Thursday, October 27, 2011

തവളക്കണ്ണന്‍  നെല്ല്.

ഓര്‍മ്മവെച്ച കാലം മുതല്‍ക്കേ ഞങ്ങള്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. ഞാന്‍ ജനിച്ച് ഏറെ വൈകാതെയാണ് തറവാട് വക ഭൂമിയുമായി ബന്ധപ്പെട്ട് മദിരാശി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ്സില്‍ അനുകൂലമായ വിധി കിട്ടിയത്.

കാളനും കണ്ടനുമായിരുന്നു ഞങ്ങളുടെ അന്നത്തെ കര്‍ഷക തൊഴിലാളികള്‍. അവരുടെ ഭാര്യമാരായ വെള്ളച്ചിയും കണ്ണയും സ്ത്രി തൊഴിലാളികളും. ജോലി തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ അവര്‍ പുറമെ നിന്ന് പണിക്കാരെ കൂട്ടിക്കൊണ്ട് വരും.


നടീല്‍ തുടങ്ങിയാല്‍ ഉത്സവകാലം പോലെയാണ്. വരിവരിയായി പാടത്തിന്‍റെ വരമ്പിലൂടെ ഞാറ് വലിക്കാനും നടാനും ധാരാളം പണിക്കാരികള്‍ നടന്നു പോകുന്നത് കാണാം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ കിളയ്ക്കുന്നതും, കന്ന് പൂട്ടുന്നതും, ഞാറ് നടുന്നതും ഞാന്‍ നോക്കി നില്‍ക്കും. പാടത്തിന്‍റെ വരമ്പില്‍ പോയി നില്‍ക്കാനൊന്നും മുത്തശ്ശി സമ്മതിക്കില്ല. വെയില് കൊണ്ട് വല്ല അസുഖവും വന്നാലോ ? തോലനൂര്‍ കാവിലെ ആലിന്‍ ചുവട്ടിലാണ് പണി ചെയ്യുന്നതും നോക്കി ഞാന്‍ നില്‍ക്കാറ്.


ഉഴുതു മറിക്കുന്നതിന്ന് മുമ്പ് കൊട്ടക്കണക്കില്‍ ചാണകവും തൂപ്പും തോലും പാടങ്ങളില്‍ ഇടും. രാസവളങ്ങളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്. യൂറിയയും കോംപ്ലെക്സും പ്രചാരത്തിലാവാന്‍ പിന്നേയും കുറെ കാലമെടുത്തു.

പാടത്ത് കന്നുപൂട്ടി കഴിഞ്ഞാല്‍ നിരത്തലാണ്. നിരത്താന്‍ ഊര്‍ച്ച കെട്ടി കാളകളെ തെളിക്കും. അതിന്ന് പുറകില്‍ മീന്‍ പിടിക്കാനായി കുറെ കുട്ടികളുമുണ്ടാവും. നിരത്തി കഴിഞ്ഞതും നടാന്‍ തുടങ്ങും. നടീല്‍ അവസാനിക്കുമ്പോള്‍ വൃത്തത്തില്‍ ഞാറ് നടും. ചെണ്ടുമല്ലി പൂക്കളും ചെമ്പരുത്തിയും ഈര്‍ക്കിലില്‍ തറച്ച് വട്ടത്തില്‍ അതിനകത്ത് കുത്തി നിര്‍ത്തും.

നെല്ല് കതിരാവുമ്പോള്‍ ചാഴിക്കേട് വരും. കീടനാശിനികളൊന്നും ലഭ്യമായിരുന്നില്ല. കോറത്തുണികൊണ്ട് തയിപ്പിച്ച വല വീശിപ്പിടിച്ച് ചാഴികളെ നിത്യവും കൊല്ലും. മിക്കവാറും വൈകുന്നേരങ്ങളിലാണ് ചാഴിയെ പിടിക്കുക. അപ്പോള്‍ ചാഴിയുടെ നാറ്റം പരിസരം മുഴുവന്‍ പരക്കും.

