Monday, February 20, 2012

ശിവരാത്രി.

ഇന്ന് ശിവരാത്രി. ഉപവാസം കഴിഞ്ഞ് ഉറക്കം ഉപേക്ഷിച്ച് ഇരിക്കുകയാണ്. അകത്ത് ഭാര്യയും മക്കളും സി.ഡി. ഇട്ട് സിനിമ കാണുകയാണ്. എനിക്ക് സിനിമ കാണുന്നതില്‍ അത്ര താല്‍പ്പര്യമില്ല. പുസ്തകം വായിക്കലാണ് സാധാരണ പതിവ്. എന്തോ ഇന്ന് അതിനും തോന്നുന്നില്ല.

കഴിഞ്ഞ കാലങ്ങളിലെ ശിവരാത്രികള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ഓര്‍മ്മ വെച്ച കാലം മുതല്‍ക്ക് വീട്ടില്‍ ആരെങ്കിലും ഉപവാസം എടുക്കാറുണ്ട്. ആദ്യ കാലങ്ങളില്‍ മുത്തശ്ശിയും അമ്മയും കുട്ടിമാമയുമാണ് ഉപവാസം ഇരിക്കാറ്. കുട്ടികള്‍ക്ക് നോല്‍മ്പ് ഇല്ല. എങ്കിലും നിവേദിച്ചു കിട്ടുന്ന ഇളന്നീരും പഴവും പാനകവും നോല്‍മ്പുകാര്‍ കഴിച്ച ശേഷം കുട്ടികള്‍ക്കും കിട്ടുമായിരുന്നു.

സന്ധ്യയോടെ തെക്കിനിയേടത്ത് ശിവക്ഷേത്രത്തില്‍ എത്തിയാല്‍ പിറ്റേന്ന് നേരം വെളുത്തതിന്ന് ശേഷമേ വീട്ടിലേക്ക് തിരിച്ചു വരാറുള്ളു. ദീപാരാധനയ്ക്ക് മുമ്പാണ് ശയന പ്രദക്ഷിണം . മൂത്ത വാരിയരും പത്മനാഭന്‍ നായരുമാണ് അമ്പല മുറ്റത്ത് ഉരുളാറ്. കുളിച്ച് ഈറനുടുത്ത് കണ്ണുകെട്ടി '' ഹരാ ഹരാ, ശിവാ ശിവാ. മുര ഹരാ, സദാശിവാ, ശംഭോ രുദ്ര മഹാദേവാ '' എന്ന് ഉറക്കെ ജപിച്ച് കല്ല് നിറഞ്ഞ് മുറ്റത്തിലൂടെ അവര്‍ ഉരുളുന്നത് തെല്ലൊരു ഭയത്തോടെയാണ് നോക്കി നില്‍ക്കാറ്.

കലാപരിപാടികളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. നാമ ജപവും ശിവപുരാണം വായനയുമായി നേരം കളയും. ഞങ്ങള്‍ കുട്ടികള്‍ മുറ്റത്ത് വിരിച്ച ഓല പായയില്‍ കിടന്നുറങ്ങും. ചില കൊല്ലങ്ങളില്‍ ഭക്തി പ്രഭാഷണം ഉണ്ടാവും. ഒരു കൊല്ലം പ്രഭാഷണം നടക്കുന്നതിന്നിടയില്‍ പോലീസ് എത്തി മോഷണക്കുറ്റത്തിന്ന് പ്രഭാഷകനെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയുണ്ടായി. അതിനു ശേഷം കുറെ കാലം വീട്ടില്‍ തായം കളിച്ച് സമയം കളയാന്‍ തുടങ്ങി.

മിക്ക കലാസമിതികളും ശിവരാത്രി ദിവസം വാര്‍ഷികദിനമായി ആഘോഷിക്കാറുണ്ട്. ഗാനമേള, ഡാന്‍സ്, നാടകം എന്നീ പരിപാടികള്‍ ഉള്ളതിനാല്‍ ധാരാളം പേര്‍ ഉറക്കം ഒഴിവാക്കാന്‍ അതെല്ലാം കാണാനെത്തും. നാട്ടിന്‍പുറത്തെ സിനിമ കൊട്ടകകളില്‍ കൂടുതല്‍ ഷോ ഉണ്ടാവും. കുറച്ച് മുതിര്‍ന്ന ശേഷം സൈക്കിളുമായി പല ദിക്കിലുള്ള പരിപാടികള്‍ നോക്കി നടക്കും. ഫലം ഒന്നും മുഴുവന്‍ കാണാനാവില്ല എന്നതുതന്നെ.

