Sunday, December 27, 2009

ദര്‍ശനം പുണ്യ ദര്‍ശനം - 6.

ഇന്നത്തെ കാലഘട്ടത്തിലുള്ള തിരക്ക് നോക്കിയാല്‍ പഴയ കാലത്ത് മകര വിളക്കിന്ന് ആളും മനുഷ്യനും ഇല്ല എന്നു തന്നെ പറയാം.
പരമാവധി ഇലക്ട്രിസിറ്റി ബോര്‍ഡ് വക ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് വരെ മാത്രമേ ഭക്തന്മാര്‍ വിരി വെച്ച് കൂടാറുള്ളു. ദര്‍ശനത്തിന്നുള്ള ക്യൂ വല്ലപ്പോഴുമേ തിരുമുറ്റം കഴിഞ്ഞ് താഴേക്ക് ഇറങ്ങു. അന്ന് ഫ്ലൈ ഓവര്‍ ഇല്ല എന്നുകൂടി ഓര്‍ക്കണം.

അന്നും മകര വിളക്കിന്‍ നാള്‍ ഉച്ചയോടു കൂടി പതിനെട്ടാം പടിക്ക് മുകളിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. മകര വിളക്ക്
ദര്‍ശിക്കാനായി ഭക്തന്മാര്‍ മറവില്ലാത്ത ഇടങ്ങള്‍ നേരത്തെ നോക്കി വെക്കും. തിരുവാഭരണം എത്തി കഴിഞ്ഞാല്‍ ആ ഭാഗത്ത് പോയി നില്‍ക്കും.

അന്ന് ഒരു അസാധാരണമായ സംഭവം നടന്നു. വാവരു സ്വാമിയുടെ ആസ്ഥാനത്തിന്ന് തൊട്ട് അടുത്തുള്ള മരചുവട്ടില്‍ ദര്‍ശനത്തിന്ന് എത്തുന്ന തീര്‍ത്ഥാടകരെ നോക്കി ഈശ്വര കുമാരനും ഞാനും നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഊമയായ ഒരു കൊച്ചയ്യപ്പന്‍ 
സംസാരിക്കാന്‍ തുടങ്ങി എന്ന് പറയുന്നത് കേട്ടു. അപ്പോഴുണ്ടായ തിരക്കും ബഹളവും കാരണം ഞങ്ങള്‍ക്ക്അടുത്ത് ചെന്ന് കാണാനായില്ല.

അല്‍പ്പ സമയത്തിനകം ദേവസ്വം ബോര്‍ഡ് വക പരസ്യങ്ങള്‍ പ്രക്ഷേപണം നടത്തുന്ന ഇടത്തു നിന്നും ഈ വസ്തുത വെളിപ്പെടുത്തി. തുടര്‍ന്ന് ആ കൊച്ചയ്യപ്പന്‍റെ ശബ്ദവും  കേള്‍ക്കാനായി. നിരവധി ഭക്തന്മാരുടെ ശരണം വിളികള്‍ക്കൊപ്പിച്ച് ആ കുട്ടിയുടെ സ്വരവും 
ഉയര്‍ന്നുപൊങ്ങി. തുടക്കത്തില്‍ തീരെ അവ്യക്തമായി ( ആട് കരയുന്നത്പോലെയാണ് എനിക്ക് തോന്നിയത് ) വിറയലോടെ പുറത്ത് വന്ന ആ ശബ്ദം ക്രമേണ വ്യക്തമായി തുടങ്ങി. ഭക്തരോടുള്ള അയ്യപ്പ സ്വാമിയുടെ കാരുണ്യത്തെ പറ്റി മുതിര്‍ന്ന ഗുരുസ്വാമിമാര്‍ 
സ്തുതിക്കുന്നത് കേട്ട് ഞങ്ങള്‍ പരിസരം മറന്ന് അയ്യപ്പ സ്മരണയില്‍ ലയിച്ചു.

തിരുവാഭരണം എത്തുന്നതിനൊക്കെ കുറെ മുമ്പ് തന്നെ ഗരുഡന്‍ വട്ടം ചുറ്റി പറക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന്ന് അഭിമുഖമായി ആകാശത്ത് നക്ഷത്രം തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വരുന്നതും കാത്ത് ഞാനും അര്‍ജുനനും ഈശ്വരകുമാരനും വഴി വക്കത്ത് നിന്നു.

തിരുവാഭരണ പേടകങ്ങള്‍ ചുമക്കുന്നവര്‍ മാത്രമല്ല അകമ്പടിയായി വന്ന പൊലീസ് ഉദ്യോഗസ്ഥരും അനു യാത്ര ചെയ്യുന്നവരും ആയ എല്ലാവരും ഭക്തിയുടെ ലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് വന്നു കൊണ്ടിരുന്നത്. ആ തിരക്കിനിടയില്‍ ആരോ എന്നെ തട്ടി തെറുപ്പിച്ചു. വഴിയിലേക്ക് വീണ എന്നെ ഒരു നിമിഷത്തിനകം കൂട്ടുകാര്‍ എടുത്തുപൊക്കി മാറ്റി. അല്ലെങ്കില്‍ ചവിട്ടേറ്റ് അപകടം 
സംഭവിച്ചേനെ.

പിറ്റേന്ന് തൊഴുത് ഞങ്ങള്‍ മലയിറങ്ങി. പമ്പയിലെത്തുമ്പോഴേക്കും തിരുമേനിയുടെ മട്ട് മാറി നിത്യവും ട്രാന്‍ക്വിലൈസര്‍ 
കഴിച്ചിരുന്ന അദ്ദേഹം യാത്രക്കിടെ അത് മുടക്കി. മല മുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യ കുറവോര്‍ത്ത് ഭക്ഷണം
കഴിക്കുന്നത് തീരെ കുറച്ചു. ഇതൊക്കെ കാരണം അദ്ദേഹം സ്വബോധം നഷ്ടപ്പെട്ടവനെ പോലെ പെരുമാറി തുടങ്ങി.

സര്‍വീസ് ബസ്സിലാണ് വരുമ്പോള്‍ എരുമേലി വരെ എത്തിയത്. മടക്ക യാത്രക്ക് പമ്പയില്‍ നിന്ന് ബസ്സ് കിട്ടാനുള്ള ലക്ഷണം 
കാണാനില്ല. ഞങ്ങള്‍ ചാലക്കയത്തേക്ക് നടന്നു. അവിടെ മലയില്‍ നിന്ന് തിരിച്ചെത്തുന്നവരെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കാറുകളുടെ
ഡ്രൈവര്‍മാരോട് തിരുമേനി കാറിന്ന് വില ചോദിച്ചു തുടങ്ങി. ' എത്ര്യാ വേണ്ടത്ച്ചാല്‍ പറഞ്ഞോളു, മനേല് എത്തിയാല്‍ എടുത്ത് തരാ 'മെന്നായി അദ്ദേഹം. ഒരു വിധത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൂട്ടി നടന്നു തുടങ്ങി.

വിശപ്പ് കത്തി കയറുന്നു. വഴി വക്കില്‍ കപ്പ പുഴുങ്ങിയത് വില്‍ക്കുന്നത് കണ്ടു. ഞങ്ങള്‍ അതും വാങ്ങി മുളകരച്ചതും കൂട്ടി തിന്നുമ്പോള്‍ ഈശ്വരകുമാരന്‍ തിരുമേനിയോട് ' കപ്പ എങ്ങിനെയുണ്ട്, തിരുമേനി ' എന്ന് അന്വേഷിച്ചു.' ഒന്നാന്തരം. ഹൈലി
നുട്രീഷ്യസ്. ഇത് അങ്ങന്നെ പ്രൊട്ടീനല്ലേ ' എന്ന് അദ്ദേഹം മറുപടി പറയുന്നത് കേട്ട് സങ്കടവും ചിരിയും ഒന്നിച്ച് ഉണ്ടായി.