തവളക്കണ്ണന്‍, ചമ്പാന്‍, ചിറ്റേനി, കഴമ എന്നീ വിത്തിനങ്ങളാണ് ആ കാലത്ത് കൃഷി ചെയ്യാറ്. തൈനാനാണ് ആദ്യമായി എത്തിയ അത്യുല്‍പ്പാദന ശേഷിയുള്ള വിത്ത്. ധാരാളം വിളയുന്ന ആ നെല്ല് തല്ലിയാല്‍ കൊഴിയില്ല. കാലുകൊണ്ട് ചവിട്ടി കറക്കുന്ന ഒരു യന്ത്രത്തില്‍ നെല്‍ക്കറ്റ വെച്ചാണ് മെതിക്കുക. ആ നെല്ലിന്‍റെ അരി പതിവു രീതിയില്‍ വേവിക്കാനും പറ്റില്ല. തിളച്ച വെള്ളത്തില്‍ ഇടുകയേ വേണ്ടു അത് ചോറാവും. വാര്‍ക്കാന്‍ അല്‍പ്പമൊന്ന് വൈകിയാല്‍ ചോറ് വാള്‍പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പശയാവും. ഐ. ആര്‍ എട്ട്, സി. ഒ. ഇരുപത്തഞ്ച് തുടങ്ങിയ നമ്പര്‍ ഇനങ്ങള്‍ തൈനാന് ശേഷം വന്നു. ഇന്ന് ജയ, കാഞ്ചന, ജ്യോതി തുടങ്ങി പല പേരുകളിലുള്ള നെല്ലിനങ്ങളുണ്ട്.

രണ്ടാം വിളയ്ക് വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കാരണം വിളവിറക്കല്‍ നേരത്തെയായിരുന്നു. എന്നിട്ടും ഒരിക്കല്‍ നിറയെ കതിര് വന്ന സമയത്ത് വെള്ളമില്ലാതെ ഉണക്കം തട്ടാറായി. പുഴയിലെ കുളിക്കടവില്‍ പമ്പ് വെച്ച് വെള്ളം അടിച്ച് റെയില്‍വെ ഓവു പാലത്തിന്നടിയിലൂടെ പൊട്ടക്കുളം നിറച്ചു. അവിടെ നിന്ന് രണ്ട് പമ്പുകള്‍ ഉപയോഗിച്ച് മേല്‍പ്പാടങ്ങള്‍ നനച്ചു. മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിച്ചു തുടങ്ങിയതിന്ന് ശേഷം 2003 ഒഴികെ ഒരു കാലത്തും ജലസേചനം മുടങ്ങിയിട്ടില്ല. എന്നാലും പാടത്തേക്ക് വെള്ളം എത്തിക്കുന്നത് എളുപ്പമല്ല.

വരമ്പിലൂടെ കുറെ ദൂരം നടന്ന് തോട്ടില്‍ നിന്ന് വേണം കനാല്‍ വെള്ളം തിരിക്കാന്‍ . തോടിനോട് തൊട്ട് കാവിന്ന് മുന്നിലായി അമ്പലക്കുളമാണ്. അവിടെയുള്ള ഓവിലൂടെ വേണം വെള്ളം കൊണ്ടു വരാന്‍. ഒരിക്കല്‍ വെള്ളം തിരിക്കേണ്ട കാര്യം അമ്മ പണിക്കാരനോട് പറഞ്ഞപ്പോള്‍ '' കുളത്തില്‍ പ്പെട്ട് മരിച്ച ആളിന്‍റെ പ്രേതം രാത്രി അവിടെ ഉണ്ടാകു '' മെന്ന് പറഞ്ഞ് വരാന്‍ മടി കാണിച്ചു. എനിക്ക് മടിച്ചിരിക്കാന്‍ പറ്റില്ലല്ലോ ? അന്നു രാത്രി ടോര്‍ച്ചുമായി ഞാന്‍ വെള്ളം തിരിക്കാന്‍ ചെന്നു. അവിടെ പ്രേതത്തിനേയോ പിശചിനേയോ ഒന്നും ഞാന്‍ കണ്ടില്ല.

ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യമാണ് വരമ്പിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കുറച്ചു കാലമായി എന്‍റെ കൂടെ പകല്‍ സമയത്ത് ഭാര്യയും രാത്രി കാലങ്ങളില്‍ മക്കളും വെള്ളം തിരിക്കാന്‍ വരും. വളരെ സൂക്ഷിച്ചാണ് ഞങ്ങള്‍ പോകാറ്. എന്നിട്ടും കഴിഞ്ഞ കൊല്ലം ഞാനും ഭാര്യയും കഴായയുടെ അടുത്തു വെച്ച് വലിയൊരു മൂര്‍ഖന്‍ പാമ്പിന്‍റെ
മുന്നില്‍ ചെന്നു പെട്ടു.

