Wednesday, May 25, 2016

അലി ഉസ്മാന്‍.

അലി ഉസ്മാനെ ഞാന്‍ ഒരു നോക്കു മാത്രമേ കണ്ടിട്ടുള്ളു. അതും ഏതാനും നിമിഷങ്ങള്‍ മാത്രം. സത്യം പറഞ്ഞാല്‍ ആ മുഖം ഞാന്‍ വ്യക്തമായി കണ്ടതുപോലുമില്ല. എന്നിട്ടും മനസ്സിലേക്ക് ദുഃഖത്തിന്‍റെ ഒരു അഗ്നിപര്‍വ്വതം വാരിയെറിഞ്ഞ് അയാള്‍ കടന്നു പോയി. ആലോചിക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു.

വീട്ടില്‍ കിണര്‍ കുഴിച്ചുകെട്ടിയിട്ട് മുപ്പത്തിനാലുകൊല്ലം കഴിഞ്ഞു. വേനല്‍കാലത്തുപോലും വെള്ളത്തിന്ന് വലിയ ക്ഷാമം വരാറില്ല. പക്ഷെ മഴക്കാലമായാല്‍ വെള്ളം കലങ്ങും. പിന്നെ തിരിമുറിയാതെ മഴ പെയ്യുമ്പോഴേ വെള്ളം തെളിയൂ.

'' ഇക്കൊല്ലം എന്തായാലും കിണറിന്‍റെ ഉള്‍വശം സിമന്‍റ് തേക്കണം '' എന്ന് കുറെകാലമായി ഭാര്യ പറയാറുള്ളതാണ്. പല കാരണങ്ങളാല്‍ അത് നടന്നില്ല. ഇത്തവണ എന്തായാലും അതു ചെയ്തേ മതിയാവൂ എന്ന് ഞങ്ങള്‍നിശ്ചയിച്ചു.

കഴിഞ്ഞ ആഴ്ച രണ്ടു കെട്ടുപണിക്കാരനും ഒരു കയ്യാളും എത്തി. അതിന്നു മുമ്പേ സിമന്‍റും എം. സാന്‍ഡും വാങ്ങി കരുതിയിരുന്നു. അഞ്ചു ദിവസം കൊണ്ട് അവര്‍ പണി മുഴുമിച്ചു.

'' നാളെ ഞായറാഴ്ച ഒഴിവാണ് സാറേ. ഞങ്ങള്‍ പണിക്കു വരില്ല. തിങ്കളാഴ്ച വരുമ്പോള്‍ പണി ചെയ്യാന്‍ കിണറില്‍ കെട്ടിയ ചാരം ( പ്ലാറ്റ്ഫോം ) അഴിക്കണം. കിണറിന്‍റെ ഉള്ളു മുഴുവന്‍ കഴുകി വൃത്തിയാക്കണം. എന്താ വേണ്ടത് '' ശനിയാഴ്ച പണി കഴിഞ്ഞു പോവുമ്പോള്‍ പണിക്കാരന്‍ ചന്ദ്രന്‍ ചോദിച്ചു.

'' കഴിഞ്ഞ ആഴ്ച മരുമകളുടെ വീട്ടിലിലെ കിണര്‍ കഴുകിച്ചിരുന്നു. അയാളോട് ചോദിക്കട്ടെ '' എന്ന് ഭാര്യ മറുപടി നല്‍കി.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ പണിക്കു വരുമ്പോള്‍ സാധാരണ വരാറുള്ള മൂന്നുപേരോടൊപ്പം നാലാമതൊരാള്‍ കൂടിയുണ്ട്.

'' കിണറ് കഴുകാന്‍ ഞാന്‍ ഇയാളെ കൂട്ടീട്ടു വന്നതാണ് '' പണിക്കാരന്‍ മണി പറഞ്ഞു '' എന്‍റെ വീടിന്‍റെ അടുത്തുള്ള ആളാണ്. എക്സ്പര്‍ട്ട് പണിക്കാരനാണ്. കിണറു കുഴിക്കും, റിങ്ങ് ഇറക്കും, ചേറു വാരി കണറ് കഴുകി വൃത്തിയാക്കും ''. .

