Monday, June 12, 2017

കുട്ട്യേട്ടന്‍.


ഞാന്‍ സഹസ്രനാമം ജപിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടികൃഷ്ണന്‍ എന്നെ കാണാന്‍ എത്തുന്നത്. എന്‍റെ ജപം തീരുന്നതുവരെ അദ്ദേഹം സോഫയില്‍ മാതൃഭൂമി പത്രം വായിച്ചുകൊണ്ടിരുന്നു.

''നിന്‍റെ നാമജപമൊക്കെ കഴിഞ്ഞ്വോ'' പൂജാമുറിയില്‍ നിന്ന് ഞാന്‍ വന്നതും കുട്ട്യേട്ടന്‍. ചോദിച്ചു.

ഉവ്വ് എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

''എന്നാല്‍ ഇങ്ങോട്ടിരിക്ക്''അദ്ദേഹം ഒരു വശത്തേക്കു നീങ്ങി എനിക്ക് സ്ഥലമൊരുക്കി.

ക്ഷാമബത്ത കൂട്ടിയതും പെന്‍ഷന്‍ റിവിഷന്‍ വക അരിയേഴ്സിന്‍റെ അടുത്ത ഗഡു കിട്ടാനുള്ളതും അടുത്ത കാലത്ത് മരിച്ചുപോയ പഴയ സഹപ്രവര്‍ത്തകരെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിച്ചു.

''ആഹാരം കഴിക്കാന്‍ വന്നോളൂ'' സുന്ദരി വന്നു വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

''എനിക്കൊന്നും വേണ്ടാ. ഞാന്‍ ഭക്ഷണം കഴിച്ചിട്ടാ വീട്ടിന്ന്പോന്നത്'' കുട്ട്യേട്ടന്‍ പറഞ്ഞു.

''അതു പറ്റില്ല. പേരിനെങ്കിലും കഴിക്കണം''ഞാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റു.

കടന്നു പോയ കാലത്തെ ഒട്ടേറെ സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഞങ്ങള്‍ ഭക്ഷണം കഴിച്ചു.

''നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാന്‍ ഇന്നു വന്നത്'' പോവാനൊരുങ്ങുമ്പോള്‍ കുട്ട്യേട്ടന്‍ പറഞ്ഞു''കുറച്ചായി എനിക്ക് തീരെ വയ്യാ. പോരാത്തതിന്ന് ഇന്നു നടന്ന കാര്യം നാളെ ചോദിച്ചാല്‍ ഓര്‍മ്മ ഉണ്ടാവില്ല''.

''വയസ്സാവുമ്പോള്‍ അതൊക്കെ ഉണ്ടാവില്ലേ''ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

''അത് ശരിയാണ്. പക്ഷെ അതല്ല കാര്യം. പെട്ടെന്നൊരു ദിവസം ഞാന്‍ മരിച്ചാല്‍ നീ എന്‍റെ പെന്‍ഷന്‍ സ്വയംപ്രഭയ്ക്ക് കിട്ടാന്‍ വേണ്ടതൊക്കെ ചെയ്യണം''.

''അത് പ്രത്യേകിച്ച് പറയാനുണ്ടോ'' എന്ന് ഞാന്‍ പറഞ്ഞെങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

ജോലിക്കു പോവാനിറങ്ങിയ എന്‍റെ മകന്‍റെ കൂടെ കാറില്‍ കയറി കുട്ട്യേട്ടന്‍ യാത്രയായി. പകല്‍ മുഴുവന്‍ വല്ലാത്തൊരു അസ്വസ്ഥത എന്നെ അലട്ടി.

''എന്താ നിനക്കൊരു വിഷമം'' വൈകുന്നേരം റെയില്‍വേ സ്റ്റേഷനില പ്ലാറ്റോമില്‍ പതിവുപോലെ കാറ്റുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരന്‍ അജിതന്‍ ചോദിച്ചു.

കുട്ട്യേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു.

''നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവനെ നല്ലത് നാല്ലെണ്ണം ഞാന്‍ പറഞ്ഞേനെ'' സുഹൃത്ത് ചൂടായി''ഇമ്മാതിരി വര്‍ത്തമാനം ആരു പറഞ്ഞാലും എനിക്ക് പിടിക്കില്ല''.

''അതെന്താ''കൂട്ടുകാരന്‍ പറഞ്ഞത് സത്യത്തില്‍ എനിക്ക് മനസ്സിലായില്ല.

''എടാ, ജനിച്ചാല്‍ ആരായാലും മരിക്കും. അതൊന്നും ഇത്ര കാര്യമായി എടുക്കാനില്ല. പിന്നെ ചത്തു പോവുന്നോര് ബാക്കിയുള്ളവരെക്കുറിച്ച് വേവലാതിപ്പെടുകയൊന്നും വേണ്ടാ. അവര് എങ്ങിനെയെങ്കിലും ഈ ലോകത്ത് ജീവിച്ചോളും'' ഒന്നു നിര്‍ത്തി അവന്‍ തുടര്‍ന്നു ''ഇതൊക്കെ കേട്ട് വിഷമിച്ച നിന്നെ വേണം തല്ലാന്‍''.