ഏറെ നേരം ബുദ്ധിമുട്ടിയില്ല. ഒറ്റപ്പാലത്തു നിന്ന് വന്ന ഒരു സ്പെഷല്‍ ബസ്സ് ഞാന്‍ കണ്ടു. ഒരു പരീക്ഷണം എന്ന മട്ടില്‍ ഞാന്‍
കൈ നീട്ടി.' പാലക്കാട്ടേക്ക് അഞ്ചാളുണ്ട് ' എന്ന് ഉറക്കെ പറഞ്ഞത് കേട്ട് കിളി വിസിലടിച്ച് നിര്‍ത്തി. ' ഇരിക്കാനൊന്നും
സീറ്റ് ഇല്ല, നിന്നിട്ട് പോവാന്‍ വയ്ക്കുമെങ്കില്‍ കേറിക്കോളിന്‍' എന്ന് പറഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ ഞങ്ങള്‍ അതില്‍
കയറി കൂടി.

റാന്നിയില്‍ ഒരു ഹോട്ടലിന്ന് മുമ്പില്‍ ബസ്സ് നിര്‍ത്തി. ' ആഹാരം വല്ലതും കഴിച്ചോളിന്‍ ' എന്ന് കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് എല്ലാവരും ഇറങ്ങി. ഹോട്ടലില്‍ സീറ്റ്പിടിക്കാനായി ഞങ്ങള്‍ മറ്റ് അയ്യപ്പന്മാരോടൊപ്പം ഓടി കയറി. ഒരു മേശയില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ ഇടം കണ്ടെത്തി. ഞങ്ങള്‍ നോക്കുമ്പോള്‍ തിരുമേനി കൌണ്ടറിന്ന് മുമ്പില്‍ നിന്ന് കാഷ്യറോട് എന്തെല്ലാമോ കാര്യമായി സംസാരിക്കുകയാണ്.

അദ്ദേഹം എത്താത്തതിനാല്‍  ഭക്ഷണത്തിന്ന് ഓര്‍ഡര്‍ നല്‍കാതെ ഞങ്ങള്‍ കാത്തിരുന്നു. മറ്റ് അയ്യപ്പന്മാര്‍ കിട്ടിയ ആഹാരം കഴിച്ചു തുടങ്ങി. തിരുമേനി ഞങ്ങളെ കാഷ്യര്‍ക്ക് ചൂണ്ടിക്കാട്ടി കൊടുക്കുന്നത് ഞങ്ങള്‍ കണ്ടു. ഒരു വെയിറ്റര്‍ വന്ന് ആരെങ്കിലും 
കൌണ്ടര്‍ വരെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ എഴുന്നേറ്റു ചെന്നു.

' സ്വാമി, നിങ്ങള്‍ ഇയാളേയും കൂട്ടി വേഗം സ്ഥലം വിടിന്‍ ' എന്ന് കാഷ്യര്‍ പറഞ്ഞു. എന്താണ് കാര്യം എന്ന് എനിക്ക്
മനസ്സിലായില്ല. ഞാനത് ചോദിച്ചു. അയാള്‍ പറഞ്ഞ സംഗതികേട്ടതോടെ അവിടെ നിന്ന് ഭക്ഷണം കിട്ടില്ല എന്ന് ഉറപ്പായി.

' ഹോട്ടല്‍ ബ്രീസ് ' എന്നു പറഞ്ഞാല്‍ ലോകം മുഴുവനുമുള്ള ആളുകള്‍ അറിയുമെന്നും രണ്ട് വക പായസവും ഏഴെട്ടു വിധം
കറികളുമായി ഹോട്ടലില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും ഭക്ഷണം കൊടുത്തോളൂ എന്നും പണം എത്രയാണെങ്കിലും മനക്കല്‍
ചെന്ന് വാങ്ങിച്ചോളൂ എന്നുമാണ് തിരുമേനി വെച്ച് കാച്ചിയത്. ഇത്തരത്തിലുള്ള വട്ട് കേസുകളേയും കൊണ്ട് ഒരു ദിക്കിലും 
മിനക്കെടുത്താന്‍ ചെല്ലരുത് എന്നൊരു ഉപദേശവും അയാള്‍ തന്നു. ഞാന്‍ കൂട്ടുകാരോട് വിവരം പറഞ്ഞു. വല്ലാത്ത നിരാശയോടെ
ഞങ്ങള്‍ പുറത്തിറങ്ങി. തിരുമേനിക്ക് കാര്യം മനസ്സിലായില്ല. ഈശ്വരകുമാരനോട് അദ്ദേഹം വിവരം അന്വേഷിച്ചു.

പൂണൂല്‍ ഇട്ട ആളുകളുടെ കണ്ണ് ഇവിടെയുള്ളവര്‍ കുത്തിപ്പൊട്ടിക്കുമെന്നും വീട്ടില്‍ മടങ്ങി എത്തുന്നത് വരെ ബ്രാഹ്മണര്‍ മൌനവൃതം
അനുഷ്ടിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം ശിക്ഷ നടപ്പാക്കുമെന്നും ഈശ്വരന്‍ തിരുമേനിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നെ തിരുമേനി യാത്ര കഴിയുന്നത് വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.

രാത്രി ബസ്സില്‍ ഞങ്ങള്‍ മറ്റുള്ളവരുടെ കാല്‍ ചുവട്ടിലായി നട വഴിയില്‍ കിടന്നു. ഒരു ബഹളം കേട്ട് ഉറക്കം തെളിഞ്ഞു. സീറ്റില്‍
ഇരിക്കുന്ന ഒരാള്‍ ഈശ്വരകുമാരന്‍റെ തലയില്‍ ചവിട്ടി. ഒന്നും പറയാതെ ക്ഷമിച്ചിരുന്ന ഈശ്വരനോട് മറ്റെയാള്‍ കയര്‍ക്കുകയാണ്.
വിവരം അറിഞ്ഞതും ഞാന്‍ ഇടപെട്ടു.

' നിങ്ങളുടെ ചവിട്ട് കൊണ്ട ഇയാള്‍ പരാതി ഒന്നും പറയുന്നില്ല. എന്നിട്ട് നിങ്ങള്‍ക്കാണോ പരാതി ' എന്ന് ഞാന്‍ ചോദിച്ചു. താന്‍ ഇനിയും അയാളുടെ തലയില്‍ ചവിട്ടുമെന്നും എന്താ ചെയ്യുക എന്ന് കാണണമെന്നും അയാള്‍ ഭീഷണി മുഴക്കി. ശബരിമലയില്‍
നിന്ന് തിരിച്ചു വരികയാണെന്ന കാര്യം ഞാന്‍ വിസ്മരിച്ചു.

' ഇനി നിന്‍റെ കാല് ആരുടെയെങ്കിലും ദേഹത്ത് തട്ടിഎന്നറിഞ്ഞാല്‍ ബസ്സിന്ന് കട്ട വെക്കാനുള്ള മരമുട്ടിഎടുത്ത് ആ കാല് അടിച്ച് പൊട്ടിക്കു'മെന്ന് ഞാന്‍ വിരട്ടി. മറ്റുള്ള സ്വാമിമാര്‍ ഇടപെട്ടു. കുഴപ്പക്കാരനെ പുറകിലെ സീറ്റിലേക്ക് മാറ്റി. അതുവരെ ഇരുന്ന ചിലര്‍ എഴുന്നേറ്റ് ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഇടം തന്നു. മറക്കാനാവാത്ത കുറെയേറെ അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ട് ആ യാത്ര അവസാനിച്ചു.

