Thursday, June 9, 2016

മകനെ ഈ വോട്ടൊന്നു കുത്തിത്താടാ.


ഉദ്യോഗത്തിലുള്ളപ്പോള്‍ പലതവണ തിരഞ്ഞെടുപ്പുജോലിക്ക് പോവേണ്ടി വന്നിട്ടുണ്ട്. സന്തോഷത്തോടെയല്ല ഒരിക്കലും ആ ജോലിക്ക് പോവാറ്. പോളിങ്ങ്സ്റ്റേഷനിലെ അസൌകര്യങ്ങള്‍ തന്നെയാണ് ഇഷ്ടക്കേടിന്ന് മുഖ്യകാരണം. എങ്കിലും ഓരോ തവണ തിരഞ്ഞെടുപ്പുജോലിക്ക് പോയി തിരിച്ചുവരുമ്പോഴും ഒരിക്കലും മറക്കാനാവാത്ത എന്തെങ്കിലും ഒരനുഭവം കൂട്ടിനുണ്ടാവും. ആ വിധത്തിലുള്ള ഒരനുഭവം ഇന്നും ആലോചിക്കുമ്പോള്‍ എന്നില്‍ ചിരിയുണര്‍ത്തും.

വൈകുന്നേരം മൂന്നുമണികഴിഞ്ഞതേയുള്ളു. അതുവരെയുള്ള പോളിങ്ങ് വിവരം പോലീസുകാരന്‍ വന്ന് അനേഷിച്ചുപോയി.  കുറെനേരമായി ബൂത്തില്‍ വോട്ടര്‍മാരുടെ ക്യൂ ഇല്ല. വല്ലപ്പോഴും ഓരോരുത്തര്‍ വന്ന് വോട്ടു രേഖപ്പെടുത്തും. ഞാന്‍ ആ സമയത്ത്  എഴുന്നേറ്റുചെന്ന് ബാലറ്റ്‌പേപ്പറിന്നു പുറകില്‍ ഒപ്പിട്ടുകൊടുക്കും.     ( ആ കാലത്ത് വോട്ടിങ്ങ് മെഷീന്‍ ഉണ്ടായിരുന്നില്ല. പ്രിസൈഡിങ്ങ് ഓഫീസര്‍ ബാലറ്റ് പേപ്പറിന്‍റെ പുറകില്‍ ഒപ്പിടേണ്ടതുണ്ട് )

ഒപ്പിട്ടതും ഉപയോഗിക്കാത്തതുമായ ബാലറ്റ്‌ പേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തേണ്ട കോളത്തില്‍  '' ഒന്നുമില്ല '' എന്ന് കാണിക്കാനുള്ള വിദ്യയാണത് ( മാത്രമല്ല അത്തരം ബാലറ്റ്പേപ്പറുകള്‍ ഒരു പ്രത്യേക കവറിലിട്ട് തിരിച്ചേല്‍പ്പിക്കണം. അതൊക്കെ ഒഴിവാക്കാന്‍ ഇതാണ് പറ്റിയ വഴി ).

പോളിങ്ങ് കഴിഞ്ഞാല്‍ ഒട്ടേറെ രേഖകള്‍ തയ്യാറാക്കാനുണ്ട്. ബാലറ്റ് ബോക്സിനോടൊപ്പം കൊടുക്കാനുള്ളവയാണ് അവ. ചിലതൊക്കെ പോളിങ്ങ് കഴിയും മുമ്പേ തയ്യാറാക്കാന്‍ പറ്റുന്നവയാണ്. ആ വക രേഖകളും കവറുകളുടെ പുറത്ത് എഴുതാനുള്ളതുമെല്ലാം മുന്‍കൂട്ടി എഴുതിവെക്കാം.

ഞാന്‍ ആ പണികളില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് ആ സ്ത്രീ എത്തിയത്. ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍ സ്ലിപ്പ് നോക്കി അവരുടെ പേരുവിളിച്ചതും ഞാന്‍ ചെന്ന് ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടുകൊടുത്ത് എന്‍റെ സീറ്റിലേക്ക് മടങ്ങി ജോലിയില്‍ മുഴുകി.

'' എന്താ  ഈ കാട്ടുന്ന് '' എന്ന ഒച്ച കേട്ടു ഞാന്‍ നോക്കിയപ്പോള്‍ ആ സ്ത്രീ ബാലറ്റ് പേപ്പറും സീലുമായി എന്‍റെ മേശയ്ക്കുമുമ്പില്‍ വന്നു നില്‍ക്കുന്നു.

'' അതാ അവിടെ പോയി വോട്ടു ചെയ്യൂ '' ഞാന്‍ അവര്‍ക്ക് വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്‍റ് ചൂണ്ടി കാട്ടി.

