Tuesday, January 6, 2009

കാരുണ്യത്തിന്‍റെ വഴികള്‍.

ആ സംഭവം നടന്നത് എപ്പോഴാണ്' എന്ന് എനിക്ക് വ്യക്തമായ ഓര്‍മ്മയില്ല. പത്തിരുപ്പത്തിനാലു കൊല്ലങ്ങള്‍ക്ക് മുമ്പാണെന്ന് മാത്രമേ പറയാനാവൂ. പക്ഷേ അതിലെ കഥാപാത്രങ്ങളെ മാത്രമല്ല അവര്‍ എല്ലാവരുടേയും ആ നേരത്തെ മുഖഭാവങ്ങള്‍ കൂടി ഇന്നും മനസ്സിന്‍റെ ഒരു കോണില്‍ നിറം മങ്ങാതെ ഇരിക്കുന്നു.

എല്ലാ വഴികളും അടഞ്ഞ് പ്രതീക്ഷക്ക് ഒന്നും തന്നെ ഇല്ലാതിരിക്കുമ്പോള്‍ , നിസ്സഹായനായ മനുഷ്യന്ന് മുമ്പില്‍ ഓര്‍ക്കാപുറത്ത് വന്നു ചേരുന്ന ഒരു കൈ സഹായം തന്നെയാണ്ഈശ്വരന്‍ . പക്ഷെ എപ്പോള്‍ ഏതു രൂപത്തില്‍ എങ്ങിനെ ദൈവം പ്രത്യക്ഷപ്പെടുന്നു എന്നൊന്നും പറയാന്‍ ആര്‍ക്കും കഴിയില്ല. നിര്‍ഗ്ഗതിയായ ഒരു സാധുവിന്ന് അപ്രതീക്ഷിതമായി ഒരു സഹായം ലഭിച്ചതും , ആ പാവം അപ്പോള്‍ പ്രകടിപ്പിച്ച വികാരവിക്ഷോഭങ്ങളും കാണാനിടയായത് ഈ ജീവിതത്തില്‍ എനിക്ക് മറക്കാനാവില്ല.

എന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കുട്ടികൃഷ്ണന്‍റെ ( ഞാന്‍ കുട്ടിയേട്ടന്‍ എന്ന് വിളിക്കും) ഏട്ടന്‍ രാമകൃഷ്ണന്‍ കൊയമ്പത്തൂരില്‍ വാടകക്ക് ഓടിക്കാനായി ഒരു പുതിയ അമ്പാസഡര്‍ കാര്‍ വാങ്ങി. അന്നു തുടങ്ങിയതാണ്' കുട്ടിയേട്ടന്ന് അതുമായി ശബരിമലക്ക് പോകാനുള്ള മോഹം. ആ കാലഘട്ടത്തില്‍ ഞങ്ങള്‍ ജോലി ചെയ്തിരുന്നത് ഒരേ ഓഫീസില്‍ തൊട്ടടുത്ത സീറ്റുകളില്‍ ആയിരുന്നു. ഒരു ദിവസം വലിയ തിരക്കില്ലാത്ത സമയത്ത് ശബരിമലക്ക് പോവാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം എന്നോട് പറഞ്ഞു . കുട്ടിയേട്ടനോടൊപ്പം അച്ഛന്‍, അമ്മ, അമ്മായിഅമ്മ, ചെറിയ കുട്ടികളായ മകന്‍ ,മകള്‍ ഒക്കെ കൂടി ഒരു യാത്ര.

