Tuesday, December 10, 2013

മാധവേട്ടൻ.

പഴയ പാതയുടെ അരികിലുള്ള ഒരു വാടകകെട്ടിടത്തിലാണ് ചെമ്പോട്ടി മാധവൻ താമസിച്ചിരുന്നത്. കോളേജിലേക്ക് പോവുമ്പോഴും തിരിച്ച് വരുമ്പോഴും ഞാൻ അയാളെ കാണാറുണ്ടായിരുന്നു. ഇരുണ്ട് മെലിഞ്ഞ ഒരു കൃശഗാത്രൻ. ശിരസ്സിലെ ഏതാണ്ട് മുഴുവൻ മുടിയും താഴോട്ട് ഒലിച്ചിറങ്ങി തലയുടെ വശങ്ങളിലും മാറത്തും മുതുകിലുമായി സ്ഥലം പിടിച്ചിട്ടുണ്ട്. രണ്ടു വരിയിലേയും മുൻവശത്തെ പല്ലുകൾ ചിലതെല്ലാം കാണാനില്ല. കളംകളങ്ങളുള്ള ഒരു ലുങ്കിയാണ് സ്ഥിരമായ വേഷം. ചിലപ്പോൾ ഒരു തോർത്ത് തോളിലൂടെ ഇട്ടിരിക്കും.

പണിയൊഴിഞ്ഞ് അയാളെ കാണാറില്ല. ഉലയിൽ പാത്രം ചൂടാക്കി ഈയം പൂശുക. പിച്ചളപ്പാത്രങ്ങളോ ഓട്ടുപാത്രങ്ങളോ നിലവിളക്കുകളോ രാകി മിനുക്കുക, വലിയ ചെപ്പുകുടങ്ങളിൽ മരംകൊണ്ടുള്ള കൊട്ടികൊണ്ട് അടിക്കുക എന്നിങ്ങനെ പലതരം ജോലികളുമായി എപ്പോഴും തിരക്കായിരിക്കും.

വീട്ടിലെ ടോർച്ച് ലൈറ്റിലെ സ്വിച്ചിൻറെ റിവിറ്റ് വിട്ടത് ഉറപ്പിക്കാനാണ് ഞാൻ അയാളെ ആദ്യമായി സമീപിക്കുന്നത്. പെട്ടെന്നുതന്നെ അയാളത് നന്നാക്കി തന്നു. ''എന്തു തരണ ''മെന്ന എൻറെ ചോദ്യത്തിന് ഒന്നും വേണ്ടാ എന്ന അർത്ഥത്തിൽ അയാൾ കൈ ആട്ടി. പഠനം കഴിഞ്ഞ് ജോലിയിൽ ചേർന്നശേഷമാണ് ഞങ്ങൾ അടുപ്പത്തിലായത്. പിന്നീട് ഞാൻ അയാളെ '' മാധവേട്ടാ '' എന്നു വിളിച്ചു തുടങ്ങി.

കുറെകാലം മാധവേട്ടന്ന് സഹായിയായി ഒരു തമിഴത്തി ഉണ്ടായിരുന്നു. അവർ മാധവേട്ടൻറെ ഭാര്യയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാൻ പരിചയപ്പെടുമ്പോൾ അവർ വേർപിരിഞ്ഞ് പോയിരുന്നു. മാധവേട്ടന്ന് രണ്ട് അനുജന്മാരാണ്. തൊട്ടു താഴെയുള്ള കൃഷ്ണനും ഇളയവനായ വാസുവും. ഇവർ രണ്ടുപേരുമായും ഞാൻ നല്ല അടുപ്പത്തിലായിരുന്നു. വാസു ഞങ്ങളുടെ ആർട്ട്സ് ക്ലബ്ബ് നടത്തിയ നാടകത്തിൽ അഭിനയിക്കുകയുമുണ്ടായിട്ടുണ്ട്.

'' തിരക്കിലാണോ '' പരിചയപ്പെട്ടതിന്നു ശേഷം ചില ദിവസങ്ങളിൽ ഞാൻ ആ വഴിക്ക് പോവുന്നതു കണ്ടാൽ മാധവേട്ടൻ വിളിക്കും.

