Wednesday, November 19, 2008

ഒരു പറ്റിക്കപ്പെടലിന്‍റെ ഓര്‍മ്മക്ക്.

കൊയ്ത്ത് കഴിഞ്ഞു. പക്ഷെ വൈക്കോല്‍ പണി ബാക്കി കിടന്നു. ചുരുട്ടുകളില്‍ ശേഷിക്കുന്ന നെല്‍മണികള്‍ തല്ലി കൊഴിക്കണം. വൈക്കോല്‍ ഉണക്കണം. ചുരുട്ടുകളാക്കണം. പണിക്കാരെ കിട്ടാനില്ല. എല്ലാവരും കെട്ടിട നിര്‍മ്മാണ പണികള്‍ക്ക് പോവുകയാണ്. അവര്‍ക്ക് കൂടുതല്‍ കൂലി കിട്ടും. കൂടാതെ ഭക്ഷണവും.

പുലര്‍ച്ചെ ഞങ്ങള്‍ എഴുന്നേല്‍ക്കും. ഞാനും ഭാര്യ സുന്ദരിയും ചുരുട്ടുകള്‍ അഴിച്ചിടും. മക്കള്‍ മൂന്നുപേരും തല്ലി കൊഴിക്കും. അവര്‍ ജോലിക്ക് പോയാല്‍ ഞങ്ങള്‍ അത് ഉണക്കി വെക്കും. പിന്നീട് സൌകര്യം പോലെ കെട്ടി വെക്കും. മുമ്പ് ഒരു വയസ്സി തള്ള വന്ന് ആ ചുരുട്ടുകള്‍ കൂനയായി അടുക്കി തരുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് വയ്യാതായി.

കുറെ അന്വേഷിച്ചിട്ടാണ്' കഴിഞ്ഞ തവണ ഒരാളെ കിട്ടിയത്. കൂലി കൂടുതല്‍ വാങ്ങിയെങ്കിലും അടുക്കിയത് ശരിയായില്ല. മഴക്ക് മുമ്പ് കുറെയേറെ വിറ്റുപോയി. മിച്ചം വന്നത് നനഞ്ഞ് കേടായി തുടങ്ങി. എങ്ങിനെ വിറ്റു തീര്‍ക്കും എന്ന് വേവലാതിപ്പെട്ട് ഇരിക്കുമ്പോള്‍ വൈക്കോലും ചോദിച്ച് ഒരാള്‍. അടുത്ത് ഒരിടത്തെ മുസല്‍മാന്‍. ആ മനുഷ്യന്‍ കുടിച്ച് പിപ്പിരിയാണ്. എന്തോ തുലഞ്ഞു പോകട്ടെ, ഇനി വെച്ചാല്‍ മുഴുവന്‍ നഷ്ടമാകും, കിട്ടിയ വിലക്ക് കൊടുക്കാമെന്ന് ഭാര്യ പറഞ്ഞതോടെ, സാധനം കിടക്കുന്നത് ചെന്ന് നോക്കി കൊള്ളാന്‍ അയാളോട് പറഞ്ഞു. ചുരുട്ടിന്ന് നാലു രൂപകിട്ടും, മൂന്നു രൂപ വെച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

ഉച്ചയോടെ വൈക്കോല്‍ കടത്താന്‍ പണിക്കാരെത്തി. ഏഴെട്ടുപേര്‍. നേരത്തെ വന്ന വിദ്വാന്‍ വേറൊരാളെ മുതലാളി ആണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. പണി നടക്കുന്നതിന്നിടെ അയാളും ഞാനും കുറച്ചു നേരം സംസാരിച്ചു. അയാളുടെ പേര്' ഉണ്ണികൃഷ്ണന്‍ . മംഗലം പാലത്തിന്നടുത്ത് താമസം. ആ കൂട്ടത്തില്‍ അയാളുടെ ഭാര്യയും പണി ചെയ്യുന്നു. ഒറ്റ മകനേയുള്ളു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി. അവനെ സ്കൂളില്‍ അയച്ചിട്ട് അച്ഛനും അമ്മയും പണിക്ക് പോകും. വൈകുന്നേരമാണ്' പ്രയാസം. മിക്കപ്പോഴും പണി തീരാന്‍ ഏറെ സമയമെടുക്കും. വലിയവര്‍ എത്തുന്നതു വരെ അടഞ്ഞ വാതിലിന്ന് മുമ്പില്‍ കുട്ടി ഒറ്റക്ക് ഇരിക്കും. തിരക്കേറിയ ഹൈവേയിലൂടെ ഭാരം കൂടിയ ബാഗും ഏറ്റി പ്രയാസപ്പെട്ട് വീട്ടിലെത്തി അന്തി മയുങ്ങുന്നതു വരെ ഒറ്റക്കിരിക്കുന്ന ചെറിയകുട്ടിയുടെ രൂപം എന്നെ ഏറെ വേദനിപ്പിച്ചു.