'' എന്താ ഇയാളുടെ കൂലി '' ഭാര്യ ചോദിച്ചു.

'' മുവ്വായിരം ഉറുപ്പിക തരിന്‍ '' കിണറിനകത്തേക്ക് നോക്കിയിട്ട് ആഗതന്‍ പറഞ്ഞു.

'' നല്ല കണക്ക്. കഴിഞ്ഞ തവണ സുരേന്ദ്രന് ഞാന്‍ അഞ്ഞൂറാണ് കൊടുത്തത്. അതാണെങ്കില്‍ മതി '' ഭാര്യ പറഞ്ഞു.

പണിക്കാരും അയാളും എന്‍റെ ഭാര്യയും സംസാരിക്കുന്നത് ഞാന്‍ കേട്ടുകൊണ്ടിരുന്നു. ഞാന്‍ ഇതിലൊന്നും ഇടപെടാറില്ല. എന്തെങ്കിലും പറയാന്‍ ചെന്നാല്‍ അത് അബദ്ധത്തിലേ കലാശിക്കാറുള്ളു.

'' നോക്കിനേ, കിണറിന് ആകെ എട്ടു പടവേ ഉള്ളൂ. അതില്‍ ഏഴും വെളീല് കാണുന്നുണ്ട്. ഒരുപടവും അടിയിലെ മൂന്ന് ചെറിയ റിങ്ങും മാത്രമേ വെള്ളമുള്ളു '' മണി പണിയുടെ വിവരം പറയുകയാണ്.

'' ചെറിയ കിണറല്ലേ. പത്തിരുപത് അടി താഴ്ചയല്ലേ ഉള്ളൂ. പാകം പോലെ ഒരു കൂലി പറയിന്‍. '' എന്ന് ചന്ദ്രനും പറഞ്ഞു.

'' എന്നാലും പമ്പും കയറും ഒക്കെ വീട്ടിന്ന് കൊണ്ടു വരണ്ടേ ''.

'' എന്തിനാ അത്. ഇന്നലെ സാറ് നൂറ്റമ്പത് ഉറുപ്പിക കൊടുത്ത് ഒരു പുതിയ കയറ് വാങ്ങീട്ടുണ്ട്. ഇതില് മോട്ടോറും പമ്പും ഉണ്ട്. അതു പോരേ ''. 


കൂടിയാലോചനയില്‍ ഉണ്ടാകാവുന്ന തീരുമാനവും കാത്ത് ഞാന്‍ ഇരുന്നു.

'' ആയിരം ഉറുപ്പിക ചോദിക്കുന്നു. കൊടുത്തോട്ടെ '' ഒടുവില്‍ ഭാര്യ വന്നു ചോദിച്ചു. ശരി എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

'' ഇവിടെ ഗ്യാസിനുള്ള ഗുളികയുണ്ടോ സാറേ. അയാള്‍ക്ക് ഒന്ന് വേണം എന്നു പറയുന്നു '' അടുത്ത ആവശ്യവുമായി ചന്ദ്രനെത്തി.

'' എവിടേയാ ഉള്ളത് എന്ന് എനിക്കറിയില്ല. മക്കളാരെങ്കിലും വരട്ടെ. വാങ്ങി കൊടുക്കാം '' ഞാന്‍ അറിയിച്ചു.

അയാള്‍ വേഷംമാറ്റി കിണറില്‍ ഇറങ്ങി, മറ്റു മൂന്നുപേര്‍ മുകളിലും. ആദ്യം കിണറിനകത്തു നിന്ന് ഇരുമ്പു കോണി പുറത്തേക്കെടുത്തു. പിന്നെ അയാള്‍ പ്ലാറ്റ്‌ഫോമിന്‍റെ പലകകള്‍ അഴിച്ച് കയറില്‍ കെട്ടിക്കൊടുത്തു. മുകളിലുള്ളവര്‍ അത് വലിച്ചു കയറ്റി കിണറില്‍ നിന്ന് അല്‍പ്പം അകലെ അടുക്കിവെച്ചു.

