Tuesday, April 5, 2011

പുകയില കഷായം.

സത്യമായിട്ടും എനിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് കൃഷി തന്നെയാണ്. അല്‍പ്പം നെല്‍ കൃഷിയുണ്ടെങ്കിലും എനിക്ക്പച്ചക്കറി കൃഷിയോടാണ് ഏറെ ഇഷ്ടം . പക്ഷെ എന്തുകൊണ്ടോ പ്രായോഗിക തലത്തില്‍ എത്തുമ്പോള്‍ സംഗതി പരാജയപ്പെടാറാണ് പതിവ്.

'' നിന്‍റെ കയ്യോണ്ട് കുത്തിയിട്ടാല്‍ മുളക്കില്ല. എന്തിനാ വെറുതെ വിത്ത് കളയുന്നത് '' എന്ന്, ഞാന്‍ കുട്ടിക്കാലത്ത് എന്തെങ്കിലും കൃഷി ചെയ്യാന്‍ ഒരുമ്പെട്ടാല്‍ അമ്മ പറയും. അതുകൊണ്ട് കൃഷിയും അതിനോടനുബന്ധിച്ച പരീക്ഷണങ്ങളും മനസ്സില്‍ തന്നെ നടത്തുകയാണ് പതിവ്. ഞാന്‍ കൃഷി ചെയ്ത ബീറ്റ് റൂട്ടും, കാരറ്റും, ബീന്‍സും, കാബേജും, കോളിഫ്ലവറും വളര്‍ന്ന് ഫലം നല്‍കുന്നത് സ്വപ്നം കാണാറുണ്ട്.

ഇക്കൊല്ലം പച്ചക്കറിക്ക് ക്രമാതീതമായി വില ഉയര്‍ന്നതും, കിട്ടാന്‍ ഉണ്ടായ പ്രയാസങ്ങളും കൃഷി ചെയ്തേ അടങ്ങൂ എന്ന തീരുമാനത്തില്‍ എന്നെ എത്തിച്ചു. " കാക്ക ഇരിക്കലും പനമ്പഴം വീഴലും ഒന്നിച്ചായി " എന്ന് പറയുന്നത് പോലെ ആ സമയം നോക്കി വാരികയോടൊപ്പം പച്ചക്കറി വിത്തുകളും കൃഷി ചെയ്യേണ്ട രീതിയെ കുറിച്ചുള്ള വിവരണവും ലഭിച്ചു.

വിത്തുകള്‍ എവിടെ നടണം എന്നതായി അടുത്ത പ്രശ്നം. ടെറസ്സില്‍ കൃഷി ചെയ്താലോ എന്ന് ചിന്തിച്ചു. മിനി ടീച്ചര്‍ ആ വിധത്തില്‍ കൃഷി ചെയതതായി ബ്ലോഗില്‍ വായിച്ച ഓര്‍മ്മയുണ്ട്.

ആ രീതി അവലംബിച്ചാലോ?

'' നമുക്ക് ടെറസ്സില്‍ കൃഷി ചെയ്ത് നോക്കിയാലോ '' ഞാന്‍ സുന്ദരിയോട് ചോദിച്ചു.

'' എന്നിട്ട് വേണം അവിടം മുഴുവന്‍ വൃത്തികേടാക്കാന്‍ '' ഭാര്യ പ്രതികരിച്ചത് അങ്ങിനെയാണ്.