( ഓര്‍മ്മത്തെറ്റ് പോലെ ' എന്ന നോവലിന്‍റെ അദ്ധ്യായം 34 പ്രസിദ്ധീകരിച്ചിരിക്കുന്നു )

Saturday, December 19, 2009

എന്‍റെ അമ്മ, എന്‍റെ മാത്രം അമ്മ.

വറുതി ഉള്ള കാലത്തായിരുന്നു എന്‍റെ ജനനം. നമ്മുടെ നാടിന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു കൊല്ലം പോലും തികഞ്ഞിട്ടില്ല. അരി, പഞ്ചസാര, മണ്ണെണ്ണ, തുണി എന്നിവയൊന്നും കിട്ടാനില്ല. റേഷന്‍ കടയില്‍ നിന്ന് മല്ല് മുണ്ട് വാങ്ങിക്കാന്‍ പെട്ട പാടും വീടാകെ കരി പടര്‍ത്തുന്ന ചുവന്ന മണ്ണെണ്ണ ഒഴിച്ച് വിളക്കുകള്‍ കത്തിച്ചിരുന്നതും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

" അയ്യപ്പന്‍ പാട്ടില് വാവരുസ്വാമിടെ കുട്ടിക്കാലത്തെ പറ്റി ഗോതമ്പും തിനയും തിന്ന് വളര്‍ന്നുണ്ണി വാവര് എന്ന് പാടാറില്ലേ അതു പോലെയായിരുന്നു നീ ജനിച്ചപ്പോള്‍" എന്ന് മുത്തശ്ശി ആ കാലത്തെക്കുറിച്ച് പറയും

തറവാട് വക ഭൂസ്വത്തില്‍ മദിരാശി ഹൈക്കോടതിയില്‍ കേസ്സുണ്ടായിരുന്നു. അത് കാരണം നെല്ലും അരിയും ഒരു കുരുമണി കണി
കാണാനില്ല. എന്തിനധികം ഒന്നര വയസ്സ് തികയുന്നതിന്ന് മുമ്പ് തുടര്‍ച്ചയായി രണ്ട് ദിവസം എനിക്ക് പട്ടിണി കിടക്കേണ്ടി
വന്നതായിപില്‍ക്കാലത്ത് അമ്മ സങ്കടപ്പെട്ടിട്ടുണ്ട്.

ബുദ്ധി ഉറയ്ക്കുന്നതിന്ന് മുമ്പുള്ള കാലത്ത് നടന്ന സംഭവങ്ങള്‍ എന്നെ വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ കുട്ടിക്കാലം കഴിയുന്നതിന്ന് മുമ്പ് , ഒറ്റയാന്‍ മനോഭാവം എന്നില്‍ സൃഷ്ടിച്ച പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സെക്കണ്ട് ഫോറത്തില്‍ പഠിക്കുമ്പോഴാണ് അരക്ഷിതാവസ്ഥ എന്നത് എന്താണെന്ന് ഞാന്‍ അറിയുന്നത്. പുതിയ വീട് ഉണ്ടാക്കി
കുട്ടിമാമയും അമ്മായിയും ചെറിയ കുട്ടിയേയും കൊണ്ട് അങ്ങോട്ട് താമസം മാറ്റി. അവരോടൊപ്പം കുടുംബത്തിലുള്ള മറ്റു രണ്ട് അംഗങ്ങളും പോയി. മുത്തശ്ശി മൂത്ത അമ്മാമന്‍റെ അടുത്തും.

വലിയൊരു പത്തായപ്പുരയാണ് ഞങ്ങളുടേത്. പഴക്കം ചെന്ന ഒരു കെട്ടിടം. മുകളില്‍ രണ്ട് മുറിയും കോണിത്തളവും. ചുവട്ടിലും
അതുപോലെ തന്നെ. കൂടാതെ സദാ ഇരുട്ട് നിറഞ്ഞ ഒരു കലവറ, വലിയൊരു അടുക്കള, ചുറ്റോടുചുറ്റും ഇടനാഴി, അതിന്‍റെ
പടിഞ്ഞാറ് വശം കെട്ടി തിരിച്ച് വേറെ രണ്ടു മുറികള്‍ , മുകളിലെ നിലയില്‍ നിന്നും കയറി ചെന്നാല്‍ വിശാലമായ തട്ടിന്‍ പുറം
എന്നിവയെല്ലാം അതില്‍ അടങ്ങിയിരുന്നു.

എല്ലാവരും പോയതോടെ വീട് കിളി പോയ കൂടുപോലെയായി. ആ വലിയ വീട്ടില്‍ ഞാനും അമ്മയും മാത്രം. അന്ന് വൈകുന്നേരം
ഒറ്റക്കിരുന്നപ്പോള്‍ എനിക്കും അമ്മക്കും ആരുമില്ലല്ലോ എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായി.

സന്ധ്യക്ക് കയ്യും കാലും കഴുകി നാമം ജപിക്കാനിരിക്കുമ്പോഴും എനിക്ക് തീരെ ഉഷാര്‍ തോന്നിയില്ല. ' എന്താ കുട്ടിക്ക് വയ്യേ '
എന്ന് അമ്മ ചോദിച്ചു. എനിക്ക് ഒന്നുമില്ല എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും ഒരു സങ്കട കടല്‍ മനസ്സില്‍ തിര തല്ലുന്നുണ്ടായിരുന്നു.
' കുട്ടി വേണച്ചാല്‍ പകലൂണ് കഴിച്ച് കിടന്നോ ' എന്ന് അമ്മ പറഞ്ഞതും ഞാന്‍ നിരസിച്ചു.

അത്താഴം കഴിക്കുന്നതിന്ന് മുമ്പ് അമ്മ എന്നെ അടുത്ത് വിളിച്ചിരുത്തി. ' നിനക്ക് പത്ത് പന്ത്രണ്ട് വയസ്സായി. ഇനി കുട്ടി വേണം
അമ്മയെ നോക്കാന്‍. നമുക്ക് ആരും ഇല്ല എന്ന് മോന് അറിയില്ലേ ' എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. ആ നിമിഷം ഞാന്‍
അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

ആഹാരം കഴിച്ചു കഴിഞ്ഞ് ഞങ്ങള്‍ കിടന്നു. ' കുട്ടി പേടിക്കണ്ടാ കേട്ടോ, അമ്മ കെട്ടി പിടിക്കാം ' എന്നും പറഞ്ഞ് അമ്മ
എന്നെ ചേര്‍ത്ത് പിടിച്ചു. വാതില്‍ക്കല്‍ ഒരു മുട്ട വിളക്ക് തിരി താഴ്ത്തി വെക്കുകയും ചെയ്തു.

ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. മുറ്റത്ത് കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നത് പോലെ ഒരു തോന്നല്‍. ആരോ പുറത്തെ വരാന്തയില്‍ ഉണ്ടെന്ന് ഒരു സംശയം. ഞാന്‍ അമ്മയെ നോക്കി. പാവം. മനസ്സ് വിട്ട് ഉറങ്ങുകയാണ്. പെട്ടെന്ന് അമ്മ പറഞ്ഞ കാര്യം ഓര്‍മ്മയിലെത്തി. അമ്മയെ നോക്കി രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്.

