Monday, December 12, 2011

മാളുവും മോളുവും.

ഞായറാഴ്ച കോഴിക്കോട്ടേക്ക് പോവുന്ന വഴിക്ക് സിന്ധുവിനെ അവളുടെ വീട്ടില്‍ കയറി കണ്ടപ്പോള്‍ വല്ലാത്തൊരു വിഷമം അവള്‍ അനുഭവിക്കുന്നതായി തോന്നി. മൂന്ന് ദിവസം മുമ്പ് വ്യാഴാഴ്ച അവളെ കാണാന്‍ ചെന്നതാണ്. അന്ന് ഇത്രയേറെ വിഷമം ഉള്ളതായി കണ്ടില്ല.

'' ഡോക്ടര്‍ എന്തു പറഞ്ഞു '' സുന്ദരി അവളോട് ചോദിച്ചു.

'' ഏഴാം തിയ്യതി ബുധനാഴ്ച വരാനാണ് പറഞ്ഞത് '' അവള്‍ പറഞ്ഞു '' നോക്കീട്ട് എന്നാണ് അഡ്മിറ്റ് ചെയ്യേണ്ടത് എന്ന് അന്ന് പറയും ''.

'' നിനക്ക് വയ്യെങ്കില്‍ വിളിച്ച് ചോദിക്ക്. വെറുതെ അതുവരെ കാത്തിരിക്കണ്ടാ '' ഭാര്യ ഉപദേശിച്ചു.

'' ഞാന്‍ നാളെ വിളിച്ച് വന്നോട്ടെ എന്ന് ചോദിക്കുന്നുണ്ട്. എനിക്ക് തീരെ വയ്യ ''.

തിങ്കളാഴ്ച പതിനൊന്നര വരെ വിവരമൊന്നും അറിഞ്ഞില്ല. ഞാന്‍ മകനെ വിളിച്ചു.

'' ഡോക്ടറുടെ റൂമില്‍ കയറിയിട്ടേയുള്ളു. വിവരം അറിഞ്ഞതും വിളിക്കാം '' അവന്‍ പറഞ്ഞു.

'' അഞു മിനുട്ട് കഴിഞ്ഞില്ല. അതിന്ന് മുമ്പ് അവന്‍ വിളിച്ചു.

'' ഇപ്പോത്തന്നെ അഡ്മിറ്റ് ചെയ്യാന്‍ പറഞ്ഞു '' മകന്‍റെ സ്വരത്തില്‍ ഒരു പരിഭ്രമം ഉണ്ടെന്ന് തോന്നി '' ഒന്നര മണിക്ക് സിസേറിയന്‍ ചെയ്യും എന്ന് പറയുന്നു ''.

'' ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറപ്പെടാം '' ഞാന്‍ അവനെ ആശ്വസിപ്പിച്ചു.

മൂത്ത മകന്‍ രാവിലെ അവന്‍റെ ഭാര്യയെ തിരൂരിലുള്ള അവളുടെ വീട്ടിലെത്തിച്ച് പാലക്കാട്ടെത്തി ജോലി ചെയ്യുകയാണ്. ഞാന്‍ അവനെ വിളിച്ച് വിവരം പറഞ്ഞു.

'' പായ്ക്ക് ചെയ്യാനുള്ളത് ശരിയാക്കിക്കോളൂ. ഞാന്‍ ഇതാ വരുന്നു '' എന്ന് അവന്‍ പറഞ്ഞു.

മൂന്നാമത്തെ മകന്‍ പാലക്കാട്ടേക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അവന്‍ വേഗം സ്കൂള്‍ ടീച്ചറായ ഭാര്യയെ വിളിക്കാന്‍ ചെന്നു. സാധനങ്ങളൊക്കെ എടുത്ത് വീടു പൂട്ടി. കൂട്ടുകാരന്‍റെ വീട്ടില്‍ വാന്‍ കൊണ്ടുപോയി നിര്‍ത്തി. മോട്ടോര്‍ സൈക്കിളുകള്‍ ഷെഡ്ഡില്‍ കയറ്റി. ഗെയിറ്റ് പൂട്ടി കാര്‍ പുറപ്പെടുമ്പോള്‍ മണി ഒന്നര.

