Saturday, November 5, 2011

മുഴയന്‍..

കൈവശം ഉള്ള അല്‍പ്പം കൃഷിഭൂമിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ട ദൌര്‍ഭാഗ്യം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിന്ന് മുമ്പാണ് ആ സംഭവം.

കാലാവസ്ഥ അനുകൂലമാണെങ്കിലേ ഒന്നാം വിളയ്ക്ക് വിത്ത് വിതയ്ക്കാറുള്ളു. അല്ലെങ്കില്‍ നെല്ലിനേക്കാള്‍ കൂടുതല്‍ കള ഉണ്ടാവും. അത് ഒഴിവാക്കാന്‍ നടുകയാണ് ചെയ്യാറ്. ആ കൊല്ലം നടീലാണ് ഒരുക്കിയത്. ഞാറ് വളര്‍ച്ചയെത്തി കഴിഞ്ഞു. ഇനി പറിച്ചു നടണം. അയല്‍പക്കത്തെ കൃഷി സ്ഥലങ്ങളോടൊപ്പം എന്‍റെ ഭൂമിയും ട്രാക്ടര്‍ ഉഴുതിട്ടു. ആ കാലത്ത് പാടത്തെ പണികള്‍ ചെയ്യാന്‍ സ്ഥിരമായി നാല് ജോലിക്കാരുണ്ടായിരുന്നു. രണ്ട് ആണുങ്ങളും അവരുടെ ഭാര്യമാരും . ഞാറ് വലിക്കാറായി എന്ന വിവരം കൊടുത്തപ്പോള്‍ ഒരു പണിക്കാരന്‍ വന്ന് കുറെ കറിയുപ്പ് വാങ്ങി ഞാറ്റു കണ്ടത്തില്‍ എറിഞ്ഞു. ഞാറ് വലിക്കുമ്പോള്‍ വേര് പൊട്ടാതിരിക്കാനാണ് അത്.



'' നാളെ പെണ്ണുങ്ങള്‍ വരുമ്പോള്‍ മൂന്ന് നാല് പണിക്കാരെ കൂടുതല്‍ വിളിക്കാന്‍ പറ. വേഗം പണി തീര്‍ന്നോട്ടെ '' അമ്മ അവനോട് പറഞ്ഞു. ശരിയെന്ന് സമ്മതിച്ച് അവന്‍ പോയി.


പ്രതീക്ഷയ്ക്ക് വിപരീതമായി പിറ്റേന്ന് പണിക്കാരികള്‍ വന്നില്ല. അന്വേഷിച്ചപ്പോള്‍ അവര്‍ കെട്ടിടം
പണിക്ക് പോയതായി അറിഞ്ഞു. തലേന്ന് വന്ന പണിക്കാരനെ ഞാന്‍ ഓഫീസില്‍ പോവുന്ന വഴിക്ക് കണ്ടു മുട്ടി.


'' നാളെ അവര്‍ പണിക്കെത്തും '' അവന്‍ ഉറപ്പ് നല്‍കി.


പക്ഷെ പിറ്റേന്ന് മാത്രമല്ല അടുത്ത നാല് ദിവസത്തേക്ക് ആരും വന്നില്ല. നിവൃത്തിയില്ലാതെ അവരെ അന്വേഷിച്ച് ഞാന്‍ ഇറങ്ങി. നേരത്തെ
വന്ന ആളെത്തന്നെയാണ് കാണാന്‍ കഴിഞ്ഞത്.


'' ഞാനെന്താ ചെയ്യാ. അവരോട് പറഞ്ഞു നോക്കി. തിരക്കാണ്, അത് കഴിയാതെ വരാന്‍ പറ്റില്ല എന്നു പറഞ്ഞു '' അവന്‍ കൈമലര്‍ത്തി.



'' ഇങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ സമയത്ത് പണി കഴിയുക '' ഞാന്‍ പറഞ്ഞു '' ഇത് തീര്‍ത്തിട്ട് അവര്‍ക്ക് കെട്ടിടം പണിക്ക് പോയാല്‍ പോരെ ''.


അപ്പോഴാണ് കെട്ടിടം പണിക്കല്ല, റെയില്‍വേക്ക് മെറ്റല്‍ കോരാനാണ് അവര്‍ പോവുന്നതെന്ന വിവരം അറിയുന്നത്.


'' കുറച്ചു കാലം ഈ പണിക്ക് പോയാല്‍ റെയില്‍വേയില്‍ സ്ഥിരം ആവും എന്നാണ് ആളുകള്‍ പറയുന്നത് '' അവന്‍ വിശദീകരിച്ചു.


അപ്പോള്‍ അതാണ് അവര്‍ വരാത്തതിന്ന് കാരണം. എങ്കില്‍ വേറെ ആരേയെങ്കിലും ഏര്‍പ്പാടാക്കി തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. '' നോക്കട്ടെ '' എന്നും പറഞ്ഞ് അവന്‍ ഒഴിവായി.