ഞാന്‍ മെല്ലെ എഴുന്നേറ്റു. മുട്ട വിളക്കും കയ്യിലെടുത്ത് അടുക്കളയില്‍ ചെന്ന് കൊടുവാള്‍ എടുത്ത് തിരിച്ചു പോന്നു. കയ്യില്‍ ആ ആയുധവുമായി കട്ടിളപ്പടിയില്‍ തികഞ്ഞ ശ്രദ്ധയോടെ ഞാനിരുന്നു. നേരം കുറെയേറെ കഴിഞ്ഞപ്പോള്‍ അമ്മ ഉണര്‍ന്നു. അടുത്ത്
കിടക്കുന്ന എന്നെ തൊട്ടു നോക്കിയപ്പോള്‍ കാണാനില്ല. അമ്മ എഴുന്നേറ്റ് നോക്കുമ്പോള്‍ ഞാന്‍ കട്ടിളപ്പടിയില്‍ ഇരിക്കുകയാണ്.
' എന്താ കുട്ട്യേ ഇത് ' എന്ന് ചോദിച്ച് അമ്മ അടുത്തേക്ക് വന്നു. വിവരം ഞാന്‍ പറഞ്ഞതും അമ്മ എന്നെ മാറോടണച്ചു.
കൊടുവാള്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങി തലക്കല്‍ വെച്ച് അമ്മ എന്നെ കെട്ടി പിടിച്ചു കിടന്നു. ആ ചൂടേറ്റ് ഞാന്‍
ഉറക്കത്തിലേക്ക് മെല്ലെ വഴുതി വീണു.

ഒരു ദിവസം കാലത്ത് ദോശയും ചായയും അമ്മ എനിക്ക് വിളമ്പി. ചായ ഒരു കവിള്‍ കുടിച്ചു. കയ്ച്ചിട്ട് ഇറക്കാന്‍ വയ്യ.
' അമ്മേ ഇതില് മധുരം ഇടാന്‍ മറന്നിരിക്കുന്നു 'എന്ന് ഞാന്‍ പറഞ്ഞു.

' മറന്നതല്ല കുട്ടി, പഞ്ചാര കഴിഞ്ഞതാ ' എന്ന് അമ്മ പറഞ്ഞപ്പോള്‍ ' കാശ് തരൂ, ഒറ്റ ഓട്ടത്തിന് ഞാന്‍ വാങ്ങീട്ട് വരാ '
മെന്ന് അറിയിച്ചു. കുറച്ച് നേരത്തേക്ക് അമ്മ ഒന്നും പറഞ്ഞില്ല. പിന്നെ ' ഇവിടെ കാശൊന്നൂല്യാ. ഉള്ളത് എടുത്ത് നാണിയമ്മയുടെ കയ്യില്‍ നറുക്ക് പണം അടക്കാന്‍ കൊടുത്തു. ബാക്കി നീ പുസ്തകം വാങ്ങണംന്ന് പറഞ്ഞ് കൊണ്ടു പോയില്ലേ '
എന്ന മറുപടി കിട്ടി.

എന്താണ് വേണ്ടത് എന്ന ആലോചനയിലായി ഞാന്‍. കാശില്ലെങ്കില്‍ ഒന്നും വാങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ പഞ്ചാര ഇല്ല. ഇനി ചായപ്പൊടിയും വെളിച്ചെണ്ണയും ഒക്കെ തീര്‍ന്നാലോ? എങ്ങന്യാ ഒന്നും ഇല്ലാതെ കഴിയുക. ' നമുക്ക് എപ്പൊഴാ കാശ് കിട്ടണത് ' എന്ന് ഞാന്‍ അമ്മയോട് അന്വേഷിച്ചു. അച്ഛന്‍റെ പണം മണി ഓര്‍ഡര്‍ ആയി പത്താം തിയ്യതിക്ക് മുമ്പ് വരുമെന്നും ഇവിടുത്തെ
അവസ്ഥ അച്ഛനെ എഴുതി അറിയിച്ചിട്ടുണ്ടെന്നും അമ്മ അറിയിച്ചു. ഞാന്‍ കലണ്ടര്‍ നോക്കി. മൂന്നാം തിയ്യതി ആയിട്ടേയുള്ളു.
ഇനിയും ഒരാഴ്ച കഴിയണം.

അന്ന് ക്ലാസില്‍ ഇരിക്കുമ്പോഴും ഇതൊക്കെ തന്നെയായിരുന്നു മനസ്സ് മുഴുവന്‍. ' ക്ലാസില്‍ ശ്രദ്ധിക്കാതെ എന്താടാ ആലോചിച്ചു
കോണ്ടിരിക്കുന്നത് മരക്കഴുതേ ' എന്ന് കണക്കു ക്ലാസില്‍ വെച്ച് വേലായുധന്‍ മാസ്റ്റര്‍ ചോദിക്കുകയും ചെയ്തു.

തിരിച്ച് പോരാന്‍ നേരം ഒരു ആശയം ഉടലെടുത്തു. കടവത്ത് കുഞ്ഞുമോന്‍ എന്ന ഒരാളുടെ പീടികയുണ്ട്. വല്ലപ്പോഴും അവിടെ നിന്ന് മിഠായിയോ, വീട്ടിലേക്ക് ചില സാധനങ്ങളോ വാങ്ങി പരിചയമുണ്ട്. അവിടെ കടം ചോദിച്ചാലോ?

പെട്ടെന്ന് മനസ്സില്‍ ഒരു സംഭവം ഓര്‍മ്മ വന്നു. എന്തോ സാധനം വാങ്ങിക്കാന്‍ ചെന്ന സമയം. കടം വാങ്ങിയത് സമയത്തിന്ന് കൊടുത്ത് തീര്‍ക്കാത്ത ഒരാളോട് ' മാപ്ലാരുടെ തല്ല് കൊള്ളാന്‍ പൊന്നാനിയില്‍ പോണംന്ന് ഒന്നൂല്യാ. അത് ഇവിടുന്നന്നെ കിട്ടും '
എന്ന് പീടികക്കാരന്‍ പറയുന്ന രംഗം. ' അതിന് ഞാന്‍ വാങ്ങിച്ചാല്‍ കൊടുക്കാതിരുന്നിട്ട് വേണ്ടേ, അച്ഛന്‍റെ പണം എത്തിയാല്‍
അന്നു തന്നെ കൊടുക്കാലോ 'എന്ന് മനസ്സില്‍ കരുതുകയും ചെയ്തു.

ഭാഗ്യത്തിന് പീടികയില്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ കയറി ചെന്നു. ' ഇത്തിരി പഞ്ചസാര തര്വോ. ഇപ്പൊ എന്‍റേല് കാശില്ല ' ഞാന്‍ പറഞ്ഞൊപ്പിച്ചു. അയാള്‍ എന്നെ ഒന്ന് നോക്കി ' കുട്ടി എവിടുത്ത്യാ ' എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍
വീട്ടുപേര്‍ പറഞ്ഞു. എന്നാ പണം തരിക എന്ന ചോദ്യത്തിന്ന് , പത്താം തിയ്യതിക്ക് അച്ഛന്‍റെ പണം വരും അന്ന് വൈകുന്നേരം
തരാമെന്ന് ഉറപ്പും പറഞ്ഞു.

എത്ര പഞ്ചാര വേണം എന്ന ചോദ്യത്തിന്ന് ഒരു ഹോര്‍ലിക്സ് കുപ്പി നിറച്ച് വേണമെന്ന് അളവും പറഞ്ഞു കൊടുത്തു.

' ആട്ടേ, നിനക്കെന്താ വേണ്ടത് പറ, മിഠായോ, ചോക്ലേറ്റോ ' എന്ന് പീടികക്കാരന്‍ ചോദിച്ചു. അവയെല്ലാം നിറച്ച് വെച്ച കുപ്പികളിലേക്ക് ഞാന്‍ നോക്കിയതെയില്ല. എനിക്ക് അതൊന്നും വേണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ' അതെന്താ അങ്ങിനെ.
പഞ്ചാരയുടെ പൈസ തരുമ്പോള്‍ ഒന്നിച്ച് തന്നാല്‍ മതി ' യെന്ന് അയാള്‍ ഒരു ഇളവ് നല്‍കി.