"ഉണ്ണീ, കൊല്ലങ്ങളായി നീ മലക്ക് പോവുന്ന ആളല്ലേ, എന്‍റെ വീട്ടില്‍ വന്ന് ഞങ്ങളുടെ കെട്ടുകള്‍ നിറച്ച്താ' എന്ന് കുട്ടിയേട്ടന്‍ ആവശ്യപ്പെട്ടു. അവര്‍ യാത്ര പുറപ്പെടുന്ന ദിവസം വൈകുന്നേരം ഞാന്‍ കുട്ടിയേട്ടന്‍റെ വിട്ടിലെത്തി. എല്ലാവരും കുളിച്ചൊരുങ്ങി കാത്തു നില്‍പ്പാണ്. കൈകാലുകള്‍ കഴുകി ഞാന്‍ പൂജിക്കാന്‍ തുടങ്ങി. ബന്ധുക്കളും അയല്‍പക്കകാരുമായി ധാരാളം പേര്‍ വീട്ടില്‍ കൂടിയിട്ടുണ്ട്.
കല്‍പ്പൂരം കത്തിച്ച്കെട്ടുകള്‍ നിറക്കാന്‍ ആരംഭിച്ചു. ശരണം വിളിയുടെ അകമ്പടിയോടെ ഓരോരുത്തരുടെയായി കെട്ടുകളെല്ലാം നിറച്ചു. പുറപ്പെടുമ്പോള്‍ എടുക്കാനുള്ള സൌകര്യത്തില്‍ കെട്ടുകള്‍ എല്ലാം വരാന്തയില്‍ ഒതുക്കി വെച്ചു. ഇനി എല്ലാവര്‍ക്കും ലഘുഭക്ഷണം. കെട്ടു നിറക്ക് എത്തിയവരില്‍ ചിലര്‍ ആഹാരം വിളമ്പാന്‍ തയ്യാറായി. ഉള്ള സ്ഥലത്ത് മുഴുവന്‍ ഇലയിട്ടു, ഇഢ്ഢലി, വട, ചട്ടിണി, സമ്പാര്‍ തുടങ്ങിയവ വിളമ്പി. സ്വാമിമാരെ ആദ്യം ഇരുത്തി, കുട്ടികളേയും. ഒഴിവ് വന്ന ബാക്കി സ്ഥലത്ത് മറ്റുള്ളവര്‍ ഇരുന്നു . ആളുകള്‍ കഴിക്കാനിരുന്നപ്പോള്‍ ഞാനും കുട്ടിയേട്ടനും മുറ്റത്തിറങ്ങി. പമ്പയില്‍ എത്തി ചേരുന്ന ഏകദേശ സമയം കണക്കാക്കി. അവിടെ എത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു കൊടുത്തു. ആ സമയത്ത്കുറച്ചകലെ പടിക്കലായി പ്രായം ചെന്ന ഒരു അയ്യപ്പന്‍ ഒറ്റക്ക് നില്‍ക്കുന്നു. അയാള്‍ ആരാണെന്ന് ഞാന്‍ അന്വേഷിച്ചു.

'അങ്ങേരുടെ പേര്' ചെറുത് എന്നാണ്. ഞാന്‍ ചെറുതച്ചോ എന്ന് വിളിക്കും' ഇതും പറഞ്ഞ്കുട്ടിയേട്ടന്‍ എന്നോട് അയാളെ കുറിച്ച് പറഞ്ഞ് തുടങ്ങി.ചെറുത് വലിയ പ്രാരബ്ധക്കാരനാണ്. സാമ്പത്തികമായി ഏറെ ക്ലേശങ്ങള്‍ ഉള്ള ആള്‍. ആരെങ്കിലും ഒക്കെ സഹായിച്ചിട്ടാവും എല്ലാ കൊല്ലവും ശബരി മലക്ക് പോവുക. മിക്കവാറും നമ്മളില്‍ നിന്നും വല്ല സഹായവും പ്രതീക്ഷിക്കുന്നുണ്ടാവും.

ഞാനൊന്നും പറഞ്ഞില്ല. കുട്ടിയേട്ടന്‍ ചെറുതിനെ കൈകൊട്ടി വിളിച്ചു. അയാള്‍ ഞങ്ങള്‍ക്ക് അരികിലെത്തി. ക്ഷീണിതനായ മനുഷ്യന്‍. പഴകി നരച്ച കുടശീലയുടെ നിറമുള്ള കറുത്ത വസ്ത്രം ഉടുത്തിരിക്കുന്നു. കരിമ്പനടിച്ച വെളുത്ത ഷര്‍ട്ടില്‍ നീലം മുക്കിയത് അവിടവിടെ കാണാം. തോളില്‍ ഒരു പഴകിയ തോര്‍ത്ത്. ഒരു വിധേയനെ പ്പോലെ അയാള്‍ കുട്ടിയേട്ടന്‍റെ വാക്കുകള്‍ക്കായി കാത്തു നിന്നു.

