Wednesday, March 11, 2009

ചീട്ടുകളി മാഹാത്മ്യം - മൂന്നാം ഭാഗം 

നാല്‍പ്പത്കൊല്ലത്തോളം സന്തോഷം നല്‍കിയ ചീട്ടുകളി,അത്യന്തം ശോകപര്യവസായി ആയ ഒരു കഥയായി മാറി. പല കാലഘട്ടങ്ങളിലായി പലരും ക്ലബ്ബില്‍ നിന്ന് കൊഴിഞ്ഞു പോയി. സ്ഥലംമാറി പോവുക, താമസിക്കുന്ന ഇടം മാറി ദൂരസ്ഥലത്തേക്ക്പോവുക എന്നീ കാരണങ്ങള്‍ കൂടാതെ, എന്നെന്നേക്കുമായി ഈ ലോകത്തില്‍ നിന്നും ഒഴിഞ്ഞു പോയവരും കൊഴിഞ്ഞു പോയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ചീട്ടുകളിയുടെ ഒരു പ്രത്യേകത ഓരോ കളിയും കഴിയുമ്പോള്‍ , അതിനെ കുറിച്ച് നടത്തുന്ന വിശകലനമാണ്. ചിലപ്പോള്‍ ആ വിധത്തിലുള്ള സംഭാഷണം അതിരു കടന്നു പോവും. അത്തരം ഒരു സന്ദര്‍ഭത്തിലാണ്ക്ലബ്ബില്‍ നിന്നും ആദ്യത്തെ കൂട്ടായ കൊഴിഞ്ഞുപോവല്‍ നടന്നത്. തേനൂരില്‍ നിന്നും കളിക്കാന്‍ വന്നിരുന്ന ബാലന്‍ നായര്‍, ജനാര്‍ദ്ദനന്‍, ഗോവിന്ദന്‍, അബ്ദുള്‍ സുബ്ഹാന്‍ തുടങ്ങിയവര്‍ കളിയെ കുറിച്ച് ഉണ്ടായ നിസ്സാര തര്‍ക്കത്തെ തുടര്‍ന്ന് എന്നെന്നേക്കുമായി ക്ലബ്ബില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് കുറെ കാലം അവര്‍ തേനൂരില്‍ തന്നെ വേറൊരു താവളം ഉണ്ടാക്കി കളിയോഗം തുടര്‍ന്നു . അവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല.

അയ്യപ്പന്‍, രാമകൃഷ്ണന്‍, മണിയേട്ടന്‍, സേതു നായര്‍, മൊയ്തീന്‍ തുടങ്ങിയവരൊക്കെ പലപ്പോഴായി ഭൂമുഖത്തു നിന്ന് മറഞ്ഞു. ക്ലബ്ബില്‍ പുതിയതായി ആരേയും അംഗങ്ങള്‍ ആയി എടുക്കാതിരുന്നതിനാല്‍, പഴയ അംഗങ്ങള്‍ ഇല്ലാതാവുമ്പോഴൊക്കെ ഭാവിയെ കുറിച്ച് ഇനിയെന്ത് എന്ന തോന്നല്‍ ഉണ്ടാവും. ഉടനെ തന്നെ പുതിയതായി ആരെയെങ്കിലും ക്ലബ്ബിലേക്ക് ആവാഹിക്കണമെന്ന്ചിലരെങ്കിലും പറയും. നാലുദിവസം കഴിയുന്നതോടെ ആ സംഭാഷണം നിലയ്ക്കും. വീണ്ടും ഒരു സന്ദര്‍ഭം ഉളവാകുന്നതുവരെ ക്ലബ്ബിന്‍റെ നിലനില്‍പ്പിനെ കുറിച്ച് കുറിച്ച് ആരും ഓര്‍ക്കാറില്ല.