എനിക്ക് കുട്ടികള്‍ എന്നു വെച്ചാല്‍ ജീവനാണ്. ബസ്സില്‍ യാത്ര ചെയ്യുമ്പോഴും മറ്റും ചെറിയ കുട്ടികളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അച്ഛനമ്മമാരോട് എനിക്ക് ദേഷ്യം തോന്നും. ഏതു കുട്ടിയെ കാണുമ്പോഴും " ഈശ്വരാ, ഈ കുട്ടിക്ക് ദീര്‍ഘായുസ്സും സര്‍വ്വ സൌഭാഗ്യങ്ങളും നല്‍കണേ"യെന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കും.
എനിക്ക് ഇഷ്ടകൂടുതല്‍ ആണ്‍ കുട്ടികളോടാണ്. അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത് ഇരിക്കാതെ കയ്യില്‍ കിട്ടിയതൊക്കെ അടിച്ചു പൊട്ടിച്ച് സദാ സമയവും വികൃതി കാട്ടുന്ന കുട്ടി കുറുമ്പന്‍മാര്‍ ഊര്‍ജ്ജത്തിന്‍റെ പ്രതീകങ്ങളായിട്ടാണ്,എനിക്ക് തോന്നാറുള്ളത്. എന്നാല്‍ അണിയിച്ച് ഒരുക്കാന്‍ പെണ്‍കുട്ടി തന്നെ വേണം. കുളിപ്പിച്ച് മുടി ചീകി പൌഡറിട്ട് നെറ്റിയിലും കവിളിലും കറുത്ത പൊട്ട് തൊട്ട് കിളിപച്ചനിറത്തിലുള്ള ഉടുപ്പ് ഇടുവിച്ച കൊച്ചു പെണ്‍കുട്ടിയുടെ സൌന്ദര്യത്തിന്ന് തുല്യമായി ലോകത്ത് മറ്റൊന്നിന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നു.ആണ്‍ കുട്ടീകളെ സംബന്ധിച്ച് വേഷഭൂഷാദികള്‍ ഒന്നും ഒരു പ്രശ്നമേയല്ല.

ഒരു ദിവസം ഓഫീസില്‍ വെച്ച് ഒരു സഹപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച് അദ്ദേഹത്തിന്‍റെ ഒരു അനുഭവം പറഞ്ഞു. അദ്ദേഹത്തിന്ന് ഒരു മകള്‍ മാത്രമേ ഉള്ളു. സിഗരറ്റ്'വലിക്കാന്‍ തീപ്പെട്ടി കാണാഞ്ഞപ്പോള്‍, അദ്ദേഹം മകളോട് വീടിന്‍റെ തൊട്ടടുത്ത കടയില്‍ നിന്ന് ഒരു തീപ്പെട്ടി വാങ്ങാന്‍ പറഞ്ഞു. ധരിച്ചിരുന്ന മാക്സി മാറ്റി ചൂരീദാര്‍ അണിഞ്ഞ് ആ കുട്ടി തീപ്പെട്ടി വാങ്ങി വരുമ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞു. ഞാന്‍ അപ്പോള്‍ ഓര്‍ത്തത് തലേന്ന് എന്‍റെ മകന്‍ ബിനുവിനെ വീട്ടില്‍നിന്നും കുറച്ച് അകലെയുള്ള ബസ് സ്റ്റോപ്പില്‍ വെച്ചു കാണാനിടയായതാണ്. എന്തോ സാധനം വാങ്ങിക്കാനായി അവന്‍ സൈക്കളില്‍ കടയിലേക്ക് വന്നതായിരുന്നു. വസ്ത്രം ഒരു ലുങ്കി മാത്രം. ഷര്‍ട്ട് ഇട്ടിട്ടില്ല. അന്ന് അവന്ന് പത്തോ പതിന്നൊന്നോ വയസ്സ് പ്രായം.

