Sunday, June 26, 2016

കരയാനറിയാത്ത സ്ത്രീ.

എന്‍റെ കുട്ടിക്കാലത്ത് മദ്ധ്യവേനലവധിയായാല്‍ ഞാന്‍ വിരുന്നു പോവും. അത്തരം ഒരവസരത്തിലാണ് ഞാനവരെ കാണുന്നത്. ചെറിയൊരു വീട്ടിലാണ് ആ സ്ത്രീയും മക്കളും താമസിച്ചിരുന്നത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അവരും ആ കുടുംബവും എന്‍റെ ഓര്‍മ്മയിലുണ്ട്.

നാലോ അഞ്ചോ കുട്ടികളാണ് അവര്‍ക്കുണ്ടായിരുന്നത്. മൂത്തത് രണ്ടും പെണ്‍കുട്ടികള്‍. ഭര്‍ത്താവില്ല, സംരക്ഷിക്കാന്‍ ആരുമില്ല, വരുമാനമാര്‍ഗ്ഗം ഒന്നും തന്നെയില്ല. അരയേക്കറില്‍ താഴെ വരുന്ന പുരയിടത്തിലെ പ്ലാവുകളും മാവുകളും മാത്രമാണ് ആകെയുള്ള ആശ്രയം.

കരച്ചിലോ ചിരിയോ ഉച്ചത്തിലുള്ള സംഭാഷണമോ ഒന്നും ആ വീട്ടില്‍ നിന്ന് കേട്ടിട്ടില്ല. മനുഷ്യവാസമുള്ള വീടാണോ അതെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

എത്ര കഷ്ടം  ഉണ്ടെങ്കിലും അതൊന്നും അവര് പുറത്തു കാണിക്കില്ല. എല്ലാം ഉള്ളിലൊതുക്കും. ആരേയെങ്കിലും കണ്ടുമുട്ടിയാല്‍ മുഖത്ത് നേരിയൊരു പുഞ്ചിരി വിടര്‍ത്തും. നല്ല ധൈര്യമുള്ള കൂട്ടത്തിലാണ് അവരെന്ന് അയല്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കരയാനറിയാത്ത സ്ത്രീ എന്നാണ് ഞാന്‍ മനസ്സില്‍ അവര്‍ക്കു നല്‍കിയ പേര്.

എങ്ങിനെയാണ് അവര്‍ കഴിഞ്ഞുകൂടുന്നത് എന്ന് ആ പ്രായത്തിലും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. '' ചില ദിവസം ആരെങ്കിലും അറിഞ്ഞു വല്ലതുംകൊടുക്കും

 '' ഒരിക്കല്‍ ഒരു സമപ്രായക്കാരന്‍  എന്നോടു പറഞ്ഞു '' എന്‍റിഷ്ടാ, എത്രകാലം ഇങ്ങിനെ കഴിയും. നോക്കിക്കോ ഒരു ദിവസം അയമ്മയും മക്കളും കോളാമ്പിക്കായ അരച്ചുകലക്കി കുടിച്ചിട്ട് ചാവും ''.

എനിക്ക് വല്ലാത്ത സങ്കടം തോന്നി. ജീവിക്കാന്‍ വഴി കാണാതെ ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കുവാന്‍ പോവുകയാണ്. ഈശ്വരാ, അവരെ എങ്ങിനെയെങ്കിലും രക്ഷിക്കൂ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടല്ലെങ്കിലും അവരാരും മരിച്ചില്ല. എങ്ങിനെയൊക്കെയോ ആ കുട്ടികള്‍ പഠിച്ചു വലുതായി.

പെണ്‍കുട്ടികള്‍ സുന്ദരികളായതുകൊണ്ട് നല്ല വീടുകളില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാര്‍ അവരെ കല്യാണം കഴിച്ചു. മൂത്ത മരുമകന്‍റെ സഹായത്തോടെ ആണ്‍മക്കള്‍ ദൂരെയെവിടേയോ ജോലിക്കാരായി. സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു നിലയിലേക്ക് അവരെത്തി.

പില്‍ക്കാല ജീവിതത്തില്‍ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കിയ ഒട്ടനവധി വിധവകളെ ഞാന്‍ കണ്ടിട്ടുണ്ട്. നിറയൌവനത്തില്‍ തുണ നഷ്ടപ്പെട്ട സ്ത്രീകള്‍ പലതരം പ്രലോഭനങ്ങളേയും ചൂഷണങ്ങളേയും അതിജീവിച്ചാണ് മക്കളെ വളര്‍ത്തുക. കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരുടെ സംരക്ഷണത്തില്‍ ശേഷിച്ച ജീവിതകാലം  സമാധാനമായി കഴിയാമെന്ന ആശയാണ് അവര്‍ക്കുള്ളത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇത്തരക്കാരില്‍ പത്തില്‍ ഏഴോ എട്ടോ പേര്‍ക്കും സമാധാനത്തിന്നു പകരം കൂടുതല്‍ ദുരിതങ്ങളാണ് നേരിടേണ്ടിവരുന്നത്.

അച്ഛനില്ലാത്ത കുട്ടികളല്ലേ, അവര്‍ക്ക് ഒരു കുറവും വന്നുകൂടാ എന്ന ധാരണയില്‍ ചോദിക്കുന്നതെന്തും സാധിച്ചുകൊടുക്കാന്‍ വിധവകള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ മക്കള്‍ക്ക് അവരെ പറഞ്ഞുപറ്റിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. ക്രമേണ ആവശ്യങ്ങള്‍ സാധിച്ചുതരാനുള്ള ഒരാളായിട്ടാണ് അമ്മയെ കാണുക.