അന്ന് വൈകുന്നേരം ഓഫീസില്‍ നിന്നും എത്തിയപ്പോള്‍ പിറ്റേന്ന് ഒരു സ്ത്രി ജോലിക്ക് വരാമെന്ന് സമ്മതിച്ചതായി ഭാര്യ അറിയിച്ചു.


'' ഒരാള് വന്നിട്ട് എന്താ ആവുക. എത്ര ദിവസം വേണം നടീല് തീരാന്‍ '' ഞാന്‍ ചോദിച്ചു.


'' ഇത്തിരി വൈകിയാലും സാരമില്ല '' എന്നവള്‍ സമാധാനിപ്പിച്ചു. പറഞ്ഞതുപോലെ പിറ്റേന്ന് ആ സ്ത്രീ എത്തി. ഞാന്‍ ജോലിക്ക് പോവുമ്പോള്‍ അവര്‍ ഞാറ് വലിക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു. വളരെ സമാധാനത്തോടെയാണ് ഞാന്‍ ജോലിക്ക് പോയത്.


ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിന്ന് മുകളില്‍ നിന്നേ ഞാന്‍ പാടത്തേക്ക് നോക്കി. വളരെ കുറച്ച് ഞാറ് മാത്രമേ വലിച്ചിട്ടുള്ളു. ഒരാള്‍ പണി ചെയ്താലും ഇത്രയും പോരാ.


'' ഇന്ന് എന്താ ഉണ്ടായത് എന്നറിയ്യോ '' ഭാര്യ ചോദിച്ചു '' ഓഫീസില്‍ വിളിച്ച് നിങ്ങളെ അറിയിച്ച് വിഷമിപ്പിക്കേണ്ടാ എന്ന് കരുതി അറിയിക്കാഞ്ഞതാണ് ''.


എനിക്ക് ഒന്നും മനസ്സിലായില്ല. '' എന്താ സംഗതി '' ഞാന്‍ ചോദിച്ചു.



'' അവള് പണി തുടങ്ങി ഒരു മണിക്കൂറ് ആയതേയുള്ളു. നമ്മളുടെ പണിക്കാരികള്‍ എത്തി. അവളെ ചീത്ത പറഞ്ഞ് പാടത്തു നിന്ന് കയറ്റി ''.


'' ഇനി എന്താ ചെയ്യുക ''.


'' നാളെ അവള് വരും. വേണ്ടാത്തത് പറഞ്ഞാല്‍ തിരിച്ച് അവളും പറയും എന്ന് പറഞ്ഞിട്ടുണ്ട് ''.


'' തമ്മില്‍ത്തല്ലില്‍ എത്ത്വോ ''.


'' ഹേയ്. അതൊന്നും ഉണ്ടാവില്ല. അവര് മിരട്ടി നോക്കിയതാവും ''.



പക്ഷെ സംഭവിച്ചത് അതല്ല. പിറ്റേന്ന് അവള്‍ പാടത്ത് പണിക്ക് ഇറങ്ങിയതും പഴയ പണിക്കാര്‍ സ്ഥലത്തെത്തി. കരിങ്കല്‍ ചീളുകള്‍കൊണ്ട് ഞാറ് വലിക്കുന്നവളെ അവര്‍ എറിയാന്‍ തുടങ്ങി. അവള്‍ പേടിച്ച് സ്ഥലം വിട്ടു.


'' നിങ്ങള് വരണ്ടാ. ഞാന്‍ സംസാരിച്ചു നോക്കട്ടെ ''എന്നും പറഞ്ഞ് ഭാര്യ അവിടേക്ക് ചെന്നു. ഞാന്‍ ഗെയിറ്റില്‍ പിടിച്ച് അവരെ നോക്കി നിന്നു.


'' നിങ്ങള്‍ എന്താ ഈ ചെയ്യുന്നത്. നിങ്ങളോ പണിക്ക് വരില്ല. വരുന്ന ആളുകളെ ഉപദ്രവിക്കുന്നത് എന്തിനാ '' ഭാര്യ അവരോട് ചോദിച്ചു.


'' ഞങ്ങള്‍ പണി ചെയ്യുന്ന സ്ഥലത്ത് ആര് പണിക്ക് വന്നാലും ഇതുതന്നെ ചെയ്യും '' അവര്‍ മറുപടി പറഞ്ഞു.


'' എന്നാല്‍ നിങ്ങള്‍ പണി ചെയ്യിന്‍ '' എന്നു പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ അവര്‍ പോയി. വലിയ വിഷമത്തോടെയാണ് ഞാന്‍ ജോലിക്ക് പുറപ്പെട്ടത്. വഴിക്കുവെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടി. അല്‍പ്പം രാഷ്ട്രീയമൊക്കെ ഉള്ള ആളാണ്.


'' എന്താടോ തന്‍റെ പാടത്ത് ഒരു പ്രോബ്ലം '' അദ്ദേഹം ചോദിച്ചു. ഞാന്‍ നടന്നതെല്ലാം വിവരിച്ചു.


'' ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല '' അയാള്‍ പറഞ്ഞു '' നമുക്ക് പൊലീസില്‍ ഒരു പരാതി കൊടുക്കാം ''. അദ്ദേഹം പരാതി തയ്യാറാക്കി. ഞാന്‍ ഒപ്പിട്ടു.


'' താന്‍ ജോലിക്ക് പൊയ്ക്കോ. ഞാന്‍ വേണ്ടത് ചെയ്തോളാം '' അദ്ദേഹം ആശ്വസിപ്പിച്ചു.


പിറ്റേന്നിന്‍റെ പിറ്റേന്ന് രാവിലെ ഒരു പോലീസുകാരന്‍ വീട്ടിലെത്തി.


'' സ്റ്റേഷനില്‍ ഒന്ന് വരണം '' അയാള്‍ പറഞ്ഞു. ഞാന്‍ സുഹൃത്തിനേയും കൂട്ടി ചെന്നു. അവിടെ രണ്ട് പണിക്കാരികളുടേയും ഭര്‍ത്താക്കന്മാര്‍ നില്‍പ്പുണ്ട്. സുഹൃത്ത് നേരെ അകത്തേക്ക് ചെന്നു.


അല്‍പ്പം കഴിഞ്ഞതും എന്നെ അകത്തേക്ക് വിളിച്ചു.
എസ്. ഐ. ചെറുപ്പക്കാരനായിരുന്നു.


'' എന്താ സംഭവം '' അയാള്‍ ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് പണിക്കാരെ വിളിച്ചു. പരിഭ്രമിച്ചാണ് അവര്‍ അകത്ത് എത്തിയത്.



'' ഇദ്ദേഹം വിവരങ്ങള്‍ പറഞ്ഞു. മേലില്‍ നിങ്ങള്‍ കുഴപ്പം വല്ലതും ഉണ്ടാക്ക്വോ '' അദ്ദേഹം ചോദിച്ചു. ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് ഇരുവരും സമ്മതിച്ചു.


'' എന്നാല്‍ ഒപ്പിട്ടിട്ട് പൊയ്ക്കോ. ഇനി കംപ്ലൈന്‍റ് ഉണ്ടാക്കിയാല്‍ എന്‍റെ മട്ട് മാറും '' താക്കീതോടെ അവരെ വിട്ടു.


'' ഇനി അവരൊന്നും ചെയ്യില്ല. എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കിയാല്‍ എന്നെ വന്ന് കണ്ടോളൂ '' എസ്. ഐ. പറഞ്ഞതും ഞങ്ങള്‍ ഇറങ്ങി. തിരിച്ച് പോരുമ്പോള്‍ വീട്ടിലേക്കുള്ള വഴിയില്‍ രണ്ടുപേരും നില്‍പ്പുണ്ട്.


'' നിങ്ങള് ഞങ്ങളെ പൊലീസ് സ്റ്റേഷനില്‍ കേറ്റി. നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട് ''.


ഞാന്‍ ഒന്നും പറഞ്ഞില്ല. സത്യം പറഞ്ഞാല്‍ ഇതോടെ അവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വാസ്തവത്തില്‍ സ്റ്റേഷനില്‍ അവര്‍ പേടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു.


ഞാന്‍ വീടെത്തി പത്ത് മിനുട്ട് കഴിയുമ്പോഴേക്കും പണിക്കാരികള്‍ രണ്ടുപേരും പാടത്തിറങ്ങി. രണ്ടു വിധം നെല്ലിന്‍റെ ഞാറുകള്‍ ഉള്ളത് ഒന്നിച്ച് വലിച്ചു കൂട്ടി. വൈകുന്നേരം ആവുന്നതിന്ന് മുമ്പ് വലിച്ച ഞാറുകള്‍ തോന്നിയ മട്ടില്‍ ഇട കലര്‍ത്തി നട്ട് കൂലി വാങ്ങാന്‍ വരാതെ അവര്‍ പോയി. അത്ര നേരം അവരുടെ ഭര്‍ത്താക്കന്മാര്‍ കാവലുണ്ടായിരുന്നു. വീണ്ടും പോലീസ് സ്റ്റേഷനില്‍
പോവാന്‍ പലരും
ഉപദേശിച്ചു. ഞാന്‍ അതിനൊന്നും മിനക്കെട്ടില്ല. വാസ്തവത്തില്‍ ഞാന്‍ മടുത്തിരുന്നു.


എന്‍റെ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത ഉടലെടുത്തു. ആ രാത്രി പലതും ആലോചിച്ച് ഉറങ്ങാന്‍
ആയില്ല.പിറ്റേന്ന് ഓഫീസില്‍ ചെന്നപ്പോഴും വിഷമം മാറിയിരുന്നില്ല. യാന്ത്രികമായി ലെഡ്ജറുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ എന്‍. എം. ഉണ്ണികൃഷ്ണന്‍ എന്‍റടുത്ത് വന്നു. അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് അയാള്‍.


'' എന്താ മൂപ്പില്‍ നായരേ, കുരങ്ങ് ചത്ത കുറവന്‍റെ മട്ടില് ഇരിക്കൂന്ന് '' ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ഞാന്‍ കഴിഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു.