"ചെറുതച്ചോ, എന്നാ നിങ്ങളുടെ യാത്ര' എന്ന ചോദ്യത്തിന്ന്, കയ്യില്‍ പണം ആവാത്തതിനാല്‍ ഒന്നും നിശ്ചയിച്ചിട്ടില്ലെന്നും, പലരോടും സഹായം ചോദിച്ച് നോക്കി എന്നും , ഒന്നും കൈ കൂടിയിട്ടില്ല എന്നും ഒക്കെയാണ്' മറുപടി കിട്ടിയത്. നട അടക്കാന്‍ ഇനി കുറച്ച് ദിവസങ്ങളേ ഉള്ളു , വൈകിച്ചാല്‍ യാത്ര മുടങ്ങും എന്ന് കുട്ടിയേട്ടന്‍ പറഞ്ഞതിന്ന്, സ്വാമി തന്നെ ഒരു മാര്‍ഗ്ഗം കാട്ടണമെന്നും അല്ലെങ്കില്‍ മാല ഊരി അടുത്ത അമ്പലത്തില്‍ തൊഴുത് വ്രതം അവസാനിപ്പിക്കുകയേ വഴി കാണുന്നുള്ളൂ എന്നും വേദനയോടെ ചെറുത് പറഞ്ഞു. ഈ വിധം ദുരിതം സഹിച്ചും ഭഗവാനെ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്ന ഭക്തന്ന് എന്തേ ഒരു മാര്‍ഗ്ഗം കാണിക്കാത്തത്എന്ന് ഞാന്‍ ഓര്‍ത്തു. അപ്പോള്‍ കുട്ടിയേട്ടന്‍റെ വാക്കുകള്‍ എന്‍റെ ചെവിയിലെത്തി.

" ഉണ്ണീ, ഞാന്‍ ഇയാളെ ഇപ്പോള്‍ ശബരി മലക്ക്എന്‍റെ കൂടെ കൂട്ടിക്കോണ്ട് പോവുകയാണ്. എന്താ നിന്‍റെ അഭിപ്രായം'. ആ വാക്കുകളില്‍ നിറഞ്ഞ ഭൂതദയ, കാരുണ്യം, സഹാനുഭൂതി, ദൃഢത എന്നിവ എന്നെ കോരി തരിപ്പിച്ചു. ഞാന്‍ എന്തെങ്കിലും പറയുന്നതിന്നു മുമ്പ് കുട്ടിയേട്ടന്‍ ചെറുതിനോട് " ചെറുതച്ചോ, നിങ്ങള്‍ ഞങ്ങളുടെ കൂടെ ഇപ്പൊ വരാന്‍ തയ്യാറാണെങ്കില്‍ പോരിന്‍, ഞാന്‍ നിങ്ങളെ ശബരിമലയില്‍ എത്തിച്ച്, അയ്യപ്പനെ കാണിച്ച്, തിരിച്ച് ഇവിടെ എത്തിക്കാം. എന്താ, പോരേ' എന്ന് പറഞ്ഞു.

കേട്ടത് സത്യമാണോ എന്ന് വിസ്മയിച്ച് ഒരു നിമിഷം ചെറുത് നിന്നു. പിന്നെ അയ്യപ്പനെ തൊഴുതു നില്‍ക്കുന്ന മട്ടില്‍ കുട്ടിയേട്ടനെ തൊഴുതു . ആ നിമിഷം അയ്യപ്പന്‍ കുട്ടിയേട്ടന്‍റെ രൂപത്തില്‍ ചെറുതിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതായി എനിക്കു തോന്നി, ചെറുതിനും. അപ്പോള്‍ ചെറുത് അനുഭവിച്ച സന്തോഷത്തിന്‍റെ അത്രയും എനിക്കും തോന്നി . അല്ലെങ്കിലും ഏത് സത്പ്രവര്‍ത്തിയും അത് കാണുന്നവരുടെ മനസ്സില്‍ ആനന്ദം നിറക്കും .പിന്നെയും ശങ്കിച്ചുനിന്ന ചെറുതിനോട്" എന്താ, ഞങ്ങളുടെ കൂടെ വരുന്നോ 'എന്ന ചോദ്യം കുട്ടിയേട്ടന്‍ ആവര്‍ത്തിച്ചു.

"എന്‍റെ കുട്ട്യേ, എന്‍റെ കയ്യില്‍ ഒരു ഉറുപ്പിക എടുക്കാനില്ല ' എന്നായി അയാള്‍.
"അതൊന്നും സാരമില്ല, ഞാന്‍ നിങ്ങളോട് പൈസ ഒന്നും ചോദിച്ചില്ലല്ലോ' എന്ന് കുട്ടിയേട്ടന്‍ ചെറുതിനെ ആശ്വസിപ്പിച്ചു. ഒട്ടും വൈകാതെ വീട്ടില്‍ ചെന്ന് വിവരം പറഞ്ഞ് കുളിച്ചിട്ട് വരിന്‍, കെട്ടു നിറക്ക് ആവശ്യമുള്ളതെല്ലാം അപ്പോഴേക്കും ശരിയാക്കാം എന്ന് പറഞ്ഞ് അയാളെ പറഞ്ഞയച്ചു. പാടത്തിന്‍റെ വരമ്പിലൂടെ കാറ്റത്തിട്ട പഞ്ഞി പോലെ അയാള്‍ ഓടിപോകുന്നത് നോക്കി നിന്നപ്പോള്‍ എന്‍റെ കണ്ണില്‍ നനവ് നിറയുന്നതായി എനിക്ക് തോന്നി.

