Thursday, December 5, 2013

ഏതോ ഒരു മരുമകൾ.


'' ...... മാട്രിമോണിയൽ സൈറ്റിലെ പരസ്യം കണ്ട് വിളിക്കുന്നതാണ് ''. ഫോണെടുത്ത്
'' ഹലോ '' എന്ന് ഞാൻ പറയുന്നതിന്നു മുമ്പുതന്നെ മറുവശത്തുനിന്ന് ഒരു സ്ത്രീശബ്ദം നേരെ വിഷയത്തിലേക്കു കടന്നു.

 മകന് യോജിച്ച പെൺകുട്ടിയെ അന്വേഷിച്ച് ഒട്ടേറെ മാട്രിമോണിയൽ സൈറ്റുകളിലും പത്രങ്ങളിലും പരസ്യം നൽകുകയും പല ബ്രോക്കർമാരെ ജാതകക്കുറിപ്പ്, ബയോ ഡാറ്റ എന്നിവ ഏൽപ്പിക്കുകയും ചെയ്തുവെങ്കിലും അവരുടെ സേവനം ഇല്ലാതെതന്നെ ഒരു ബന്ധം കിട്ടിയ സന്തോഷത്തിലിരിക്കുമ്പോഴാണ് ഈ അന്വേഷണം. 

'' പരസ്യം കൊടുത്തത് ശരിതന്നെ. ഇപ്പോൾ ഒരു ആലോചന ശരിയായിട്ടുണ്ട് '' ഞാൻ പറഞ്ഞു.

'' വിവാഹം ഉറപ്പിച്ചിട്ടില്ലെങ്കിൽ ഒന്ന് റീ കൺസിഡർ ചെയ്തു കൂടെ '' ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടമായില്ല.

'' നിങ്ങൾ എന്താ വിചാരിച്ചത്. അങ്ങിനെ വാക്കുമാറ്റി പറയാവുന്ന കാര്യമാണോ ഇത് '' ഞാൻ ഫോൺ താഴെവെച്ചു.

അടുത്ത നിമിഷം ഫോൺ വീണ്ടും ശബ്ദിച്ചു. എടുത്തപ്പോൾ മറുഭാഗത്ത് നേരത്തെ കേട്ട അതേ സ്വരം.

'' എന്താ വേണ്ടത് '' എൻറെ വാക്കുകളിലെ കനം എനിക്കു മനസ്സിലായി.

'' മുഴുവൻ പറയുന്നതിന്നു മുമ്പ് ഫോൺ കട്ടായി ''.

'' നിങ്ങളോടല്ലേ കല്യാണം നിശ്ചയിച്ചുകഴിഞ്ഞു എന്നു ഞാൻ പറഞ്ഞത്. പിന്നെന്തിനാ ശല്യം ചെയ്യുന്നത് '' അവൾ പറഞ്ഞു തുടങ്ങുന്നതിന്ന് മുമ്പേ ഞാൻ പറഞ്ഞു.

'' പ്രൊഫൈൽ വായിച്ചപ്പോൾ എനിക്ക് ഇഷ്ടം തോന്നി. അതാണ് വീണ്ടും വിളിച്ചത് '' അവൾ മറുപടി നൽകി.

'' നിങ്ങൾ ആരാ? എവിടെ നിന്നു വിളിക്കുന്നു? ആലോചന മകൾക്കു വേണ്ടിയാണോ '' ഞാൻ വെറുതെ ചോദിച്ചു.

'' എനിക്കു വേണ്ടിത്തന്നെയാണ് വിളിക്കുന്നത്. ഞാൻ ....., വിളിക്കുന്നത് ....... ൽ നിന്ന്, വിവരങ്ങളെല്ലാം വിശദമായി പറയാൻതുടങ്ങി. പെൺകുട്ടി തെക്കൻകേരളത്തിലെ ഒരു മലയോര പട്ടണത്തിൽ നിന്നാണ്. 26 വയസ്സ് കഴിഞ്ഞു. B.Com വരെ പഠിച്ചിട്ടുണ്ട് ''. 