'' ഉണ്ണീ, തനിക്ക് ഇത്ര വിവരം ഇല്ലേ '' അയാള്‍ പറഞ്ഞു '' അവരുടെ പിന്നില് യൂണിയന്‍ ഉണ്ടാവും. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് താക്കീത് കിട്ടിയ ശേഷം വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ വര്വോ ''.


ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നി. ഇനിയെന്താ വേണ്ടത് എന്നതായി പ്രശ്നം.



'' ബേജാറാവണ്ടാനിം. ഞാന്‍ പാര്‍ട്ടിക്കാരെ ഒന്ന് കണ്ട് സംസാരിക്കട്ടെ. എന്തെങ്കിലും ഒരു വഴി കാണാതെ വരില്ല ''. ആ ആശ്വാസത്തില്‍ ഞാന്‍ ഇരുന്നു. പിറ്റേന്ന് ഉണ്ണികൃഷ്ണന്‍ വിവരങ്ങള്‍ അന്വേഷിച്ചാണ് എത്തിയത്.


'' ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ. അവര് യൂണിയന്‍കാരെ കണ്ടിട്ടുണ്ട് ''.


'' ഇനി എന്താ ചെയ്യണ്ടത് '' ഞാന്‍ ചോദിച്ചു.


'' നാളെ ഒഴിവല്ലേ. രാവിലെ നേരത്തെ ബസ്സ് സ്റ്റോപ്പില്‍ വരിന്‍. ഞാന്‍ ഉണ്ടാവും. നമുക്ക് നമ്മുടെ നേതാവിനെ പോയി കാണാന്നേ ''.



നേതാവിനെ രണ്ടുപേരും കൂടി ചെന്നു കണ്ടു. ഉണ്ണികൃഷ്ണന്‍ വിവരങ്ങള്‍ പറയുന്നതിന്ന് മുമ്പ് അദ്ദേഹം ഇടപെട്ടു.


'' ഞാന്‍ അറിഞ്ഞു. തൊഴിലാളികളുടെ പണി നിഷേധിക്കുന്ന പരിപാടി പറ്റില്ല ''. തൊഴില്‍ നിഷേധിച്ചതല്ല, അവര്‍ പണിക്ക് വരാതിരുന്നതാണെന്ന് ഞാന്‍ അറിയിച്ചു.


'' ശരി ഞാന്‍ അവരോടൊന്ന് സംസാരിച്ചു നോക്കട്ടെ '' വ്യക്തമായ മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു.


പിന്നീട് പലവട്ടം ഞങ്ങള്‍ രണ്ടുപേരും നേതാവിനെ ചെന്നു കണ്ടു.


'' ശരിയാക്കാം '' എന്നു പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. വീടിന്ന് മുമ്പില്‍ പന്തലിട്ട് സമരം ചെയ്യും, ഇരുട്ടടി അടിപ്പിക്കും, ഭൂമിയില്‍ കുടില് കെട്ടി താമസം തുടങ്ങും, ഞാന്‍ കാരണം മരിക്കുകയാണ് എന്ന് കുറിപ്പെഴുതി
വെച്ച് കൂട്ടത്തോടെ ആത്മഹത്യ ചെയ്യും എന്നിങ്ങനെ പല വിധത്തിലുള്ള ഭീഷണികള്‍ ഉയര്‍ന്നു. ഓരോന്ന് കേള്‍ക്കുമ്പോഴും അമ്മയ്ക്കുണ്ടാവുന്ന പരിഭ്രമവും സങ്കടവും ആണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത്.


ഒരു ദിവസം സന്ധ്യ നേരത്ത് ഞാന്‍ എന്തോ സാധനം വാങ്ങാന്‍ കടയിലേക്ക് പോവുകയാണ്. ഫുട്ട് ഓവര്‍ബ്രിഡ്ജിനടുത്തു വെച്ച് പണിക്കാരനെ കണ്ടു മുട്ടി. വിഷുവിന്ന് ഞാന്‍ വാങ്ങി കൊടുത്ത ഷര്‍ട്ടും മുണ്ടുമാണ് വേഷം. എന്‍റെ പഴയ കുട അവന്‍റെ കയ്യിലുണ്ട്. എവിടേയോ പോയി വരുന്ന മട്ടുണ്ട്. ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ സ്റ്റെപ്പുകള്‍ കയറി തുടങ്ങി
.


'' ഒരു വെട്ടിന്ന് നിങ്ങളെ പസര്‍ത്തുന്നുണ്ട് '' അവന്‍ പറഞ്ഞു. എനിക്ക് കലശലായി ദേഷ്യം വന്നു.


'' എന്നാല്‍ അതൊന്ന് കാണട്ടെ '' ഞാന്‍ അവന്‍റെ നേരെ ചെന്നു. അത് പ്രതീക്ഷിച്ചതല്ല എന്ന് തോന്നി. ഒന്നും പറയാതെ അവന്‍ വേഗം നടന്നു പോയി. സത്യത്തിനും ന്യായത്തിനും യാതൊരു വിലയും ഇല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു തുടങ്ങി.