ഇതിനകം വൈക്കോല്‍ ചുരുട്ടുകള്‍ എണ്ണി മുറ്റത്തേക്ക് കടത്തി തുടങ്ങി. ഭാര്യ എണ്ണുന്നത് ശ്രദ്ധിച്ചു നിന്നു. മുറ്റത്തു വെച്ച് ചുരുട്ടുകള്‍ അഴിച്ചു. ഒരെണ്ണത്തിനെ മൂന്നായി മാറ്റി വണ്ണം കുറഞ്ഞ ചുരുട്ടുകളാക്കി. ഞാന്‍ ചോദ്യ ഭാവത്തില്‍ ഉണ്ണികൃഷ്ണനെ നോക്കി. " സാറേ, ഇത് കോഴിക്കോടോ, ഇരിഞ്ഞാലകുടയിലോ എത്തിച്ചാലേ എനിക്ക് മൂന്ന് രൂപ വെച്ച് കിട്ടൂ. പണികൂലിയും ലോറി വാടകയും കഴിഞ്ഞ് എനിക്ക് എന്തെങ്കിലും കിട്ടണമല്ലോ " എന്ന് അയാള്‍ വിശദീകരണം തന്നു. എണ്ണല്‍ പുരോഗമിക്കുമ്പോള്‍" സാറേ, പൈസ കുറച്ച് കുറവാണ്, ബാക്കി നാളെ എത്തിക്കാമെന്ന് ഉണ്ണികൃഷ്ണന്‍ മുന്‍കൂറായി പറഞ്ഞു. എനിക്ക് അയാളോട് മതിപ്പ് തോന്നി. യോഗ്യന്‍. ഉള്ള കാര്യം ആദ്യം തന്നെ തുറന്നു പറഞ്ഞു. "ഓ, അതൊന്നും സാരമില്ലന്നേ" എന്ന് ഞാനും മാന്യത കാണിച്ചു.

എണ്ണി കഴിഞ്ഞു. അഞ്ഞൂറ്റി നാല്‍പ്പത് എണ്ണം. " എത്ര വിലയായി" എന്ന് സുന്ദരി തിരക്കി. "ആയിരത്തി അറുന്നൂറ്റി ഇരുപത് രൂപ" എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു. " ആയിരത്തി അഞ്ഞൂറ്' മതി അല്ലേ" എന്ന് ഞാന്‍ ചോദിച്ചതിന്ന് "എന്തിനാണ്' വെറുതെ കുറക്കുന്നത്, അവര്‍ക്ക് നല്ല ലാഭം കിട്ടും. ആയിരത്തി അറുന്നൂറ്' വാങ്ങിച്ചോളു" എന്ന് ഭാര്യ പറഞ്ഞു തന്നു. വൈക്കോല്‍ മുഴുവനും ലോറീയില്‍കയറ്റികഴിഞ്ഞു.ഉണ്ണികൃഷ്ണന്‍റെ ഭാര്യ മുന്നൂറു രൂപ സൂന്ദരിയുടെ കയ്യില്‍ കൊടുത്തു. " ഇപ്പോള്‍ ഇതേയുള്ളു, ബാക്കി നാളെ എത്തിക്കാം, കൂലിക്കാര്‍ക്ക് കൊടുക്കാന്‍ കൂടി ഒന്നും കയ്യില്‍ ഇല്ല "എന്ന് സങ്കടം പറഞ്ഞു. ബുദ്ധിമുട്ടാണെങ്കില്‍ നാളെ ഒന്നിച്ച് തന്നാല്‍ മതി എന്ന് സുന്ദരി സൌമനസ്യം കാട്ടി. കൂപ്പുകയ്യോടെ അവര്‍ യാത്ര പറഞ്ഞു. ഇന്നു വരെ ഉണ്ണികൃഷ്ണനോ, അയാളുടെ ഭാര്യയോ വരുകയോ പണം തരുകയോ ചെയ്തില്ല.

