Saturday, December 6, 2014

ഭാഗവതര്‍.

'' എന്താ ഒരു ചൂട്. കന്നിമാസത്തെ  വെയില് കള്ളനും കൂടി  കൊള്ളില്ല എന്ന് പറയുന്നത് വെറുതെയല്ല '' ഉഴുതു കഴിഞ്ഞ വയല്‍ നോക്കി വന്നതിന്നു ശേഷം  ഭാര്യ പറഞ്ഞു '' നാലു ദിവസം ഇങ്ങിനെ നിന്നാല്‍ പാടത്തെ വെള്ളം വറ്റും. പിന്നെ ഞാറുപാകാന്‍ പറ്റില്ല. അതിനു മുമ്പ് കിളയ്ക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കണം ''.

മൂന്നു നാലു ദിവസമായി ഇത് പറയാന്‍  തുടങ്ങിയിട്ട്. അന്വേഷിക്കാത്ത കുറ്റമല്ല. കോട്ടായിയില്‍ നിന്നാണ് കൃഷിപ്പണിക്ക് ഒരാള്‍ വരാറുള്ളത്. അവിടെ തിരക്കിട്ട പണി നടക്കുകയാണ്. അതു കഴിഞ്ഞ ശേഷമേ അയാള്‍ വരികയുള്ളു.

സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചു പാകത്തിന് ഒരാളെ കിട്ടണ്ടേ. കെട്ടുപണിക്ക് പോവാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. അതാവുമ്പോള്‍ ചളിയില്‍ ഇറങ്ങേണ്ടാ.
തരക്കേടില്ലാത്ത കൂലിയും കിട്ടും.

'' കണ്ണാ, എവിടെ നിന്നെങ്കിലും കുട്ടി ഒരാളെ പണിക്ക് സംഘടിപ്പിക്ക് '' ഇളയ മകനോട് ഞാന്‍ പറഞ്ഞു '' വരമ്പ് പൊതിയുന്നത് പതിവ് പണിക്കാരന്‍ വന്നിട്ടു മതി. ഞാറ് ഇടുന്ന ഭാഗത്ത് ചെറുതായി ഒരുവരമ്പിട്ട് മണ്ണ് ലെവലാക്കി അയാള്‍  പൊയ്ക്കോട്ടെ ''.

മകന്‍ '' നോക്കട്ടെ '' എന്ന് പറഞ്ഞുവെങ്കിലും എനിക്ക് അത്ര പ്രതീക്ഷയൊന്നും
ഉണ്ടായിരുന്നില്ല. പക്ഷെ പിറ്റേന്നു കാലത്ത് പണിക്ക് ആളെത്തി.

'' കിളയ്ക്കാന്‍ ആള് വന്നിട്ടുണ്ട് '' ഭാര്യ വിളിച്ചതും വായിച്ചുകൊണ്ടിരുന്ന പേപ്പര്‍ മടക്കിവെച്ച് ഞാനെത്തി.

അഞ്ചടിയില്‍ താഴെ പൊക്കമുള്ള കറുത്ത് തടിച്ച ഒരു മനുഷ്യന്‍ മുറ്റത്ത് നില്‍പ്പുണ്ട്. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട് അതിനു നടുവില്‍ കുങ്കുമംകൊണ്ട് പൊട്ടിട്ടുണ്ട്. പുറകോട്ട് ചീകി ഒതുക്കിയ നീട്ടി വളര്‍ത്തിയ മുടി അയാളെ ഒരു നര്‍ത്തകനെപോലെയുള്ള തോന്നിച്ചു. തൂവെള്ള ഷര്‍ട്ടും മുണ്ടും തോളിലിട്ട തോര്‍ത്തുമാണ് വേഷം. ഇയാളാണോ കിളക്കാന്‍ 

എത്തിയിരിക്കുന്നത്? എനിക്ക് അത്ഭുതം തോന്നി.

'' പണിക്ക് ആളെ അന്വേഷിച്ചു എന്ന് കേട്ടു '' അയാള്‍ പറഞ്ഞു.

'' ഉവ്വ്. പാടത്താണ്- പണി '' ഞാന്‍ മറുപടി നല്‍കി '' ഞാറിടാണ്‍ കുറച്ചു സ്ഥലം കൊത്തി ക്കിളച്ച് ലെവലാക്കണം. എന്നിട്ട് അതിനുചുറ്റും ഒരു ചെറിയ വരമ്പും ഇടണം ''.

'' ശരി. കൈക്കോട്ട് എവിടെ '' അയാള്‍ തയ്യാറായി.

'' ആദ്യം കൂലി എത്രയാ എന്ന് പറയിന്‍. പണി കഴിഞ്ഞ് നിങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍  തരാന്‍ പറ്റില്ല '' ഭാര്യ ഇടപെട്ടു.

'' ഇവിടെ എത്രയാ കൊടുക്കാറ് ''.

'' നാനൂറ് ''.

'' എന്നാല്‍ അതു തന്നാല്‍ മതി ''.

'' പത്തു മണി കഴിഞ്ഞാല്‍ വന്നോളിന്‍. ചായയും പലഹാരവും തരാം ''.

അയാളോടൊപ്പം ഞാന്‍ ചെന്നു നിലം ഒരുക്കാനുള്ള ഭാഗം കാണിച്ചു കൊടുത്ത് തിരിച്ചു പോന്നു.