ഈ സമയത്താണ് പാര്‍ട്ടി പ്രവര്‍ത്തകരായ അസീസും റസ്സാക്കും പ്രശ്നത്തില്‍ ഇടപെടുന്നത്. ചെറുപ്പം തൊട്ടേ എന്‍റെ കൂട്ടുകാരാണ് അവര്‍ രണ്ടുപേരും. റസ്സാക്കിന്‍റെ പുതിയ ഷര്‍ട്ടും ഇട്ടാണ് ഞാന്‍ സുന്ദരിയെ പെണ്ണു കാണാന്‍ ചെന്നിട്ടുള്ളത്. അത്രയ്ക്ക് സ്നേഹവും അടുപ്പവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്.


'' ദാസേട്ടാ, നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നൂല്യാ. അത് എല്ലാവര്‍ക്കും അറിയാം. പക്ഷേ അതങ്ങിനെ വിട്ടു പറയാന്‍ ആവത്തതോണ്ടാ '' അവര്‍ പറഞ്ഞു. '' അവര് നല്ല മുതലുകളാണ് . റെയില്‍വെയിലെ പണി പോവാനും പാടില്ല. നിങ്ങളുടേന്നുള്ള അവകാശം കിട്ടും വേണം. അതാണ് അവരുടെ മനസ്സിലിരുപ്പ്. പക്ഷെ ഞങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരില്ല ''.



വെറുതെ പറഞ്ഞ വാക്കുകളായിരുന്നില്ല അവ. പ്രശ്നം പരിഹരിക്കുന്നതുവരെ
ഉണ്ണികൃഷ്ണനും റസ്സാക്കും അസീസും എന്നോടൊപ്പം ഉണ്ടായിരുന്നു.



നടീലിന്ന് തുടങ്ങിയ കുഴപ്പങ്ങള്‍ കൊയ്യാറായിട്ടും തീര്‍ന്നില്ല. വാങ്ങിച്ചു വെച്ച വളം പാടത്ത് ഇടാനാകാതെ അലിഞ്ഞു പോയി. നെല്ല് വിളഞ്ഞ് ചത്തു. നെന്മണികള്‍ പകുതിയും കൊഴിഞ്ഞു വീണു.


നഷ്ടപരിഹാരം കൊടുത്താണ് ഒടുവില്‍ പ്രശ്നം അവസാനിപ്പിച്ചത്. യാതൊരു തര്‍ക്കത്തിനും
നില്‍ക്കാതെ ചോദിച്ച പണം ഞാന്‍ കൊടുത്തു. എന്നിട്ടും അവസാന ഘട്ടത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായി.



'' നട്ട കണ്ടം ഞങ്ങള്‍ കൊയ്യും '' മദ്ധ്യസ്ഥരുടെ മുമ്പില്‍ വെച്ച് പണിക്കാര്‍ പറഞ്ഞു.
എന്നെ ഇത്രയേറെ ബുദ്ധിമുട്ടിച്ച ശേഷം അവര്‍ കൊയ്യുന്നത് എനിക്ക് അംഗീകരിക്കാനായില്ല.



'' അത് പറ്റില്ല '' ഞാന്‍ പറഞ്ഞു '' ഒരു കാര്യവുമില്ലാതെയാണ് എന്നെ കഷ്ടപ്പെടുത്തിയത്. കുറെ നഷ്ടവും ഞാന്‍ സഹിച്ചു. ആ നെല്ല് മുഴുവന്‍ പോയാലും ഞാന്‍ ഇവരെ കൊയ്യാന്‍ സമ്മതിക്കില്ല ''.


'' നിങ്ങള്‍ എന്താ ചെയ്യാന്‍ പോണത് '' നേതാവ് ചോദിച്ചു.


'' പത്തിരുപത് ലിറ്റര്‍ പെട്രോള്‍ വാങ്ങി പാടത്ത് തളിക്കും. എന്നിട്ട് തീ കൊടുക്കും ''. അതോടെ ആ ആവശ്യം നിന്നു.


'' ഞങ്ങള്‍ കുറെ പണവും നെല്ലും കടം വാങ്ങിയിട്ടുണ്ട്. അതോ '' ഒരു പണിക്കാരന്‍ ചോദിച്ചു.


'' അതൊന്നും തിരിച്ചു തരണ്ടാ '' ഞാന്‍ പറഞ്ഞു. യൂണിയന്‍ മുഖാന്തിരം പണം നല്‍കി ഒപ്പ് വാങ്ങി. ആ പ്രശ്നം അവസാനിപ്പിച്ചു. പിന്നീട് അവര്‍ പണിക്ക് വന്നിട്ടില്ല, എങ്കിലും പലപ്പോഴും അവരെ കാണാറുണ്ട്. ഒരു ചിരി, ഒന്നോ രണ്ടോ വാക്ക്, അന്യോന്യം കൈമാറും.
എന്തിനാണ് വെറുതെ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നത്.


