Sunday, November 18, 2012

അര്‍ദ്ധരാത്രിയിലൊരു അപൂര്‍വ്വ സംഗമം.

1986 - 87 കാലഘട്ടത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്നത് കാസര്‍ക്കോടിന്ന് സമീപത്തുള്ള ഉദുമയിലായിരുന്നു. വീട്ടില്‍ നിന്ന് ആദ്യമായി പിരിഞ്ഞു താമസിക്കുകയാണ്. വയസ്സായ എന്‍റെ അമ്മയും തീരെ ചെറിയ കുട്ടികളായ മൂന്ന് മക്കളും ഭാര്യയും മാത്രമേ വീട്ടിലുള്ളു. മൂത്ത മകന്‍ പ്രായം എട്ടു വയസ്സ്, ഏറ്റവും ഇളയവന്‍ രണ്ടരയും. അവരെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്ന ചിന്ത എന്നും മനസ്സിനെ വിഷമിപ്പിക്കും. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ ആഴചയും ഞാന്‍ വീട്ടിലേക്ക് പോരും.

 ഉച്ചയ്ക്ക് ഒന്നരയോടെയാണ് മംഗലാപുരം ചെന്നൈ മെയില്‍ കാഞ്ഞാങ്ങാട് എത്തുക. രാത്രി എട്ടരയോടെ ആ വണ്ടി പാലക്കാട് എത്തും. അതിനാല്‍ വീട്ടിലേക്ക് പോരുന്നത് ആ വണ്ടിയിലായിരിക്കും.  ഒന്നു രണ്ടു പ്രാവശ്യം , കാലത്ത് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ പാലക്കാട് എത്തിയിരുന്ന ലിങ്ക് എക്സ്പ്രസ്സില്‍ പോന്നിട്ടുണ്ട്. പെട്ടിയും
ബാഗും ആയി അസമയത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. അതിനാല്‍  രാത്രി നേരത്ത് യാത്ര ചെയ്യുന്ന പതിവ് ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരിക്കല്‍ രാത്രി യാത്ര വേണ്ടി വന്നു. അന്നുണ്ടായ അനുഭവം ഇടയ്ക്ക് ഓര്‍മ്മവരും, പ്രത്യേകിച്ച് കുട്ടികള്‍ പീഡിക്കപ്പെട്ട വാര്‍ത്തകള്‍ ഉണ്ടാവുമ്പോള്‍.

വീട്ടിലും അടുത്തൊന്നും ആ കാലഘട്ടത്തില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്ത് എത്തിയാല്‍ ഞാന്‍ എത്തിയ വിവരം കാണിച്ച് ഒരു എഴുത്തയയ്ക്കും. ഒരാഴ്ചയിലേറെ താമസം ഉണ്ടെങ്കില്‍ വീട്ടില്‍ നിന്ന് ഒരു കത്ത് വരും. അത്ര മാത്രം. ഒരു വ്യാഴാഴ്ച എനിക്ക് വീട്ടില്‍ നിന്ന് ഒരു എഴുത്തെത്തി. പോന്നിട്ട് നാലു ദിവസം ആയതേയുള്ളു. എന്തോ അത്യാവശ്യം ഉണ്ടെന്ന് തോന്നി.

എഴുത്ത് തുറന്നു വായിച്ചു. ഞാന്‍ പോന്ന ദിവസം ചെറിയ മകന് നന്നായി പനിച്ചുവെന്നും രാത്രി ഒമ്പതു മണിയോടെ ഫിറ്റ്സ് ഉണ്ടായപ്പോള്‍ മൂത്ത മകനേയും കൂട്ടി അമ്മ പനിക്കുന്ന കുട്ടിയേയുമെടുത്ത് കുറച്ചകലെയുള്ള ഡോക്ടറുടെ വീട്ടില്‍ കൊണ്ടുപോയി കാണിച്ചുവെന്നും പനി ഭേദപ്പെട്ടിട്ടില്ല എന്നും ആണ് ആ കത്തിലെ വിവരം.

ഉടനെത്തന്നെ വീട്ടിലേക്ക് പോവണമെന്ന് എനിക്ക് തോന്നി. ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം ഒരു മണി കഴിഞ്ഞു.  കാഞ്ഞങ്ങാടെത്താന്‍ അര മണിക്കൂറിലേറെ ബസ്സില്‍ യാത്ര ചെയ്യണം.ലോഡ്ജില്‍ ചെന്ന് സാധനങ്ങളെല്ലാമെടുത്ത് പുറപ്പെട്ടു ചെല്ലുമ്പോഴേക്ക് വണ്ടി  പോയിരിക്കും. ലോഡ്ജില്‍ ഒന്നിച്ചു താമസിക്കുന്ന സഹപ്രവര്‍ത്തകരോട് ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.

