Friday, December 25, 2015

തിരുവാതിര.

യാതൊരു ആഘോഷവുമില്ലാതെ ഒരു തിരുവാതിര കടന്നുപോവുമ്പോള്‍ മനസ്സ് അരനൂറ്റാണ്ടിന്നു മുമ്പുള്ള ധനുമാസത്തിലെ തിരുവാതിരയിലേക്ക് തിരിച്ചു പോവുകയാണ്.  ഓണം, വിഷു എന്നിവയെപ്പോലെ ഒരു പ്രധാന വിശേഷ ദിവസമായിട്ടാണ് ആ കാലത്ത് ധനുമാസത്തിലെ തിരുവാതിരയെ കണക്കാക്കിയിരുന്നത്. ചിലവാക്കുന്ന പണത്തിന്‍റെ കണക്കുനോക്കിയാല്‍  ​ഓണത്തിന്നും വിഷുവിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. തിരുവാതിര പ്രമാണിച്ച് പുതുവസ്ത്രങ്ങളൊന്നും വാങ്ങാറില്ല. സദ്യയും ഉണ്ടാവാറില്ല. ആയതിനാല്‍ തിരുവാതിരയ്ക്ക് പണച്ചിലവും അദ്ധ്വാനവും കുറവാണ്. എന്നാല്‍ ഒരുക്കങ്ങളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം അതിനുതന്നെ.

വൃശ്ചികമാസം ആവുമ്പോഴേക്ക് മുത്തശ്ശിക്ക് വേവലാതി തുടങ്ങും. ഒരു മാസേ ഉള്ളൂ തിരുവാതിരയ്ക്ക്. അതിന്നു മുമ്പ് വേലി കെട്ടിക്കണം. മുറ്റം  മണ്‍പണി ചെയ്യണം. ചിതലും മാറാലയും തട്ടണം. മണ്ണിലെ നനവ് പോവും മുമ്പ് ചെറുകിഴങ്ങും കാവുത്തും കൂവയും പറിപ്പിക്കണം. ഇതിനൊക്കെ ആര്‍ക്കാ താല്‍പ്പര്യം.  മുത്തശ്ശി ഇങ്ങിനെ പറയുമെങ്കിലും എല്ലാ പണിയും സമയത്തിനുതന്നെ തീരും. കാരണം അന്നൊക്കെ തൊഴിലവസരങ്ങള്‍ നന്നേ കുറവായിരുന്നു.  ജോലിക്ക് ആളുകളെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല.

അണക്കെട്ടും ജലസേചനസൌകര്യവും ഇല്ലാത്തതിനാല്‍ വൃശ്ചിക മാസം ആദ്യത്തോടെ രണ്ടാമത്തെ വിളവെടുപ്പു കഴിയും. പിന്നെ വേലി കെട്ടുന്ന പണിയാണ്. അപൂര്‍വ്വം ചിലവീടുകള്‍ക്കേ മതിലുണ്ടാവൂ. ബാക്കിയെല്ലാം മുള്ളുവേലിയുള്ളവയാണ്. മിക്ക വീട്ടുവളപ്പുകളിലും പരുവകൂട്ടങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മുള്ളും മുളയും പണം കൊടുത്തു വാങ്ങേണ്ടി വരാറില്ല. വാങ്ങുകയാണെങ്കിലും വലിയ വിഷമം തോന്നില്ല. അത്ര നിസ്സാരവിലയ്ക്ക് മുള്ള് ലഭിക്കും. മുള  പൊളിച്ച് പാകത്തിനുള്ള വീതിയില്‍ അലകുകളാക്കി അവ വാരിവെച്ചുണ്ടാക്കുന്ന മുള്ളുവേലി കാണാന്‍ നല്ല ഭംഗിയായിരിക്കും.

മുള വെട്ടുംമുമ്പ് പണിക്കാരനോട് നല്ലതൊരെണ്ണം മാറ്റിവെക്കാന്‍ പറയും. അത് ഊഞ്ഞാലിടാനാണ്. മുള മാത്രമല്ല, കരിമ്പനപ്പട്ടയുടെ വഴുകത്തണ്ടും വണ്ണം കുറഞ്ഞ ഒരു പുളിങ്കമ്പും ഊഞ്ഞാലുണ്ടാക്കാന്‍ ആവശ്യമാണ്.

വീട്ടുമുറ്റത്തുള്ള മാവിലോ വളപ്പിലുള്ള വല്ല പുളിമരത്തിലോ ആണ് ഊഞ്ഞാലിടുക. വഴുക തേഞ്ഞു പൊട്ടാതിരിക്കാന്‍ കീറച്ചാക്കോ മറ്റോ തീറ്റവെച്ചു കൊടുക്കും.

