Monday, June 12, 2017

കുട്ട്യേട്ടന്‍.


ഞാന്‍ സഹസ്രനാമം ജപിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടികൃഷ്ണന്‍ എന്നെ കാണാന്‍ എത്തുന്നത്. എന്‍റെ ജപം തീരുന്നതുവരെ അദ്ദേഹം സോഫയില്‍ മാതൃഭൂമി പത്രം വായിച്ചുകൊണ്ടിരുന്നു.

''നിന്‍റെ നാമജപമൊക്കെ കഴിഞ്ഞ്വോ'' പൂജാമുറിയില്‍ നിന്ന് ഞാന്‍ വന്നതും കുട്ട്യേട്ടന്‍. ചോദിച്ചു.

ഉവ്വ് എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

''എന്നാല്‍ ഇങ്ങോട്ടിരിക്ക്''അദ്ദേഹം ഒരു വശത്തേക്കു നീങ്ങി എനിക്ക് സ്ഥലമൊരുക്കി.

ക്ഷാമബത്ത കൂട്ടിയതും പെന്‍ഷന്‍ റിവിഷന്‍ വക അരിയേഴ്സിന്‍റെ അടുത്ത ഗഡു കിട്ടാനുള്ളതും അടുത്ത കാലത്ത് മരിച്ചുപോയ പഴയ സഹപ്രവര്‍ത്തകരെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിച്ചു.

''ആഹാരം കഴിക്കാന്‍ വന്നോളൂ'' സുന്ദരി വന്നു വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

''എനിക്കൊന്നും വേണ്ടാ. ഞാന്‍ ഭക്ഷണം കഴിച്ചിട്ടാ വീട്ടിന്ന്പോന്നത്'' കുട്ട്യേട്ടന്‍ പറഞ്ഞു.

''അതു പറ്റില്ല. പേരിനെങ്കിലും കഴിക്കണം''ഞാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റു.

കടന്നു പോയ കാലത്തെ ഒട്ടേറെ സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഞങ്ങള്‍ ഭക്ഷണം കഴിച്ചു.

''നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാന്‍ ഇന്നു വന്നത്'' പോവാനൊരുങ്ങുമ്പോള്‍ കുട്ട്യേട്ടന്‍ പറഞ്ഞു''കുറച്ചായി എനിക്ക് തീരെ വയ്യാ. പോരാത്തതിന്ന് ഇന്നു നടന്ന കാര്യം നാളെ ചോദിച്ചാല്‍ ഓര്‍മ്മ ഉണ്ടാവില്ല''.

''വയസ്സാവുമ്പോള്‍ അതൊക്കെ ഉണ്ടാവില്ലേ''ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

''അത് ശരിയാണ്. പക്ഷെ അതല്ല കാര്യം. പെട്ടെന്നൊരു ദിവസം ഞാന്‍ മരിച്ചാല്‍ നീ എന്‍റെ പെന്‍ഷന്‍ സ്വയംപ്രഭയ്ക്ക് കിട്ടാന്‍ വേണ്ടതൊക്കെ ചെയ്യണം''.

''അത് പ്രത്യേകിച്ച് പറയാനുണ്ടോ'' എന്ന് ഞാന്‍ പറഞ്ഞെങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

ജോലിക്കു പോവാനിറങ്ങിയ എന്‍റെ മകന്‍റെ കൂടെ കാറില്‍ കയറി കുട്ട്യേട്ടന്‍ യാത്രയായി. പകല്‍ മുഴുവന്‍ വല്ലാത്തൊരു അസ്വസ്ഥത എന്നെ അലട്ടി.

''എന്താ നിനക്കൊരു വിഷമം'' വൈകുന്നേരം റെയില്‍വേ സ്റ്റേഷനില പ്ലാറ്റോമില്‍ പതിവുപോലെ കാറ്റുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരന്‍ അജിതന്‍ ചോദിച്ചു.

കുട്ട്യേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു.

''നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവനെ നല്ലത് നാല്ലെണ്ണം ഞാന്‍ പറഞ്ഞേനെ'' സുഹൃത്ത് ചൂടായി''ഇമ്മാതിരി വര്‍ത്തമാനം ആരു പറഞ്ഞാലും എനിക്ക് പിടിക്കില്ല''.

''അതെന്താ''കൂട്ടുകാരന്‍ പറഞ്ഞത് സത്യത്തില്‍ എനിക്ക് മനസ്സിലായില്ല.

''എടാ, ജനിച്ചാല്‍ ആരായാലും മരിക്കും. അതൊന്നും ഇത്ര കാര്യമായി എടുക്കാനില്ല. പിന്നെ ചത്തു പോവുന്നോര് ബാക്കിയുള്ളവരെക്കുറിച്ച് വേവലാതിപ്പെടുകയൊന്നും വേണ്ടാ. അവര് എങ്ങിനെയെങ്കിലും ഈ ലോകത്ത് ജീവിച്ചോളും'' ഒന്നു നിര്‍ത്തി അവന്‍ തുടര്‍ന്നു ''ഇതൊക്കെ കേട്ട് വിഷമിച്ച നിന്നെ വേണം തല്ലാന്‍''.

''നിനക്ക് അറിയാഞ്ഞിട്ടാണ്'' ഞാന്‍ പറഞ്ഞു''അമ്പത്തിരണ്ടു കൊല്ലമായി ഞാനും കുട്ടിയേട്ടനും തമ്മില്‍ പരിചയപ്പെട്ടിട്ട്. ഒന്നിച്ച് മുപ്പതുകൊല്ലം ജോലി ചെയ്തു. അതില്‍ പത്തുകൊല്ലക്കാലം രണ്ടാളുംകൂടി യോജിച്ച് ഒരു സെക്ഷനിലെ പണിനോക്കി. ഇന്നേവരെ ഒരക്ഷരം ഞങ്ങളന്യോന്യം പറഞ്ഞു മുഷിച്ചിലുണ്ടായിട്ടില്ല. അതാ എനിക്കിത്ര സങ്കടം''.

''അതൊന്നും കാര്യൂല്ല. അല്ലെങ്കില്‍ ആര്‍ക്കാടാ നിന്നോട് പിണങ്ങാന്‍ കഴിയ്യാ''കൂട്ടുകാരന്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു.

ഡെല്‍ഹിയിലേക്കുള്ള കേരളാ എക്സ്പ്രസ്സ് ഞങ്ങളുടെ മുന്നിലൂടെ ഓടി മറഞ്ഞു. ജീവിതം ഇതുപോലെ വേഗത്തില്‍ കടന്നു പോവുന്ന ഒന്നാണെന്നോര്‍ത്ത് ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.