കൊയ്ത്ത് തുടങ്ങിയാല്‍ പണിക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ ഉത്സാഹമാണ്. രാവിലെ നേരത്തെ കൊയ്യാനെത്തിയാല്‍ ഉച്ചയ്ക്ക് ശേഷമേ പണി മാറി പോകൂ. കഞ്ഞി കുടിച്ച് തിരിച്ചെത്തിയാല്‍ കറ്റ കെട്ടാന്‍ തുടങ്ങും. മുഴുവന്‍ കറ്റയും കറ്റക്കളത്തിലെത്തിയാല്‍ മെതിക്കാന്‍ തുടങ്ങും. അത് കഴിയുമ്പോഴേക്കും ഇരുട്ട് പരക്കും. കമ്പിറാന്തലിന്‍റെ വെളിച്ചത്തിലാണ് നെല്ല് അളക്കുക.

പത്തിനൊന്ന് പതമ്പ് എന്നാണ് കൂലി നിരക്ക്. ഉടമസ്ഥന് പത്ത് പറ നെല്ല് അളന്നാല്‍ തൊഴിലാളികള്‍ക്ക് ഒരു പറ നെല്ല് അളക്കും. പിന്നീടത് എട്ടിനൊന്നും ആറിനൊന്നും ആയി മാറി. പതമ്പിന്ന് പകരം കൂലി നിലവില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. വിളവ് കൂടിയാലും കുറഞ്ഞാലും തൊഴിലാളിക്ക് ഒരു പറ നെല്ല് കൂലി കൊടുക്കണം. അത് വര്‍ദ്ധിച്ച് രണ്ടു പറ, രണ്ടര പറ നെല്ല് ആയിട്ടുണ്ട്. എന്നാലും നിര്‍മ്മാണ ജോലികളും തൊഴിലുറപ്പ് പദ്ധതിയും കാരണം ഇപ്പോള്‍ കൊയ്യാന്‍ ആളെ കിട്ടാനില്ല.

അടുത്ത കാലത്തായി കൊയ്ത്ത് മിഷ്യന്‍ ഉപയോഗിച്ചാണ് പലരും കൊയ്യാറ്. പെട്ടെന്ന് പണി തീരും, നെല്ല് പതിരു മാറ്റി വൃത്തിയായി കിട്ടും തുടങ്ങിയ കുറെ ഗുണങ്ങളുണ്ടെങ്കിലും വൈക്കോല്‍ മുഴുവനും നശിക്കും എന്നൊരു ദൂഷ്യം ഇതിനുണ്ട്.

നിവൃത്തിയില്ലാതെ മിഷ്യന്‍ ഉപയോഗിച്ച് ഒരു തവണ കൊയ്ത്ത് നടത്തേണ്ടി വന്നു. കൊയ്ത്തിന്ന് ശേഷം ഭാര്യക്ക് വലിയ വിഷമം.

'' ആറേഴായിരം ഉറുപ്പികയുടെ വൈക്കോല്‍ കിട്ടുന്നതാണ്. ഒക്കെ പോയി '' അവള്‍ സങ്കടം പറഞ്ഞു.

'' സാരമില്ലെടോ. ഓരോ കാലത്ത് ഓരോ വിധം. നാടോടുമ്പോള്‍ നടുവെ ഓടണ്ടേ '' ഞാന്‍ ആശ്വസിപ്പിച്ചു.


ഓവര്‍ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന്നും റെയില്‍വെ സ്റ്റേഷനും വേണ്ടി നല്ലൊരു പങ്ക് സ്ഥലം അക്വയര്‍ ചെയ്തു പോയതില്‍ അപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ബാക്കി കൈവശമുള്ള സ്ഥലത്തിനെ കുറിച്ചല്ലേ വേവലാതിപ്പെടേണ്ടൂ.

21 comments:

ajith said...