'' എന്താ വേണ്ടത് '' എന്നു ചോദിച്ച് ഞാൻ ചെല്ലും.

 '' അഞ്ചു മിനുട്ട് നേരം ഇവിടെ ഇരുന്നൂടേ '' ആ ആവശ്യം എനിക്ക് നിരസിക്കാൻ കഴിഞ്ഞിരുന്നില്ല. കുറെ സമയം ഞങ്ങൾ രണ്ടുപേരും എന്തെങ്കിലും സംസാരിച്ച് ഇരിക്കും. പിന്നെ ഞാൻ യാത്ര പറഞ്ഞിറങ്ങും.

'' എന്തിനാ എന്നെ വെറുതെ ഇവിടെ വിളിച്ചിരുത്തുന്നത് '' ഈ പരിപാടി കുറച്ചു പ്രാവശ്യം തുടർന്നപ്പോൾ ഞാൻ ചോദിച്ചു.

'' ഉണ്ണി കുറച്ചുനേരം കടയിൽ ഇരുന്നാൽ വർക്കത്താണെന്ന് റൊട്ടിക്കട ബാവക്ക പറയാറുണ്ട്. അതുകൊണ്ടാണ് ''.

'' എന്നിട്ട് എന്തെങ്കിലും ഗുണം തോന്നിയിട്ടുണ്ടോ '' എനിക്ക് അതിശയം തോന്നി.

'' ഉള്ളത് പറയാലോ. ഉണ്ണി വരുന്ന ദിവസങ്ങളിൽ നല്ലോണം പണിയുണ്ടാവും.
ധാരാളം കാശും കിട്ടും ''. സത്യം പറഞ്ഞാൽ '' അമ്പട ഞാനേ '' എന്നൊരു തോന്നൽ അപ്പോൾ എൻറെ മനസ്സിലുണ്ടായി.

പുരാണകഥകളൊക്കെ അയാൾക്ക് നന്നായി അറിയും. മഹാഭാരതത്തിലെ പല സന്ദർഭങ്ങളും ഭംഗിയായി വിവരിക്കും. ഞാൻ അതെല്ലാം കേട്ടിരിക്കും.

മാധവേട്ടനെക്കുറിച്ചോർത്താൽ മൂന്ന് സംഭവങ്ങളാണ് മനസ്സിൽ ഓടിയെത്തുക.

ഒരു ഒഴിവു ദിവസം ഞാൻ ആ വഴിക്ക് പോവുമ്പോൾ അയാളുടെ പണിശാലയിൽ കയറി. മാധവേട്ടൻ ഒരു പ്രതിമ ഉണ്ടാക്കിയിരിക്കുന്നു. രണ്ടടിയോളം പൊക്കമുള്ള ദുർഗ്ഗയുടെ മനോഹരമായ ഒരു വിഗ്രഹം. എനിക്ക് അത്ഭുതം തോന്നി.

'' ഒരു കൂട്ടർ വന്ന് ഏൽപ്പിച്ചതാണ്. നാളെ കൊടുക്കണം ''.

'' അതിനെന്താ. ഇതിൻറെ പണി കഴിഞ്ഞിട്ടുണ്ടല്ലോ ''.

'' ഇത് മെഴുകാണ്. ഇതിനെ മണ്ണിൽ പൊതിഞ്ഞ് മൂശയുണ്ടാക്കണം. അതിൽ ഓട് ഉരുക്കി ഒഴിച്ച് വാർക്കണം. തണുത്തിന്നു ശേഷം മൂശ പൊളിച്ച് സാധനം എടുത്ത് പോളിഷ് ചെയ്യണം. എന്നാലേ കൊടുക്കാനാവൂ ''.

'' എങ്ങിനേയാ ഇത് വാർക്കുന്നത്. എനിക്കതൊന്ന് കാണണം '' ഞാൻ പറഞ്ഞു.