ബസ്സപകടത്തില്‍പ്പെട്ട് കിടപ്പിലായതിന്നു ശേഷം ഒരു ദിവസം ഒരു പഴയ പണിക്കാരിയെ വഴിയില്‍ വെച്ചു കണ്ടിരുന്നു.


'' ഇപ്പോള്‍ എങ്ങിനെയുണ്ട് '' അവള്‍ ചോദിച്ചു.



'' ഇടയ്ക്ക് അല്‍പ്പം വേദന തോന്നാറുണ്ട് '' ഞാന്‍ പറഞ്ഞു.


'' ഏട്ടന് വേഗം ഭേദാവാന്‍ ദൈവത്തിന്‍റെ അടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട് ''.


ഞാന്‍ ചിരിച്ചു. ആ വാക്കുകളിലെ നന്മയ്ക്ക് ഞാന്‍ ദൈവത്തിനെ സ്തുതിച്ചു.


ആ തൊഴില്‍ പ്രശ്നത്തിന്ന് ശേഷം സ്ഥിരമായി ആരേയും പണിക്ക് നിര്‍ത്തിയില്ല. അപ്പപ്പോള്‍ കിട്ടുന്നവരെ വിളിച്ച് ജോലി ചെയ്യിക്കും. കൂലി അല്‍പ്പം കൂടുതല്‍ കൊടുക്കണമെന്നേയുള്ളു. അങ്ങിനെ പണിക്ക് വന്ന ആളാണ് മുഴയന്‍. അയാളുടെ പേര് എന്താണെന്ന് എനിക്കറിയില്ല. മുഖത്ത് വലിയൊരു മുഴ ഉള്ളതുകൊണ്ട് എല്ലാവരും മുഴയന്‍ എന്ന് വിളിക്കും. പണി ചെയ്യാന്‍ ബഹു മടിയാണ് അവന്.


'' അവന്‍റെ ഭാര്യയും കൂടെ വരുന്ന പെണ്ണുങ്ങളും നല്ലോണം പണി ചെയ്യും. അതോണ്ടാ അവനെ ഒന്നും പറയാത്തത് '' ഭാര്യ പറയാറുണ്ട്. ഞാന്‍ ആ വിധം കാര്യങ്ങള്‍ തീരെ ശ്രദ്ധിക്കാതായി.


'' കുറേശ്ശെ കള്ള് കുടിക്കാന്‍ പഠിച്ചൂടേ '' ഒരു ദിവസം ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു. എനിക്ക് അമ്പരപ്പാണ് തോന്നിയത്.


'' എന്താ അങ്ങിനെ പറയാന്‍ '' ഞാന്‍ ചോദിച്ചു.


'' പാടത്ത് പണിക്ക് ആളെ കിട്ടണച്ചാല്‍ അത് വേണ്ടി വരും ''. പണിക്ക് ആളെ കിട്ടാന്‍ കള്ള് കുടിക്കാനോ ? എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി.


'' ഇന്ന് മുഴയന്‍ പറഞ്ഞത് എന്താണെന്ന് അറിയ്യോ '' അത് മനസ്സിലാക്കിക്കൊണ്ട് ഭാര്യ ചോദിച്ചു. ഞാന്‍
ഇല്ലെന്ന് തലയാട്ടി.


'' ആറേഴു ദിവസമായി പണിക്ക് വരുന്നു. ഇവിടുത്തെ സാറ് ഞങ്ങളെത്തിയതും ജോലിക്ക് പോവും. വൈകുന്നേരം ഞങ്ങള് പോയിട്ടേ എത്തു. ഒരു ഞായറാഴ്ച വീട്ടില് ഉള്ളപ്പൊ പുസ്തകം തുറന്ന് എഴുതിക്കൊണ്ടിരുന്നു. മണിയേട്ടന്‍റെ വീട്ടില്‍ പണിക്ക് പോയാല്‍ പതിനൊന്ന് മണിക്ക് മൂപ്പര് എന്നെ കൂട്ടിക്കൊണ്ടുപോയി കള്ള് വാങ്ങിത്തരും. ഇവിടുത്തെ സാറിന് അങ്ങിനത്തെ മര്യാദ ഒന്നൂല്യാ ''.


ആ ഒരു പ്രാവശ്യത്തോടെ മുഴയന്‍ പണിക്ക് വരുന്നത് നിര്‍ത്തി. എനിക്ക് കള്ളുകുടി പഠിക്കാതേയും കഴിഞ്ഞു.

16 comments:

രാജഗോപാൽ said...

വെറുതെയല്ല നമുക്ക് ആന്ധ്രക്കാരന്റെ അരി വാങ്ങി പശിയടക്കേണ്ടി വരുന്നത്.

വീകെ said...

അങ്ങനെയാണ് പാടങ്ങളായ പാടങ്ങളെല്ലാം തരിശിടാനും ആന്ത്രക്കാരന്റെ അരി വാങ്ങി തിന്നാനും തുടങ്ങിയത്...