മുറ്റം മുഴുവന്‍ മണ്ണുതേച്ച് നിരപ്പാക്കും. ചുറ്റുഭാഗവും മണ്ണുകൊണ്ട് തിട്ടുണ്ടാക്കി മെഴുകും. മണ്ണ് ഉണങ്ങിയാല്‍ ചാണകം കലക്കിയൊഴിച്ച് ചൂലുകൊണ്ടടിച്ചു തേച്ചുപിടിപ്പിക്കും.

കൂവ കിളച്ചെടുക്കുന്ന ജോലി മാത്രമേ പണിക്കാര്‍ക്കുള്ളു. അതിന്‍റെ തൊലി കളഞ്ഞ് വൃത്തിയായി കഴുകി, ചെറുതായി നുറുക്കി, ആട്ടുകല്ലില്‍ അരച്ച് നല്ല വെള്ളത്തില്‍ അരിച്ചെടുത്ത് ആ വെള്ളം അനങ്ങാതെ വെച്ച് അടിഞ്ഞു കൂടുന്ന മാവെടുത്ത് ഉണക്കിയെടുക്കുന്ന പണി വീട്ടുകാരാണ് ചെയ്യുക.

പഴുക്കാന്‍ മൂത്ത കുന്നന്‍കായയോ, പാളയംകോടനോ വെട്ടി പുകയിടും. തിരുവതിര ദിവസത്തെ പ്രാതലിന്‍റെ പ്രധാനവിഭവം കൂവ വിരകിയതും വാഴപ്പഴവുമാണ്. പപ്പടം കാച്ചിയതും കൂട്ടിനുണ്ടാവും.

'' തിരുവാതിര കുളിച്ചുവന്നു കുപ്പായം ഊരി കിണറില്‍ ചാടി '' മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്ന കുട്ടി ഇതു പറഞ്ഞ് '' എന്താ ഇത് എന്ന് കുട്ടിയ്ക്കറിയ്യോ '' എന്നു ചോദിച്ചു. എനിക്കതിനുള്ള ഉത്തരം അറിയില്ല. '' ശരി. വേണ്ടാ. തിരുവാതിര ദിവസം കുട്ടി എന്താ കഴിക്ക്യാ ''. '' കൂവനൂറ് '' ഞാന്‍ പറഞ്ഞു. '' പിന്നെന്താ?  '' അടുത്ത ചോദ്യം. '' പപ്പടം ''. '' അതേ ഉള്ളൂ? ''. '' അല്ല. പഴം തിന്നും '' അതോടെ എല്ലാ വിഭവങ്ങളുമായി. '' അതാ ഞാന്‍ പറഞ്ഞത്. തിരുവാതിര കുളിച്ചുവന്നാല്‍ പഴം തിന്നും. തോല് കളഞ്ഞിട്ടല്ലേ കുട്ടി തിന്ന്വാ. അതാണ് കുപ്പായം ഊരി കിണറ്റില്‍ ചാടി എന്നു പറയുന്നത്. ഇപ്പൊ മനസ്സിലായോ? ''. തിരുവാതിര എന്നു കേള്‍ക്കുമ്പോള്‍ ഈ സംഭാഷണം ഓര്‍മ്മവരും.

സ്ത്രീകള്‍ ഏഴുദിവസം തിരുവാതിര കുളിക്കാന്‍ പോവും. നാലു നാലര മണിയോടെ സംഘം ചേര്‍ന്ന് പാട്ടുപാടി കമ്പിറാന്തലിന്‍റെ വെളിച്ചത്തില്‍ പുഴയിലേക്കു ചെല്ലും. അയല്‍വീടുകളിലെ സ്ത്രീകളെല്ലാം ഒരുമിച്ചാണ് പോവുക. കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടാവും.

സ്ത്രീകള്‍ തുടിച്ചു കുളിക്കുന്നതും നോക്കി തോര്‍ത്തും പുതച്ച് വലിയൊരു പാറയുടെ മുകളില്‍ ഞാന്‍ ഇരിക്കും. കമ്പിറാന്തലിന്‍റെ ചില്ലില്‍ ഉള്ളംകൈ വെക്കും. ചൂടു കിട്ടാനാണ് അങ്ങിനെ ചെയ്യുന്നത്. എത്ര നിര്‍ബ്ബന്ധിച്ചാലും വെള്ളത്തില്‍ ഇറങ്ങില്ല. ഒടുവില്‍ ആരെങ്കിലും വെള്ളം തേവി നനച്ചാല്‍ പുഴയിലേക്ക് ഒരു ചാട്ടമാണ്. പിന്നെ തണുപ്പു തോന്നില്ല. കുറച്ചു നേരം വെള്ളത്തില്‍ ചാടിക്കളിച്ച് അതിന് അമ്മയുടെ ശകാരം കിട്ടിയിട്ടേ കുളിച്ചു കയറൂ. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറയുന്നത്എത്ര ശരിയാണ്. കുളി കഴിഞ്ഞ് ഈറന്‍ മാറിയ ശേഷം വിസ്തരിച്ച് വെറ്റില മുറുക്കിയിട്ടേ സ്ത്രീകള്‍ വീട്ടിലേക്ക് തിരിച്ചുപോവാറുള്ളു. ഏതൊക്കേയൊ ഇലകളും മറ്റും തലയില്‍ ചൂടാറുമുണ്ട്. അമ്പലത്തിലേക്ക് പോവുന്ന സമയം തീരുമാനിച്ചിട്ട് എല്ലാവരും പിരിയും.