'' സാധാരണ ഇതൊന്നും ആരേയും കാട്ടാറില്ല. എല്ലാവരുടേയും കണ്ണ് ഒരുപോലെ അല്ലല്ലോ. ചിലരുടെ ദൃഷ്ടി പെട്ടാൽ മൂശ കേടുവരും. ചെയ്ത പണി വേയ്സ്റ്റാകും. ഉണ്ണി നോക്കിയാൽ കുഴപ്പം ഉണ്ടാവില്ല. ഞാൻ ആ പണി കാണിച്ചു തരാം ''.

അയാൾ പ്രതിമ മണ്ണുപൊതിഞ്ഞ് വെയിലത്ത് ഉണക്കാൻ വെച്ചു. വൈകുന്നേരം അതെടുത്ത് ഉരുക്കി അകത്തെ മെഴുക് കളഞ്ഞു. ചെറിയൊരു പാത്രത്തിൽ ഓട് ഉരുക്കാൻ വെച്ചു. ഉരുകിയ ദ്രാവകം അതിലേക്ക് ഒഴിച്ചു. തണുത്ത ശേഷം മൂശ പൊട്ടിച്ച് പ്രതിമ പുറത്തെടുത്തു. കറുത്ത് തീരെ ഭംഗിയില്ലാത്ത ഒരു രൂപമാണ് കാണാൻ കഴിഞ്ഞത്.

'' ഇതെന്താ ഇങ്ങിനെ '' ഞാൻ ചോദിച്ചു.

'' ഇനിയല്ലേ ഇതിൻറെ പണി കിടക്കുന്നത്. ഇതിനെ രാകി മിനുക്കി പോളിഷ് ഇട്ട് ഭംഗിയാക്കണം. പണിതീർത്തശേഷം നാളെ കാട്ടിത്തരാം ''. പിറ്റേന്ന് മാധവേട്ടൻ എനിക്ക് മനോഹരമായ വിഗ്രഹം കാണിച്ചുതന്നു. എത്ര കഴിവുള്ള ശിൽപ്പിയാണ് എൻറെ മുന്നിലിരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

എൻറെ വീടിൻറെ പണി നടക്കുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഞങ്ങളുടെ  താമസം. ഒരു ദിവസം ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ഞാൻ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.

'' വീട്ടിൽ സിമിൻറ് കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്. വാതിലില്ലാത്തതല്ലേ. വല്ലവരും  എടുത്തിട്ടുപോയാലോ എന്നാ പേടി '' അമ്മ വിഷമം പറഞ്ഞു. വാർപ്പ് കഴിഞ്ഞു. തേപ്പ്പണി ആരംഭിക്കുന്നതേയുള്ളു. വാതിലുകളുടേയും ജനാലകളുടേയും കട്ടിളകൾ മാത്രം വെച്ചിട്ടുണ്ട്. തൽക്കാലത്തേക്ക് രണ്ടുവശത്തും ഓരോ വാതിലുകൾ തല്ലിക്കൂട്ടി വെക്കാൻ ഏൽപ്പിച്ചത് ചെയ്തിട്ടില്ല.

'' അതിനെന്താ. ഞാൻ പോയി അവിടെ കാവൽ കിടക്കാലോ '' ഞാൻ അമ്മയെ സമാധാനിപ്പിച്ചു.

'' ഒറ്റയ്ക്കോ '' അമ്മയ്ക്ക് അതിലേറെ പരിഭ്രമമായി.

'' പേടിക്കണ്ടാ അമ്മേ '' എന്ന് ഞാൻ പറഞ്ഞുവെങ്കിലും അമ്മ സമ്മതിക്കുന്നില്ല. അപ്പോഴാണ് ഇലക്ട്രീഷ്യൻ ഹനീഫ അതിലെ വരുന്നത്. നല്ലൊരു കൂട്ടുകാരനാണ് അയാൾ. അമ്മ വിവരം പറഞ്ഞു.

'' അമ്മ പേടിക്കേണ്ടാ. ഞാൻ കൂടെ ചെന്നോളാം '' അയാൾ അതു പറഞ്ഞതോടെ അമ്മയ്ക്ക് സമാധാനമായി. എട്ടു മണിയായതോടെ അമ്മ ഞങ്ങൾക്ക് ഭക്ഷണം തന്നു. ടോർച്ചുമെടുത്ത്  ഞങ്ങൾ ഇറങ്ങി.

