Wednesday, August 4, 2010

പൊളിഞ്ഞ് പാളീസായ ഒരു മരക്കച്ചവടം 3.

ആ മാസം തന്നെ രണ്ട് പ്രാവശ്യം കൂടി ഞങ്ങള്‍ സോമന് ലാഭവീതം നല്‍കി. അതോടെ അയാള്‍ ഉഷാറായി. നേരത്തെ പണിക്കെത്തും. ഉച്ച നേരത്ത് മറ്റു പണിക്കാര്‍ വിശ്രമിക്കുമ്പോള്‍ സോമന്‍ വെറുതെയിരിക്കാറില്ല. തുണ്ടും മുറിയുമായ മരകഷ്ണങ്ങള്‍ എടുത്ത് സ്റ്റൂളോ പീഠമോ ഉണ്ടാക്കും. ഓണത്തിന്ന് മാതേര് വെക്കാന്‍
മരം കൊണ്ട് മാതേരും മഹാബലിയും എനിക്ക് ഉണ്ടാക്കി തന്നു. അതിനൊന്നും പ്രത്യേകിച്ച് യാതൊന്നും 
വാങ്ങിയതുമില്ല.

സോമന്‍റെ കൂടെ പത്തോളം പണിക്കാര്‍ ഉണ്ടായിരുന്നു. പുതിയ പണി കിട്ടിയാല്‍ സോമന്‍ ഉമ്മര്‍ക്കയോടൊപ്പം
ചെന്ന് നോക്കും. മരത്തിന്‍റെ കുത്തുപുള്ളി ഉണ്ടാക്കും. ഉമ്മര്‍ക്ക മരം എത്തിക്കുന്നതോടെ പണി തുടങ്ങും.

നല്ല മരങ്ങള്‍ ഉപയോഗിച്ച് നന്നായി പണി ചെയ്ത് മിതമായ നിരക്കില്‍ പറഞ്ഞ സമയത്ത് പണി തീര്‍ത്ത് നല്‍കാന്‍ തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കുറഞ്ഞൊരു കാലം കൊണ്ട് കച്ചവടം നല്ല പുരോഗതിയിലെത്തി.

ഉണ്ടാക്കാനുള്ള സാധനങ്ങളുടെ അളവുകള്‍ സോമന്‍ പറയുമ്പോഴേക്കും എത്ര ചതുരം മരം വേണ്ടിവരുമെന്ന് ഞാന്‍ കണക്കാക്കി പറയും. ' ഇവിടേക്ക് കണക്ക് നല്ല ഓട്ടം ഉണ്ട് ' എന്നും പറഞ്ഞ് ഉമ്മര്‍ക്ക മരകണക്കും എന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങി. വാതിലുകള്‍ക്ക് വേണ്ട ചിത്രപ്പണികളുടെ രൂപരേഖ എന്‍റെ മക്കള്‍ മരപലകകളില്‍ വരച്ച് കൊടുക്കും. ചുരുക്കത്തില്‍ നല്ലൊരു ടീം സ്പിരിട്ടോടെ കാര്യങ്ങള്‍ നടന്നു വന്നു.

സോമനും ഉമ്മര്‍ക്കയും ഞാനും തമ്മിലുള്ള അടുപ്പം വര്‍ദ്ധിച്ചു വന്നു. യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യാസവും
ഞങ്ങള്‍ തമ്മില്‍ ഉണ്ടായില്ല.

കുറച്ച് കാലം കഴിഞ്ഞപ്പോള്‍ സാധനങ്ങള്‍ക്ക് വില നിര്‍ണ്ണയിക്കുന്നത് കൂടുതലാണോ എന്ന് ഉമ്മര്‍ക്കയ്ക്ക് ഒരു തോന്നല്‍.
' നമുക്ക് ഇത്തിരി വില കുറച്ച് കൊടുത്താലോ ' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. പണം തരുന്നവന്‍റെ വയര്‍ കത്താന്‍
പാടില്ലല്ലോ. എനിക്കെന്താ വിരോധം. ' കുറച്ചോളൂ ' എന്ന് ഞാനും പറഞ്ഞു.

അന്ന് വൈകീട്ട് കൂലി കൊടുക്കുമ്പോള്‍ ' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നില്ലല്ലോ 'എന്ന് സോമന്‍ ചോദിച്ചു.
എന്തായാലും പറഞ്ഞോളാന്‍ ഞാന്‍ അനുമതി നല്‍കി.