പക്ഷെ, എന്തിനാണ് തൊഴിലാളികൾ പണിമുടക്കിയതെന്ന് ഒരു പിടിത്തവും കിട്ടിയില്ല. റെയിൽ‌വേയിലെ ജോലിക്ക് വേണ്ടി ആയിരുന്നെങ്കിൽ കൃഷിപ്പണി മറ്റാരെങ്കിലും ചെയ്തോട്ടെന്നെ തൊഴിലാളികൾ വിചാരിക്കാൻ ന്യായം കാണുന്നുള്ളു. കാരണം കൃഷിപ്പണിയായിരുന്നു കാൽ നൂറ്റാണ്ടു മുൻപത്തെ സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം. അതവർ തള്ളിപ്പറയുമെന്നു തോന്നുന്നില്ല.

ആശംസകൾ...

ശ്രീനാഥന്‍ said...

ഉണ്ണിയേട്ടാ, വളരെ വളരെ നന്നായി ഈ കുറിപ്പ്. നല്ല ഓർമ്മ! ഏകദേശം ഇതേ പ്രശ്നങ്ങളിലൂടെ മാഷും കർഷകനുമായിരുന്ന എന്റെ അഛൻ കടന്നു പോകുന്നത് കണ്ടിട്ടുണ്ട്. ‘ഹ്യൂമൻ റിസോർസ് മാനേജ്മെന്റ്’ തീരെ പറ്റാതെ വന്നപ്പോൾ കൃഷിയിടമെല്ലാം വിറ്റു.

jyo.mds said...

സത്യത്തിനും ന്യായത്തിനും ഇന്നത്തെ കാലത്ത് വിലയൊന്നുമില്ല.പണിയുറപ്പ് പദ്ധതി വന്നതോടെ പണിക്കാരെ കിട്ടാനും ഇല്ല.വന്നാല്‍ തന്നെ ദിവസം 450 രൂപയാണെത്രെ കൂലി.പിന്നെ എങ്ങിനെ കൃഷി ചെയ്താല്‍ മുതലാവും.പാടം നിരത്താനും അനുമതിയില്ല.

ആശംസകള്‍

ദിവാരേട്ടN said...

'' കുറേശ്ശെ കള്ള് കുടിക്കാന്‍ പഠിച്ചൂടേ '' ഒരു ദിവസം ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു

'' പാടത്ത് പണിക്ക് ആളെ കിട്ടണച്ചാല്‍ അത് വേണ്ടി വരും ''.

ഇത് ഗംഭീരായിരിക്കുന്നു...

Sukanya said...

ഭാര്യയുടെ നിഷ്കളങ്കമായ ചോദ്യം "കള്ളുകുടിക്കാന്‍ പഠിച്ചൂടെ" എന്നത് ഇന്നത്തെ പണിക്കാരോട് പയറ്റാന്‍ ഏത് തന്ത്രവും പഠിക്കണം എന്ന സന്ദേശം ആയി. പണിക്കാരോട് ഏറ്റുമുട്ടിയതിന്റെ വിഷമവും അതിനേക്കാള്‍ അങ്ങനെ വേണ്ടി വന്നതിന്റെ വിഷമവും, നല്ല മനസ്സിന്റെ നേര്‍ക്കാഴ്ച.

Lipi Ranju said...

നാട്ടില്‍ കൃഷി ഇല്ലാതാവുന്നു എന്ന് കരഞ്ഞു വിളിക്കുന്നവര്‍ ഇതൊന്നും അറിയുന്നില്ലേ ! അതെങ്ങനെയാ പണി ചെയ്യിക്കുന്നവന്‍ മുതലാളി ആണല്ലോ , അവനെ സഹായിക്കുന്നതെങ്ങനെ ! തൊഴിലാളി എന്ത് അക്രമം കാണിച്ചാലും സപ്പോര്‍ട്ട് ചെയ്‌താലല്ലെ നേതാവാകൂ !!! തൊഴിലാളികളുടെ അഹങ്കാരം കുറെ നേരിട്ട് കണ്ടിട്ടുണ്ട്, അതുകൊണ്ടുതന്നെ അവര്‍ ഇതല്ല, ഇതിലപ്പുറവും ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. തൊഴിലുടമയോടുള്ള
വാശിക്ക് ചെയ്യുന്ന ഇത്തരം പോക്രിത്തരങ്ങള്‍ കാരണം അവരുടെ കൂടെയുള്ള കുറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നലാതെ തൊഴിലുടമയുടെ
ജീവിതം നശിക്കാന്‍ പോകുന്നില്ലെന്ന് ഇത്തരക്കാര്‍ക്ക് തിരിച്ചറിവുണ്ടായാല്‍ എത്ര നന്നായിരുന്നു !

keraladasanunni said...

രാജഗോപാല്‍ ,
ഇത്തരം സമീപനങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ പണിക്ക് ആളെ കിട്ടാനും ഇല്ലാതായി. മറുനാട്ടിലെ അരിക്ക് കൈനീട്ടാം.