'' നമ്മള് എത്തുമ്പോഴേക്കും ഡെലിവറി കഴിയും '' ഭാര്യ പറഞ്ഞു. ശരിയാണ്. കോട്ടയ്ക്കലേക്ക് തൊണ്ണൂറോളം കിലോമീറ്റര്‍ ഓടാനുണ്ട്.

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മങ്കര എത്തുമ്പോഴേക്കും മകന്‍ വിളിച്ചു.

'' സിന്ധു പ്രസവിച്ചു. രണ്ട് പെണ്‍കുട്ടികള്‍ '' അവന്‍ പറഞ്ഞു.

'' ഏതായാലും വേണ്ട സമയത്ത് എത്താന്‍ ആയില്ല. ഇനി ധൃതി വെച്ച് ഓടിക്കുകയൊന്നും വേണ്ടാ.'' ഞാന്‍ മകനോട് പറഞ്ഞു.

'' ഇനിയും എണ്‍പത്തി മൂന്ന് കിലോമീറ്റര്‍ പോണം. ഒരുപാട് വൈകിക്കണ്ടാ ''അവന്‍ മറുപടി നല്‍കി. യാത്രക്കിടയില്‍ ബന്ധുക്കളെ വിവരം അറിയിച്ചുകൊണ്ടിരുന്നു. കാറിനകത്ത് സന്തോഷം നിറഞ്ഞു.

'' നമുക്ക് അവരെ മാളൂന്നും മോളൂന്നും വിളിക്കാം '' ചെറിയ മകന്‍റെ അഭിപ്രായം എല്ലാവര്‍ക്കും ഇഷ്ടമായി.

ആസ്പത്രിയിലെത്തുമ്പോള്‍ സിന്ധു ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ്. പ്രസവം നേരത്തെ ആയതിനാലാണത്രേ കുട്ടികള്‍ രണ്ടുപേരും ഇന്‍ക്യുബേറ്ററിലും. ഏറെ നേരം ആവശ്യപ്പെട്ടിട്ടാണ് കുട്ടികളെ ഒന്ന് കാണിച്ചു തന്നത്.

ഒരു കയ്യില്‍ രണ്ട് കുട്ടികളേയും വെച്ചുകൊണ്ട് നേഴ്സ് മുന്നില്‍ വന്നു നിന്ന രംഗം മറക്കാനാവില്ല. ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് അമ്മയേയും കുട്ടികളേയും വീട്ടിലെത്തിക്കുന്നതുവരെ ആസ്പത്രിയില്‍ കൂടാമെന്ന് ഞാനും സുന്ദരിയും നിശ്ചയിച്ചു.

ആവശ്യത്തിന്നുള്ള തൂക്കം ഉള്ളതിനാല്‍ പിറ്റേന്ന് കുട്ടികളെ റൂമില്‍ എത്തിച്ചു. ഒരു കട്ടിലില്‍ രണ്ടു കുട്ടികളേയും കിടത്തി. ഞാന്‍ അരികില്‍ ചെന്നിരുന്നു. ആ കുഞ്ഞു മുഖങ്ങള്‍ മനസ്സ് നിറച്ചു.

'' മാളൂ, മോളൂ '' എന്ന് ഞാന്‍ അവരെ വിളിക്കുമ്പോള്‍ ആ കണ്ണുകള്‍ ചുറ്റും പരതും. പണ്ടൊന്നും ഇങ്ങിനെ കുട്ടികള്‍ സൂക്ഷിച്ച് നോക്കാറില്ല എന്ന് സുന്ദരി പറഞ്ഞു. എന്‍റെ മക്കള്‍ ഈ വിധത്തില്‍ നോക്കിയിരുന്നോ എന്ന് എനിക്ക് ഓര്‍മ്മയില്ല.