'' എന്‍റെ മകനെ ഈ വോട്ടൊന്നു കുത്തിത്താടാ '' അവര്‍ ബാലറ്റ് എന്‍റെ നേരെ നീട്ടുകയാണ്.

'' വല്യേമ്മേ, നിങ്ങളുടെ വോട്ട് എനിക്ക് ചെയ്യാന്‍ പാടില്ല. നിങ്ങളന്നെ അത് ചെയ്യണം '' ഞാന്‍ പറഞ്ഞു.

'' അതിന് എനിക്ക് കണ്ണു കാണാന്‍ പാടില്ല ''.

'' എങ്കില്‍ ആരേയെങ്കിലും തുണയ്ക്ക് കൂട്ടീട്ടു വരായിരുന്നില്ലേ ''.

'' കൂടെ വരുന്ന പിള്ളര് ഞാന്‍ പറയുന്നതില്‍ത്തന്നെ കുത്ത്വോ എന്ന് എന്താ ഉറപ്പ് ''. എനിക്ക് തമാശ തോന്നി.

'' വല്യേമ്മേ, നിങ്ങള് പറയുന്ന ആള്‍ക്ക് ഞാന്‍ വോട്ടുകുത്തും എന്ന് ഉറപ്പുണ്ടോ ''.

'' എന്താ സംശയം '' അവര്‍ ചെറുതായോന്ന് ചിരിച്ചു '' എന്‍റെ മകനെ കാണുമ്പോള്‍ ചത്തു പോയ എന്‍റെ ഭാസ്ക്കരനെപോലെ ഉണ്ട് ''.

'' രണ്ടാളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലേ ''. അവര്‍ എന്നെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

'' അവന് എന്‍റെ മകന്‍റെ അത്ര നിറം  ഇല്ല ''.

'' അതുശരി. കണ്ണു കാണില്ല എന്ന് നുണ പറഞ്ഞതാണല്ലേ ''.

അബദ്ധം പറ്റിയതുപോലെ അവരൊന്ന് പരുങ്ങിനിന്നു. എന്നിട്ട് നേരെ വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്‍റിലേക്ക് നടന്നു. തിരിച്ചു പോവുമ്പോള്‍ എന്നെ നോക്കി കൈകൂപ്പി. എന്നിട്ട് വേഗം നടന്നകന്നു.

എന്തുകൊണ്ടാണ് അവര്‍ ഈ നാടകം കളിച്ചതെന്ന് അന്നും ഇന്നും എനിക്കറിയില്ല.

9 comments:

ajith said...

ൈത്രേം അപേക്ഷിച്ച സ്ഥിതിക്ക് ഒന്ന് സഹായിക്കാരുന്നു. ഹഹഹ

ramanika said...

Innu orkkumbol votting divassatthe joli our Rasamaanu. Votting Kazhinju kanakkukal ellaam koottimuttichu kazjinjaal kittunna oru relief athu Sarikkum aaswadhakaramaanu.Pinne ithupollulla sambhavangalum Ennum ormmayil thangum.

ramanika said...

Innu orkkumbol votting divassatthe joli our Rasamaanu. Votting Kazhinju kanakkukal ellaam koottimuttichu kazjinjaal kittunna oru relief athu Sarikkum aaswadhakaramaanu.Pinne ithupollulla sambhavangalum Ennum ormmayil thangum.

ഡെയ്സി said...

നിലവിലുള്ള രാഷ്രീയനിലപാടുകളില്‍ വലിയ ധാരണയുണ്ടാവില്ലായിരിക്കും. :)

keraladasanunni said...

ajith,
നല്ല വിശേഷമാവും. എങ്കില്‍  ഇലക്ഷന്‍ ഡ്യൂട്ടി കഴിയുന്നതിന്നുമുമ്പ് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൈപ്പറ്റേണ്ടിവന്നേനെ.

keraladasanunni said...

ramanika,
അതെ. സാധനസാമഗ്രികള്‍ കൊടുത്തുകഴിഞ്ഞാല്‍ വീട്ടിലേക്കുള്ള ലാസ്റ്റ്ബസ്സ് പിടിക്കാന്‍ ഒരോട്ടമുണ്ട്. മറക്കില്ല അതൊന്നും 

keraladasanunni said...

ഡെയ്സി,
ശരിയാണ്. അവര്‍ക്ക് അതൊന്നുമറിയില്ല.

Cv Thankappan said...

ഇതുപോലെ എത്ര തമാശകള്‍ കണ്ടുംകേട്ടും കാണും!
ആശംസകള്‍

keraladasanunni said...

Cv.Thankappan
ഉവ്വ്. ഇത്തരം ഒരുപാട് അനുഭവങ്ങളുണ്ട്