Saturday, December 10, 2016

ഒരു അത്ഭുതക്കാഴ്ച.

ഇന്നലെ (9.12.2016) കിഴക്കഞ്ചേരിക്കാവിലെ ചുറ്റുവിളക്കുകഴിഞ്ഞ് ഞാനും കുടുംബവും വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. സമയം രാത്രി എട്ടരയോടടുത്തുകാണും. ചെക്ക്പോസ്റ്റ് ജങ്ക്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ റോഡിലൂടെ ഞങ്ങളുടെ കാര്‍ നീങ്ങി.

പറളി റെയില്‍വേ സ്റ്റേഷന്‍റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ വടക്കോട്ടു നോക്കി. അവിടെ വളയന്‍കുന്നിന്നുമുകളിലെ കര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ നടക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ നിന്നുള്ള പ്രകാശം കാണാനുണ്ട്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം ഉയരത്തിലല്ലാതെ വലിയ ഒരു തീഗോളം കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ചുറ്റുമുള്ള മഞ്ഞ വെളിച്ചത്തിന്നു നടുവില്‍ ചുവന്ന തീനാളം വ്യക്തമായി കാണാനുണ്ട്.

'' അതു നോക്കിന്‍'' ഞാന്‍ വീട്ടുകാരോട് പറഞ്ഞു. എല്ലാവരും അങ്ങോട്ടു നോക്കി.

''വിമാനമൊന്നും ആവില്ല. അതിന്‍റെ വിളക്കുകള്‍ മിന്നുകയും കെടുകയും തോന്നും'' ആരോ പറഞ്ഞു''മാത്രമല്ല അതിന് ഇത്ര വലുപ്പവും കാണില്ല''.

''വല്ല വിമാനത്തിനും തീ പിടിച്ചതായിരിക്കുമോ ഭഗവാനേ'' എന്ന് ഞാന്‍ സ്വയം പറഞ്ഞു.

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും കാര്‍ നിര്‍ത്തി. ഞാനും മൂത്ത മകനും പുറത്തിറങ്ങി കിഴക്കോട്ടേക്ക് നോക്കി നിന്നു. വലിയ വേഗമൊന്നും ഇല്ലെങ്കിലും കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അത് കണ്ണില്‍ നിന്നു മറഞ്ഞു.

വീടെത്തിയതും ഞാന്‍ കുഞ്ഞിക്കണ്ണനെ വിളിച്ചു. വളയന്‍കുന്നിലെ പരിപാടികളുടെ നടത്തിപ്പുകാരില്‍ ഒരാളാണ് അയാള്‍. ഞങ്ങള്‍ കണ്ട കാഴ്ച ഞാന്‍ വിവരിച്ചു.

''ഇവിടെ എല്ലാവരും പന്തലിനകത്തായിരുന്നു. ആരും ശ്രദ്ധിച്ചില്ല'' അയാള്‍ മറുപടി നല്‍കി.

രാവിലെ എഴുന്നേറ്റതും പത്രം മുഴുവന്‍ അരിച്ചുപെറുക്കി നോക്കി. ഇല്ല. ഇതിനെ സംബന്ധിച്ച ഒരു വാര്‍ത്തയുമില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിക്കണ്ണന്‍ എത്തി. ഒരിക്കല്‍ക്കൂടി എല്ലാം വിശദീകരിച്ചു.

''അതിന്‍റെ ഒരു ഫോട്ടോ എടുക്കായിരുന്നു'' അയാള്‍ പറഞ്ഞു.

സത്യം പറഞ്ഞാല്‍ ആ ദൃശ്യം ഉണ്ടാക്കിയ അത്ഭുതത്തില്‍ അതൊന്നും ഞങ്ങള്‍ ഓര്‍ത്തില്ല. എങ്കിലും അത്ര എളുപ്പം അത് മറക്കാനാവില്ല.

15 comments:

രാജഗോപാൽ said...

അതെന്തായിരുന്നു, ദാസേട്ടാ... ഉൽക്കയോ? കുറെക്കാലത്തിനു ശേഷം ദാസേട്ടന്റെ രസകരമായ ഒരു പോസ്റ്റ് വായിച്ച സന്തോഷം അറിയിക്കുന്നു...

keraladasanunni said...

രാജൂ,

ഉല്‍ക്ക വീഴുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. ഇത് ആ മട്ടിലല്ല. സാമാന്യം വലുപ്പമുള്ള ഒന്നായിരുന്നു അത്. വലിയ വേഗം ഉണ്ടായിരുന്നില്ല (ഒരു ഹെലികോപ്റ്റര്‍ പോവുന്ന വേഗത്തിലും കുറവ്) കൂടാതെ നേര്‍രേഖയില്‍ കിഴക്കോട്ടായിരുന്നു അതിന്‍റെ പ്രയാണം 

സുധി അറയ്ക്കൽ said...

പേടിച്ച്‌ പോയോ??അത്‌ നിങ്ങളുടെ നേരേ വരികയായിരുന്നെങ്കിൽ എന്ത്‌ ചെയ്തനേ???

© Mubi said...

എന്താവുമത്?? വായിച്ചപ്പോള്‍ എനിക്കും ഒരാകാംഷ, അതെന്താണെന്നറിയാന്‍...

ശ്രീ said...

ഉൽക്കയോ മറ്റോ ആകാണേ തരമുള്ളൂ

Geetha said...

വായിച്ചു കഴിഞ്ഞപ്പോൾ " എന്താവും അത് ? " എന്നൊരാകാംക്ഷ?

keraladasanunni said...

സുധി,
പേടിയല്ല, അത്ഭുതമാണ് തോന്നിയത്. മുമ്പൊരിക്കലും അതുപോലൊന്ന് കണ്ടിട്ടില്ല.

keraladasanunni said...

Mubi,
ഒരുപിടിയുമില്ല. എനിക്കും ആകാംക്ഷയുണ്ട്.

keraladasanunni said...

ശ്രീ,
വലുപ്പവും വേഗതയും ഉല്‍ക്കയുടേതുപോലെയല്ല. മാത്രമല്ല ഒരേ ദിശയിലാണ് അത് നീങ്ങിയത്. പ്രകാശവും വ്യത്യസ്തമാണ്

keraladasanunni said...

Geetha Omanakuttan,
ഇനിയും ഇത്തരം പ്രതിഭാസം ഉണ്ടായേക്കാം. രണ്ടു കൊല്ലം മുമ്പ് മദ്ധ്യകേരളത്തില്‍ ഇതുപോലെയെന്തോ കണ്ടതായ വാര്‍ത്ത വന്നിരുന്നു.

വിനുവേട്ടന്‍ said...

എന്തായിരിക്കും അത്... !

keraladasanunni said...

വിനുവേട്ടന്‍ 
ഒന്നും മനസ്സിലാവുന്നില്ല.

Typist | എഴുത്തുകാരി said...

എന്നാലും അതെന്തായിരിക്കും?

keraladasanunni said...

Typist I എഴുത്തുകാരി,
ഒരു ധാരണയുമില്ല.

ലംബൻ said...

അതൊരു യു എഫ് ഒ ആവാന്‍ ആണ് ചാന്‍സ്