' ഒരുപാട് കടം വാങ്ങി കൂട്ടിയാല്‍ തന്ന് തീര്‍ക്കാന്‍ ബുദ്ധിമുട്ടാവും ' എന്ന എന്‍റെ മറുപടി പീടികക്കാരന് ബോധിച്ചു. അയാള്‍ ഉറക്കെ ചിരിച്ചു.

' നീ കാണുന്നപോലെയല്ല, ആള് മിടുക്കനാണ് ' എന്നൊരു സര്‍ട്ടിഫിക്കറ്റും തന്നു.പഞ്ചസാരപ്പൊതി തരുന്ന കൂട്ടത്തില്‍ അയാള്‍ രണ്ട് ചോക്ലേറ്റ് എടുത്തു നീട്ടി. ' ആരുടേന്നും ഒന്നും വാങ്ങരുത് ' എന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ആ സൌജന്യം
ഞാന്‍ ഒഴിവാക്കി.

അമ്മ ദേഷ്യപ്പെട്ടതൊന്നുമില്ല. കുട്ടീലേ കടം വാങ്ങി ശീലിക്കരുത് എന്ന് ഉപദേശിക്കുക മാത്രം ചെയ്തു. ചായ കുടിച്ച് ഞാന്‍
മുറ്റത്തീറങ്ങി. കിണറിന്നപ്പുറത്ത് നില്‍ക്കുന്ന വരിക്കപ്ലാവിലെ കുരുമുളക് ചെടികള്‍ തോക്കകള്‍ മുഴുവനും വലിച്ചെടുത്ത സങ്കടത്തിലാണ്. കീറിയ പുല്ലുപായയില്‍ മുറ്റത്ത് അതെല്ലാം കുറെ മുമ്പ് ഉണക്കാനിട്ടിരുന്നു.

അത്രയധികം കുരുമുളകൊന്നും വീട്ടില്‍ ആവശ്യമില്ല. പനി പിടിക്കുമ്പോള്‍ ചോറുണ്ണാന്‍ ഇത്തിരി കുരുമുളക് രസം ഉണ്ടാക്കും .
അതിന്ന് വളരെ കുറച്ച് മതി. അല്ലാതെ അതുകൊണ്ട് മറ്റൊരു ആവശ്യവുമില്ല. ബാക്കി പീടികക്കാരന്ന് വിറ്റാലോ? പഞ്ചാര
വാങ്ങിയ കടം തീരുമല്ലോ. ഞാന്‍ അമ്മയോട് അഭിപ്രായം ചോദിച്ചു. അമ്മ അതിന്എതിരൊന്നും പറഞ്ഞില്ല. രണ്ട് ദിവസം
വെയിലൊന്ന് കാണിച്ചോട്ടെ, എന്നിട്ട് കൊടുക്കാമെന്ന് പറഞ്ഞതേയുള്ളു.

പിറ്റേന്ന് ഉച്ചക്ക് പോസ്റ്റ്മാന്‍ ഗോപാലന്‍ നായര്‍ അച്ഛന്‍റെ പണവുമായി എത്തി. അന്ന് വൈകീട്ട് ഞാന്‍ പീടികയിലെത്തി പണം
കൊടുക്കുകയും ചെയ്തു.


( ' ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ ' അദ്ധ്യായം 33 പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Saturday, December 12, 2009

ദര്‍ശനം പുണ്യദര്‍ശനം - ഭാഗം 5.

പിറ്റേന്ന് രാവിലെ മുതല്‍ കൂട്ടം തെറ്റിയ സംഘാങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പമ്പാ തീരത്തുള്ള വിരികള്‍ മുഴുവനും 
ഞങ്ങള്‍ തിരഞ്ഞു. എത്ര തവണ മൈക്കിലൂടെ വിളിച്ചു പറഞ്ഞു എന്ന് ഞങ്ങള്‍ക്കേ അറിയാതായി. എന്നിട്ടും ഫലം ഒന്നും
ഇല്ല.

പ്രഭാതം മദ്ധ്യാഹ്നത്തിന്ന് കുറെ ചൂട്സമ്മാനിച്ചുകൊണ്ട് കടന്നു പോയി. ഞാന്‍ തികച്ചും ക്ഷീണിതനായി തീര്‍ന്നു. കൂട്ടുകാരും
 തഥൈവ. അവരും കാലത്ത് മുതല്‍ ഒന്നും കഴിച്ചിട്ടില്ല.' ഒന്നും കൂടി ചെന്ന് നോക്കിന്‍, ഈ തവണ അവരെ കാണാതിരിക്കില്ല 'എന്ന് ഞാന്‍ അവരോട് പറഞ്ഞു.

അര്‍ജുനനും ഈശ്വരകുമാരനും ക്യൂ നിന്നു. മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ ഈശ്വര കുമാരന്‍ പറഞ്ഞു തുടങ്ങി ' പറളിയില്‍ നിന്നും വന്ന കനകപ്പന്‍സ്വാമി പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍... '. ആ സമയത്ത് തൊട്ട് പുറകില്‍ നിന്ന ആള്‍
അര്‍ജുനനെ കെട്ടി പിടിച്ചു. അത് വലിയണ്ണനായിരുന്നു.

കരച്ചിലോടു കൂടിയാണ് ആ സമാഗമം ഞങ്ങള്‍ ആഘോഷിച്ചത്. ഹോട്ടലില്‍ നിന്ന് എന്തോ വാങ്ങി തിന്ന് ഞങ്ങള്‍ അപ്പോഴത്തെ വിശപ്പടക്കി. പമ്പാസദ്യ ഒരുക്കണമെന്നായി വലിയണ്ണന്‍. എരുമേലിയില്‍ പേട്ട തുള്ളാന്‍ നേരം വാങ്ങിയ കിഴങ്ങുകളും മറ്റും പെട്ടെന്ന് നുറുക്കി. കല്ല് കൂട്ടിയ അടുപ്പുകളില്‍ പാത്രങ്ങള്‍ കയറ്റി. തിരുമേനിയെ കെട്ടുകള്‍ക്ക് കാവലിന്നിരുത്തി.

ചോറും കറികളും തയ്യാറായി. പായസത്തിന്‍റെ അരി വെന്ത് തുടങ്ങി. ' ഒരു കാര്യം മറന്നു ' വലിയണ്ണന്‍ 
പറഞ്ഞു ' പായസം ഉണ്ടാക്കാന്‍ കുറച്ച് നെയ്യ് കൊണ്ടുവരാമായിരുന്നു. പമ്പാസദ്യ ഭഗവാനും കൂടി ഉണ്ണുന്നതല്ലേ '. അത് ഒരു വലിയ കുറവായി എനിക്ക് തോന്നി ഞാന്‍ തിരുമേനിയുടെ അടുത്ത് ചെന്നു. എന്‍റെ പള്ളിക്കെട്ടിന്‍റെ മുന്‍കെട്ട് അഴിച്ചു. അഭിഷേകത്തിന്ന് കരുതിയ നെയ്ത്തേങ്ങ എടുത്ത് ഒരു പാത്രത്തില്‍ അത് പൊട്ടിച്ചൊഴിച്ചു. നാളികേരം തിരുമേനി ചെറിയ കഷ്ണങ്ങളായി നുറുക്കി.