മൂന്നാമത്തെ ദിവസം ഞാന്‍ കട്ടിലില്‍ ഇരിക്കുകയാണ്. മൂത്ത കുട്ടി മാളു എന്‍റെ അടുത്ത് കിടപ്പുണ്ട്. ഒരു മിനുട്ട് വ്യത്യാസത്തില്‍ ജനിച്ച മോളു അടുത്ത കട്ടിലില്‍ അവളുടെ അമ്മയുടെ അരികിലും. ഞാന്‍ മാളുവിനെ നോക്കി. അവള്‍ കൈകാലുകള്‍ ഇളക്കി കളിക്കുകയാണ്.

'' അച്ചാച്ചന്‍റെ മാളൂ '' ഞാന്‍ അവളെ വിളിച്ചു. ആ കുഞ്ഞി കണ്ണുകള്‍ എന്നെ തിരഞ്ഞു. അവളുടെ ചുണ്ടുകളില്‍ കണ്ടത് പുഞ്ചിരിയാണോ. വീശിക്കൊണ്ടിരിക്കുന്ന ആ കുഞ്ഞികൈകള്‍ക്കു നേരെ ഞാന്‍ ചൂണ്ടുവിരല്‍ നീട്ടി. കുഞ്ഞി കയ്യിന്നുള്ളില്‍ എന്‍റെ വിരല്‍ ഒതുങ്ങി. അതിലൂടെ പ്രവഹിച്ചത് ഒരു സ്നേഹ കടലായിരുന്നുവോ. കാഴ്ച മങ്ങി തുടങ്ങിയത് ഞാന്‍ അറിഞ്ഞു. കണ്ണില്‍ നിറഞ്ഞ വെള്ളം ആരും കാണാതെ തുടച്ചു മാറ്റി.

27 comments:

prajithabinoj said...

really touching.........

Unknown said...

പാലക്കാട്ടേട്ടാ...ജീവിതത്തിന്റെ മലർവാടിയിലേയ്ക്ക്, വസന്തം വിരിയിച്ച് രണ്ട് കുഞ്ഞുപൂക്കൾക്കൂടി..കടലോളം സ്നേഹം പകർന്നുതരാൻ,എന്നും കൈപിടിച്ചു കൂടെ നടക്കുവാൻ രണ്ടു കുഞ്ഞുമാലാഖമാർ...എല്ലാവർക്കും ഒത്തിരി ആശംസകൾ നേരുന്നു..

പഥികൻ said...

ഇരട്ടക്കുട്ടികളുടെ അച്ചാച്ചനെക്കുറിച്ച് മുൻപൊരിക്കൽ എഴുതിയത് ഓർമ്മ വന്നു..ആശംസകൾ...

രാജഗോപാൽ said...

വായിച്ചു തീർന്നപ്പോഴേയ്ക്കും എന്റെ കാഴ്ച്ചയും മങ്ങിത്തുടങ്ങിയിരുന്നു. കണ്ണു നിറഞ്ഞു, മനസ്സും.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ഇരട്ടക്കുട്ടികൾ ഇപ്പോൾ വലുതായിക്കാണുമല്ലോ അല്ലേ? ആശംസകൾ!

ജയരാജ്‌മുരുക്കുംപുഴ said...

kannum manassum ardramayi.... ella nanmakalum aashamsikkunnu..............

Muralee Mukundan , ബിലാത്തിപട്ടണം said...

മാളൂം ,മോളും ഇപ്പോൾ ബാല്യം വിട്ടുകാണൂമല്ലോ അല്ലേ ഭായ്

Mohiyudheen MP said...

വളരെ നന്നായിടുണ്ട് ഈ കഥ.ആശംസകൾ...

ഒരു വിളിപ്പാടകലെ said...