ഒരു കാലഘട്ടം കഴിയുമ്പോള്‍ എല്ലാറ്റിനും ഒരു പരിവര്‍ത്തനം സംഭവിക്കുമല്ലോ. ഇവിടേയും അത് സംഭവിച്ചു. പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ ഒന്നും സ്ഥാപനത്തില്‍ ക്രമേണ ഇല്ലാതായി. മാസം തികയുമ്പോള്‍ വാടക കൊടുക്കണം, ഇടക്ക് പുതിയ ചീട്ടുകെട്ട് വാങ്ങണം തുടങ്ങിയ ചിലവുകള്‍ ഉണ്ടാവും. അതിന്ന് ഉള്ള വഹ അംഗങ്ങള്‍ വീതിച്ചെടുക്കണം. ചന്ദ്രന്‍മാസ്റ്റര്‍ വളരെ ഭംഗിയായി പിരിവ് നടത്തി പണമിടപാടുകള്‍ ചെയ്തു വന്നു. ഒരിക്കലും കമ്മിവരാതേയും അധികമാവാതേയും വീതം വെപ്പ് നടത്താന്‍ അദ്ദേഹത്തിന്ന് മാത്രമേ കഴിയൂ.

കൊഴിഞ്ഞു പോവലിന്നൊടുവില്‍, എനിക്ക് പുറമെ ചന്ദ്രന്‍ മാസ്റ്റര്‍, കുഞ്ഞുമോനുക്കായി, ദാസേട്ടന്‍, രാധാകൃഷ്ണന്‍, മാധവേട്ടന്‍, ഗോപിയേട്ടന്‍, അജിതകൃഷ്ണന്‍ എന്നിവര്‍ മാത്രമായി ചീട്ടുകളി സംഘം ചുരുങ്ങി. സ്ഥിരം കളിക്കാര്‍ക്ക് പുറമെ മൊയ്തു ക്ലബ്ബില്‍ നിത്യനാണ്. ചീട്ടുകെട്ട്, മെഴുകുതിരി എന്നിവ വാങ്ങിക്കുക, വല്ലപ്പോഴും മാറാല തട്ടുക എന്നീ സേവനങ്ങള്‍ മൊയ്തു ചെയ്യും. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന മട്ടില്‍ കഴിയുമ്പോള്‍, ഒരു ദിവസം ഗോപിയേട്ടനുമായി ചന്ദ്രന്‍മാസ്റ്റര്‍ ഇടഞ്ഞു. ഇനി ഞാന്‍ ഇങ്ങോട്ടില്ല എന്നും പറഞ്ഞ് ഗോപിയേട്ടന്‍ ഇറങ്ങിപ്പോയി. അതിന്ന് ശേഷം പല കാലത്തും അദ്ദേഹത്തെ അനുനയിപ്പിച്ച് ക്ലബ്ബിലേക്ക് കൊണ്ടുവരാന്‍ മറ്റുള്ളവരൊക്കെ കാര്യമായി ശ്രമിച്ചെങ്കിലും പുള്ളിക്കാരന്‍ വഴങ്ങിയില്ല.

ഗോപിയേട്ടന്‍ വരാതായതിന്ന് ശേഷം മൊയ്തുവിനെ കളിക്കാരന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തി. കുഞ്ഞുമോനുക്കായിയുടെ വക സീതീഹാജി പുരാണം, ചന്ദ്രന്‍ മാസ്റ്ററുടെ വക ലോക്കല്‍ വിശേഷങ്ങള്‍ എന്നിവയുടെ മേമ്പൊടിയോടെ കളിയോഗം തുടരുന്നതിന്നിടയില്‍ ദാസേട്ടന്‍ കോഴിക്കോട്ടേക്ക് താമസം മാറ്റി. കളിക്കാരുടെ എണ്ണം ആറായി കുറച്ചും മൊയ്തുവിനെ ലീവ് റിസര്‍വ് ആക്കിയും ഞങ്ങള്‍ ആ പ്രതിസന്ധി മറി കടന്നു. അങ്ങിനെയിരിക്കുമ്പോള്‍ കുഞ്ഞുമോനുക്കായിയെ കാണാനില്ല. ' മൂപ്പര് ഏങ്ങി വലിച്ചും കൊണ്ട് വീടിന്‍റെ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു' എന്ന് മൊയ്തു അറിയിച്ചു. ആ അസുഖം മാറി പിന്നീട് അദ്ദേഹം കളിക്കാന്‍ വന്നിട്ടില്ല. ചോദിച്ചാല്‍ സ്റ്റെപ്പ് കയറി മുകളിലേക്ക് വരാന്‍ വയ്യ എന്ന് പറഞ്ഞ് ഒഴിവാകും. ഏതാനും മാസം കഴിഞ്ഞു. ഒരു വൈകുന്നേരം കുഞ്ഞുമോനുക്കായി ഇല്ലാതായി.