"ഉണ്ണ്യേ, നിന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നരുത്. നിനക്ക് വീട്ടിലെത്താന്‍ സമയമായി എന്ന് അറിയാം. എന്നാലും ഈ കെട്ടു കൂടി നിറച്ച് താ' എന്ന് കുട്ടിയേട്ടന്‍ എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കിലും ഞാന്‍ അതിന്ന് തയ്യാറായിരുന്നു. ആ രംഗത്തിന്ന് സാക്ഷിയാവണമെന്ന് എനിക്ക് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു.

കുട്ടിയേട്ടന്‍ ഉഷാറായി. മച്ചില്‍ നിന്ന് മൂന്ന് നാല്' നാളികേരങ്ങള്‍ എടുത്ത് പൊതിച്ചു. പഴയ പള്ളികെട്ടും മറ്റും തപ്പിയെടുത്തു. ഉരുക്കി വെച്ച് നെയ്യ് ധാരാളം ബാക്കിയാണ്. കെട്ടിന്ന് ആവശ്യമായ സാധനങ്ങള്‍ എല്ലാം ആയി.

ഇവന്ന് ഇത് എന്തിന്‍റെ പ്രാന്താ, ഇത്രയും ദൂരം തിക്കി തിരക്കി യാത്ര ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് അപ്പോഴേ അറിയു, കൂടെ കൂട്ടിക്കോണ്ട് പോവാന്‍ പറ്റിയ ആള്. മനുഷ്യനെ ചുറ്റിക്കാന്‍ നേരം വൈകിക്കുന്ന ഓരോ ഏര്‍പ്പാട് എന്നൊക്കെ ഓരോരോ വിമര്‍ശനങ്ങള്‍ കേട്ടു. കുട്ടിയേട്ടന്‍ അതൊന്നും ഗൌനിച്ചില്ല.

കുട്ടിയേട്ടന്‍ ശബരിമലയില്‍ ചെല്ലണമെന്നില്ല, ഭഗവാന്‍ അദ്ദേഹത്തെ തേടി ഇവിടെ എത്തുമെന്ന്എനിക്ക് തോന്നി. അല്ലെങ്കിലും നൂറു തവണ ശബരിമലയില്‍ പോയി ദര്‍ശനം നടത്തിയാല്‍ കിട്ടുന്നതിനേക്കാള്‍ വലിയ പുണ്യത്തിന്ന് ഇപ്പോഴേ അദ്ദേഹം അര്‍ഹനായി കഴിഞ്ഞു.

ചെറുത് കുളിച്ചെത്തി. കെട്ട് നിറക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശരീരം ആകെ വിറക്കുന്നതു പോലെ തോന്നി. തണുപ്പാണോ മാനസീക സംഘര്‍ഷമാണോ കാരണമെന്ന് എനിക്ക് അറിയില്ല. കെട്ടുനിറ സമയത്ത് ചെറുത് തികച്ചും മൌനിയായിരുന്നു.

"നിങ്ങള്‍ക്ക് നാലു ശരണം വിളിച്ചു കൂടേ' എന്ന് പുറകില്‍ നിന്നും ആരോ പറയുന്നത് കേട്ടു. ചിലമ്പിച്ച സ്വരത്തില്‍ സ്വാമിയേ എന്ന വിളി ചെറുതില്‍ നിന്നും ഉയര്‍ന്നു. ഒന്നിലേറെ തവണ അയ്യപ്പ സന്നിധിയില്‍ വെച്ച് മൂകന്‍മാരായ കുട്ടിസ്വാമികള്‍ ശരണം വിളിച്ച് സംസാരിക്കാന്‍ കഴിവ് നേടുന്നത് എനിക്ക് കാണാനിട വന്നിട്ടുണ്ട്. ഇടറിയ കണ്ഠത്തോടെ അതിന്ന് സമാനമായ ശബ്ദത്തില്‍ ചെറുത് ശരണം വിളിച്ചപ്പോള്‍ അയ്യപ്പന്‍റെ സാന്നിദ്ധ്യം അവിടെ നിറയുന്നതായി എനിക്ക് തോന്നി.