അഭിഷേകത്തിന്ന് കൊണ്ടുപോയ നെയ്യ് എടുത്ത് പായസം ഉണ്ടാക്കിയത് അക്ഷന്തവ്യമായ അപരാധമായി പിന്നീട് ചിലരൊക്കെ
പറഞ്ഞു. ഭഗവാന് നിവേദ്യം ഉണ്ടാക്കുന്നതില്‍ കുറ്റവും കുറവും വരരുത് എന്ന തോന്നലായിരുന്നു എന്‍റെ മനസ്സില്‍ . ഞാന്‍ 
ചെയ്ത കാര്യം  തെറ്റോ ശരിയോ എന്ന് അറിയില്ല. എന്തായാലും ഭഗവാന് അത് ഇഷ്ടപ്പെട്ടു കാണണം. കാരണം അത്ര സ്വാദിഷ്ടമായ പായസം ഞാന്‍ ഈ ജീവിതത്തില്‍ കഴിച്ചിട്ടില്ല.

ശബരിമലയില്‍ വിരികളൊന്നും കിട്ടാനില്ല. കാട്ടില്‍ നിന്ന് നാല് കമ്പുകള്‍ മുറിച്ചുകൊണ്ടു വന്നു. മാളികപ്പുറത്തമ്മയുടെ
ക്ഷേത്രത്തിന്ന് പുറകിലായി കുറച്ച് സ്ഥലം വൃത്തിയാക്കി ആ കാലുകള്‍ നാട്ടി അതിന്ന് മുകളില്‍ കമ്പിളി മേഞ്ഞ് ഒരു ടെന്‍റ് ഉണ്ടാക്കി. മകരവിളക്കുവരെ നാല് ദിവസം അതില്‍ താമസമാക്കി. വെയില്‍ മൂത്താല്‍ കമ്പിളി ചൂടാവും. പിന്നെ അതിന്ന് ചുവട്ടില്‍ ഇരിക്കാനാവില്ല. അപ്പോള്‍ വല്ല മരത്തണലിലും ചെന്ന് ഇരിക്കും. രാത്രിയിലാണ് ഏറെ കഷ്ടം. ഒരു ഉറക്കം 
കഴിയുമ്പോഴേക്കും കമ്പിളി മഞ്ഞില്‍ നനഞ്ഞ് കുതിര്‍ന്ന് വെള്ളം ഇറ്റിറ്റ് വീഴാന്‍ തുടങ്ങും. ആ നനവും സഹിച്ച് കഴിയുകയേ
വഴിയുള്ളു.

വിരിയില്‍ നിന്ന് താഴോട്ട് ഇറങ്ങിയാല്‍ ഒരു കൊച്ചു തോടുണ്ട്. പാദങ്ങള്‍ നനയാനുള്ള വെള്ളമേ അതിലുള്ളു. പക്ഷെ അതില്‍ ഇറങ്ങി നിന്ന് കുളിക്കാവുന്ന കുഴികളുണ്ട്. ഐസു പോലെ തണുത്ത വെള്ളത്തിലെ കുളി മറക്കാനാവില്ല. പകലത്തെ
ചൂട്, രാത്രി നേരത്തെ മഞ്ഞ്, തണുത്ത വെള്ളത്തിലെ കുളി എല്ലാം ചേര്‍ന്ന് മകരവിളക്കിന്ന് തലേന്നാള്‍ എനിക്ക് കടുത്ത പനിയായി. അതും വെച്ച് വൈകുന്നേരം അരുവിയില്‍ ചെന്ന് കുളിച്ചു. കിടുകിടെ വിറച്ചുകൊണ്ടാണ് ഞാന്‍ വിരിയിലെത്തിയത്.

സന്ധ്യക്ക് ദീപാരാധന നടക്കുന്ന സമയമായി . അര്‍ദ്ധബോധാവസ്ഥയില്‍ ഞാന്‍ വിരിയില്‍ കിടക്കുകയാണ്. എനിക്ക് ചുറ്റും
സംഘാംഗങ്ങള്‍ ഇരുന്നു. അതിമനോഹരമായ ശബ്ദമാണ് ഈശ്വര കുമാരന്‍റേത്. അയാളുടെ നേതൃത്വത്തില്‍ കൂട്ടുകാര്‍ ഭജന
ചൊല്ലാനൊരുങ്ങി. ' ഉണ്ണി, സന്ധ്യനേരത്ത് കിടക്കണ്ടാ, എഴുന്നേറ്റിരിക്ക് ' എന്ന് വലിയണ്ണന്‍ പറഞ്ഞത് കേട്ടുവെങ്കിലും
എനിക്ക് എഴുന്നേല്‍ക്കാനാവുന്നില്ല. വലിയണ്ണന്‍ എന്‍റെ ദേഹം  തൊട്ടു നോക്കി ' തീ പോലെ പനിക്കുന്നുണ്ട് ' എന്ന് പറഞ്ഞു.

കുറച്ച് ഭസ്മം എടുത്ത് പ്രാര്‍ത്ഥിച്ച് അദ്ദേഹം എന്‍റെ നെറ്റിയില്‍ തൊട്ടു. നമ്മള്‍ ഭഗവാന്‍റെ സന്നിധാനത്തിലാണ്.
മാളികപ്പുറത്തമ്മയുടെ അരികിലാണ് നമ്മള്‍ ഇരിക്കുന്നത്. അമ്മ തന്നെ കാത്തു കൊള്ളട്ടെ എന്ന് പറയുന്നത് അവ്യക്തമായി ഞാന്‍ കേട്ടു. ഈശ്വര കുമാരന്‍ ചൊല്ലിയ കീര്‍ത്തനങ്ങള്‍ താരാട്ടായി. ഞാന്‍ അമ്മയുടെ മടിത്തട്ടില്‍ കിടക്കുകയാണ്. അമ്മയുടെ വലത്ത് കൈ എന്‍റെ ശിരസ്സിലൂടെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ആ സ്നേഹം ആവോളം നുകര്‍ന്ന് ഞാന്‍ മയങ്ങിപ്പോയി.

ഭജന കഴിഞ്ഞ് കല്‍പ്പൂരം കത്തിച്ചപ്പോള്‍ അണ്ണന്‍ എന്നെ കുലുക്കി വിളിച്ചു. കണ്ണും തിരുമ്മി ഞാന്‍ എഴുന്നേറ്റിരുന്നു. അണ്ണന്‍ ഒന്നു കൂടി എന്നെ തൊട്ടു നോക്കി. പനിയുടെ നേരിയ ഒരു ലാഞ്ചന പോലും അപ്പോള്‍ ഉണ്ടായിരുന്നില്ല.

' എടോ, ഉണ്ണിക്കുട്ടാ, തന്‍റെ പനിയെല്ലാം മാറി. തനിക്ക് ആവശ്യമായ മരുന്ന് അമ്മ തന്നെ തന്നിട്ടുണ്ടാവും ' വലിയണ്ണന്‍
അത് പറഞ്ഞ് നിറുത്തിയതും കൂട്ടുകാരില്‍ നിന്നും ഉച്ചത്തില്‍ ഒരു ശരണം വിളി ഉയര്‍ന്നു.

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 32 പ്രസിദ്ധീകരിച്ചിരിക്കുന്നു )

Tuesday, December 1, 2009

ദര്‍ശനം പുണ്യദര്‍ശനം - ഭാഗം 4.