'' എവിടേക്കാ രണ്ടാളും കൂടി ഈ രാത്രിനേരത്ത് '' മാധവേട്ടൻ ഞങ്ങളെ കണ്ടതും ചോദിച്ചു. ഹനീഫ വിവരം പറഞ്ഞു.

'' എന്നാൽ ഞാനും വരാം കൂട്ടിന്ന് '' അയാളും ഞങ്ങളോടൊപ്പം ഇറങ്ങി. ഞങ്ങൾ വീട്ടിലെത്തി. മണലിന്ന് മുകളിൽ മരപ്പലകവെച്ച് ഞങ്ങൾ ഓരോരോ ഭാഗത്തായി കിടന്നു. മാധവേട്ടൻ ബീഡി വലിക്കുകയും കഥ പറയുകയും ചെയ്യുന്നുണ്ട്. ഹനീഫ ഓരോന്ന് ചോദിക്കുന്നുണ്ട്. അതെല്ലാം കേട്ടുകേട്ട് ഞാൻ ഉറങ്ങി.

ഒരു ഉറക്കം കഴിയുമ്പോഴേക്കും മാധവേട്ടൻ എന്നെ വിളിച്ചുണർത്തി. ഹനീഫ തല താഴ്ത്തി അടുത്തിരിപ്പുണ്ട്. ശക്തമായ ഇടിയും മിന്നലുമാണുള്ളത്. പുറത്ത് തകർത്തു പെയ്യുന്ന മഴയുടെ ചെറിയൊരംശം കാറ്റ് അകത്തെത്തിക്കുന്നു.

'' ഇടി ഭയങ്കരമായി പൊട്ടുന്നുണ്ട് '' മാധവേട്ടൻ പറഞ്ഞു '' അതാ ഞാൻ നിങ്ങളെ  വിളിച്ചുണർത്തിയത് ''.

ഞങ്ങൾ ഉണർന്നിരുന്നതുകൊണ്ട് ഇടിയും മിന്നലും നിൽക്കില്ലല്ലോ? പിന്നെന്തിനാ ഞങ്ങളെ വെറുതെ വിളിച്ചുണർത്തിയത്. ഇല്ലെങ്കിൽ സുഖമായി ഉറങ്ങുമായിരുന്നു. എനിക്ക് ദേഷ്യം വന്നത് സ്വാഭാവികം. കണ്ണ് മഞ്ഞളിപ്പിക്കുന്ന മിന്നലിനോടൊപ്പം അതികഠിനമായ ഒരു ഇടി ആ സമയത്ത് പൊട്ടി.

'' ഉണ്ണി ഇടിടെ ലെവല് ശരിയല്ല. അപകടം ഉറപ്പാണ്. നമ്മള് മൂന്നാളും ഇവിടെ കിടന്ന് ചാവും '' മാധവേട്ടൻറെ ആ മുന്നറിയിപ്പിനോടൊപ്പം വളരെ അടുത്തുനിന്ന് മറ്റൊരു ഇടി പൊട്ടി.

'' മൂന്നാള് മൂന്നു ഭാഗത്ത് കിടക്കണ്ടാ. ഒന്നിച്ച് ഒരു ദിക്കിലാവുമ്പോൾ ആളുകൾക്ക് ശവം കാണാൻ സൗകര്യാവും. നമുക്ക് എല്ലാവർക്കും ഒരുഭാഗത്ത് കിടക്കാം '' ആ നിർദ്ദേശം ഹനീഫയെ ചൊടുപ്പിച്ചു.

'' മിണ്ടാതെ ഒരു ഭാഗത്ത് കിടക്കിനേ '' എന്നു പറഞ്ഞുവെങ്കിലും അവർ കിടന്ന മരപ്പലകകൾ എടുത്ത് ഹനീഫ ഞാൻ കിടക്കുന്ന ദിക്കിലേക്ക് മാറ്റി.