പുതുതലമുറയ്ക്കജ്ഞാതമായ ഈ ഓര്‍മ്മകളും നാടന്‍ ചരിത്രവുമൊക്കെ എത്ര നന്നായിരിക്കുന്നു. മണ്ണും മണ്ണിനോട് സ്നേഹമുള്ള മനുഷ്യരുമൊക്കെ അന്യം നിന്ന് മണ്ണിനോട് ദുരാര്‍ത്തി പെരുത്ത ഈ പുതുകാലത്തില്‍ നന്മ നിറഞ്ഞ ഈ കുറിപ്പിന് അഭിനന്ദനങ്ങള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.തരിശായിക്കിടക്കുന്ന പാടങ്ങള്‍ കണ്ടു വിഷമം തോന്നാറുണ്ട്.വരികളില്‍ പച്ചപുതച്ച പാടവും , തവളക്കണ്ണനും പവന്‍ മാറ്റില്‍ നില്‍ക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പുത്തൻ തലമുര മറന്നുപോയ നല്ലൊരു നെല്ലുൽ‌പ്പാദന പ്രക്രിയകളാണ് ഭായ് അവതരിപ്പിച്ചിരിക്കുന്നത് കേട്ടൊ


പണ്ട് മാടുകൾക്ക് വേണ്ടി പാലക്കാട്ട് നിന്ന് വരുന്ന കാളവണ്ടിയിലെത്തുന്ന വലിയ കന്നുകളായ തവളക്കണ്ണൻ വൈക്കോലിന്റെ ചൊറിച്ചിൽ..ഇപ്പോഴും ഓർക്കുന്നൂ

എ ജെ said...

ചീരയും, ചെമ്പാവും, തവളക്കണ്ണനും, പൊക്കാളിപ്പാടങ്ങളും, പുഞ്ചപ്പാടത്തെ പതിനാറിലച്ചക്രങ്ങളും......

ഉച്ചക്ക് പണിയാളർക്കൊപ്പം കഴിക്കുന്ന കപ്പയും കാന്താരിയും........

എറിഞ്ഞു വീഴ്ത്തിയ കൊറ്റിയുടെ ചുട്ട ഇറച്ചിയും....

മതി. ഓർമ്മകൾ പിടി തരാതെ പായുന്നു...

Sukanya said...

കൃഷി കാര്യങ്ങളില്‍ ഒരറിവും ഇല്ലാത്ത തലമുറയ്ക്ക് ഒരു കൊയ്ത്തുല്സവം തന്നെയാണ് ഈ എഴുതിയത്.

രാജഗോപാൽ said...

പാലക്കാടൻ നെൽക്കൃഷിയെപ്പറ്റിയുള്ള ഭാവിയിലേയ്ക്കുള്ള റഫറൻസ് കൈപ്പുസ്തകമാണീ കുറിപ്പെന്നു തോന്നി. നമ്മുടെ സമ്പന്നമായ കാർഷിക സംസ്കാരത്തിൽ അഭിമാനിക്കുന്നവർക്കും പഴയ കർഷകർക്കു ഭൂതകാലത്തെ സ്മരണകൾ പൊടിതട്ടി തിളക്കം കൂട്ടുന്നതിനും ഉതകും ഈ കുറിപ്പ്

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
മണ്ണിന്റെ മണമുള്ള ഈ പോസ്റ്റ്‌ ഒത്തിരി ഇഷ്ടമായി! തറവാട്ടിലെ പരന്നു കിടക്കുന്ന പാടങ്ങളും കൊയ്തും കര്‍ഷകരും എല്ലാം ഓര്‍മയില്‍ കൊണ്ടു വന്നതിനു വളരെ നന്ദി!ഇപ്പോള്‍ നോക്കാന്‍ ആളില്ലാത്തത് കാരണം എല്ലാം വില്‍ക്കേണ്ടി വന്നു!വയ്ക്കോല്‍ കൂനയില്‍ ചാടി മറഞ്ഞു കളിച്ചിരുന്ന ബാല്യം!പാടത്തിന്റെ പച്ചപ്പ്‌!എത്ര മനോഹരമായ ഓര്‍മ്മകള്‍!
അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

ഇലഞ്ഞിപൂക്കള്‍ said...

ഒരുപാടോര്‍മ്മകളിലേക്ക് തിരികെ നടത്തി ഈ പോസ്റ്റ്.. വളരെയധികം ഇഷ്ടായി.. നന്ദി.