രാധേട്ടന്‍ തന്‍റെ വീട് വിറ്റ് നഗരത്തിലേക്ക് താമസം മാറാനുള്ള ആശയം ഒരു ദിവസം അവതരിപ്പിച്ചു. അതോടെ ഷാപ്പ് പൂട്ടും എന്ന് ഉറപ്പായി. പക്ഷെ ഭാഗ്യവശാല്‍ രാധേട്ടന്‍ സ്ഥലം വിടുമ്പോഴേക്കും, പുതിയ ഒരംഗം വന്നെത്തി. എല്ലാ വൈകുന്നേരവും ബാലന്‍ മാസ്റ്റര്‍ തേനൂരില്‍ നിന്നും വന്ന് ഞങ്ങളുടെ കൂടെ കളിയോഗത്തില്‍ പങ്കുകൊള്ളും. അതോടെ വീണ്ടും ആറുപേരുമായി ഒരുവിധം സ്ഥാപനം ഉന്തി തള്ളി നീക്കി. ഇതിനകം കളിയുടെ സമയക്രമത്തില്‍ മാറ്റമുണ്ടായി. 6 മണിക്ക് തുടങ്ങി 8.30 വരെ കളിച്ചിരുന്നത് ചുരുങ്ങി 7 മുതല്‍ 8 വരെ എന്നാക്കി. കളിയേക്കാള്‍ ഉപരി നാട്ടുവര്‍ത്തമാനം അറിയാനുള്ള വേദിയായി ക്ലബ്ബ് മാറി. തന്‍റെ കാലശേഷം ക്ലബ്ബ് ഇട്ടുവീഴാതെ നോക്കണമെന്ന് ചന്ദ്രന്‍ മാസ്റ്റര്‍ എപ്പോഴും പറയും. പക്ഷെ ആ കാര്യത്തെക്കുറിച്ച് ആര്‍ക്കും ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നില്ല.

ഒരു ദിവസം കടവത്ത് വെച്ച് ക്ലബ്ബിന്ന് വാടക അഡ്വാന്‍സായി നില്‍ക്കുകയാണെന്നും എപ്പോഴെങ്കിലും വേണ്ടാ എന്ന് തോന്നുന്ന പക്ഷം താക്കോല്‍ മടക്കി കൊടുത്താല്‍ മതി, പണം കൊടുക്കരുത് എന്നും മാഷ് എന്നോട് പറഞ്ഞു. എന്തെങ്കിലും തനിക്ക് പറ്റിയാല്‍ ആരെങ്കിലും അറിഞ്ഞിരിക്കണമല്ലോ എന്ന് വിചാരിച്ച് പറയുന്നതാണെന്നും പറഞ്ഞു. 'മാഷേ നിങ്ങള്‍ക്ക് എന്താ പറ്റുക, അഥവ വല്ലതും മേത്ത് പറ്റിയാല്‍തന്നെ നമുക്ക് അത് തുടച്ചു കളയാമല്ലോ' എന്ന് ഞാന്‍ ലാഘവത്തോടെ മറുപടിയും നല്‍കി.