അഞ്ചാമത്തെ തവണ ശബരിമലക്ക് പുറപ്പെടുമ്പോള്‍ ആകസ്മികമായി ഗുരുസ്വാമി പദവി എന്നെ തേടി എത്തി. മുമ്പ് നാല് പ്രാവശ്യം ഞാന്‍ മലക്ക് പോയിരുന്നെങ്കിലും എനിക്ക് കെട്ടു നിറക്കുന്ന രീതിയോ മറ്റ് ചിട്ടവട്ടകളോ ഒന്നും അറിയില്ലായിരുന്നു.
' അതൊന്നും സാരമില്ലടൊ, ഞാന്‍ ഏതോ കാലത്ത് ഒരു പ്രാവശ്യം പോയതേ ഉള്ളു, തനിക്കല്ലേ കൂടുതല്‍ പരിചയം ' എന്നും 
പറഞ്ഞ് ഞാന്‍ വലിയണ്ണന്‍ എന്ന് വിളിക്കുന്ന കനകപ്പന്‍സ്വാമി ഗുരുസ്വാമിയെന്ന പട്ടം എന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

ധാരാളം അനുഭവ പരിജ്ഞാനവും നല്ല പക്വതയും ഒക്കെ ഉള്ള ആള്‍ക്കേ ഗുരുസ്വാമിയാവാന്‍ അര്‍ഹതയുള്ളു. ഇതൊന്നുമില്ലാതെ
ഇറങ്ങി തിരിച്ചതിന്‍റെ പോരായ്മ ആ യാത്രയില്‍ ഉടനീളം അനുഭവപ്പെട്ടു.

വലിയ ഒരു സംഘമായിരുന്നില്ല ഞങ്ങളുടേത്. ഞാനും വലിയണ്ണനും അദ്ദേഹത്തിന്‍റെ അനുജന്‍ അര്‍ജുനനും മറ്റൊരു സുഹൃത്ത് ഈശ്വരകുമാരനും അടങ്ങുന്ന സംഘത്തിലേക്ക് യാത്ര പുറപ്പെടുന്നതിന്ന് തൊട്ട് മുമ്പ് പേരും പെരുമയുമുള്ള സമ്പന്നമായ ഒരു നമ്പൂതിരി കുടുംബത്തിലെ വൃദ്ധനായ സ്വാമിയും അംഗമായി.

മകര വിളക്ക് തൊഴാനുള്ള ഉദ്ദേശം ഉള്ളതിനാല്‍ ഭക്ഷണത്തിന്ന് ആവശ്യമായ അരിയും മറ്റു പൂജാസാധനങ്ങളും നിറച്ച വലിയ
പള്ളിക്കെട്ടുകളും , വസ്ത്രങ്ങളും അത്യാവശ്യം കരുതേണ്ട സാധനങ്ങളും നിറച്ച തോള്‍ സഞ്ചികളും അലുമിനിയം പാത്രങ്ങളും
ഒക്കെ ആയിട്ടാണ് യാത്ര. വലിയണ്ണന്‍റെ മേല്‍നോട്ടത്തില്‍ കെട്ടുനിറ പിഴവില്ലാതെ നടത്തി.

എരുമേലി പേട്ട തുള്ളല്‍ കഴിഞ്ഞ് നടന്ന ഞങ്ങള്‍ പേരൂര്‍ തോടില്‍ വിശ്രമിച്ചു. വെയില്‍ കുറഞ്ഞതും അഴുതയിലേക്ക് നടന്നു.
അന്ന് അതൊരു മണ്‍പാതയായിരുന്നു. അയ്യപ്പന്മാര്‍ അധികമൊന്നുമില്ല. രാത്രി വിശ്രമം അഴുതയിലാക്കി. ഇട തൂര്‍ന്ന
വനത്തിനകത്ത് കുറച്ച് അയ്യപ്പന്മാര്‍ മാത്രം. പല വിധത്തിലുള്ള ശബ്ദങ്ങളും കേട്ട് ഞങ്ങള്‍ ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ഇറങ്ങി
ചെന്നു.

പിറ്റേന്ന് കുളിച്ച് യാത്ര തുടര്‍ന്നു. സമയത്തിന്ന് എഴുന്നേല്‍ക്കാത്തതിനാല്‍ വലിയണ്ണന്‍ ഉദ്ദേശിച്ച നേരത്ത് പുറപ്പെടാനായില്ല.
കല്ലിടാം കുന്നില്‍ കല്ലിട്ട് വന്ദിച്ച് നടന്ന് തുടങ്ങിയതും ' നടക്കാന്‍ പറ്റുന്നവര്‍ വേഗം നടന്നോളിന്‍. ഞാന്‍ ഈ സ്വാമിയേയും 
കൂട്ടി മെല്ലെ വരാം ' എന്ന് വയസ്സന്‍ സ്വാമിയെ കണക്കാക്കി വലിയണ്ണന്‍ പറഞ്ഞു. വേഗം നടന്നാല്‍ ഇരുട്ട് ആവും മുമ്പ്
പമ്പയില്‍ എത്താമെന്ന് ആരോടോ അന്വേഷിച്ച് പറഞ്ഞു തരികയും ചെയ്തു.

പമ്പയില്‍ എത്തിയാല്‍ എങ്ങിനെ കണ്ടെത്താം എന്ന ഈശ്വരകുമാരന്‍റെ ചോദ്യത്തിന് ' വഴി വക്കത്ത് ഇരുന്നാല്‍ മതി, എളുപ്പം
കണ്ടെത്താം, പറ്റിയില്ലെങ്കിലോ മൈക്കില്‍ അനൌണ്‍സ് ചെയ്യാലോ ' എന്ന് അണ്ണന്‍ മറുപടി നല്‍കി. ആ നേരത്ത് എന്‍റെ ബുദ്ധിയില്‍ ഒരു വികടത്വം ഉദിച്ചു. ' അനൌണ്‍സ് ചെയ്യാന്‍ പൈസ ഒന്നും കൊടുക്കേണ്ടല്ലോ, എന്നാല്‍ പിന്നെ നമുക്ക്
ഇടക്കിടക്ക് ചെന്ന് വെറുതെ നമ്മള്‍ ഓരോരുത്തരുടേയും പേര് പറഞ്ഞ് വിളിക്കാം. അതും ഒരു രസം ആയിക്കോട്ടെ '.
വലിയണ്ണന്‍ എന്നെ ഒന്ന് തറപ്പിച്ച് നോക്കി.

അര്‍ജുനനും ഈശ്വരകുമാരനും ഞാനും നടപ്പിന്ന് വേഗത കൂട്ടി. മണ്ണിനെ മൂടി കിടന്ന മഞ്ഞു വീണ് തണുത്ത ഉണങ്ങിയ ഇലകള്‍ പാദങ്ങള്‍ക്ക് നല്ല സുഖമേകി, ക്രമേണ നടത്തം  ഓട്ടമായി പരിണമിച്ചു. ചെറുപ്പത്തിന്‍റെ കരുത്ത് ഒരാളുപോലും ഞങ്ങളെ മറി കടന്ന് പോകരുതെന്നൊരു വാശി ഞങ്ങളില്‍ ഉണ്ടാക്കി. കരിമല കയറിയതും ഇറങ്ങിയതും അറിഞ്ഞതേയില്ല.ഭക്ഷണം ഒന്നും
കഴിച്ചിട്ടില്ലെങ്കിലും ഒരു ക്ഷീണവും ഞങ്ങള്‍ക്ക് തോന്നിയില്ല.