അടുത്ത വര്‍ഷം അതേ സമയത്ത് ആ മാപ്ല ഒരിക്കല്‍ കൂടി വന്നു. ഞാന്‍ പൂച്ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. വൈക്കോല്‍ ഇല്ലേ എന്ന് അയാള്‍ തിരക്കി. ഉവ്വെന്നു ഞാന്‍ തലയാട്ടി.എത്ര കാണും എന്ന് ചോദ്യത്തിന്ന് ആയിരത്തി അഞ്ഞൂറ്, എന്ന് മറുപടി. എത്ര വില കിട്ടണം എന്ന് ചോദിച്ചതിന്ന് ഇരുപത് രൂപ പ്രകാരം മുപ്പതിനായിരം രൂപ എന്ന് ഞാന്‍ പറഞ്ഞു. അയാളെ എനിക്ക് മനസ്സിലായി എന്ന് അയാള്‍ അറിഞ്ഞു. പിന്നെ ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.

Tuesday, November 18, 2008

മേമയുടെ മരണം.

ഒരു പ്രവര്‍ത്തി ദിവസം. ഉച്ചയൂണിന്നു ശേഷമുള്ള പപ്ലുകളിയും കഴിഞ്ഞ് ഓഫീസിലെ എനിക്കുള്ള സീറ്റില്‍ വന്ന് ഇരുന്നതേയുള്ളു." സാറിന്ന് ഒരു ഫോണ്" എന്ന അറിയിപ്പ് കിട്ടിയതും ഞാന്‍ എഴുന്നേറ്റ് ചെന്ന് ഫോണ്‍ എടുത്തു. രാമനുണ്ണിമാമയാണ്." ഗുരുവായൂരില്‍ നിന്നും ടെലഗ്രാം വന്നു, ലക്ഷ്മികുട്ടി മരിച്ചു, ഉടന്‍ വാ " എന്നായിരുന്നു സന്ദേശം. അര ദിവസത്തെ ലീവ് എഴുതി കൊടുത്ത് ഞാന്‍ ഇറങ്ങി.
മരിച്ചത് മേമയാണ്. മുത്തശ്ശിയുടെ അനുജത്തിയുടെ മകള്‍. പ്രായത്തില്‍ അമ്മയെക്കാള്‍ മൂത്തതാണെങ്കിലും, മേമ എന്നാണ്' അവരെ വിളിച്ചിരുന്നത്. എനിക്ക് ഒര്‍മ്മ വെച്ച കാലം മുതല്‍ക്ക് മേമയുടെ വീട്ടുകാരുമായി പല തവണ കൊല്ലങ്ങളോളം അലോഗ്യത്തിലായിരുന്നു. ഏറ്റവും തമാശയായി തോന്നിയിട്ടുള്ളത് ഓരോ കലഹവും നിസ്സാര കാര്യങ്ങള്‍ക്കായിരുന്നു എന്നതാണ്. മേമക്ക് അമ്മയും ഒരു അനുജനും, തറവാട് ഭാഗിച്ചപ്പോള്‍ കിട്ടിയ കുളപ്പുര ഉപേക്ഷിച്ച് റെയില്‍വേ ഗേറ്റിന്നരികില്‍ വീട് കെട്ടി ആ കുടുംബം താമസം മാറ്റി. ഞാന്‍ മുതിര്‍ന്ന ശേഷം ഇടക്കിടക്കുള്ള തമ്മില്‍ തല്ലല്‍ നിര്‍ത്തലാക്കി. എന്‍റെ വിവാഹത്തോടും മുത്തശ്ശിയുടെ മരണത്തോടും കൂടി അവരുമായുള്ള ദൃഢപ്പെട്ട ബന്ധം മുറിയാതിരിക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിച്ചു