ഇനിയെന്ത് ചെയ്യും. തലങ്ങും വിലങ്ങും ആലോചിച്ചപ്പോള്‍ പരിഹാരം മുന്നിലെത്തി. വീടിന്‍റെ ഗെയിറ്റ് മുതല്‍ മുറ്റം വരെയുള്ള വഴിയോരത്ത് ചെങ്കല്ലുകൊണ്ട് തടം കെട്ടിച്ച് അതില്‍ പലതരം ചെടികള്‍
അലങ്കാരത്തിന്നായി വെച്ചിട്ടുണ്ട്. ഏതോ കാലത്ത് കുറെ പണം മുടക്കി വാങ്ങിയവയാണ് ആ ചെടികള്‍ ‍. അവയെ പിഴുതു കളഞ്ഞ് പച്ചക്കറി വിത്തുകള്‍ നടാം. പിന്നെ അധികം താമസിച്ചില്ല. പല വിധത്തിലുള്ള പുല്‍ച്ചെടികള്‍ വെണ്ടയ്ക്കും പടവലത്തിന്നും വഴി മാറി. ഒന്നു രണ്ട് ദിവസം കൊണ്ട് പൂന്തോട്ടം ശൂന്യം. ഇത്തവണയും പതിവ് തെറ്റിയില്ല. പല പ്രാവശ്യമായി കിട്ടിയ വിത്തുകള്‍ എല്ലാം ഞാന്‍ നട്ടുവെങ്കിലും ഒരെണ്ണം പോലും മുളച്ചില്ല.

എനിക്ക് ഉണ്ടായ മനസ്താപത്തിന്ന് കണക്കില്ല. പച്ചക്കറി വിത്തുകള്‍ മുളച്ചതുമില്ല, പൂച്ചെടികള്‍ നഷ്ടപ്പെടുകയും ചെയ്തു. വൈകീട്ട് റെയില്‍വെ സ്റ്റേഷനില്‍ കാറ്റുംകൊണ്ട് ഇരിക്കുമ്പോള്‍ ഞാന്‍ കുട്ടുകാരന്‍ അജിതനോട് വിഷമം പറഞ്ഞു.

'' മുളച്ചില്ലെങ്കില്‍ പോട്ടെ. ഞാന്‍ കുറച്ച് വിത്തുകള്‍ തരാം. കുഴിച്ചിട്ട് നോക്ക് '' അയാള്‍ ആശ്വസിപ്പിച്ചു. പിറ്റേന്നു തന്നെ വെണ്ട , പയ‍ര്‍ , കയ്പ്പ വിത്തുകള്‍ കിട്ടി. ഇത്തവണ പരീക്ഷണത്തിന്ന് നിന്നില്ല. കിട്ടിയ വിത്തുകള്‍ ഭാര്യയോട് കുഴിച്ചിടാന്‍ പറഞ്ഞ് ഞാന്‍ മേല്‍നോട്ടം മതിയെന്ന് വെച്ചു. ദൂഷ്യം പറയരുതല്ലോ, വിത്തുകള്‍ ഒന്നൊഴിയാതെ മുളച്ചു. വൈകുന്നേരങ്ങളില്‍ പമ്പ് ഓണാക്കി ഹോസുമായി നടന്ന് ഞാന്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കും. നോക്കി നില്‍ക്കെ ചെടികള്‍ മൂന്നിലയായി വളര്‍ന്നു. കുറച്ച് ആട്ടിന്‍ കാഷ്ഠം പൊടിച്ച് ഇട്ടതോടെ എല്ലാം ഉഷാര്‍ ‍.

മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ചെടി വാടിയതായി കണ്ടു.

" പുഴുക്കേടാണ്" ഭാര്യ പറഞ്ഞു '' മരുന്ന് അടിക്കേണ്ടി വരും ''.

'' അയ്യേ. നമ്മള്‍ ജൈവകൃഷി ചെയ്യുകയാണ്. പുകയില കഷായം ഉണ്ടാക്കി തളിച്ചാല്‍ മതി '' എപ്പോഴോ ടി. വീ യിലെ കാര്‍ഷിക പരിപാടി കണ്ട ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു.

'' എനിക്ക് അതൊന്നും ഉണ്ടാക്കാനറിയില്ല '' വീട്ടുകാരി ഒഴിഞ്ഞു.

" ഏതായാലും ആദ്യം സാധനങ്ങള്‍ വാങ്ങാം ''മനസ്സില്‍ ഉറച്ചു

" ദാസേട്ടാ, നിങ്ങള് എപ്പഴാ പുകല മുറുക്കാന്‍ തുടങ്ങിയത് '' പീടികയില്‍ ചെന്ന് പുകയില ചോദിച്ചപ്പോള്‍ കടക്കാരന്‍ മുഹമ്മദാലി ചോദിച്ചു.