'' നീ വൈകീട്ടത്തെ മലബാറിന് ചെല്ല്. രാത്രി പന്ത്രണ്ടര ഒരു മണിയോടെ അത് ഷൊര്‍ണ്ണൂരില്‍ എത്തും '' എല്ലാവരും അണ്ണന്‍ എന്നു വിളിക്കാറുള്ള ജെഫേഴ്സന്‍ പറഞ്ഞു '' കാലത്ത്  ആദ്യത്തെ ബസ്സിന് വീട് പിടിക്ക് ''. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. അഞ്ചു മണിക്കൂറിന്‍റെ പ്രശ്നമല്ലേയുള്ളു എന്നു കരുതി സമാധാനിച്ചു.

ട്രെയില്‍ ഷൊര്‍ണ്ണൂരെത്തുമ്പോള്‍ അര്‍ദ്ധരാത്രി. പാലക്കാട്ടേക്കുള്ള ബസ്സ് കിട്ടാന്‍ ഇനിയും ഒരുപാട് നേരം കഴിയണം. ബ്രീഫ്കേസും ബാഗുമായി ഞാന്‍ സ്റ്റേഷന് പുറത്ത് നിന്നു. പാലക്കാട് സിനിമയ്ക്ക് ചെന്ന് തിരിച്ചു പോരാന്‍ ബസ്സ് കിട്ടാതെ വന്ന സമയങ്ങളില്‍ കൈ കാണിച്ച് ലോറി നിര്‍ത്തിച്ച് പോന്ന അനുഭവമുണ്ട്. ദിനപ്പത്രം കയറ്റി വരുന്ന ടാക്സി കാറില്‍ കയറി ഷൊര്‍ണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് മൂന്നു നാലു പ്രാവശ്യം പോന്നിട്ടുമുണ്ട്. അങ്ങിനെ വല്ല വാഹനവും കിട്ടിയെങ്കില്‍ എന്ന് പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് ഒരു പാര്‍സല്‍ ലോറി വരുന്നത്.

എന്നെക്കൂടാതെ വേറേയും നാലഞ്ചുപേര്‍ ആ ലോറിയില്‍ കയറി. ബസ്സ് ചാര്‍ജ്ജ് തുക ആദ്യം തന്നെ വാങ്ങി ഡ്രൈവര്‍ പോക്കറ്റിലിട്ടു. വണ്ടി ഓടി തുടങ്ങി. എനിക്ക് സമാധാനമായി. അധിക നേരം കാത്തു നില്‍ക്കാതെ കഴിഞ്ഞല്ലോ. ഒപ്പം കയറിയവര്‍ പല ഭാഗത്തായി വഴിയില്‍ ഇറങ്ങി. ഒറ്റപ്പാലത്തു നിന്ന് വീണ്ടും രണ്ടുമൂന്നു പേര്‍ കയറി കൂടി. ലക്കിടിയില്‍ അവരും ഇറങ്ങിയതോടെ ലോറിയില്‍ ഞാനും ഡ്രൈവറും മാത്രം ബാക്കിയായി. അയാള്‍ ഒരക്ഷരം മിണ്ടാതെ വാഹനംഓടിക്കുകയാണ്. എനിക്കാണെങ്കില്‍ മനസ്സു മുഴുവന്‍ മകനെക്കുറിച്ചുള്ള ആധിയാണ്. ആരോടാണ് ഞാന്‍ അത് പങ്കു വെക്കുക.

കടവത്ത് സ്റ്റോപ്പ് എത്താറായപ്പോള്‍ എനിക്ക് ഇറങ്ങാറായി എന്ന് ഞാന്‍ അറിയിച്ചു. ഡ്രൈവര്‍ വണ്ടി നിറുത്തി. ഞാന്‍ ഇറങ്ങി നടന്നു. സമയം രണ്ടര കഴിഞ്ഞിട്ടേയുള്ളു. റെയില്‍വെ സ്റ്റേഷന്‍ റോഡ് തീര്‍ത്തും വിജനമാണ്. ജന സഞ്ചാരം തുടങ്ങാന്‍ നാലു മണി കഴിയണം.