മേമയുടെ അമ്മ വല്ലാത്ത ഒരു പ്രകൃതക്കാരിയായിരുന്നു. ദേഷ്യം വന്നാല്‍ വായില്‍ തോന്നിയത് ഒക്കെ വിളിച്ചു പറയും. അത്യാവശ്യം കൈ ക്രിയക്കും മടിക്കാറില്ല. ശുദ്ധവും അശുദ്ധവും കര്‍ശനമായി നോക്കണമെന്ന രീതി. ജാതിയും കുലവും നോക്കിയാണ്' ആളുകളോട് പെരുമാറുക. ഒരിക്കല്‍ എന്‍റേയും സുന്ദരിയുടേയും കൂടെ ഒരു വിരുന്നിന്ന് അവര്‍ വന്നു. ബസ് സ്റ്റാന്‍ഡില്‍ നിറുത്തിയ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദേഹത്ത് മുട്ടി എന്ന് ആരോപിച്ച് ഒരു സ്ത്രീയെ കാലന്‍ കുട വെച്ച് ഒരു അടി. ആ പ്രശ്നം തീര്‍ക്കാന്‍ ഞാന്‍ ഇത്തിരി വിഷമിച്ചു. തൊണ്ണൂറു വയസ്സിലേറെ ആയിട്ടാണ്' അവര്‍ മരിച്ചത്. മരിക്കുന്നതിന്ന് ആറുമാസം മുമ്പ് അവര്‍ എന്നെ കാണണമെന്ന് പറഞ്ഞ് ആളയച്ചിരുന്നു. എന്തോ പ്രധാന കാര്യം പറയാനാണെന്ന് വന്ന ആള്‍ അമ്മയോട് പറഞ്ഞു പോയി.
പിറ്റേന്ന് ഞാന്‍ ചെന്നു. ഉമ്മറ കോലായില്‍ ഞങ്ങള്‍ ഇരുന്നു. മേമടമ്മ കുറെ പഴമ്പുരാണം പറഞ്ഞു. " എനിക്ക് ദൈവം സഹായിച്ച് ആരുടേയും പണത്തിന്‍റെ ആവശ്യമില്ല. കുടുംബത്തില്‍ എല്ലാവര്‍ക്കും ഞാന്‍ എന്‍റെ കയ്യില്‍ ഉള്ളതു പോലെ കൊടുത്തു. നീ ഒന്നും ചോദിച്ചിട്ടില്ല. തന്നിട്ടുമില്ല. പക്ഷേ നിന്നെ പ്രസവിച്ചപ്പോള്‍ എന്‍റെ കയ്യിലാണ്' തന്നത്. നിനക്ക് ഒന്നും തരാതെ മരിച്ചാല്‍ അത് ഒരു കിടപ്പാവും. അവര്‍ അകത്തേക്ക് കയറി പോയി. ചിലപ്പോള്‍ നല്ല ഒരു തുക തന്നാലോ. എങ്ങിനെ നിരസിക്കും എന്ന വേവലാതിയായി എനിക്ക്. അങ്ങിനെയൊന്നും സംഭവിച്ചില്ല. അവര്‍ ഒരു രൂപ നാണയം എന്‍റെ കയ്യില്‍ തന്നു. ശിരസ്സില്‍ കൈ വെച്ച് അനുഗ്രഹിച്ചു.
ഉണ്ണിമാമ തീര്‍ത്തും നിരുപദ്രവകാരിയായിരുന്നു. ശാന്തശീലന്‍. ഒരിക്കലും ക്ഷോഭിച്ച് കാണാറില്ല. നന്നെ ചെറുപ്പത്തില്‍ ഇഷ്ടപ്പെട്ട് ഒരു സ്ത്രീയെ വിവാഹം ചെയ്തു. കുട്ടിയായിരുന്ന ഞാന്‍ ആ കല്യാണത്തിന്ന് പോയിരുന്നു. വീട്ടുകാരുടെ വാക്ക് കേട്ട് അവരെ ഉപേക്ഷിച്ചു. പിന്നെ വിവാഹം കഴിച്ചത് സ്ഥൂലിച്ച ശരീരവും നല്ല മനസ്ഥിതിയും ഉള്ള ഒരു സ്ത്രീയെയാണ്. ആ അമ്മയിയെ എനിക്ക് ഇഷ്ടമായിരുന്നു. കാണുമ്പോഴെല്ലാം വാത്സല്യത്തോടെ കുട്ടാ എന്ന് അവര്‍ എന്നെ വിളിച്ചിരുന്നു. ആ അമ്മായി അവശയായി കിടപ്പിലായപ്പോള്‍ മൂന്നാമതൊരെണ്ണത്തിനെ കെട്ടി.