'' നിങ്ങൾ രണ്ടാളും എൻറെ അപ്പുറത്തും ഇപ്പുറത്തും കിടന്നോളിൻ '' മാധവേട്ടൻ നടുവിൽ സ്ഥലം പിടിച്ചു. ഇടിയും മിന്നലും തീരുന്നതിന്നു എത്രയോ മുമ്പ് ഞാൻ ഉറങ്ങി. പിറ്റേന്ന് ഞാൻ ഉണരുമ്പോൾ മാധവേട്ടനെ കാണാനില്ല. ഹനീഫ മാത്രം വാതിൽ കട്ടിളയിൽ പുറത്തേക്കും നോക്കിയിരുപ്പാണ്.

'' അടുത്ത ആളെവിടെ '' ഞാൻ ചോദിച്ചു.

'' ആ ചങ്ങാതി എണീറ്റതും പോയി ''.

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ മാധവേട്ടൻ ബീഡിയും വലിച്ചുകൊണ്ട് ഇരിപ്പാണ്.

'' എന്ത് പിത്തനയാണ് ഇന്നലെ നിങ്ങൾ ഉണ്ടാക്കിയത് '' ഹനീഫ റോഡിൽ നിന്ന് ചോദിച്ചു '' കണ്ണിൽക്കണ്ട കള്ളും വെള്ളൂം കുടിച്ച് ആളെ ബേജാറാക്കി ''.

മാധവേട്ടൻ ചമ്മലോടെ ഒരു ചിരി പാസ്സാക്കി.

വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ വാസു ദൂരെ എവിടേക്കോ താമസം മാറ്റി. വീണ്ടും മാധവേട്ടൻ ഒറ്റയ്ക്കായി. അധികം വൈകാതെ കൃഷ്ണനും ഭാര്യയും കുട്ടികളും താമസത്തിനെത്തി. കൃഷ്ണൻ അരോഗദൃഡഗാത്രനായിരുന്നു. ചെറിയൊരു കുടവയറും കൊഴുത്ത മാംസപേശികളും ഉള്ളതൊഴിച്ചാൽ അയാൾ മാധവേട്ടൻറെ ശരിപകർപ്പ് തന്നെയാണ്. അയാൾ വന്നതോടെ പണി കുറച്ചുകൂടി ഉഷാറായി. മാധവേട്ടന് തീരെ ഒഴിവ് കിട്ടാതായി. എങ്കിലും വല്ലപ്പോഴും എന്നെ വിളിച്ച് സംസാരിക്കുന്നത് തുടർന്നു.

ഒരു ദിവസം കൃഷ്ണനെ പണിസ്ഥലത്ത് കണ്ടില്ല.

'' അനിയൻ പോയോ '' ഞാൻ അന്വേഷിച്ചു.

'' ഇല്ല. ലേശം സുഖമില്ലാതെ കിടക്കുന്നു '' മാധവേട്ടൻ പറഞ്ഞു തുടങ്ങി '' ഇന്നലെ  എവിടെ നിന്നോ കുറെ പോത്തിറച്ചി കിട്ടിയിരുന്നു. ഞങ്ങളാരും അത് കഴിക്കാറില്ല. മുഴുവൻ അവൻതന്നെ കഴിച്ചു. ഇന്നു രാവിലെ വയറിന് അസുഖം. നാലഞ്ചു തവണ പുറത്ത് പോയി. കൂവ വിരകി കൊടുത്തിട്ടുണ്ട്. വൈകുന്നേരത്തേക്ക് മാറും ''.

അടുത്ത രണ്ടു മൂന്ന് ദിവസവും കൃഷ്ണനെ കണ്ടില്ല. ചിലപ്പോൾ എവിടേക്കെങ്കിലും പോയിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. പിന്നീടൊരു ദിവസം ഞാൻ മാധവേട്ടൻറെ കടയിൽ കയറി വിവരങ്ങൾ അന്വേഷിച്ചു.

'' മാറീട്ടില്ല '' അദ്ദേഹം പറഞ്ഞു.

'' ഡോക്ടറെ കാണിച്ചില്ലേ ''.

'' ഇല്ല. കുരുക്കളുടെ അടുത്തുചെന്ന് എഴുതി വാങ്ങി അരയിൽ കെട്ടീട്ടുണ്ട്. ഒരാഴ്ച വേണ്ടിവരും എന്നാ പറഞ്ഞത് ''.