'' സാധാരണ അച്ഛനോ അമ്മയോ ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ആണ് ഇത്തരം കാര്യങ്ങൾ ചെയ്യാറ്. എൻറെ മകനുവേണ്ടി ഞാൻ അന്വേഷിക്കുന്നതുപോലെ ''.

'' അതുശരി. അങ്കിൾ വരൻറെ അച്ഛനാണല്ലേ. ഞാൻ വിചാരിച്ചു ''.

'' അതാണ് ഞങ്ങളുടെ രീതി ''.

'' പക്ഷെ അങ്കിൾ. എനിക്കുവേണ്ടി ആലോചിക്കാൻ അച്ഛനോ അമ്മയോ ഇല്ല ''.

'' എന്തേ അവർ മരിച്ചുപോയോ '' എനിക്ക് ആ കുട്ടിയോട് സഹതാപം തോന്നി.

'' മരിച്ചതല്ല അങ്കിൾ, അച്ഛൻ ഒരു കൊലക്കേസ്സിൽ പ്രതിയായി ജയിലിലാണ്. ശിക്ഷ തീരാൻ ഇനിയും അഞ്ചാറുകൊല്ലം കഴിയും ''.

'' അപ്പോൾ അമ്മ ''.

'' അമ്മ വേറൊരാളുടെ കൂടെ പോയി. ഞാൻ ഇപ്പോൾ ഒരു കുഞ്ഞമ്മയുടെ കൂടെയാണ് ''.

'' സഹോദരന്മാരൊന്നും ഇല്ലേ ''.

'' ഒരു ചേട്ടനുണ്ടായിരുന്നു. അമ്മ പോയ ശേഷം ചേട്ടനും എങ്ങോട്ടോ പോയി. ഞാൻ ശരിക്കും ഒരു അനാഥയാണ് അങ്കിൾ ''.

'' കുട്ടീ, എൻറെ മകൻറെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. എൻഗേജ്മെൻറിന് ഇനി ഒരാഴ്ചയേയുള്ളു ''.

'' അങ്കിളിൻറെ പരിചയത്തിൽ എനിക്കുപറ്റിയ ബന്ധം ഉണ്ടെങ്കിൽ ശരിയാക്കാമോ ''.

എന്താണ് പറയേണ്ടത് എന്ന് എനിക്ക് തോന്നുന്നില്ല. ആ കുട്ടിയുടെ കാര്യം കഷ്ടമാണ്. പക്ഷെ എന്തുചെയ്യാൻ കഴിയും? അവളുടെ ആഗ്രഹം നിവർത്തിച്ചുകൊടുക്കാൻ എനിക്ക് ആവില്ല. ചിലപ്പോൾ എന്തെങ്കിലും സാമ്പത്തികസഹായം ഉപകാരപ്പെട്ടാലോ?

'' കുട്ടിയുടെ മേൽവിലാസം തരൂ '' ഞാൻ പറഞ്ഞു '' എന്നെക്കൊണ്ട് കഴിയുന്ന ഒരു തുക ഞാൻ അയച്ചു തരാം ''.

'' നന്ദി '' അവൾ പറഞ്ഞു '' അങ്കിൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തെങ്കിലും പണം കിട്ടുമെന്ന് വിചാരിച്ചിട്ടല്ല ഞാൻ വിളിച്ചത്, എന്തെങ്കിലും ഒരു സഹായം കിട്ടുമോ എന്ന് കരുതിയാണ് ''.

തിരിച്ച് എന്തെങ്കിലും പറയുന്നതിന്നുമുമ്പ് അവൾ ഫോൺ വെച്ചു. മാട്രിമോണിയൽ സൈറ്റുകളുടെ പരസ്യം കാണുമ്പോൾ ഞാൻ ആ പെൺകുട്ടിയെ ഓർക്കും. നല്ലൊരു ബന്ധം അവൾക്ക് കിട്ടണേ എന്ന് പ്രാർത്ഥിക്കും.

14 comments:

ajith said...

നല്ല ബന്ധം കിട്ടിയിരിക്കാം എന്ന് കരുതുക

ബൈജു മണിയങ്കാല said...