'' ഇത് തിന്നാനൊന്നും അല്ല. കീട നാശിനി ഉണ്ടാക്കാനാണ് '' ഞാന്‍ സംശയം തീര്‍ത്തു.

" അപ്പോള്‍ വെള്ളുള്ളീം , ബാര്‍സോപ്പും , വേപ്പണ്ണയും ഒക്കെ വേണ്ടേ " അയാള്‍ ചോദിച്ചു.

അത് നന്നായി. ഇപ്പോള്‍ ചേരുവകള്‍ മനസ്സിലായി. ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്ന പീടികയില്‍ നിന്ന് വേപ്പെണ്ണ വാങ്ങി. ബാക്കി മുഹമ്മദാലിയും. സാധനങ്ങളായി , ഇനി അടുത്ത പടി.

'' ഇത് എങ്ങിന്യാ ഉണ്ടാക്കേണ്ടത് " ഭാര്യ ചോദിച്ചു. അപ്പോഴാണ് ആ കാര്യം ഓര്‍ത്തത് തന്നെ.

മുത്തശ്ശിക്ക് വാതകടച്ചിലിന്ന് കഷായം ഉണ്ടാക്കിയതിന്‍റെ നേരിയ ഒര്‍മ്മയുണ്ട്. ചേരുവകള്‍ കൊത്തി നുറുക്കി ഇടങ്ങഴി വെള്ളത്തിലില്‍ വേവിച്ച് നാഴിയാക്കി കുറുക്കി...

ഒട്ടും അമാന്തിച്ചില്ല. വാങ്ങിയ സാധനങ്ങള്‍ പകുതി വീതം എടുത്ത് ഒരു മണ്‍ ചട്ടിയിലെ വെള്ളത്തിലിട്ട് തിളപ്പിച്ചു. കുറച്ചൊക്കെ വറ്റിയപ്പോള്‍ വാങ്ങി വെച്ചു. തണുത്തതും ചണ്ടി പിഴിഞ്ഞു കളഞ്ഞ് കുറച്ചു കൂടി വെള്ളം ചേര്‍ത്ത് നിലം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ലായിനിയുടെ ഒഴിഞ്ഞ പാത്രത്തിലാക്കി ചെടികള്‍ക്ക് അടിച്ചു കൊടുത്തു.

വൈകുന്നേരം കൂട്ടുകാരനോട് വിവരം പറഞ്ഞു.

'' ഭേഷായി " അയാള്‍ പറഞ്ഞു " ഓരോന്നും പ്രത്യേകം പ്രത്യേകം വെള്ളത്തിലിട്ട്ചണ്ടിയെല്ലാം കളഞ്ഞ് ആ വെള്ളമെല്ലാം കൂടി മിശ്രിതമാക്കി നേര്‍പ്പിച്ചു വേണം ഉപയോഗിക്കാ‍ന്‍ . തിളപ്പിച്ചത് കാരണം ചിലപ്പോള്‍ ചെടികള്‍ കരിഞ്ഞു പോയേക്കാം ".

ഇനി പറഞ്ഞിട്ട് കാര്യമില്ല. കാര്യം കൈവിട്ടു കഴിഞ്ഞു. ചെടികള്‍ കരിഞ്ഞു പോവുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയാണ് ഇപ്പോള്‍ ‍.

7 comments:

Unknown said...

ഇതേപ്പോ നന്നായെ...
ആരോടെങ്കിലും ഒന്ന് ചോദിച്ചിട്ട് പോരായിരുന്നോ.
ഞാന്‍ പുസ്തകത്തില്‍ പറഞ്ഞപോലെ ഒരു പുകയിലക്കഷായം ഉണ്ടാക്കി പരാജയപ്പെട്ടതാണ് പണ്ട്.
ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ വലിയ രണ്ടു ബക്കെറ്റ് നിറയെ കഷായം.
അവസാനം മണക്കാന്‍ തുടങ്ങിയപ്പോള്‍
തൊടിയില്‍ കളഞ്ഞു.
എന്നിട്ട് പച്ചക്കറി എന്തായി..
"തീരുമാനമായോ"?