' ഇപ്പോള്‍ തന്നെ മറ്റെല്ലാ ദിക്കിലും കൊടുക്കുന്നതില്‍ കുറവ് വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. ഇനിയും ചുരുക്കിയാല്‍ ഈ
പണി ചെയ്തിട്ട് എന്താ ഗുണം '. ഞാന്‍ ഉമ്മര്‍ക്കയോട് സംസാരിക്കാമെന്ന് ഏറ്റു. അദ്ദേഹം സോമന്‍ പറഞ്ഞത് അംഗീകരിച്ചു.
കടമായി സാധനങ്ങള്‍ വാങ്ങിയ ചിലര്‍ പണം തരാന്‍ മടി കാണിച്ചതല്ലാതെ മറ്റ് പ്രയാസങ്ങളൊന്നും ഉണ്ടായില്ല.

അന്നൊരു ഞായറാഴ്ചയായിരുന്നു. എനിക്ക് ഒഴിവാണ്. പണിക്കാരാരും ഞായറാഴ്ച വരാറില്ല. അത്യാവശ്യം ചില പണികള്‍
തീര്‍ക്കാനുള്ളതിനാല്‍  സോമനും കൃഷ്ണനും പണിക്ക് എത്തി. കാലത്ത് തന്നെ ഉമ്മര്‍ക്കയും വന്നു. മരക്കച്ചവടം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമല്ല അന്ന് സംസാരിച്ചിരുന്നത്. സ്കൂളില്‍ പഠിക്കുന്ന മകന് പഠിക്കാന്‍ മോഹമില്ലെന്നും പണി പഠിക്കാന്‍
വരണമെന്ന് ശാഠ്യം പിടിക്കുകയാണെന്നും സോമന്‍ പറഞ്ഞു. ആ പയ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. ചില ദിവസങ്ങളില്‍ സോമന്ന് ഉച്ച ഭക്ഷണം അവനാണ് കൊണ്ടുവരാറ്. അവന്‍റെ അമ്മ ഒരു ബസ്സപകടത്തില്‍  മരിച്ച ശേഷം സോമന്‍ പുനര്‍വിവാഹം ചെയ്തു. അതിലും കുട്ടികള്‍ ഉണ്ട്.

' ഇനിയുള്ള കാലം പഠിക്കാതെ ജീവിക്കാന്‍ പറ്റില്ല. ചെക്കന്‍ വരുമ്പോള്‍ ഒന്ന് പറഞ്ഞ് കൊടുക്കണം' സോമന്‍ ആവശ്യപ്പെട്ടു.
അങ്ങിനെ ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു.

മാസത്തിലെ ആദ്യത്തെ ഞായറാഴ്ച മക്കള്‍ക്ക് പാല്‍പായസം വേണം . പായസം ആയി കഴിഞ്ഞതും നാല് ഗ്ലാസ്സ് പായസം 
ഷെഡ്ഡിലെത്തി. ഇളം ചൂടോടെ ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ സോമന്‍ മാത്രം അത് ഒരു ഇലച്ചീന്തിട്ട് മൂടി വെച്ചു.

' എന്താ പായസം കഴിക്കുന്നില്ലേ ' ഞാന്‍ ചോദിച്ചു.

' ഉച്ചക്ക് കഴിക്കാം ' അയാള്‍ പറഞ്ഞു.

അന്ന് ഉച്ചക്ക് സോമന് അയാളുടെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം എത്തിയില്ല. ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചു വന്ന ശേഷം 
സോമന്‍ ആ പായസം കഴിച്ചു. മകന്‍ വരുമ്പോള്‍ കൊടുക്കാന്‍ വേണ്ടി ആ പായസം  സൂക്ഷിച്ച് വെച്ചതാണെന്നും അവനെ കാണാഞ്ഞപ്പോഴാണ് സോമന്‍ അത് കഴിച്ചതെന്നും ഉമ്മര്‍ക്ക എന്നോട് പറഞ്ഞു.

ഷെഡ്ഡിന്ന് തെക്ക് ഭാഗത്തെ മുറ്റത്ത് വള്ളിപയര്‍ കായ്ച്ച് കിടപ്പുണ്ട്. ഒരു മുറത്തില്‍ ഞാന്‍ അത് പറിച്ച് ഇടാന്‍ തുടങ്ങി. ഒരുപാട് മൂപ്പായാല്‍ പയര്‍ തിന്നാന്‍ കൊള്ളില്ല. മുറം അകത്തേല്‍പ്പിച്ച് ഞാന്‍ ഷെഡ്ഡിലെത്തി.

' കുറച്ച് ദിവസമായി ചോദിക്കണം എന്ന് വിചാരിച്ച് കഴിയുകയാണ് ' സോമന്‍ പറഞ്ഞു ' കുറച്ച് പയറിന്‍റെ ഇല
പൊട്ടിച്ചോട്ടെ. ഉപ്പേരി വെക്കാനാണ് '.

' അതിനെതാ വിരോധം. പൊട്ടിച്ചോളൂ ' ഞാന്‍ സമ്മതിച്ചു.

' ഇന്ന് വേണ്ടാ. നാളെ പണി മാറി പോവുമ്പോള്‍ മതി ' .