വി.കെ,
കക്ഷത്തിലുള്ളത് പോവാനും പാടില്ല, പറക്കുന്നതിനെ പിടിക്കുകയും വേണം 
എന്ന തോന്നലായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. റെയില്‍വെ
ആ പണി കഴിഞ്ഞതോടെ അവരെ ഒഴിവാക്കുകയും ചെയ്തു.

ശ്രീനാഥന്‍,
പലരും കൃഷിഭൂമി വിറ്റ് ബാങ്കിലിട്ടു. പലിശയുടെ ചെറിയൊരു ഭാഗം മതി
അരി വാങ്ങാന്‍.

jyo,
രാസവളത്തിന്ന് വില കൂടി, പണിക്കൂലി വര്‍ദ്ധിച്ചു. നെല്ലിന്ന് താങ്ങുവില കൂട്ടിയെങ്കിലും
ലാഭം പ്രതീക്ഷിക്കാന്‍ ആവില്ല.

ഭൂമി നികത്താനുള്ള സമ്മതം നേടി കുറെ പേര്‍ കൃഷിഭൂമി പുരയിടമാക്കുന്നുണ്ട്.

keraladasanunni said...

ദിവാകരേട്ടന്‍,
കാര്യം സാധിക്കാന്‍ എന്തൊക്കെ വേഷം 
കെട്ടേണ്ടി വരുമെന്ന് പറയാനാവില്ല.

Sukanya,
ഓരോ അനുഭവങ്ങള്‍ എന്നല്ലാതെ എന്തു പറയാനാണ്. ആ സമയത്ത് അനുഭവിച്ച മാനസീക സംഘര്‍ഷങ്ങള്‍ വിവരിക്കാനാവില്ല.

Lipi Ranju'
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയും ഉള്ളതിനാല്‍ തൊഴിലാളികള്‍ക്ക് പ്രയാസമൊന്നും  വരുന്നില്ല. കൃഷി നടത്താനാണ് ബുദ്ധിമുട്ട്. Lipi അഭിപ്രായപ്പെട്ടുതുപോലെ കൃഷി ഇല്ലാതാവുന്നു എന്ന് കേഴുന്നവര്‍ ഇതൊന്നും അറിയുനില്ല.

കുസുമം ആര്‍ പുന്നപ്ര said...

ഒരു കഥപോലെ വായിച്ചു. മാഷേ...ഞങ്ങളു കൊയ്യും നിലമെല്ലാം ഞങ്ങടെയാണെ പൈങ്കിളിയേ.... ഈ മുദ്രാവാക്യമാണ് ഓര്‍മ്മ വരുന്നത്.

keraladasanunni said...

കുസുമം. ആര്‍. പുന്നപ്ര,

ജീവിതം തന്നെ ഒരു കഥയല്ലേ. ആ പഴയ മുദ്രാവാക്യം മാത്രമേയുള്ളു, വയലുകള്‍ നികന്നു തുടങ്ങി.

ഗീത said...

ഉടയോനെ പിടിച്ചു കെട്ടണ കാലം. ഞങ്ങളുടെ നാട്ടിൽ ഏക്കറുകണക്കിന് പച്ചപ്പരവതാനി വിരിച്ചു കിടന്ന പാടങ്ങളൊക്കെ ഇപ്പോൾ തെങ്ങിൻ‌തോപ്പുകളും വാഴത്തോപ്പുകളും ആയി മാറിയിരിക്കുന്നു. ഇനി തെങ്ങിൻ‌തോപ്പുകളും അപ്രത്യക്ഷമായേക്കും. തേങ്ങ ഇടാൻ ആളെ കിട്ടണ്ടേ?

Shruthi said...

Adhwanathinte vila ariyatha thozhilaalikal......
Communism namukk sammanicha vipathukalil orennam maathram

keraladasanunni said...

ഗീത,

തേങ്ങയിടാനുള്ള യന്ത്രം 
വിപണിയിലെത്തിയതായി
വാര്‍ത്ത കണ്ടു. അത് കൈകാര്യം ചെയ്യാന്‍ മനുഷ്യന്‍ വേണ്ടി വരുമല്ലോ. അതാണ് ഇനി വരാനുള്ള പ്രയാസം.

Nayam ,

എന്തു ചെയ്യാം. കാലം അങ്ങിനെയായിപ്പോയി.

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം നാട്ടിലും,ഭൂമിയിലും പണിയെടുക്കാത്ത മലയാളിയുടെ ജോലിചെയ്യുവാനുൾല ആർജ്ജവം എല്ലാ പ്രവാസലോകങ്ങളും അഭിനന്ദിക്കുന്ന ഒരു പ്രത്യേക കാര്യം തന്നെയാണ് കേട്ടൊ ഭായ്

keraladasanunni said...

മുരളി മുകുന്ദന്‍ , ബിലാത്തി പട്ടണം,

നാട് വിട്ടു കഴിഞ്ഞാല്‍ എന്ത് തൊഴിലും ഒരു മടിയും കൂടാതെ ചെയ്യും. ഇവിടെ ചെയ്യാന്‍ മടിയാണ്.