'' അയാള് ഒരു കത്തി വേണംന്ന് പറയുന്നു '' ചന്ദ്രന്‍ വാതില്‍ക്കല്‍ വന്നു പറഞ്ഞു '' ചൂടി അറക്കാനാണ് ''.

ഞാന്‍ കത്തിയുമായി കിണറിനടുത്തേക്ക് ചെന്നു. ചന്ദ്രന്‍ പ്ലാസ്റ്റിക്ക് ബാഗിലിട്ട് അത് താഴേക്ക് കൊടുത്തു അയാള്‍ പനങ്കട്ടയിലിരുന്ന് ചൂടിക്കയര്‍ അഴിക്കുകയാണ്. പ്ലാറ്റ്ഫോമില്‍ നിന്ന് ഒരടി താഴെ തെളിഞ്ഞവെള്ളം കാണുന്നുണ്ട്. ഒന്നുരണ്ടു മിനുട്ട് ഞാനതു നോക്കിനിന്ന ശേഷം അകത്തേക്കു ചെന്നു.

'' സാറേ '' പുറകു വശത്തു നിന്നും വീണ്ടും പണിക്കാരന്‍റെ വിളി. ഗ്ലാസിലൊഴിച്ച ചായ അവിടെത്തന്നെവെച്ച് ഞാന്‍ പുറത്തെത്തി. '' ഇരുമ്പിന്‍റെ ഒരു ബക്കറ്റ് വേണമെന്ന് അയാള് പറയുന്നു ''.

കുറെ കാലമായി വീട്ടില്‍ തകരത്തിന്‍റെ ബക്കറ്റ് വാങ്ങാറില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ കുളിമുറിയില്‍ വെച്ച ഉപയോഗിച്ച സോപ്പിനും പകുതി തീര്‍ന്ന ടൂത്ത് പേസ്റ്റിനുമൊപ്പം കിണറിന്‍റെ ആള്‍മറയില്‍ വെച്ച ബക്കറ്റ് കയറില്‍ നിന്നഴിച്ച് ആരോ കൊണ്ടു പോയിരുന്നു.  പിന്നീട് റബ്ബറിന്‍റെ ഒരു ചെറിയ ബക്കറ്റാണ് ഉപയോഗിക്കാറ്.

'' മക്കള്‍ രണ്ടാള് കാറില്‍ വരുന്നുണ്ട്. ഒറ്റപ്പാലത്ത് എത്താറായി. അവരോട് വാങ്ങിയിട്ടു വരാന്‍ പറയാം '' ഞാന്‍ സമ്മതിച്ചു.

മൊബൈലുമെടുത്ത് ഞാന്‍ മുന്‍വശത്തുചെന്ന് മക്കളോട് വിവരം പറഞ്ഞു കഴിഞ്ഞതേയുള്ളു, പുറകില്‍ നിന്നൊരു ബഹളം കേട്ടു.

'' അയാള് കിണറില്‍ വീണൂ '' ഭാര്യ ഉറക്കെ നിലവിളിക്കുകയാണ്. ഞാന്‍ ചെന്നു നോക്കുമ്പോള്‍ പനങ്കട്ടയ്ക്കരികെ വെള്ളത്തില്‍ ആള് കമിഴ്ന്നു കിടക്കുകയാണ്. ചന്ദ്രനും മണിയും കരഞ്ഞുകൊണ്ട് അതു നോക്കി നില്‍പ്പാണ്. സംഗതിയുടെ ഗൌരവം എനിക്കു മനസ്സിലായി. ഞാന്‍ മുന്‍വശത്തെ റോഡിലേക്കോടി, റോഡിലൂടെ ഇടമുറിയാതെ വരുന്ന വാഹനങ്ങള്‍ക്കുനേരെ കൈകാണിച്ചു. വിവരമറിഞ്ഞ ഒട്ടേറെ ബൈക്ക് യാത്രികരും ഓട്ടോറിക്ഷക്കാരും എനിക്കുമുമ്പേ വീട്ടിലേക്ക് കുതിച്ചു.