Shruthi said...

valare nannayirikkunnu.. Aplarum abhiprayappettathu thanne aanu enikkum parayanullathu....
Mannil kalikkunnathinu kuttyole shasikkunnavar ithonnu vaayichirunnenkil....

keraladasanunni said...

ajith,
അജിത്ത് പറഞ്ഞത് ശരിയാണ്. മണ്ണിനോട് സ്നേഹമുള്ളവര്‍ കുറഞ്ഞു. ഇന്ന് പണം മുടക്കി ലാഭം കൊയ്യാന്‍ പറ്റിയ ഒരു സാധനം 
മാത്രമായി.

ആറങ്ങോട്ടുകര മുഹമ്മദ്,
തരിശായി കിടക്കുന്ന പാടങ്ങള്‍ താമസിയാതെ നികത്തി വീടുകളുണ്ടാവും. ലാഭമില്ലാത്ത കൃഷി ആര്‍ക്കും വേണ്ടാ.

മുരളി മുകുന്ദന്‍, ബിലാത്തിപട്ടണം,
ഇങ്ങിനെ പോയാല്‍ അടുത്ത തലമുറ കൃഷിയെന്താണെന്ന് ചോദിച്ചറിയേണ്ടി വരും. രണ്ടു കൊല്ലം മുമ്പ് ഒന്നര രൂപ, രണ്ട് രൂപയ്ക്ക് വിറ്റ വൈക്കോലിന്ന് ഇപ്പോള്‍ ആറ് ഏഴ് രൂപ വിലയായിട്ടുണ്ട്.

keraladasanunni said...

എ. ജെ,
കപ്പയും കാന്താരിയും ചുട്ട കൊക്കിറച്ചിയും. അവയുടെ സ്വാദ് മറക്കാന്‍ കഴിയില്ലല്ലോ. ഇവിടങ്ങളിലെ പാടത്തിന്‍റെ വരമ്പുകളില്‍ 
ഇഡ്ഡലിയും ചുവന്ന ചട്ടിണിയുമായി എത്തുന്ന പിട്ടുക്കാരിയും ഇപ്പോഴില്ല.

Sukanya,
ഇന്നത്തെ തലമുറയ്ക്ക് മുമ്പുള്ളവര്‍ക്ക് ലഭിച്ചിട്ടില്ലാത്ത പല സൌഭാഗ്യങ്ങളും
ലഭിക്കുന്നുണ്ട്. അതോടൊപ്പം പഴയ തലമുറ ആസ്വദിച്ച ഒരുപാട് സംഗതികള്‍ ഇപ്പോഴുള്ളവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. കൃഷി അതില്‍ ഒന്നാണ്.

രാജഗോപാല്‍,
കൃഷിയെ സംബന്ധിച്ചു തന്നെ ഒരുപാട് അനുഭവങ്ങളുണ്ട്. ചെറിയ ഒരംശം മാത്രമേ ഈ കുറിപ്പിലുള്ളു.

keraladasanunni said...

anupama,
ഒഴിവ് ദിവസങ്ങളില്‍ വൈക്കോല്‍ കുണ്ടകള്‍ക്കിടയിലാണ് ഒളിച്ചു കളി. പൊയ്പ്പോയ കാലത്തെ സന്തോഷകരമായ അനുഭവങ്ങള്‍. അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി.

ഇലഞ്ഞിപ്പൂക്കള്,
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞ് സന്തോഷിക്കുന്നു.

Nayam,
പനമ്പട്ട കൊണ്ടുണ്ടാക്കിയ കാറ്റാടിയും, പന നൊങ്ക് കൊണ്ടുണ്ടാക്കിയ കളിവണ്ടിയും, പറങ്കിയണ്ടി എറിഞ്ഞുള്ള കളിയും , ഗോട്ടി കളിയും പോയി മറഞ്ഞു. പകരം ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കളിക്കോപ്പുകളും
ക്രിക്കറ്റും രംഗത്തെത്തി.

Lipi Ranju said...

ഈ കാര്യത്തില്‍ മുത്തശ്ശി പറഞ്ഞു കേട്ട അറിവുകളെ ഉള്ളൂ ... അതും വളരെ കുറച്ച് ! ഇനിയുള്ള കാലത്ത്, അടുത്ത തലമുറയ്ക്ക് ഇതൊക്കെ കേട്ടറിവ് പോലും കാണില്ല ! ഈ ഓര്‍മ്മകള്‍ പങ്കുവച്ചതിനു നന്ദി...

keraladasanunni said...