ക്ലബ്ബില്‍ ചെന്ന് ചീട്ടു കളിച്ച് നേരം വെളുപ്പിക്കാന്‍ തുടങ്ങിയത് പിന്നേയും കുറെ കഴിഞ്ഞിട്ടാണ്. കളിക്കിടയില്‍ എല്ലാവരും കൂടി ഏതെങ്കില്‍ ചായപീടികയില്‍ കയറി കുറെ സമയം കളയും. രണ്ടു മൂന്ന് കൊല്ലം എന്‍റെ വീട്ടില്‍ ഞങ്ങളുടെ ചീട്ടുകളി സംഘം കൂടുകയുണ്ടായി. സുഹൃത്തുക്കള്‍ പല വഴിക്ക് പിരിഞ്ഞു. പലരും മണ്‍മറഞ്ഞു കഴിഞ്ഞു. എല്ലാം ഓര്‍മ്മകള്‍ മാത്രമായി.

അര്‍ദ്ധരാത്രിയായിട്ടേയുള്ളു. നേരം വെളുക്കാന്‍ ഇനിയും എത്രയോ സമയമുണ്ട്. പൂജാമുറിയില്‍ നിന്ന് ശിവപുരാണം പുസ്തകമെടുക്കണം. ഏകാഗ്രതയോടെ അത് പാരായണം ചെയ്യണം. ആവുന്നത്ര കാലം പാലിച്ചു വന്ന അനുഷ്ഠാനങ്ങള്‍ തുടരണം. അത് മാത്രമാണ് പ്രാര്‍ത്ഥന.

15 comments:

Anonymous said...

വായിച്ചപ്പോൾ വർഷങ്ങൾക്കു മുന്നെ ശിവരാത്രിയ്ക്ക് അരക്കള്ളൻ മുക്കാൽകള്ളൻ സിനിമ കണ്ടത് ഓർമ്മ വന്നു. നന്ദി.

വേണുഗോപാല്‍ said...

അതെ ആവുന്നത്ര കാലം ആചരിച്ചു വരുന്ന അനുഷ്ടാനം തുടരുക തന്നെ. ശംഭോ മഹാദേവ

grkaviyoor said...

പെട്ടന്ന് ചെറുപ്പകാലത്തിലേക്ക് കുട്ടി കൊണ്ട് പോയ ഏട്ടനു നന്ദി

ഓം നമശിവായ

രാജഗോപാൽ said...

എല്ലാവരും ഉറക്കമൊഴിക്കുമ്പോൾ പതിവു ജോലി ചെയ്യാനാവാതെ ഭക്തിപ്രഭാഷണം നടത്തി മോക്ഷപ്രാപ്തി നേടാനെത്തിയ പാവം. ശിവരാത്രി ചിന്തകൾ നന്നായി.

ജയരാജ്‌മുരുക്കുംപുഴ said...

sivarathri mahathmyam manoharamayi.... pinne blogil randu puthiya postukal..... EE ADUTHA KALATHU, PRITHVIRAJINE PRANAYICHA PENKUTTY....... vayikkane.......

Shruthi said...

Like

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു.
സുഖമെന്നും കരുതുന്നു

ramanika said...

കുറെ കാലങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ഇവിടെ എത്തിയത്
ആദ്യം മാളുവും മോളുവും സുഖം എന്ന് വിശ്വസിക്കുന്നു
അവരുടെ വരവില്‍ സന്തോഷിക്കുന്നു
"ശിവരാത്രി " വായിച്ചപ്പോള്‍ അടുത്തുള്ള ശിവന്റെ അമ്പലത്തില്‍ ഉത്സവത്തിന്‌ പോയതും അമ്മയും മുതിര്‍ന്നവരും വ്രതം എടുത്തതും എല്ലാം മനസ്സില്‍ തെളിഞ്ഞു
എല്ലാ ഐശ്വര്യവും നേരുന്ന മാളുവിനും മോളുവിനും ..