വീട്ടിലെത്തുമ്പോള്‍ കിണറിന്നുചുറ്റും വലിയ ജനക്കൂട്ടമായിക്കഴിഞ്ഞു. തൊട്ടടുത്ത വീട്ടില്‍ പെയിന്‍റ് ചെയ്യാനെത്തിയ തൊഴിലാളി അയാളെ താങ്ങിപ്പിടിച്ചിട്ടുണ്ട്. ബൈക്കില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ ഷൂസ് അഴിച്ചുവെച്ച് പാന്‍റിന്‍റെ അടിവശം തെറുത്തു കയറ്റി മടികൂടാതെ കിണറിലേക്കിറങ്ങി. രണ്ടുപേരും ചേര്‍ന്ന് അയാളെ വെള്ളത്തില്‍ നിന്നു പൊക്കി. പെയിന്‍റര്‍ പനങ്കട്ടയിലിരുന്ന് അവശനിലയിലുള്ള ആളെ മടിയില്‍ കിടത്തി ഉഴിഞ്ഞുകൊണ്ടിരുന്നു.

'' കസേല കെട്ടി ഇറക്കി ആളെ കയറ്റാം '' ആരോ പറഞ്ഞു.

'' അതു റിസ്ക്കാണ്. ഫയര്‍ ഫോഴ്സിനെ വിളിക്കാം '' വേറൊരാള്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ ഉടനെ ഫയര്‍സ്റ്റേഷനിലേക്ക് വിവരം കൊടുത്തു. അതിനകം എന്‍റെ മൂന്നു മക്കളും സ്ഥലത്തെത്തി. മൂന്നാമത്തെ മകന്‍ ധൃതിയില്‍ കിണറിലേക്ക് ഇറങ്ങി.

അല്‍പ്പസമയത്തിനകം ഫയര്‍ഫോഴ്സെത്തി കയറുപയോഗിച്ച് ആളെ മുകളിലെത്തിച്ച് സ്ട്രെക്ചറില്‍ കിടത്തി അവരുടെ വണ്ടിയില്‍ ജില്ല ആസ്പത്രിയിലേക്ക് കുതിച്ചു. എന്‍റെ മൂന്നു മക്കളും പണിക്കാരും ചില നാട്ടുകാരും അവരെ കാറില്‍ അനുഗമിച്ചു.

'' പേടിക്കാനില്ല. മുകളില്‍ കയറ്റിയിട്ട് വെള്ളം കൊടുത്തപ്പോള്‍ ആള് അത് ഇറക്കി '' എന്ന് ഒരു കാഴ്ചക്കാരന്‍ പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അധികം വൈകാതെ മകന്‍റെ ഫോണ്‍ വന്നു.

 '' ആള് പോയി '' അവന്‍  പറഞ്ഞു. ഇനി എന്തെല്ലാമാണ് ഉണ്ടാവുക എന്നോര്‍ത്ത് ഞാന്‍ മുറ്റത്തേക്ക് നോക്കിയിരുന്നു. അയാള്‍ വന്ന മോപ്പഡ് നില്‍പ്പുണ്ട്.

കേട്ടറിഞ്ഞ് ആളുകള്‍ വന്നുകൊണ്ടിരുന്നു. എല്ലാവരോടും നടന്ന സംഭവങ്ങള്‍ വിവരിക്കാനേ എനിക്ക് സമയമുള്ളു. ചിലരൊക്കെ അഭിപ്രായങ്ങള്‍ പറയുന്നുമുണ്ട്.