Lipi Ranju,
കൃഷി ആദായകരമാക്കുന്നതിന്നും ഇന്ന് കാര്‍ഷിക മേഖല അഭിമുഖീകരീച്ചു വരുന്ന പ്രയാസങ്ങള്‍
മറി കടക്കുന്നതിന്നുള്ള മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ 
തലത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ മുമ്പ് ഈ നാട്ടില്‍ കൃഷി ഉണ്ടായിരുന്നു എന്ന് വരുന്ന തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടി വരും 

jyo.mds said...

കൊയ്ത്ത് എന്റെ ബാല്യകാലത്ത് ഒരു ഉത്സവം പോലെയായിരുന്നു.ഇന്ന് അത് ഒരു ഓര്‍മ്മ മാത്രം.വളരെ നന്നായി എഴുതി.

keraladasanunni said...

jyo,

അതെ. കൃഷി ഓര്‍മ്മ മാത്രമാകാന്‍ വലിയ താമസമില്ല.

Anonymous said...

ഒട്ടും അതിശയോക്തിയില്ലാത്ത, originality നഷ്ടപ്പെടാത്ത പാലക്കാടന്‍ പാടശേഖരങ്ങളുമായി ബന്ധപ്പെട്ട വിവരണം. ഇതൊക്കെ എന്റെ അനുഭവമായിരുന്നോ എന്ന് തോന്നി. ഭാവുകങ്ങള്‍, ഉണ്ണിയേട്ടാ.

keraladasanunni said...

Dr P Malankot,

അനുഭവക്കുറിപ്പുകളല്ലേ. സമാനമായ അനുഭവങ്ങള്‍ ഉള്ളപ്പോള്‍ സ്വന്തം അനുഭവങ്ങളായി തോന്നും. 

ramanika said...

kure ormakal tharunnu ee post
thanks!

krishnakumar513 said...

പാലക്കാടന്‍ കൃഷിവിശേഷങ്ങള്‍ വളരെ ഹൃദ്യമായി.മണ്ണിന്റെമണമുള്ള, കേരളത്തിന്റെ നെല്ലറ വിശേഷങ്ങള്‍ ഇനിയും എഴുതണം കേട്ടോ.

Nalina said...

പെണ്ണുങ്ങള്‍ നിരന്നു കുനിഞ്ഞു നിന്ന്, വടക്കന്‍പാട്ടിലെ വരികള്‍ ഒരാള്‍ ചൊല്ലിക്കൊടുത്തു മറ്റുള്ളവര്‍ ഏറ്റു ചോലുന്നതും
ഞാറു നാട്ടു നാട്ടു പുറകിലോട്ടു ഒരേ നിരയില്‍ നീങ്ങുന്നതും
കാക്കകളും പ്രാവുകളും കൊറ്റികളും വരമ്പത്ത് ഇരുന്നു മീനിനെയും ഞമിഞ്ഞിയെയും കൊത്തി തിന്നുന്നതും
പിന്നെ പച്ച ചേല ചുറ്റിയ വയലുകള്‍ കാറ്റില്‍ ഉലയുന്നതും, വരമ്പിലൂടെ നടക്കുമ്പോള്‍ പാല് വച്ച കതിര്‍ വലിച്ചൂരി തിന്നതിന് അമ്മയുടെ വഴക്ക് കേട്ടതും
പിന്നീട് മഞ്ഞ നിറത്തില്‍ നിറ ഗര്‍ഭിണിയെ പോലെ കതിരുകളുടെ കനത്താല്‍ തല താഴ്ത്തി നില്‍ക്കുന്ന നെ ല്‍വയലുകളെയും
കൊച്ചുനാളില്‍ പുരപോലെ ഉയര്‍ന്നു നില്‍ക്കുന്ന വൈക്കൊല്തുരുവിനു ചുറ്റും ഒളിച്ചു കളിച്ചതും മേല് ചൊരിഞ്ഞതും ചാണകം മെഴുകിയ മുറ്റത്ത്‌ പണിക്കാര്‍ കറ്റ ചവിട്ടി മെതിക്കുന്നതും
ചിലര്‍ മുറത്തില്‍ നെല്ലെടുത്ത് നിലത്തേക്ക് ചൊരിയുമ്പോള്‍ ചിലര്‍ വട്ട മുറം കൊണ്ട് വീശി പതിര് കളയുന്നതും,


ഒക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പണ്ട് കണ്ട ഒരു സിനിമ പോലെ തോന്നുന്നു.