അങ്ങിനെ ആ ആവശ്യം അടുത്ത ദിവസത്തേക്ക് മാറ്റി. അഞ്ച് മണി ആവുന്നതിന്ന് മുമ്പേ അന്ന് പണി നിര്‍ത്തി. ഞായറാഴ്ച വൈകുന്നെരം ദൂരദര്‍ശനില്‍ ( അന്ന് നാട്ടുമ്പുറത്ത് കേബിള്‍ ടി. വി ലഭ്യമായിരുന്നില്ല ) മലയാള ചലച്ചിത്രം പ്രക്ഷേപണം
ചെയ്യും. അത് കാണണം. പതിവിന്ന് വിപരീതമായി അന്ന് ഉമ്മര്‍ക്ക കൂലി കൊടുത്തു. അതും വാങ്ങി ഉമ്മറത്ത് വന്ന് ഞങ്ങള്‍ വരട്ടെ എന്നും പറഞ്ഞ് സോമന്‍ കൃഷ്ണന്‍റെ സൈക്കിളിന്ന് പുറകില്‍ കയറി യാത്രയായി.

മരത്തിന്‍റെ ചെത്ത് പൂളുകള്‍ പെറുക്കി കൂട്ടുന്നതിന്നിടയില്‍ വീട്ടുകാരി ഞങ്ങളെ വിളിച്ചു. ' എന്താ അവിടെ ' നൂറ് മീറ്റര്‍ 
അകലെയുള്ള റോഡിലേക്ക് ചൂണ്ടി അവര്‍ ചോദിച്ചു. ആ ഭാഗത്ത് കുറെ പേര്‍ നില്‍ക്കുന്നുണ്ട്.

' എന്തോ നടന്നിട്ടുണ്ട് ' ഞാന്‍ പറഞ്ഞു. ഞങ്ങള്‍ അവിടേക്ക് നോക്കിക്കൊണ്ട് മതിലില്‍ ഇരുന്നു. കൂടുതല്‍ ആളുകള്‍
വന്ന് ചേരുന്നത് കണ്ടപ്പോള്‍ മക്കള്‍ക്ക് ഒരു ആകാംക്ഷ. മൂത്തവനും ഇളയവനും സൈക്കിളില്‍ അങ്ങോട്ട് കുതിച്ചു. രണ്ടാമന്‍
വയല്‍ വരമ്പിലിലൂടെ ക്രോസ്സ് കണ്ട്രി ഓട്ടവും.

പോയ മകന്‍ അതിലിരട്ടി വേഗത്തില്‍ തിരിച്ചെത്തി.

' അച്ഛാ, ആശാരിമാരുടെ മേത്ത് ജീപ്പ് ഇടിച്ചു ' അവന്‍ പറഞ്ഞു.

' എന്നിട്ടോ '.

' കൃഷ്ണന് പരുക്കുണ്ട്. സോമന്‍ മരിച്ചു '.

വസ്ത്രം മാറാനൊന്നും നില്‍ക്കാതെ ഞങ്ങള്‍ അങ്ങോട്ടോടി. കൃഷ്ണന്‍ കലുങ്കില്‍ ഇരിപ്പുണ്ട്. ആളുകള്‍ ചുറ്റും കൂടി നിന്ന് വിവരങ്ങള്‍ തിരക്കുന്നു. സോമന്‍റെ ശരീരം കൈതപൊന്തയ്ക്ക് അപ്പുറം പാതയോരത്ത് കിടപ്പുണ്ട്.

ഞാന്‍ അടുത്ത് ചെന്ന് നോക്കി. മുഖത്തിന്‍റെ ഒരു വശം തകര്‍ന്നിരിക്കുന്നു. ആദ്യമായി എന്നെ കാണാന്‍ വന്ന ദിവസം ഇട്ട ബ്രൌണ്‍ ഷര്‍ട്ടിലും മുണ്ടിലും ചോര പടര്‍ന്ന് കയറിയിട്ടുണ്ട്.

ആ ചുണ്ടുകള്‍ ചലിച്ചതായി എനിക്ക് തോന്നി. ആശിച്ച പയറിന്‍റെ ഇല ഇനി ഒരിക്കലും വാങ്ങാന്‍ വരില്ലെന്ന് പറയുകയാണോ,
അതോ മകനെ ഉപദേശിച്ച് നന്നാക്കണമെന്ന് ആവശ്യപ്പെടുകയാണോ. അത് ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സ് വിങ്ങി പൊട്ടി. ആ പാതയോരത്ത് ഇരുന്ന് ഞാന്‍ വാവിട്ട് കരഞ്ഞു.

( ' ഓര്‍മ്മതെറ്റ് പോലെ ' എന്ന് നോവലിന്‍റെ 82, 83, 84 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)