രാജഗോപാൽ said...

ഇതു കൊള്ളാം... പുഴുവും കീടങ്ങളുമൊന്നും ആ വഴിക്ക് അടുക്കില്ല, അത്ര കഠിനപ്രയോഗമല്ലേ നടത്തിയത്. പക്ഷെ ഒരു കുഴപ്പമുണ്ട്, ചെടികൾ വളർന്നു വരുമ്പോൾ പുകയിലയില്ലാതെ പറ്റില്ല എന്ന അഡിക്ഷൻ വരുമോ?

keraladasanunni said...

~ ex-pravasini*,

ആദ്യം ഒരു വാട്ടം കണ്ടു. പിന്നെ ശരിയായി. ഒരു സമാധാനം ഉള്ളത് കുറച്ചേ ഉണ്ടാക്കിയുള്ളു എന്നതാണ്.

രാജഗോപാല്‍ ,

എനിക്ക് അതല്ല പേടി. ചെടിയിലുള്ള കീടങ്ങള്‍ നനയ്ക്കാന്‍ ചെല്ലുമ്പോള്‍ പുകയില കഷായം ഉണ്ടോ എന്ന് ചോദിക്കുമോ എന്നാണ്.

K.P.Sukumaran said...

പച്ചക്കറി കൃഷി സത്യം പറഞ്ഞാല്‍ ഓരോ കുടുംബവും ഏറ്റെടുത്ത് നടത്തിക്കൊണ്ടുപോകേണ്ടതാണ്. ഇക്കാര്യത്തില്‍ മലയാളികള്‍ തികഞ്ഞ നന്ദികേടാണ് പുലര്‍ത്തുന്നത്. തങ്ങള്‍ക്ക് വേണ്ടതെല്ലാം മാര്‍ക്കറ്റില്‍ പോയി പണം കൊടുത്ത് വാങ്ങാം എന്ന് കരുതുന്നു. എന്നിട്ട് ഉള്ള സ്ഥലത്ത് പുല്ലും കണ്ട കാടും പടലും വളര്‍ത്തി അതിനെ താലോലിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുമ്പോള്‍ അങ്ങോട്ടും എന്തെങ്കിലും തിരിച്ചു നല്‍കാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്. കറന്‍സി നോട്ടുകളും നാണയങ്ങളും തിന്നാന്‍ പറ്റില്ലല്ലൊ. തിന്നാനുള്ളത് ആരെങ്കിലും ഉല്പാദിപ്പിക്കേണ്ടേ? പച്ചക്കറിച്ചെടികള്‍ക്കും ഇലകളും മൊട്ടുകളും പൂവുകളും ഉണ്ട്. അവയ്ക്കും ഭംഗിയുണ്ട്. എന്നാല്‍ നഴ്സറിക്കച്ചവടക്കാര്‍ തരുന്ന പൂച്ചട്ടികള്‍ വാങ്ങി വീട്ടില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അത് വീടിന് എന്തോ ന്യൂനതയായാണ് ശരാശരി മലയാളി കരുതുന്നത്. അനുകരിക്കുക എന്നല്ലാതെ ആളുകള്‍ക്ക് സ്വന്തം തലച്ചോറ് ഉപയോഗിക്കുക എന്ന ശീലം ഇല്ലാതായി വരുന്നു. എന്ത് ചെയ്യും? ഒരു മുരിങ്ങാച്ചെടിയെങ്കിലും കേരളത്തില്‍ എല്ലാ വീടുകളിലും നട്ടിരുന്നുവെങ്കില്‍ അതിന്‍റെ ക്ഷാമം എങ്കിലും തീരുമായിരുന്നു.

