലത്തിഴച്ചുകൊണ്ടു നടന്ന് ആ ഹോട്ടലില്‍ എത്തുന്ന എല്ലാവരുടേയും അടുത്തെത്തി അവര്‍ക്ക് വേണ്ടതെന്താണെന്ന് സ്വാമി അന്വേഷിക്കും. ചായയും കാപ്പിയും അടിക്കുന്നതും അടുക്കളയില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്നു വിളമ്പുന്നതും പണം വാങ്ങുന്നതുമെല്ലാം അയാള്‍ തന്നെ.


ഉള്ളിസ്സാമ്പാറും കട്ടിച്ചട്ടിണിയുംകൂട്ടി റോസ്റ്റ് തിന്നാനുള്ള മോഹംകാരണം ചില വൈകുന്നേരങ്ങളില്‍ ഞാന്‍ ആ ഹോട്ടലില്‍ ചെല്ലാറുണ്ട്. 


'' യെശ്മാന്‍, നെയ്റോസ്റ്റ് വെങ്കായറോസ്റ്റ്, മസാലറോസ്റ്റ് ഏതു പോടണം '' സ്വാമി ആവശ്യം അന്വേഷിക്കും.


'' നെയ്റോസ്റ്റന്നെ ആയിക്കോട്ടെ '' എന്ന് ഞാന്‍ പറഞ്ഞാല്‍ ഉടനെ അദ്ദേഹം അകത്തേക്കു തിരിഞ്ഞ് '' ടേയ്, നമ്മ യെശ്മാനുക്ക് ഒരു നെയ്റോസ്റ്റ്, നല്ലാ മുറുകല്‍ '' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അകത്തേക്ക് നടക്കും. 


ഒരു തട്ടത്തില്‍ ചൂടുള്ള റോസ്റ്റും മറുകയ്യില്‍ ഒരു ഇലത്തുണ്ടുമായിട്ടാണ് പിന്നെ അദ്ദേഹം പ്രത്യക്ഷപ്പെടുക. തട്ടം മേശപ്പുറത്തുവെച്ച് തോളിലിട്ട മുഷിഞ്ഞ് തോര്‍ത്തുകൊണ്ട് ഇല വിസ്തരിച്ചൊന്ന് തുടച്ചു മേശപ്പുറത്തിട്ട് അതില്‍ അയാള്‍ റോസ്റ്റ് വിളമ്പും. ഓര്‍ഡര്‍ വിളിച്ചു പറഞ്ഞ് അകത്തേക്കുപോയ സ്വാമി തിരിച്ചുവരുന്നതുവരെയുള്ള മുഷിഞ്ഞ ഇരുപ്പിനിടയില്‍ ഇയാള്‍ എന്താ അകത്ത് കാട്ടുന്നത് എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. 

'' സ്വാമി ഓര്‍ഡര്‍ കൊടുത്തിട്ട് അകത്തേക്ക് പോയശേഷം താന്‍ മെല്ലെ കൈ കഴുകാന്‍ ചെന്നിട്ട് അടുക്കളയിലേക്ക് നോക്ക്. അപ്പോള്‍ തനിക്ക് ഒരു രസം കാണാം '' എന്ന് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരുകൂട്ടുകാരന്‍ പറഞ്ഞുതന്നു.


അടുത്ത തവണ ഞാനത് പ്രയോഗത്തില്‍ വരുത്തി. കൈ കഴുകുന്നതിനിടെ അടുക്കളയിലേക്ക് എത്തി നോക്കിയപ്പോള്‍ സ്വാമി വലിയ ഇരുമ്പുകല്ലില്‍ റോസ്റ്റ് ചുടുകയാണ്.