'' എന്‍റച്ഛന്‍ മരിച്ചതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ജോലി കിട്ടിയത്. അല്ലാതെ നിങ്ങളുടെ മിടുക്കുകൊണ്ടല്ല. അതുകൊണ്ട് നിങ്ങളുടെ സമ്പാദ്യത്തില്‍ എനിക്കാണ് അവകാശം  '' എന്ന് ആശ്രിതനിയമനം വഴി ജോലിലഭിച്ച എന്‍റെ ഒരു സഹപ്രവര്‍ത്തകയോട് അവരുടെ പ്രായപൂര്‍ത്തിയായ മൂത്തമകന്‍ പറഞ്ഞതായി ഒരിക്കല്‍ അവര്‍ എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്.

ഒരുപണിക്കും പോവാതെ അമ്മയുടെ വരുമാനംകൊണ്ട് ആര്‍ഭാടപൂര്‍വ്വം ജീവിക്കുക, ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുക, മദ്യപിച്ചു വന്ന് പെറ്റു വളര്‍ത്തിയ അമ്മയെ മര്‍ദ്ദിക്കുക തുടങ്ങിയ ഏര്‍പ്പാടുകളുള്ള എത്രയോ മക്കളുണ്ട്. ഉള്ള പണവും ആഭരണങ്ങളുമായി അമ്മയറിയാതെ കാമുകനോടൊപ്പം ഒളിച്ചോടുകയും ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആ ബന്ധത്തിലുണ്ടായ മക്കളുമായി വീണ്ടും അമ്മയെ ശരണം പ്രാപിക്കുകയും ചെയ്ത പെണ്‍കുട്ടികളും കുറവല്ല.

ഈ ദുരവസ്ഥ വിധവകളായ അമ്മമാര്‍ മാത്രമല്ല നേരിടുന്നത്. ഭാര്യ മരിച്ചശേഷം മക്കളുടെ ഭാവിയോര്‍ത്ത് പുനര്‍വിവാഹം ചെയ്യാതെ  അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പുരുഷന്മാരുടെ അവസ്ഥയും ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. മക്കളില്‍നിന്ന് ശാരീരിക പീഡനം ഏല്‍ക്കേണ്ടി വരുന്ന സംഭവങ്ങള്‍ പുരുഷന്മാരുടെ കാര്യത്തില്‍ തീരെ കുറവാണ്. എങ്കിലും മക്കളുടെ അനുസരണക്കേട്, താന്തോന്നിത്തരം എന്നിവ അവരേയും അലട്ടിക്കൊണ്ടിരിക്കും.

അച്ഛന്‍റേയും അമ്മയുടേയും നോട്ടമുണ്ടായിട്ടുകൂടി കുട്ടികളുടെ നിയന്ത്രണം കൈവിട്ടുപോവുന്ന കാലത്ത് ആരെങ്കിലും ഒരാള്‍ ഇല്ലെങ്കിലത്തെ അവസ്ഥ പരിതാപകരമാണ്. അതോര്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമ്പാണെങ്കില്‍കൂടി കരയാനറിയാത്ത സ്ത്രീയുടെ മക്കള്‍ നല്ലനിലയിലെത്തിയതിന്ന് ദൈവത്തിന്‍റെ ഒരു കൈതാങ്ങ് ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്.

4 comments:

വീകെ said...

ദൈവത്തിന്റെ കൈത്താങ്ങ് ഉണ്ടായിട്ടുണ്ടാകും.
അവരെ വിധവയാക്കിയതും തീരാ ദുരിതത്തിലാക്കിയതും ഇതേ ദൈവം തന്നെ. മാഷ് പറഞ്ഞ മറ്റു പല കഥകളിലും ഇതേ ദൈവത്തിന്റെ പ്രവർത്തനം കാണാം. ഇതെല്ലാം എന്തിനു വേണ്ടിയാണ് ദൈവം ഇങ്ങനെയൊക്കെ ചെയ്യുന്നത്..?
വിധവയായ ആ സ്ത്രീ നിരപരാധി അല്ലായിരുന്നോ...?
തെറ്റു ചെയ്തവരെ ശിക്ഷിച്ചോട്ടെ. പക്ഷേ, പാവം നിരപരാധികളെ എന്തിനാ തീരാ ദുഃഖത്തിലേക്ക് തള്ളി വിടുന്നത്. അതേ സമയം, എല്ലാ തെമ്മാടിത്തരങ്ങളുമുള്ള മറ്റു പലരേയും ഉന്നതങ്ങളിലേക്ക് ഉയർത്തുന്നതും കണാം. അതും നമ്മുടെ കണ്മുന്നിൽത്തന്നെ..,.!
വാസ്തവത്തിൽ ദൈവത്തിന് ഇതിൽ എന്തെങ്കിലും കയ്യുണ്ടോ...?

ramanika said...

Oru ammayude kadama avar banghiyaayi nirvahichu.kuttathil chettane poleyullavarude prarthanayum.kudathe mujanma punyavum as ammakku kottaayi ennu viswasikkunnu

keraladasanunni said...

വി.കെ,
എല്ലാറ്റിലും ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങളുണ്ട്.

keraladasanunni said...

ramanika,
അതിന് യാതൊരു സംശയവുമില്ല. അവര്‍ കടമ നന്നായി നിറവേറ്റി.