പെണ്‍കുട്ടികള്‍ പൊന്‍കുട്ടികള്‍. നമ്മുടെ നാടിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്ന ഒരു കാര്യമാണിത് . വടക്കേ ഇന്ത്യയില്‍ 'പെണ്‍കുട്ടി' എന്ന് പറയുമ്പോ അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും മുഖത്ത് വരുന്ന നിരാശ കണ്ടു വേദനിച്ചിട്ടുണ്ട് പലപ്പോഴും . അത് സ്ത്രീധനത്തെ ഓര്‍ത്തുള്ള വിഷമം ആവും എന്നാണു ആദ്യമൊക്കെ ഞാന്‍ കരുതിയത്‌ .വളരെ ധനികനായ ഒരു സുഹൃത്ത്‌ പറഞ്ഞു "സ്ത്രീധനം മാത്രമല്ല കാര്യം . ചെക്കന്‍റെ വീട്ടുകാര്‍ എന്നും dominating ആയിരിക്കും . പെണ്ണിന്‍റെ വീട്ടുകാര്‍ അവരുടെ മുന്നില്‍ താണുവണങ്ങി നില്‍ക്കണം . അത് ആര്‍ക്കും സന്തോഷമുള്ള കാര്യം അല്ലല്ലോ ." ഒരു മകളുടെ /ചെറുമകളുടെ സ്നേഹം അറിഞ്ഞുകഴിയുമ്പോ അതെല്ലാം മാറും . പെണ്മക്കള്‍ ഉള്ളവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍ , ഭൂമിയിലെ സ്വര്‍ഗരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു !

keraladasanunni said...

prajithabinoj,
Thanks.
ഷിബു തോവാള,
വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു. അവര്‍ രണ്ട് കുഞ്ഞുപൂക്കള്‍ തന്നെയാണ്.
പഥികന്‍,
ശരിയാണ്. ഇരട്ടക്കുട്ടികളാണ് എന്ന സ്കാന്‍ 
റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
രാജഗോപാല്‍,
സന്തോഷം പങ്കുവെച്ചതല്ലേ.

keraladasanunni said...

ഇ. എ. സജിം തട്ടത്തുമല,
ഇല്ല സുഹൃത്തേ. അവര്‍ ഈ മാസം 5 ന്ന് ജനിച്ചതേയുള്ളു.
jayarajmurukkumpuzha,
ആശംസകള്‍ക്ക് ഒരുപാട് നന്ദി.
മുരളി മുകുന്ദന്‍ ബിലാത്തിപട്ടണം ,
അവര്‍ക്ക് പത്ത് ദിവസം പ്രായമേ ആയിട്ടുള്ളു.
Mohiyudheen MP,
ഇത് കഥയല്ല. നടന്ന സംഭവമാണ്.

keraladasanunni said...

ഒരു വിളിപ്പാടകലെ,
മകന് ജനിച്ചത് രണ്ട് പെണ്‍കുട്ടികളാണ് എന്ന് ഞാന്‍ അറിയിച്ചതും പൊന്‍കുട്ടികള്‍ എന്ന് തിരുത്തി പറയൂ എന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി. ചെറുക്കന്‍ വീട്ടുകാര്‍ 
മേല്‍ക്കോയ്മ കാണിക്കാറുണ്ട് എന്ന് പലരും 
പറയാറുണ്ട്. ഇവിടെ മരുമക്കള്‍ ഞങ്ങള്‍ക്ക് സ്വന്തം മക്കളാണ്. അവര്‍ സ്വന്തം 
അച്ഛനന്മ്മമാരോട് ഉള്ളതിനേക്കാള്‍ സ്വാതന്ത്രം ഞങ്ങളോട് കാട്ടാറുണ്ട്. ചെറുമക്കളോടുള്ള സ്നേഹം
മക്കളോടുള്ളതിനേക്കാള്‍ കൂടുതലാണെന്ന് എനിക്ക് തോന്നുന്നു.

Bijoy said...

മാളുവിന്നും മോളുവിന്നും ആശംസകള്‍ നേരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

ശ്രീനാഥന്‍ said...