പത്തരയായിട്ടും അയാളെ കാണാഞ്ഞതിനാല്‍ ഞാന്‍ അന്വേഷിച്ചു ചെന്നു. ഷര്‍ട്ടും
മുണ്ടും അഴിച്ചുവെച്ച് ഒരു തോര്‍ത്തു മുണ്ടു ചുറ്റി അയാള്‍ കിള പണിയില്‍
മുഴുകിയിരിക്കുകയാണ്. വേറാരെങ്കിലും ചെയ്യുകയാണെങ്കില്‍ തീരുന്നതിന്‍റെ പാതിപോലും പണി നീങ്ങിയിട്ടില്ല.

'' വല്ലാത്ത വെയില്. തല ചുറ്റുന്നതുപോലെ '' എന്നോടൊപ്പം വീട്ടിലേക്ക് നടക്കുന്നതിന്നിടയില്‍ അയാള്‍ പറഞ്ഞു.

സുന്ദരി കൊടുത്ത ഇഡ്ഢലിയും സാമ്പാറും കഴിച്ച് ചായയും കുടിച്ച് അയാള്‍  എഴുന്നേറ്റു.

'' ആഹാരം അകത്ത് ചെന്നപ്പോള്‍ ഒരു ഉഷാര്‍ വന്നു. ഇനി പണി ദാ എന്ന് പറയുമ്പോഴേക്ക് തീരും '' അയാള്‍ ഒട്ടും സമയം കളയാതെ നടന്നു.

പന്ത്രണ്ടര ആയപ്പോഴേക്ക് അയാള്‍ തിരിച്ചു പോന്നു.

'' ഒരുവിധം തീര്‍ത്തിട്ടുണ്ട് '' അയാള്‍ പറഞ്ഞു '' ഇനി വയ്യാ ''.

'' എന്തു പറ്റി ''.

'' ഒന്നാമത് എനിക്ക് ഇതൊന്നും ചെയ്ത ശീലമില്ല. പോരാത്തതിന്ന് വല്ലാത്ത ക്ഷീണവും ''.

'' പിന്നെന്തിനാ പണിക്ക് വന്നത് ''.

'' ഞാന്‍ ഭാഗവതരാണ്. കുറച്ചായിട്ട് പരിപാടിയൊന്നും കിട്ടാറില്ല. എന്തെങ്കിലും കിട്ട്വോലോ  എന്നു വിചാരിച്ച് വന്നതാണ് ''.

'' വരിന്‍. എന്തായി എന്ന് നോക്കട്ടെ  ''.അയാളോടൊപ്പം ഞാന്‍ പാടത്തേക്ക് ചെന്നു. ഉദ്ദേശിച്ചതുപോലെ ഒന്നും ആയിട്ടില്ല. വേറെ ആരേയെങ്കിലും വിളിച്ച് ബാക്കി ചെയ്യേണ്ടി വരും. അല്ലാതെ നിവൃത്തിയില്ല.

വീട്ടിലെത്തിയതും അയാള്‍ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് മുഖവും കയ്യും കാലും കഴുകി  വസ്ത്രം മാറ്റി. ഞാന്‍ നൂറിന്‍റെ നാല് നോട്ടുകള്‍ നീട്ടി.

'' ഇതു മതി '' മൂന്നെണ്ണം എടുത്ത് ഒരു നോട്ട് തിരികെ തന്ന് കൈകൂപ്പി തൊഴുത് അയാള്‍  നടന്നു. അയാള്‍ പോവുന്നതും  നോക്കി ഞാനിരുന്നു.

11 comments:

വീകെ said...

പഴയതുപോലെയുള്ള#കാലമൊക്കെ#പോയ്പ്പോയ്...#ഇനി#കോലവും#മാറണം#

ajith said...

പാവം മനുഷ്യന്‍!!

jyo.mds said...

ഭാഗവതരുടെ കഷ്ടകാലത്തെ കുറിച്ചോർത്ത് ദു:ഖം തോന്നി.പിന്നെ നമ്മുടെ നാട്ടിലെ കൃഷിക്കാരെ ഓർത്തും.

വിനുവേട്ടന്‍ said...

എന്ത് ചെയ്യാം... ജീവിക്കാൻ വേണ്ടി എന്തെല്ലാം വേഷങ്ങൾ കെട്ടി ആടിയാലാണ്... :(

keraladasanunni said...

വി.കെ,
കലകൊണ്ട് ഉപജീവനം കഴിക്കാന്‍ അധികംപേര്‍ക്ക് കഴിയില്ല. അപ്പോള്‍ കളം മാറി ചവിട്ടേണ്ടി വരും 

keraladasanunni said...

ajith,
അതെ. സാധുമനുഷ്യന്‍ 

keraladasanunni said...

jyo mds,
പലപ്പോഴും ആ ഭാഗവതരേക്കാള്‍ കഷ്ടമാണ് കൃഷിക്കാരന്‍റെ കാര്യം 

keraladasanunni said...

വിനുവേട്ടന്‍,
ഉദരനിമിത്തം ബഹുകൃതവേഷം 

Muralee Mukundan , ബിലാത്തിപട്ടണം said...

ബഹുകൃതവേഷങ്ങളാൽ ചുറ്റുപാടും ഇത്തരം എത്രെയെത്ര ജീവിതങ്ങൾ അല്ലേ ഭായ്

Echmukutty said...

അതെ...ഇങ്ങനേം മനുഷ്യർ...

സുധി അറയ്ക്കൽ said...

ശ്ശോ!!!!പാവം.