മേമയെ എപ്പോഴും ഭംഗിയായ വേഷത്തിലാണ്' കാണാറുള്ളത്. അലക്കി തേച്ച കരയുള്ള സെറ്റ് ഉടുത്ത് പൊട്ടു കുത്തി മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്‍റെ മണം പരത്തി ഏറ്റവും വൃത്തിയായ രൂപം. വിവാഹം കഴിഞ്ഞെങ്കിലും മേമ പ്രസവിച്ചിട്ടില്ല. മോന്‍ ശബരിമലക്ക് പോവുമ്പോള്‍ എന്നെ കൂട്ടണം എന്ന് ഒരു ആവശ്യം മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളു. ആ കൊല്ലം തന്നെ ആ മോഹം സാധിപ്പിച്ചു കൊടുത്തു, അതിന്നടുത്ത വര്‍ഷവും. എന്‍റെ ഇളയ മകന്‍ ഉണ്ണികുട്ടനെ മേമക്ക് വലിയ ഇഷ്ടമായിരുന്നു. ഗുരുവായൂരപ്പന്‍റെ പട്ടു കോണകവും കദളിപഴവും വാങ്ങി വന്ന് അവന്ന് കൊടുക്കും.
മേമയുടെ അമ്മ മരിച്ചതിന്നു ശേഷം അവര്‍ ആകെ തളര്‍ന്നതു പോലെയായി. കൂട്ടിന്നുള്ള തുണ നഷ്ടമായതിലുള്ള വേവലാതി. പിന്നെ മേമ അധിക കാലം അവിടെ കഴിഞ്ഞില്ല. വല്ലപ്പോഴും വീട്ടില്‍ വരും. അമ്മ വല്ലതും കൊടുക്കും. ഒടുവില്‍ ഒരു ദിവസം വീടും പൂട്ടി അനുജന്‍റെ കൂടെ ചെന്ന് താമസമാക്കി. ഗുരുവായൂരില്‍ ദര്‍ശനത്തിന്ന് പോയി വന്ന ഒരു ബന്ധുവാണ്' മേമ കിടപ്പിലാണെന്ന വിവരം അറിയിച്ചത്. പിറ്റേന്ന് ഞാന്‍ കാണാന്‍ ചെന്നു. കൂടെ ഉണ്ണികുട്ടനും.
ഇരുളടഞ്ഞ ഒരു മുറിയില്‍ മേമ കിടന്നിരുന്നു. ഞാന്‍ ലൈറ്റിട്ടു. മേമക്ക് കൈകാലുകളുടെ സ്വാധീനം നഷ്ടമായി കഴിഞ്ഞിരുന്നു. മുടി മുറിച്ചു കളഞ്ഞു, സുന്ദരിയായി നടന്നിരുന്ന മേമ മൊട്ടയായി. മുഖത്ത് ഉറുമ്പുകള്‍ താരയായി അരിക്കുന്നു. വല്ലാത്ത ദുര്‍ഗ്ഗന്ധം അവിടെ തങ്ങിയിരുന്നു. എനിക്ക് അധിക നേരം അവിടെ നില്‍ക്കാനായില്ല. പിന്നെ കാണാമെന്നു പറഞ്ഞ് ഞാനിറങ്ങി. അതു കഴിഞ്ഞ് നാലു ദിവസമേ അയിട്ടുള്ളു. മേമ ഒരു കഥയായി മാറി.