അച്ചാച്ചന്റെ മനസ്സു മുഴുവൻ തെളിഞ്ഞു കാണാം ഈ പോസ്റ്റിൽ.

Admin said...

Realy heart touching...
Hope more posts again..

വിനുവേട്ടന്‍ said...

കേരളേട്ടാ, മുത്തച്ഛനായതിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു... അതും ഇരട്ടക്കുട്ടികളുടെ മുത്തച്ഛൻ... മാളുവിനും മോളുവിനും സർവ്വ ഐശ്വര്യവും നേരുന്നു...

വേണുഗോപാല്‍ said...

ഒരു മുത്തശ്ശന്റെ ഹൃദയം ...
സാന്ദ്രമായ ആ ഹൃദയത്തില്‍ നിന്നുള്ള വികാര പ്രകടനങ്ങള്‍ .
ഇന്ന് തിരിയിട്ടു തിരഞ്ഞാല്‍ കാണാന്‍ കിട്ടാത്ത എന്ന് പോലും പറയാവുന്ന
ആ വികാരങ്ങള്‍ ഈ പോസ്റ്റിലൂടെ അറിഞ്ഞു ..
ആശംസകള്‍ .

ഇവിടെ ആദ്യമാണ് . ബ്ലോഗ്‌ പരിചയപെടലിന്റെ ഭാഗമായി വായിക്കാനെത്തി .
ഇനിയും വരാം

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL................

keraladasanunni said...

Bijoy,
നന്ദി.

ശ്രിനാഥന്‍ സാര്‍,
വളരെ സന്തോഷം.

SREEJITH MOOTHEDATH,
Thank you

വിനുവേട്ടന്‍,
ആശംസകള്‍ക്ക് ഒരുപാട് നന്ദി.

keraladasanunni said...

വേണുഗോപാല്,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

jayarajmurukkumpuzha,
നവവത്സരാശംസള്‍.

പേരു പിന്നെ പറയാം,
പലപ്പോഴും ചെറിയ കാര്യങ്ങളിലാണല്ലോ വലിയ സന്തോഷം ഉള്ളത്.

kochumol(കുങ്കുമം) said...

ഉണ്ണിയേട്ടാ മാളുവും മോളുവും സുഖായിരിക്കുന്നോ..എന്ത് രസായിരിക്കും ല്ലേ ..ആശംസകള്‍ നേരുന്നു എല്ലാര്‍ക്കുംട്ടോ .

Unknown said...

:)
സന്തോഷത്തില്‍ ഞാനും..

keraladasanunni said...

kochumol( കുങ്കുമം ),
മാളുവും മോളുവും സുഖമായിരിക്കുന്നു. രണ്ടു പേരേയും വീട്ടിലേക്ക് കൊണ്ടുവന്നു. എന്ത് രസമാണെന്നോ. ദിവസത്തിന്ന് ഇരുപത്തിനാല് മണിക്കൂര്‍ പോരാതായി.
ആശംസകള്‍ക്ക് ഒരുപാട് നന്ദിയുണ്ട്കേട്ടോ.

നിശാസുരഭി,
പങ്കുചേരുന്നു അല്ലേ. അതും സന്തോഷമാണ്.

അനശ്വര said...

സന്തോഷകരമായ നിമിഷങ്ങള്‍ പങ്കു വെക്കുമ്പോഴും ആ സന്തോഷം ഇരട്ടിക്കും. ആ ആഹ്ലാദത്തെ നന്നായി തന്നെ പങ്കു വെച്ചിട്ടുണ്ട്.

keraladasanunni said...

അനശ്വര,

സന്തോഷം പങ്കിടാനായി എന്നുതന്നെ ഒരു സന്തോഷമാണ്.

Echmukutty said...

വായിച്ച് ഞാനും ഒത്തിരി സന്തോഷിച്ചു......മാളുവിനോടും മോളുവിനോടും ഈ പശുക്കുട്ടിയുടെ അന്വേഷണം പറയണേ..