2006 ഡിസമ്പര്‍ മാസം 31. രാത്രി 8 മണി കഴിഞ്ഞു. ഒരു സംവത്സരം കൂടി കൊഴിഞ്ഞു വീഴാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ക്ലബ്ബ് പൂട്ടി, ഞങ്ങള്‍ പടികളിറങ്ങി റോഡിലെത്തി. പുറകില്‍ വന്ന ചന്ദ്രന്‍ മാസ്റ്റര്‍ മൊയ്തുവിനോട്' എടാ മൊയ്തു, നാളെ നീ നേരത്തെ എത്തണം. കൊല്ലം പിറന്ന രാവിലെ രണ്ടു ചെവിയിലും കൊടി കേറ്റി വെച്ചാല്‍ ഒരു കൊല്ലത്തെക്കുള്ള വര്‍ക്കത്ത് ആവും അത്. മറക്കാതെ നേരത്തെ എത്തിക്കോ' എന്ന് പറയുന്നത് കേട്ടു.

പിറ്റേന്ന് വൈകുന്നേരം. ഞാനും രാമചന്ദ്രനും വീട്ടിന്‍റെ മുറ്റത്തിരുന്ന് വര്‍ത്തമാനം പറയുന്നു. പെട്ടെന്ന് ഒരു ഫോണ്‍. ചെക്ക്പോസ്റ്റിന്നടുത്ത് ഒരു അപകടം ഉണ്ടായി. ആളുകള്‍ കൂടി നില്‍ക്കുന്നു. ചെറിയ മകന്‍ ഉണ്ണിക്കുട്ടന്‍ ബൈക്ക് ഓടിച്ചു പോയി. മിനുട്ടുകള്‍ക്കകം അവന്‍ തിരിച്ചെത്തി. 'അച്ചാ, ചന്ദ്രന്‍ മാഷക്കാണ് അപകടം പറ്റിയത്. കാലില്‍ കൂടി ടാറ്റാസുമോ കയറി. അങ്ങേരെ ആസ്പ്ത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.'ഞാനും അജിതനും ബാലന്‍ മാസ്റ്ററും കൂടി അജിതന്‍റെ കാറില്‍ പാലക്കാട്ടേക്ക് വിട്ടു. അവിടെ എത്തുന്നതിന്ന് മുമ്പ് ഉണ്ണികുട്ടന്‍ എന്‍റെ മൊബൈലില്‍ വിളിച്ച് ചന്ദ്രന്‍ മാസ്റ്റര്‍ എന്നെന്നേക്കുമയി പോയി എന്ന് അറിയിച്ചു.

അതോടെ ക്ലബ്ബിന്‍റെ നെടുംതൂണ്‍ ഇല്ലാതായി. മൂന്ന് മാസത്തേക്ക് ക്ലബ്ബ് തുറന്നില്ല. വാടക ഞാനോ, അജിതനോ, ബാലന്‍ മാസ്റ്ററോ കൃത്യമായി കൊടുത്തുപോന്നു. പിന്നീട് വല്ലപ്പോഴും ക്ലബ്ബ് തുറക്കും. മൊയ്തുവും മാധവേട്ടനും ഞങ്ങള്‍ മൂന്നുപേരും ചടങ്ങ് നടത്തും. അത് അങ്ങിനെ ഇടക്ക് തുടര്‍ന്നു. 2008 ജനവരിയിലെ വാടക ഞാന്‍ കൊടുത്തു. ആ മാസം ആദ്യമായി വാടക കൊടുക്കണ്ടേ എന്ന് എന്ന് മാധവേട്ടന്‍ ഞങ്ങളോട് ചോദിച്ചു.കൃത്യമായി വാടക കൊടുക്കുന്നുണ്ട് എന്ന വിവരം പറഞ്ഞപ്പോള്‍ അടുത്ത മാസം താന്‍ കൊടുക്കാമെന്ന് മൂപ്പര്‍ ഏറ്റു. പക്ഷെ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് 2008 ജനവരി 25ന്ന് ക്ലബ്ബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഉടമസ്തര്‍ പൊളിച്ചു. തലേന്ന് വൈകുന്നേരം കൂടി ഞങ്ങള്‍ അവിടെ കളിച്ചതാണ്. കെട്ടിടം പൊളിക്കുന്നതിനെ കുറിച്ച്അപ്പോള്‍പോലും ഞങ്ങള്‍ക്ക് ഒരു സൂചനയും തന്നിരുന്നില്ല, ബാങ്കില്‍ പോയി വരുന്ന വഴിക്ക് അജിതന്‍ കണ്ടിട്ട് എന്നെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞതാണ്.