സ്റ്റേഷനും പരിസരവും ട്യൂബ്‌ലൈറ്റുകളുടെ പ്രകാശം ഏറ്റുവാങ്ങുകയാണ്. ഫുട് ഓവര്‍ബ്രിഡ്ജിന്‍റെ പടികള്‍ ഞാന്‍ കയറി തുടങ്ങി. ഇറങ്ങാനുള്ള ഭാഗത്തേക്ക് എത്താറായപ്പോഴാണ് ഞാനത് കാണുന്നത്. ഒരു സംഘം ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്റ്റെപ്പുകളിലിരുന്ന് സൊള്ളുകയാണ്. ഏതാനും നിമിഷം ഞാന്‍ അവരെ ശ്രദ്ധിച്ചു. എട്ടോ ഒമ്പതോ വയസ്സ് മുതല്‍ പതിനൊന്ന് പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള അയ്യഞ്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണുള്ളത്.   എന്തോ പറഞ്ഞ് എല്ലാവരും ചിരിച്ച് ഉല്ലസിക്കുകയാണ്. ഞാന്‍ അടുത്തുള്ള കാര്യം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ   ആ ഇരുപ്പില്‍ എന്തോ അപാകത എനിക്കു തോന്നി.

'' എന്താ നിങ്ങളിവിടെ ചെയ്യുന്നത് '' പടവുകള്‍ ഇറങ്ങി അവരുടെ മുന്നിലെത്തിയ ഞാന്‍ തിരിഞ്ഞു നിന്ന് ചോദിച്ചു.

'' ബാലരമ വായിക്കുകയാണ്. വെളിച്ചം ഉള്ളതോണ്ട് ഇവിടെ ഇരുന്നതാ '' ചെറിയൊരു പെണ്‍കുട്ടി എന്നോട് പറഞ്ഞു. അവളുടെ കയ്യിലെ പുസ്തകം എനിക്ക് കാണിച്ചു തന്നു.

'' ഈ രാത്രി നേരത്ത് എന്തിനാ ഇവിടെ വന്നത് ''.

'' കിഴക്കഞ്ചേരി കാവില് വലിയ വിളക്കിന്ന് പോയിട്ടു വര്വാണ്. കുറച്ചു നേരം ഇരുന്നിട്ട് പോവാമെന്ന് വിചാരിച്ചതാ '' മുതിര്‍ന്ന പയ്യനാണ് അതു പറഞ്ഞത്. അവരുടെ കയ്യിലെ അരിപ്പൊരിയുടേയും  കോലുമിഠായിയുടേയും പൊതികള്‍ ആ പറഞ്ഞതിനെ സാധൂകരിച്ചു.

'' മക്കളേ. ഈ സമയത്ത് ഇവിടെയിരിക്കുന്നത് ആപത്താണ്. നിങ്ങള്‍ സ്റ്റേഷനില്‍ ചെന്നിരിക്കിന്‍. നേരം വെളുത്തിട്ട് വീട്ടിലേക്ക് പോയാല്‍ മതി '' ഞാന്‍ അവരെ ഉപദേശിച്ചു. കുട്ടികള്‍ മടി കൂടാതെ എഴുന്നേറ്റ് സ്റ്റേഷനിലേക്ക് നടന്നു, സ്റ്റെപ്പുകളിറങ്ങി ഞാന്‍ എന്‍റെ വീട്ടിലേക്കും. സ്റ്റേഷനിലെ ട്യൂബ്‌ലൈറ്റുകളുടെ വെളിച്ചം വലിയ വരമ്പിലേക്ക് എത്തുന്നില്ല. പോക്കറ്റില്‍ നിന്ന് തീപ്പെട്ടിയെടുത്ത് ഞാന്‍ ഒരു കമ്പ് കത്തിച്ചു, അത് കെടുമ്പോള്‍ മറ്റൊന്ന്. ആ അരണ്ട വെളിച്ചത്തില്‍ നടക്കുമ്പോഴും നേരത്തെ കണ്ട കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ എത്ര നിരുത്തരവാദിത്വപരമായ സമീപനമാണ് സ്വന്തം മക്കളോട് പുലര്‍ത്തുന്നത്   എന്ന ചിന്തയായിരുന്നു എന്‍റെ മനസ്സ് മുഴുവന്‍.