തന്റേടവും ധൈര്യവും ഉള്ള കുട്ടി ആ കുട്ടിയെ ഹൃദയം കൊണ്ട് മരുമോൾ എന്ന് വിളിക്കാൻ കാണിച്ച സന്മനസ്സു. നന്മകൾ ലോകത്തിന്റെ പല കോണുകളിൽ പരസ്പരം കാണാതെ ഹൃദയ വിശാലത കൊണ്ട് തിരിച്ചറിയുന്നു

വിനുവേട്ടന്‍ said...

അതൊരു വേദനനായി വേട്ടയാടുന്നു അല്ലേ കേരളേട്ടാ?

അനാമിക പറയുന്നത് said...

സങ്കടം വന്നു,ശരിക്കും.............

Sukanya said...

ഒരു വല്ലാത്ത വിഷമംതന്നെയല്ലേ?
ആ കുട്ടിക്ക് നല്ലതുവരട്ടെ.

രാജഗോപാൽ said...

മറ്റാരുടെയോ മരുമകളാവേണ്ടവൾ, മറ്റൊരു വീട്ടിൽ 'പ്രകാശം പരത്തുന്ന പെൺകുട്ടി'യാവട്ടെ.

വീകെ said...

ആ കുട്ടി പറഞ്ഞത് സത്യമായിരിക്കുമെന്ന് എന്താണ് ഉറപ്പ്..? താങ്കൾക്കു പകരം മകനായിരുന്നു ഫോൺ എടുത്തിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു...?
ഇത്തരം കാര്യങ്ങൾ ഒരു സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകൂ...

Echmukutty said...

അനാഥരായി ജീവിക്കേണ്ടി വന്നവരെ അറിയാമോ ഉണ്ണിയേട്ടാ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഉള്ളിൽ തട്ടും വിധം പറഞ്ഞു....

പിന്നെ ബൂലോഗരാരേയും
മോന്റെ കല്ല്യാണത്തിന് ക്ഷണിച്ചില്ലേ ഭായ്

keraladasanunni said...

ajith,
എന്നുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്.
ബൈജു മണിയങ്കാല,
വലിയ ആത്മവിശ്വാസത്തോടേയാണ് ആ കുട്ടി സംസാരിച്ചത്. എന്തുകൊണ്ടോ ആ കുട്ടിയോട് വാത്സല്യം തോന്നി.
വിനുവേട്ടൻ,
അൽപ്പം വിഷമം മനസ്സിൽ ബാക്കിവെച്ച ഒരു സംഭാഷണമായി മാറി അത്

keraladasanunni said...

അനാമിക,
ചില സംഭവങ്ങൾ അങ്ങിനെയാണ്.
Sukanya,
അതെ. ആ കുട്ടിക്ക് നല്ലത് വരട്ടെ.
രാജഗോപാൽ,
എന്ന് പ്രത്യാശിക്കാം.

keraladasanunni said...

വി.കെ,
അങ്ങിനെയൊരു സദ്ധ്യത തല്ലിക്കളയാനാവില്ല. പക്ഷെ മറിച്ച് ചിന്തിക്കാനാണ് എനിക്കിഷ്ടം.
Echmukutty,
തീർച്ചയായും. ജീവിതത്തിൽ അങ്ങിനെയുള്ള ഒട്ടേറെ ആളുകളെ കാണാനായിട്ടുണ്ട്.
ബിലാത്തി പട്ടണം Muralee Mukundan,
ഉവ്വ്. എൻറെകയ്യിൽ മേല്വിലാസമോ ഫോൺ നമ്പറോ ലഭ്യമായിരുന്ന ബൂലോഗരെ ഞാൻ ക്ഷണിച്ചിരുന്നു.

നളിനകുമാരി said...

അച്ഛനും അമ്മയും ഏട്ടനും കൂടി ഓമനയായി വളർത്തേണ്ടിയിരുന്ന പെണ്‍കുട്ടി.പാവം..

സുധി അറയ്ക്കൽ said...

നല്ല വിഷമം തോന്നി.എല്ലാവരും ഉണ്ടെങ്കിലും അനാഥയായി ഒരു ജീവിതം തേടുന്ന പാവം ആ പെൺകുട്ടി ...വായിച്ച്‌ വിഷമിച്ച്‌ പോയല്ലോ!!!