ഞാന്‍ വീട്ടിലെത്തുമ്പോള്‍രാമനുണ്ണിമാമ കാത്തു നില്‍ക്കുകയായിരുന്നു. " നീ ചെന്ന് അവിടെ നിന്ന് ആംബുലന്‍സ് വിളിച്ച് ശവം ഇവിടെ എത്തിക്ക്. ബാക്കി ഇവിടെ ഏര്‍പ്പാടാക്കാം." എന്നും പറഞ്ഞ് എന്നെ അയച്ചു. കുട്ടിമാമയുടെ മകന്‍ ശശി കൂട്ടിന്നും.
ഞങ്ങള്‍ എത്തുമ്പോള്‍ രാത്രിയായി തുടങ്ങി. വാഹനം കിട്ടുമോ എന്ന് ശങ്കിച്ചാണ്' ആ വിട്ടിലേക്ക് ചെന്നത്. കയറി ചെല്ലുമ്പോള്‍ മരിച്ച വീടിന്‍റെ ലക്ഷണം ഒന്നും ഇല്ല. ഉണ്ണിമാമ സിഗററ്റും പുകച്ച് ആരോടൊക്കെയോ സംസാരിച്ചിരിക്കുന്നു. മേശപ്പുറത്ത് വില്‍സ് സിഗററ്റിന്‍റെ കുറെ പാക്കറ്റുകള്‍. മേമയുടെ കഴുത്തിലേ സ്വര്‍ണ്ണ ചെയിന്‍ ഉണ്ണിമാമ അണിഞ്ഞിരിക്കുന്നു. "നിങ്ങള്‍ നാളെ രാവിലെ വരും എന്ന് കണക്കാക്കി ഇരിക്കുകയാണ്" എന്നു പറഞ്ഞപ്പോള്‍ എന്തോ ഒരു പന്തികേട് തോന്നി.മേമയെ കിടത്തിയത് എവിടെയാണെന്ന് ചോദിച്ചതും അതൊക്കെ അടക്കം ചെയ്തിട്ടാണ്' കമ്പി അടിച്ചത് എന്ന മറുപടി കിട്ടി. "ഓപ്പോളക്ക് നിളയുടെ തീരത്ത് സംസ്കരിക്കണം എന്നായിരുന്നു മോഹം. അതൊന്നും നോക്കിയില്ല, ഇവിടെ ക്ഷേത്രം ഉള്ളതല്ലേ. ഞാന്‍ പൊതുശ്മശാനത്തില്‍ കുഴിച്ചിട്ടു. മരിച്ചാല്‍ പിന്നെ എവിടെ എങ്ങിനെ ആയാല്‍ എന്താ" എന്നു പറഞ്ഞു ഉണ്ണിമാമ ചെയ്തത് ന്യായീകരിച്ചു.
എനിക്ക് അപ്പോള്‍ തോന്നിയ വികാരം എന്താണെന്ന് അറിയില്ല. ചിലപ്പോള്‍ ധാര്‍മ്മികരോഷമാകാം. ഞങ്ങള്‍ എഴുന്നേറ്റു. രാവിലെ പോയാല്‍ പോരേ, ഇപ്പോള്‍ ബസ്സ് കിട്ടില്ല എന്നു പറഞ്ഞപ്പോള്‍ സാരമില്ല, എങ്ങിനേയെങ്കിലും പോവാമെന്ന് മറുപടി നല്‍കി ഞങ്ങള്‍ പടിയിറങ്ങി. ഒരു ലോഡ്ജിലും മുറി കിട്ടാനില്ല. ചത്തപുല കാരണം ഓഡിറ്റോറിയത്തിലും കിടക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഒരു സിനിമക്ക് കയറി. ഒന്നിലും ശ്രദ്ധ നിന്നില്ല. പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ വെളിയിലിറങ്ങി. മൂന്ന് രൂപ കൊടുത്ത് പഴയ പത്രകടലാസ് വാങ്ങി, പാതചാലിന്നു മുകളില്‍ വിരിച്ചു, എല്ലാം മറന്ന് ഉറങ്ങി.