അങ്ങിനെ താവളം നഷ്ടപ്പെട്ട് സായാഹ്നം ചിലവഴിക്കാന്‍ വഴി കാണാതെ ഞങ്ങള്‍ വിഷമിച്ചു. കിടപ്പാടം നഷ്ടപ്പെട്ടവര്‍ പൊതുസ്ഥലം അതിക്രമിച്ച് ചേക്കേറുന്ന കാര്യം അപ്പോഴാണ് മനസ്സില്‍ കടന്നു വരുന്നത്. റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലുള്ള ബെഞ്ചില്‍ ഇരുന്ന് സംസാരിച്ച് നേരം കൊല്ലാമെന്ന ആശയം അതോടെ ഉത്ഭവിച്ചു. വൈകുന്നേരം ആറരയോടുകൂടി അജിതന്‍ സ്കൂട്ടറില്‍ എത്തും. ഏതാണ്ട് അതേ സമയത്ത് ബസ്സില്‍ ബാലന്‍മാസ്റ്ററും എത്തും. സ്റ്റേഷന്‍ എന്‍റെ വീടിന്‍റെ മുമ്പില്‍ തന്നെ ആയതിനാല്‍ ഏറ്റവും സൌകര്യം എനിക്കായിരുന്നു. ചീട്ടുകളി മുടങ്ങിയെങ്കിലും നാട്ടു വര്‍ത്തമാനം പറഞ്ഞ് ഞങ്ങള്‍ നേരം പോക്കി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മൊയ്തുവും മാധവേട്ടനും വന്നു ചേര്‍ന്നതോടെ വീണ്ടും കമ്പനി പൂര്‍വാധികം ഭംഗിയായി മുന്നോട്ട് നീങ്ങി. മാധവേട്ടന്‍ സ്വന്തം വീടിനോട് ചേര്‍ന്ന ഒരു മുറി കളിക്കായി ഒരുക്കാമെന്ന് പറഞ്ഞെങ്കിലും ആരും ആ പരിപാടിയോട് യോജിച്ചില്ല.

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളെ കുറിച്ച് ഒരു സര്‍വ്വേ തന്നെ ഞങ്ങള്‍ എടുത്തു.വാടകക്ക് ഏതാണ് ഒത്തു കിട്ടുക എന്ന് പറയാനാവില്ലല്ലൊ. വേണ്ടി വന്നാല്‍ ക്ലബ്ബിന്ന് ചെറിയൊരു കെട്ടിടം വില കൊടുത്ത് വാങ്ങാന്‍ പോലും മാധവേട്ടന്‍ തയ്യാറായിരുന്നു. 2008 മാര്‍ച്ച് 2. പതിവുപോലെ വൈകുന്നേരം റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ ഒത്തു കൂടി. മാധവേട്ടന്‍ വളരെ വൈകിയാണ്സ്ഥലത്ത് എത്തിയത്. മൂപ്പര്‍ തേനൂര്‍ അത്താഴം പൊറ്റ കാവില്‍ ചെന്ന് ഭഗവതിയെ തൊഴുത് വരുന്ന വഴിയാണ്. ഒരു സ്ഥലം വാങ്ങി ചെറിയൊരു കെട്ടിടം പണിയണമെന്ന മോഹം ആ സമയത്ത് അദ്ദേഹം അവതരിപ്പിച്ചു. ആരും അത് അത്ര കാര്യമായി എടുത്തില്ല. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനെ കുറിച്ച് ഓര്‍ത്തിട്ടുള്ള മടി തന്നെയായിരുന്നു കാരണം.