പത്ത് മണിയോടെ ഞങ്ങള്‍ ഒരു പുഴ വക്കത്തെത്തി. അത് പമ്പയായിരുന്നു. ഇതാണോ ഇത്ര കഠിനം എന്ന് പറയുന്നത് എന്നൊരു തോന്നല്‍ ഉള്ളിലുണ്ടായി. വഴി അരികിലായി മെത്തപ്പായ നിവര്‍ത്തി ഞങ്ങളിരുന്നു. അപ്പോഴാണ്പാത്രങ്ങള്‍ കരിമല മുകളില്‍
വെച്ച് മറന്നിട്ടാണ് വന്നത് എന്നറിയുന്നത്. അര്‍ജുനന്‍ തിരിച്ച് ഓടി അത് എടുത്ത് വരുന്നത് വരെ അതിലെ കൂടി കടന്ന് പോകുന്ന അയ്യപ്പന്മാരേയും നോക്കി നേരം കളഞ്ഞു.

അധികം വൈകാതെ പാത്രങ്ങളുമായി അര്‍ജുനനെത്തി. ഞങ്ങള്‍ കാത്തിരിപ്പ് തുടര്‍ന്നു.നേരം ഏറെ കഴിഞ്ഞിട്ടും അണ്ണനും
തിരുമേനിയും എത്തിയില്ല. പാത്രങ്ങള്‍ ഞങ്ങളുടെ കൈവശം, മറ്റു സാധനങ്ങള്‍ അവരുടെ കയ്യിലും. തല്‍ക്കാലം ഒന്നും
ചെയ്യാനില്ലാത്ത അവസ്ഥ. ഞാന്‍ ഇത്തിരി ഉറങ്ങട്ടെ, നിങ്ങള്‍ കാവലിരിക്കിന്‍ എന്നും പറഞ്ഞ് ഞാന്‍ കിടന്നു. ഞാന്‍
ഉറക്കത്തിലായപ്പോള്‍ ' ഒരാള്‍ക്ക് എന്തിനാ രണ്ടുപേര്‍ കാവലിന്ന് ' എന്നും പറഞ്ഞ് ഈശ്വരകുമാരനും കിടന്നു. ഏറെ
വൈകാതെ അര്‍ജുനനും ഉറക്കമായി.

ഞങ്ങള്‍ ഉണരുമ്പോള്‍ കുറച്ച് അകലെയായി പമ്പാതടം ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു. ആരുടേയോ ഭാഗ്യത്തിന് ഞങ്ങളുടെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കൂടെയുള്ള അണ്ണനും തിരുമേനിയും എത്തിയോ , അവര്‍ എവിടെയാണ്എന്നൊന്നും അറിയില്ല.
ഞങ്ങള്‍ പരിസരം മുഴുവന്‍ തിരച്ചില്‍ ആരംഭിച്ചു. അരണ്ട വെളിച്ചത്തില്‍ മിക്കവാറും വിരികളില്‍ ചെന്ന് നോക്കി.
ആയിരകണക്കിന് ഭക്തന്മാര്‍ക്കിടയില്‍ അവരെ എങ്ങിനെ കാണാനാണ്.

മൈക്ക് അനൌണ്‍സ്മെന്‍റ് ചെയ്യുകയേ ഇനി വഴിയുള്ളു എന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. അര്‍ജുനനും ഈശ്വരകുമാരനും 
അതിന്നായി പുറപ്പെട്ടു. ഒറ്റക്ക് കെട്ടുകള്‍ക്കും സാധനങ്ങള്‍ക്കും കാവലിരിക്കുമ്പോള്‍ രാവിലെ പുറപ്പെടുമ്പോള്‍ ഞാന്‍ എഴുന്നെള്ളിച്ച
വിടുവായത്തം മനസ്സില്‍ എത്തി. ' ഒരു രസത്തിന്ന് മൈക്കില്‍ വിളിച്ചു പറയാം ' എന്ന് പറഞ്ഞതിന്ന് ഭഗവാന്‍ ഞങ്ങളെ
പരീക്ഷിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്‍റെ മനസ്സില്‍ പശ്ചാത്താപം നിറഞ്ഞു. ഞാന്‍ ഉള്ളുരുകി ഭഗവാനെ പ്രാര്‍ത്ഥിച്ചു.

പത്ത് മണിയോടെ കൂട്ടുകാര്‍ തിരിച്ചെത്തി. അവര്‍ ഇതിനകം നിരവധി തവണ അണ്ണനേയും തിരുമേനിയേയും മൈക്കിലൂടെ
വിളിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല. ഇനി ഈ രാത്രിയില്‍ ഒന്നും നടക്കില്ല. അര്‍ജുനന്‍ ഒരു പൊതി നീട്ടി. ' പൊറോട്ടയാണ്.
ഇത് കഴിച്ചോളൂ ' എന്ന് പറഞ്ഞു. ഞാന്‍ അത് വാങ്ങി കയ്യില്‍ വെച്ചു.

ഇരുപത്തിനാല് മണിക്കൂറിലേറെയായി വല്ലതും കഴിച്ചിട്ട്. വിശപ്പും ക്ഷീണവും അതിലേറെ കുറ്റബോധവും കൂടി എന്നെ തളര്‍ത്തിയിരുന്നു. ആ പൊതി തുറക്കുന്നതിന്ന് മുമ്പ് എനിക്ക് വലിയണ്ണനേയും തിരുമേനിയേയും ഓര്‍മ്മ വന്നു. പാവങ്ങള്‍. ഞങ്ങളെ കാണാതെ  രണ്ടുപേരും വിഷമിക്കുന്നുണ്ടാവും. അവര്‍ ആഹാരം വല്ലതും കഴിച്ചിട്ടുണ്ടാവുമോ ? എന്‍റെ പാഴ്വാക്ക്
മാത്രമാണ് ഇതിനൊക്കെ കാരണം എന്നൊരു തോന്നല്‍ പെട്ടെന്ന് ഉണ്ടായി.

എന്‍റെ തെറ്റിന്ന് പ്രായശ്ചിത്തം ചെയ്യണം എന്ന് ഞാന്‍ നിശ്ചയിച്ചു. സംഘത്തിലെ എല്ലാവരും ഒത്തു ചേര്‍ന്നതിന്ന് ശേഷമേ ഭക്ഷണം
കഴിക്കൂ എന്ന് ഞാന്‍ ഉറച്ചു. ആ ഭക്ഷണപ്പൊതിയുമായി മെല്ലെ എഴുന്നേറ്റ്നടന്നു. ഇരുളിലേക്ക് ആ പൊതി വലിച്ചെറിഞ്ഞു.

പുഴയിലിറങ്ങി കൈകലുകളും മുഖവും കഴുകി തിരിച്ചു വന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി വെറുതെ കിടന്നു. എത്ര നേരം ഞാന്‍ അങ്ങിനെ കിടന്നു എന്ന് എനിക്കറിയില്ല. ക്രമേണ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഒന്നൊന്നായി അരങ്ങൊഴിഞ്ഞു. തെളിഞ്ഞ നീലാകാശം ക്ഷേത്ര കവാടമായി പരിണമിക്കുകയാണ്. തുറന്ന വാതിലിന്നപ്പുറത്ത് അയ്യപ്പസ്വാമി വരദാഭയങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഇരിക്കുന്നു. കൂപ്പിയ കൈകളുമായി ഞാന്‍ പുറത്തും. ക്ഷേത്ര പരിസരത്ത് ആരുമില്ല. അഭിഷേകങ്ങളോ
അര്‍ച്ചനകളോ ഒന്നുംഇല്ല. തിരുമുമ്പില്‍ പ്രകാശം ചൊരിയുന്ന ഒരേയൊരു നെയ്ത്തിരി മാത്രം.

അത് എന്‍റെ മനസ്സായിരുന്നു.

( ഈ യാത്രയിലെ മറ്റ് അനുഭവങ്ങള്‍ തുടര്‍ന്ന് എഴുതുന്നതാണ്. )

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 31 പ്രസിദ്ധീകരിച്ചിരിക്കുന്നു. )