'' അസുഖം വന്നാൽ ചികിത്സിക്കാതെ കുരുക്കള് എഴുതിയത് കെട്ടിയാൽ മാറുമോ. ഏതെങ്കിലും ഒരു നല്ല ഡോക്ടറെ കാണിക്കണം ''.

ആ പറഞ്ഞത് മാധവേട്ടന്ന് ഇഷ്ടമായില്ല എന്ന് മുഖഭാവത്തിൽ നിന്ന് എനിക്ക്  മനസ്സിലായി.

'' ഉണ്ണിക്ക് എത്ര വയസ്സായി '' അദ്ദേഹം ചോദിച്ചു.

'' ഇരുപത്തിരണ്ട് ആവുന്നു ''.

'' ഉണ്ണി കോളേജിൽ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ ജോലിയും കിട്ടി. പക്ഷെ ജീവിതം കണ്ടിട്ടില്ല. അനുഭവങ്ങളിൽ നിന്ന് മനുഷ്യൻ കുറച്ചൊക്കെ പഠിക്കാനുണ്ട്. എന്നാലേ ഇതൊക്കെ മനസ്സിലാവൂ ''.

മാധവേട്ടൻ പറയാൻ തുടങ്ങി. ഞങ്ങളുടെ തൊഴിലിന്ന് ഒരു ദോഷമുണ്ട്. എപ്പോഴും ശത്രുക്കളുണ്ടായിരിക്കും. പണി ചെയ്ത് പത്തുറുപ്പിക ഉണ്ടാക്കുന്നത് കണ്ടാൽ ചില ആളുകൾക്ക് സഹിക്കില്ല. ഇവിടെ ഞാനും അനുജനും ചേർന്ന് പണിചെയ്ത് ഒരു വിധത്തിലങ്ങിനെ കഴിയുന്നത് സഹിക്കാത്തവർ എന്തോ ചെയ്‌വന ചെയ്തിട്ടുണ്ട്. അത് തീർക്കാൻ മന്ത്രവാദം ചെയ്യണം. എന്നാലേ സൂക്കട് മാറൂ.

'' ഇപ്പോൾ എങ്ങിനെയുണ്ട് '' രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

'' ഒരുമാറ്റവും കാണാനില്ല. ഈ വെള്ളിയാഴ്ച കഴിഞ്ഞാൽ കുറവ്കാണും എന്നാണ് കുരുക്കള് പറയുന്നത് ''.

ദിവസങ്ങൾ ആഴ്ചകളിലേക്ക് നീങ്ങി. ഒരു ദിവസം ബാറ്റ്മിൻറൻ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ഞാൻ പോരുമ്പോൾ മാധവേട്ടൻ വിളിച്ചു.

'' ഉണ്ണി. കൃഷ്ണൻറെ കണ്ടീഷൻ തീരെ മോശമായിരിക്കുന്നു. എന്താ ചെയ്യേണ്ടത് ''.

'' ഡോക്ടറെ കാണിക്കാമെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ. ഇനിയെങ്കിലും അത് ചെയ്തൂടെ ''.

മാധവേട്ടൻ സമ്മതം മൂളിയതും ഞങ്ങൾ സുധാ ക്ലിനിക്കിലേക്ക് ചെന്നു. ബാലൻ ഡോക്ടർ ഞങ്ങളോടൊപ്പം വന്നു. അദ്ദേഹത്തോടൊപ്പം ഞങ്ങളും അകത്തേക്ക് ചെന്നു. കൃഷ്ണൻ അവശനിലയിലാണ്. കൃഷ്ണമണികൾ മേലോട്ട് നീങ്ങിയിരിക്കുന്നു.

'' മരിക്കാറായി '' പുറത്ത് വന്നതും ഡോക്ടർ പറഞ്ഞു '' ഇനി ഒന്നും ചെയ്യാനില്ല ''.

അര മണിക്കൂറിനകം കൃഷ്ണൻ കണ്ണടച്ചു. അയാളുടെ ഭാര്യയുടേയും പറക്ക മുറ്റാത്ത മക്കളുടേയും ഉച്ചത്തിലുള്ള രോദനം ഉയർന്നു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച് മാധവേട്ടൻ വെറും തറയിൽ കിടന്നു.