ഞാന്‍ പുണ്യവാളന്‍ said...

ഓരോ ആഘോഷത്തിനും പഴ കാലത്തിന്റെ പവിത്രത ഇന്നില്ല എങ്കിലും അതൊകെ ഓര്‍ക്കുമ്പോ ഇക്കാലത്തും ഒരു സുഖാനുഭവം ഉണ്ടെന്നുള്ളതും സന്തോഷകരം തന്നെ അല്ലെ

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
ആചാരങ്ങളും ശീലങ്ങളും ജീവിതത്തിനു അര്‍ഥം നല്‍കുന്നു.
ശിവരാത്രി ഓര്‍മ്മകള്‍ വളരെ നന്നായി!
സസ്നേഹം,
അനു

ശ്രീ said...

കുറേ നാളുകള്‍ക്ക് ശേഷമാണ് വരവ്...

നാട്ടിലായിരുന്നപ്പോള്‍ ശിവരാത്രി ദിവസങ്ങളില്‍ വൈകുന്നേരമാകുമ്പോഴേയ്ക്കും ശിവക്ഷേത്രത്തില്‍ പോകുമായിരുന്നു, ആ നാളുകള്‍ ഓര്‍മ്മിപ്പിച്ചു.

Geethakumari said...

ശിവരാത്രി വിശേഷങ്ങള്‍ വായിച്ചപ്പോള്‍ ചെറുതിലെ ഉത്സവങ്ങള്‍ക്ക് പോയ കാര്യങ്ങള്‍ മനസ്സില്‍ ഓടിയെത്തി .എന്റെ വെടിന്റെ സമീപം ഒരു പ്രസിദ്ധ ശിവക്ഷേത്രം ഉണ്ട് .മനസ്സിനെ പിറകിലേക്ക് കൊണ്ടുപോകുവാന്‍ സാധിച്ചതില്‍ സന്തോഷം .വന്നതിനും വിലയേറിയ അഭിപ്രായം കുറിച്ചതിനും ആറായിരം നന്ദി.ആശംസകള്‍

keraladasanunni said...

Anonymous,
പണ്ടൊക്കെ ശിവരാത്രി ദിവസം 
ഉറക്കൊഴിക്കുന്നവര്‍ക്കായി മൂന്നാമത്
ഒരു സ്പെഷല്‍ ഷോ ഉണ്ടായിരുന്നു.

വേണുഗോപാല്‍,
അതാണ് മോഹം.

ജി.ആര്‍. കവിയൂര്‍,
നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും ഇത്തരം 
അനുഷ്ഠാനങ്ങള്‍ നടന്നു വരുന്നുണ്ട്.

രാജഗോപാല്‍ ,
അധിക കാലം കഴിയുന്നതിന്നു മുമ്പ് ആ വ്യക്തി മരണപ്പെട്ടു.

jayarajmurukkumpuzha,
പോസ്റ്റ് വായിച്ചു.

Dileep Nayathil,
നന്ദി.

ഇ. എ. സജിം തട്ടത്തുമല,
അതെ. സുഖമാണ്.

keraladasanunni said...

ramanika,
മാളുവും മോളുവും നന്നായിരിക്കുന്നു. അനുഗ്രഹത്തിന്ന് നന്ദി.

ഞാന്‍ പുണ്യവാളന്‍ ,
ആ ഓര്‍മ്മകളല്ലേ സുഖം നല്‍കുന്നത്.

anupama,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

ശ്രി,
വല്ലപ്പോഴും സന്ദര്‍ശിക്കൂ.

ഗീതാകുമാരി,
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൊഴാന്‍ 
വന്നിട്ടുണ്ട്. അഭിപ്രായങ്ങള്‍ക്ക് നന്ദി

drpmalankot said...

അടുത്തമാസം ശിവരാത്രി ആകാറായി. ഇപ്പോഴാണ് ഇത് വായിക്കാന്‍ ഇട കിട്ടിയത്, ഉണ്ണിയേട്ടാ. ഭക്തിനിര്‍ഭരമായ മനസ്സും, വിചാരങ്ങളും, ചെയ്തികളും എല്ലാം ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രാര്‍ഥിക്കുന്നു.