ഞാനിപ്പോള്‍ മകളുടെ കൂടെയാണ് താമസിക്കുന്നത്. നിറയെ പൂച്ചട്ടികളുമുണ്ട്. മിനിടീച്ചറുടെ ബ്ലോഗ് വായിച്ചതില്‍ പിന്നെ എനിക്കും പച്ചക്കറി കൃഷിയില്‍ താല്പര്യം കലശലായി. മണ്ണിനോടും കൃഷിയോടും ചെറുപ്പം തൊട്ടേ ആഗ്രഹമുണ്ടായിരുന്നു. ആഗ്രഹം പോരല്ലൊ,ഉള്ള പറമ്പ് അന്യാധീനപ്പെട്ടുപോയിരുന്നു. ഇപ്പോള്‍ വീട്ടിലെ പൂച്ചട്ടികള്‍ ഒന്നൊന്നായി എടുത്ത് അതിലൊക്കെ വെണ്ടയും പാവയ്ക്കയും പയറും ചീരയും ഒക്കെ നട്ടുവരികയാണ്. ചാണകവും വെണ്ണീരും മണ്ണില്‍ കലര്‍ത്തിയാണ് ഞാന്‍ പൂച്ചട്ടികളില്‍ നിറയ്ക്കുന്നത്.

K.P.Sukumaran said...

ജൈവകൃഷി എന്നത് ഇപ്പോഴത്തെ ഒരു ഫാഷന്‍ ചിന്തയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. സ്വാഭാവികമായി കൃഷി ചെയ്യാനുള്ള പോഷകങ്ങള്‍ മേല്‍മണ്ണിലുണ്ട്. എന്നാല്‍ തുടര്‍ച്ചയായി കൃഷി ചെയ്യുമ്പോള്‍ ചില മൂലകങ്ങള്‍ മണ്ണില്‍ ഇല്ലാതാവും. അതില്‍ പ്രധാനമാണ് നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാസിയം മുതലായവ. അങ്ങനെ മണ്ണില്‍ ഈ മൂലകങ്ങള്‍ ഇല്ലാതാവുമ്പോള്‍ NPK എന്ന കോമ്പ്ലക്സ് വളം മണ്ണിൽ ചേർത്താൽ അപ്പോൾ തന്നെ ചെടികൾക്ക് അവ വലിച്ചെടുക്കാനും സ്വാഭാവിക വളർച്ച നിലനിർത്താനും കഴിയും. ജൈവളങ്ങളിലും ഇപ്പറഞ്ഞതൊക്കെയുണ്ട്. പക്ഷെ ജൈവവളങ്ങളിലെ ഇപ്പറഞ്ഞ മൂലകങ്ങൾ ചെടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന പരുവത്തിൽ ആകണമെങ്കില്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിച്ച് ലഘുതന്മാത്രകളായി വിഘടിക്കപ്പെടണം. അത് കാലതാമസം വരുന്ന ഏര്‍പ്പാടാണ്. മണ്ണില്‍ നിന്ന് നൈട്രജനോ ഫോസ്ഫറസോ ചെടി സ്വീകരിക്കുമ്പോള്‍ അതിന്‍റെ സ്രോതസ്സ് അവയ്ക്ക് പ്രശ്നമല്ല. ജൈവവളം വിഘടിച്ച് ഉണ്ടായാലോ, രാസവളത്തില്‍ നിന്ന് ലഭിച്ചാലോ നൈട്രജന്‍ നൈട്രജന്‍ തന്നെ. ഫോസ്ഫറസ് ഫോസ്ഫറസ് തന്നെ. പിന്നെ രാസവളം വിഷമാണ് എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണ്. അത്യാവശ്യ ഘട്ടത്തില്‍ രോഗിക്ക് ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കുന്നത്പോലെയാണിതും.