''നിനക്ക് അറിയാഞ്ഞിട്ടാണ്'' ഞാന്‍ പറഞ്ഞു''അമ്പത്തിരണ്ടു കൊല്ലമായി ഞാനും കുട്ടിയേട്ടനും തമ്മില്‍ പരിചയപ്പെട്ടിട്ട്. ഒന്നിച്ച് മുപ്പതുകൊല്ലം ജോലി ചെയ്തു. അതില്‍ പത്തുകൊല്ലക്കാലം രണ്ടാളുംകൂടി യോജിച്ച് ഒരു സെക്ഷനിലെ പണിനോക്കി. ഇന്നേവരെ ഒരക്ഷരം ഞങ്ങളന്യോന്യം പറഞ്ഞു മുഷിച്ചിലുണ്ടായിട്ടില്ല. അതാ എനിക്കിത്ര സങ്കടം''.

''അതൊന്നും കാര്യൂല്ല. അല്ലെങ്കില്‍ ആര്‍ക്കാടാ നിന്നോട് പിണങ്ങാന്‍ കഴിയ്യാ''കൂട്ടുകാരന്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു.

ഡെല്‍ഹിയിലേക്കുള്ള കേരളാ എക്സ്പ്രസ്സ് ഞങ്ങളുടെ മുന്നിലൂടെ ഓടി മറഞ്ഞു. ജീവിതം ഇതുപോലെ വേഗത്തില്‍ കടന്നു പോവുന്ന ഒന്നാണെന്നോര്‍ത്ത് ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.


8 comments:

സുധി അറയ്ക്കൽ said...

കൂട്ടുകാരൻ പറഞ്ഞ ആ പൊതുതത്വം ഇഷ്ടപ്പെട്ടില്ല അങ്കിളേ!!!!

വിനുവേട്ടന്‍ said...

എനിക്കും ഇഷ്ടപ്പെട്ടില്ല കേരളേട്ടാ ആ തത്വം... ആത്മബന്ധം എന്നൊക്കെ പറയുന്നത് ഇങ്ങനെയൊക്കെയുള്ള അവസരങ്ങളിൽ ഉപകരിക്കാനുള്ളതല്ലെങ്കിൽ പിന്നെ എന്തിനാണ്...?

ജീവിത സായാഹ്നം... അത് അനിവാര്യമായ ഒരു സത്യം തന്നെ... :(

Arjun Bhaskaran said...

Jeevithaavasaanam thanne nokkaan aarenkilum undaakum ennu chinthich jeevikkunnath thanne abadhamaanu. Avanavante jeevitham jeevich theerkkuka. Illenkil vishamam maathramaayirikkum falam.

Typist | എഴുത്തുകാരി said...

ഇന്ന് വെറുതെ ഒന്ന് നോക്കിയപ്പഴാ ഇത് കണ്ടത്.

ജീവിത സായാഹ്നത്തില്‍ ഇതൊക്കെ തന്നെ ആയിരിക്കില്ലേ എല്ലാവരുടേയും മനസ്സില്‍.

keraladasanunni said...

സുധി,
എനിക്കും ആ അഭിപ്രായമാണ്. പക്ഷെ കക്ഷിയുടെ രീതി അങ്ങിനെയാണ്. എന്തും വെട്ടിമുറിച്ചു പറയും. എന്നാലോ, മനസ്സുകൊണ്ട് വളരെ നല്ലവന്‍ 

keraladasanunni said...

വിനുവേട്ടാ,
രണ്ടുപേരും എന്‍റെ ആത്മസുഹൃത്തുകള്‍. അവരുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും ഇരുവരും നല്ലവര്‍. എഴുത്തും വായനയും ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും മനസ്സുകൊണ്ട് ഞാന്‍ അവരേക്കാള്‍ എത്രയോ ചെറുപ്പമാണെന്ന് തോന്നുന്നു.

keraladasanunni said...

മാഡ്
വലിയ സത്യം. മക്കളേയോ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഒന്നും സഹായഹസ്തവുമായി പ്രതീക്ഷിച്ചിരിക്കരുത്. ലഭിച്ചാല്‍ ഭാഗ്യം.

ആദ്യമായാണ് നമ്മള്‍ ബ്ലോഗിലൂടെ കണ്ടു മുട്ടുന്നത്. പലതരം രചനകള്‍ ഉള്ളതായി കണ്ട് അത്ഭുതം തോന്നി. എനിക്ക് അവയൊന്നും തുറന്നു നോക്കാന്‍ കഴിയുന്നില്ല. എന്താണ് വഴി.

keraladasanunni said...

എഴുത്തുകാരി,

നല്ല നല്ല രചനകള്‍ ആ കൈകളിലൂടെ ഊര്‍ന്നിറങ്ങട്ടെ.