'' നിങ്ങള് പണിക്ക് വിളിച്ച ആളല്ലല്ലോ. പണിക്കാര് കൂട്ടീട്ട് വന്നതല്ലേ. എനിക്കറിയില്ല എന്നു പറഞ്ഞാല്‍ മതി. വെറുതെ തൂങ്ങിത്തിരിയാന്‍ നില്‍ക്കണ്ടാ ''. മനുഷ്യര്‍ എത്ര സ്വാര്‍ത്ഥികളാണ്. ഒരു സാധുമനുഷ്യന്‍റെ ശ്വാസം നിലച്ചിട്ട് അധിക നേരമായിട്ടില്ല. അതിനുമുമ്പ് ഉപദേശിക്കാന്‍ വന്നിരിക്കുന്നു.

'' കുടിക്കാനുള്ള വെള്ളത്തിന്ന് എന്താ ഇനി ചെയ്യാ '' വേറൊരാള്‍ക്ക് അതാണ് അറിയേണ്ടത്.

'' കുഴല്‍കിണറുണ്ട് '' ഞാന്‍ പറഞ്ഞു.

ഒരു പോലീസുകാരന്‍ വന്ന് വിവരം അന്വേഷിച്ചുപോയി. വൈകാതെ സബ്ബ് ഇന്‍സ്പെക്ടറും സംഘവുമെത്തി സ്ഥലം പരിശോധിച്ചു.

'' അയാളുടെ ബന്ധുക്കള് എത്തി '' ആസ്പത്രിയില്‍ നിന്ന് മകന്‍ വിളിച്ചു '' രണ്ടുമൂന്ന് ദിവസമായി അയാള്‍ക്ക് സുഖമില്ലാത്രേ. പണിക്ക് പോണ്ടാ എന്ന് പറഞ്ഞതു കേള്‍ക്കാതെ ചായ കുടിച്ചിട്ടു വരാമെന്നു പറഞ്ഞ് പോന്നതാണത്രേ ''.

'' എന്താ അയാളുടെ പേര് ''.

'' അലി ഉസ്മാന്‍ എന്നാണത്രേ. ആള് കാസര്‍ക്കോടുകാരനാണ്. ഭാര്യ വീടാണ് കരിങ്കരപ്പുള്ളിയില്‍ ''.

പോലീസ് സ്റ്റേഷനിലും മോര്‍ച്ചറിക്കു മുന്നിലും വെച്ച് ഞാനവരെ കണ്ടു സംസാരിച്ചു. നല്ല ആളുകളാണ് അവരെല്ലാം. തലേ ദിവസം കല്യാണവീട്ടില്‍ ചെന്ന് ഉറക്കമിളച്ചതാണ് അയാളെന്നും മസാലദോശ തിന്നതുകൊണ്ട് ഗ്യാസ് ഇളകിയതാണെന്നും ഒക്കെ പറഞ്ഞു കേട്ടു.

അയാള്‍ നെഞ്ഞുതടവിക്കൊണ്ടിരുന്നതു കണ്ട് '' വയ്യെങ്കില്‍ നിങ്ങള് പണിക്ക് ഇറങ്ങണ്ടാ '' എന്ന് പറഞ്ഞുവെന്നും '' അതൊന്നും സാരമില്ല '' എന്നു പറഞ്ഞ് അയാള്‍ ഇറങ്ങിയതാണെന്നും പിന്നീടാണ് ചന്ദ്രന്‍ എന്നോട് പറയുന്നത്.

ഇന്ന് മോപ്പഡ് കൊണ്ടു പോവാന്‍ മണിയോടൊപ്പം ]മരിച്ച ആളുടെ അളിയനെത്തി. കിണറിനരികില്‍ അയാള്‍ അഴിച്ചുവെച്ച ചെരിപ്പുകള്‍ ഒരു ക്യാരിബാഗിലാക്കി കൊണ്ടുപോവുന്നതും നോക്കി നിന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.