എട്ടു മണി ആയപ്പോള്‍ ബാലന്‍ മാസ്റ്റര്‍ എഴുന്നേറ്റു.തേനൂരിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കമാണ്. അദ്ദേഹം മാധവേട്ടനോട് കൂടെ വരുന്നോ എന്ന്അന്വേഷിച്ചു. കാല്‍ മണിക്കൂറു കൂടി കഴിഞ്ഞിട്ടേ താന്‍ വരുന്നുള്ളു എന്നും പറഞ്ഞ് മാധവേട്ടന്‍ അവിടെ തന്നെ ചടഞ്ഞു കൂടി. സമയം എട്ടേകാലായി.ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റു. എനിക്കും അജിതനും ഞങ്ങള്‍ ഇരിക്കുന്ന ഭാഗത്തിന്‍റെ പുറകു വശത്തു കൂടി വീട്ടിലേക്ക് പോകാം. മറ്റുള്ളവര്‍ക്ക് എതിര്‍ വശത്തുക്കൂടി പോകണം . പ്ലാറ്റ്ഫോമില്‍ നിന്നും ചാടി ഇറങ്ങി, നാലു റെയിലും കടന്ന്, മറുഭാഗത്തെ പ്ലാറ്റ്ഫോമില്‍ ഏന്തി വലിഞ്ഞു കയറി പോകുകയാണ് പതിവ്. 'മാധവേട്ടാ, നിങ്ങള്‍ വേണ്ടാത്ത പണിക്ക് നില്‍ക്കണ്ടാ. വീണ് വല്ല കയ്യോ കാലോ ഒടിഞ്ഞാല്‍ പുലിവാലാകും' എന്നൊരു മുന്നറിയിപ്പ് അജിതന്‍ നല്‍കി. മൊയ്തുവിനോട് മാധവേട്ടനെ കൂടെ കുട്ടി പോവണമെന്ന് ശട്ടം കെട്ടുകയും ചെയ്തു.

ആ സമയത്താണ് 'സാറേ' എന്നൊരു വിളി കേള്‍ക്കുന്നത്. മാധവേട്ടനെ ഉദ്ദേശിച്ചായിരുന്നുഅത്. പക്ഷെ അദ്ദേഹം വര്‍ത്തമാനത്തിന്നിടയില്‍ ആ വിളി കേട്ടില്ല. രണ്ടാമതും സാര്‍ എന്ന വിളി പുറപ്പെട്ടപ്പോള്‍ ഞാന്‍ മാധവേട്ടനോട് വിവരം പറഞ്ഞു. 'ങാഹാ താനാണോ, ഇനി ഇപ്പോള്‍ ഞാന്‍ തന്‍റെ കൂടെ ഈ വഴിക്ക് വരുന്നു' എന്നും പറഞ്ഞ് മൂപ്പര്‍ ആഗതനോടൊപ്പം പോയി. പിറ്റെ ദിവസം കാലത്തെ നടപ്പും കഴിഞ്ഞ് ഞാന്‍ വീടെത്തിയതും ഒരു ഫോണ്‍ കാള്‍. കുഞ്ഞിക്കണ്ണനാണ്. 'തമ്പ്രാന്‍ നമ്മടെ മാധവേട്ടന്‍ ഇന്നലെ പോവുമ്പോള്‍ മോട്ടോര്‍ സൈക്കിള്‍ തട്ടി ആസ്പത്രിയിലാണ്. കാണാന്‍ പോവുന്നില്ലേ ' എന്നും പറഞ്ഞ് സന്ദേശം അവസാനിപ്പിച്ചു. ഇന്നലെ ബാലന്‍മാസ്റ്ററുടേയോ, മൊയ്തുവിന്‍റേയോ കൂടെ മാധവേട്ടന്‍ പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തു. മിനുട്ടുകള്‍ക്കകം ഒലവക്കോട്ടു നിന്നും രാധേട്ടന്‍റെ ഫോണ്‍. 'മാധവേട്ടന്ന് അപകടം പറ്റി എന്ന് കേട്ടു. കൂടുതല്‍ വല്ലതും അറിയാമോ' എന്ന അന്വേഷണം. വിവരം മനസ്സിലാക്കി തിരിച്ചു വിളിക്കാമെന്ന് ഞാന്‍ ഏറ്റു. അതിന്ന് മുമ്പേ രാധേട്ടന്‍ എന്നെ വീണ്ടും വിളിച്ചു. മാധവേട്ടന്‍ കഥാവശേഷനായി എന്ന് അറിയിക്കാനായിരുന്നു ആ തവണ വിളിച്ചത്.