കെമിക്കല്‍ എന്ന് പറഞ്ഞാല്‍ എല്ലാം വിഷമാണ് എന്നത് ഒരു മോഡേണ്‍ അന്ധവിശ്വാസമാണ്. അത്പോലെ തന്നെയാണ് കീടനാശിനിയുടെ കാര്യവും. പുകയിലക്കഷായത്തിലും ബാര്‍സോപ്പ് ചേര്‍ക്കണം എന്ന് പറയുന്നു. ബാര്‍സോപ്പ് ജൈവമല്ലല്ലൊ. കീടങ്ങളെ നശിപ്പിക്കണം എന്നതാണ് പ്രശ്നം. അതിന് അനുവദനീയമായ അളവിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും രാസകീടനാശിനികള്‍ തളിക്കുന്നതില്‍ അപകടം ഒന്നുമില്ല. എന്ന് മാത്രമല്ല അതാണ് സുരക്ഷിതവും. ചെടികളിലാണ് കീടനാശിനി തളിക്കേണ്ടത്. പച്ചക്കറികളിലും പഴങ്ങളിലുമല്ല. വ്യാപാരതാല്പര്യങ്ങള്‍ക്ക് വേണ്ടി കീടനാശിനികള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതാണ് തടുക്കേണ്ടത്. അല്ലാതെ കീടനാശിനികള്‍ നിരോധിക്കുകയല്ല ചെയ്യേണ്ടത്. കീടങ്ങളെ നശിപ്പിക്കാതെ കൃഷി ചെയ്യാന്‍ കഴിയില്ല. കീടനാശിനികള്‍ തളിക്കുക എന്നത് മാത്രമാണ് ഫലപ്രദമായ മാര്‍ഗ്ഗം.

പുകയിലക്കഷായം , ജൈവകീടനാശിനി എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ അടുക്കള തോട്ടത്തില്‍ മതിയാകും. എന്നാല്‍ മാര്‍ക്കറ്റില്‍ ഇക്കാണുന്ന ധാന്യങ്ങളും പച്ചക്കറികളും പയറുകളും പഴങ്ങളും എല്ലാം കര്‍ഷകരാല്‍ ഉല്പാദിപ്പിക്കപ്പെട്ട് എത്തിച്ചേരണമെങ്കില്‍ പുകയിലക്കഷായമോ ജൈവകീടനാശിനികളോ പോര. ജൈവക്കൃഷിവാദക്കാര്‍ അനാവശ്യ ഭീതില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്. രാസവളം ഒരു തരത്തിലും വിഷമല്ല. ചെടികള്‍ക്ക് ആവശ്യമായ റെഡിമെയിഡ് ആഹാരമാണത്. രാസകീടനാശിനികളുടെ കാര്യത്തില്‍ അളവില്‍ കൂടുമ്പോള്‍ മാത്രമാണ് അത് വിഷമാകുന്നത്. മുന്‍‍കരുതല്‍ എടുത്ത് ഉപയോഗിച്ചാല്‍ രാസകീടനാശിനികള്‍ കൊണ്ട് ഒരു ദൂഷ്യവുമില്ല. ഇതായിരുന്നു കുറച്ചു മുന്‍പ് വരെ സമൂഹത്തില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ നിലപാട്. ഇപ്പോള്‍ ജൈവം എന്നും വിഷം എന്നും പറഞ്ഞ് ഭീതി പരത്തുകയാണ് പരിസ്ഥിതിവാദികള്‍. ആളുകള്‍ക്കാണെങ്കില്‍ തൊട്ടതിനും പിടിച്ചതിനും അകാരണമായ ഭയങ്ങളും.

എഴുതി വന്നപ്പോള്‍ കമന്‍റ് നീണ്ടുപോയി. സാരമില്ല, എപ്പോഴും എഴുതുന്നില്ലല്ലൊ :)

ജഗദീശ്.എസ്സ് said...

നല്ല ശ്രമം, മാഷേ.
കേന്ദ്രീകൃത വ്യാവസായിക കൃഷിയുടെ കാലം കഴിഞ്ഞു.

Salil said...

I am with Sukumaran's view
I think the amount we use these fertilizers is really the problem.
I feel even the recommended quantities are much higher than the actual need of the plant.