13 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മാധവേട്ടനിലൂടെ തനി നാട്ടുമ്പുറം കാണിച്ച് തന്നിരിക്കുന്നൂ....

ബൈജു മണിയങ്കാല said...

എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും സമൂഹത്തിൽ ഉണ്ട് ഇത്തരം ആൾക്കാർ അനുഭവങ്ങൾ മൂശയിൽ വാർകപ്പെട്ട ജീവിതങ്ങൾ വിഗ്രഹം പോലെ ജീവിക്കുന്നവർ ചിലപ്പോൾ അത് പോലെ ഉടഞ്ഞു പോകുന്നവർ മാധവേട്ടൻ ഒരു കൽ വിഗ്രഹം തന്നെ

ajith said...

മാധവേട്ടന്‍ മനസ്സില്‍ കയറി
ഇനി പെട്ടെന്നൊന്നും മറക്കില്ല

രാജഗോപാൽ said...

അന്ധവിശ്വാസത്തിന്റെ മൂശയിൽ രജോഗുണമുള്ള തങ്കവിഗ്രഹങ്ങൾ വാർക്കപ്പെടുന്നില്ല. ചെമ്പോട്ടി മാധവേട്ടൻ പ്രത്യേകതയുള്ള ഒരു വ്യക്തിത്വം തന്നെ.

വീകെ said...

അന്ധവിശ്വാസം ആ ജീവനപഹരിച്ചു....

ശ്രീ said...

മാധവേട്ടനെ നന്നായി അവതരിപ്പിച്ചു. പഴയ നാട്ടിന്‍പുറത്തുകാരുടെ ഓരോ അന്ധവിശ്വാസങ്ങള്‍... കൃഷ്ണന്റെ ജീവിതം അങ്ങനെ തീര്‍ന്നില്ലേ

നളിനകുമാരി said...

കഷ്ടം അന്ധ വിശ്വാസം മൂലം ഒരു ജീവിതം കളഞ്ഞു.

പട്ടേപ്പാടം റാംജി said...

വിശ്വാസങ്ങള്‍ അന്ധമായി തീരുമ്പോള്‍ അവിടെ യുക്തി പത്തി മടക്കേണ്ടി വരുന്നു.

keraladasanunni said...

ബിലാത്തി പട്ടണം,
നാട്ടിൻപുറത്ത് ജീവിച്ചു മരിച്ച മാധവേട്ടൻ.
ബൈജു മണിയങ്കാല,
ഉവ്വ്. അന്ധവിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും നില നിൽക്കുന്നുണ്ട്.
ajith,
സാധാരണക്കാരനായ അസാധാരണ മനുഷ്യൻ.
രാജഗോപാൽ,
അനുജൻറെ മരണം മാധവേട്ടനെ ഉലച്ചിരുന്നു. എങ്കിലും കൂടോത്രം കാരണമാണ് മരിച്ചത് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

keraladasanunni said...

വി.കെ,
അതാണ് ഉണ്ടായത്.
ശ്രീ,
തീർച്ചയായും. നല്ലചികിത്സ ചെയ്തിരുന്നുവെങ്കിൽ തീർച്ചയായും അങ്ങിനെ സംഭവിക്കില്ലായിരുന്നു.
nalina kumari,
സംശയമില്ല. അതുതന്നെ ഉണ്ടായത്.
പട്ടേപ്പാടം റാംജി,
യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളെ നമ്മൾ അന്ധവിശ്വാസമെന്ന് പറയുന്നു.

jyo.mds said...

ഇത് കഥ ആയിരുന്നോ? എനിക്ക് അനുഭവമായി തോന്നി.നന്നായി വിവരിച്ചു.

keraladasanunni said...

jyo mds,

ഇത് കഥയല്ല. അനുഭവം തന്നെയാണ്.

സുധി അറയ്ക്കൽ said...

ഹോ!!!!

അന്ധവിശ്വാസമെന്ന് പറഞ്ഞ്‌ കൂടെങ്കിലും ഒരു ജീവൻ വെറുതേ നഷ്ടപ്പെട്ടു.