അതിന്നുശേഷം മൊയ്തുവും ബാലന്‍ മാസ്റ്ററും സ്റ്റേഷനിലേക്ക് വരുന്നത് നിര്‍ത്തി ." നിങ്ങളുടെ ക്ലബ്ബിലെ ആളുകള്‍ രാത്രി നേരത്ത് പോകുമ്പോഴും വരുമ്പോഴും ഒക്കെ അപകടത്തില്‍ പെടുന്നു. അതു കാരണം എനിക്ക് പേടിയാ' എന്ന് ഭാര്യ പറഞ്ഞതായി ബാലന്‍മാസ്റ്റര്‍ പിന്നീട് ഒരു അവസരത്തില്‍ അറിയിച്ചു. എന്തായാലും ഞാനും അജിതനും പിന്മാറിയില്ല. മുട്ടബജ്ജി തിന്നും നിലക്കടല കൊറിച്ചും പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരുന്ന് ഞങ്ങള്‍ സമയം കളഞ്ഞു. ഒരു വൈകുന്നേരം ഞങ്ങള്‍ സംസാരിച്ച് ഇരിക്കുമ്പോള്‍ അജിതനെ വെള്ളുള്ളി മണക്കുന്നതായി തോന്നി. ഞാനത് പറഞ്ഞു. 'ഒരു നെഞ്ചെരിച്ചില്‍ പോലെ തോന്നി. അപ്പൊ മൂന്ന് നാല് അല്ലി വെള്ളുള്ളി തിന്നു' എന്ന് മറുപടിയും കിട്ടി. പിറ്റേന്നും അതിന്ന് അടുത്ത ദിവസവും അജിതന്‍ വന്നില്ല. മുന്നാം പക്കം തങ്കം ഹോസ്പിറ്റലില്‍ ചെന്ന ഉണ്ണികുട്ടന്‍, അജിതനെ നെഞ്ചു വേദനയായി അവിടെ പ്രവേശിപ്പിച്ച വിവരം എന്നെ വിളിച്ച് അറിയിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ആസ്പത്രിയില്‍ ചെന്ന് കൂട്ടുകാരനെ കണ്ടു.

അന്ന് സന്ധ്യ കഴിഞ്ഞ് നേരം ഇരുട്ടിയപ്പോള്‍ ഞാന്‍ വീടിന്‍റെ പടിക്കല്‍ ചെന്നു നിന്നു. റെയില്‍വെ സ്റ്റേഷനിലേക്ക് എന്‍റെ നോട്ടം എത്തി. അപ്പോള്‍ ഞങ്ങള്‍ സ്ഥിരമായി ഇരുന്ന് സംസാരിക്കാറുള്ള ബെഞ്ച് കാലിയായി കിടക്കുന്നു. പെട്ടെന്ന് ഞാന്‍ ഒറ്റപ്പെട്ടതു പോലെ എനിക്ക് തോന്നി. നേരിയ ഭയം എന്നെ ഗ്രസിച്ചു.