വേലി കെട്ടലും മണ്‍പണിയും ഊഞ്ഞാലും സംഘം ചേര്‍ന്ന്കുളത്തിലോ പുഴയിലോ ചെന്നുള്ള സ്ത്രീകളുടെ തുടിച്ചുകുളിയും എന്നോ ഇല്ലാതായി. അമ്പലത്തിലേക്കുപോലും സ്ത്രീകളാരും ഒന്നിച്ചു ചെല്ലാറില്ല. ഒന്നുകില്‍ ഭര്‍ത്താവോ മക്കളോ അമ്പലത്തിലേക്ക് കാറിലെത്തിക്കും, അല്ലെങ്കില്‍ സ്വയം വാഹനമോടിച്ചു പോവും. ആര്‍ക്കും ആരേയും വേണ്ടാ. കാലം പോയ പോക്ക്.

6 comments:

വിനുവേട്ടന്‍ said...
This comment has been removed by the author.
വിനുവേട്ടന്‍ said...

അര നൂറ്റാണ്ട് മുമ്പത്തെ ഓര്‍മ്മകള്‍ വായിച്ചപ്പോള്‍ കൌതുകം... കാരണം അന്നെനിക്ക് വയസ്സ് രണ്ട്...

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നായിരുന്നില്ലേ ചൊല്ല്... ഇന്നിപ്പോള്‍ നാട്ടിന്‍പുറങ്ങള്‍ എന്ന് പറയാന്‍ ഒന്നുമില്ലല്ലോ... എവിടെ നോ‍ക്കിയാലും നഗരമായി വളര്‍ന്നു കഴിഞ്ഞുവല്ലോ... അതിന്റെ സന്തതസഹചാരിയായ അപരിചിതത്വവും...

അഞ്ച് ഇല്ലെങ്കിലും ഒരു നാല് പതിറ്റാണ്ട് മുമ്പുള്ള മധുരതരമായ ഓര്‍മ്മകള്‍ ഇന്നും കണ്‍‌മുന്നില്‍ തെളിഞ്ഞ് നില്‍ക്കുന്നു... അതിനിട നല്‍കിയ കേരളേട്ടന് ഒരായിരം നന്ദി...

സുധി അറയ്ക്കൽ said...

മനസ്സ്‌ നിറഞ്ഞ ഒരു വായന കിട്ടി.നന്ദി!!!!


സുഖമാണെന്ന് കരുതുന്നു ദാസേട്ടാ.

(എടത്തറത്തമ്പുരാൻ എന്നാൽ?)

keraladasanunni said...

വിനുവേട്ടന്‍,
അതെ. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുമ്പോള്‍ നഷ്ടമാവുന്ന പലതില്‍ ഒന്നാണ് ഇത്ത്രത്തിലുള്ള ആചാരങ്ങള്‍.

keraladasanunni said...

സുധി അറയ്ക്കല്‍,
വായനയ്ക്കും അഭിപ്രായത്തിന്നും നന്ദി.
( ഏടത്തറ സ്വരൂപത്തിലെ ഒരു അംഗമാണ് ഞാന്‍. ബ്ലോഗ് തുടങ്ങിയപ്പോള്‍ മകന്‍ ആ പേരിട്ടു എന്നേയുള്ളു.

രാജഗോപാൽ said...

1. നിരയൊത്ത് കെട്ടിയ വേലി ഇപ്പോൾ കാണാനില്ല്. എന്തൊരു ഭംഗിയായിരുന്നു.
2. മുറ്റമൊരുക്കി ചാണകം തേച്ച് മുറ്റത്ത് നിലാവിൽ പെണ്ണുങ്ങളുടെ തിരുവാതിരക്കളി.
3. മുറ്റത്തെ ഊഞ്ഞാലാട്ടം
4. കൂവയുണ്ടാകുന്നത് ഏതൊക്കെ പ്രൊസസിലൂടെ കടന്നു പോയിട്ടാണ്.
5. തിരുവാതിരക്കാലത്തെ തുടിച്ചു കുളി.. ദശപുഷ്പം ചൂടൽ..
6. കൂവയും പഴവും പപ്പടവും കൂട്ടിയ തിരുവാതിരപ്രാതൽ...

ഗൃഹാതുരത്വമുണർത്തുന്ന എത്ര ഓർമ്മകൾ..