Tuesday, October 11, 2011

തുമ്പപൂക്കള്‍..

പാടത്തിന്‍റെ വരമ്പുകളില്‍ നിന്ന് തുമ്പ ഇല്ലാതായിട്ട് അധിക കാലമൊന്നും ആയിട്ടില്ല. വെളുത്ത നിറമുള്ള ചെറിയ പുഷ്പങ്ങളോടു കൂടിയ കുറ്റിച്ചെടിയാണ് അത്. തോലനൂര്‍ കാവിന്ന് തൊട്ടു മുമ്പിലുള്ള കറ്റക്കളത്തിന്നരികിലും സ്കൂളിലേക്ക് പോവുന്ന വഴിയോരത്തും ധാരാളം തുമ്പ ചെടികള്‍ ഉണ്ടാവും.

തുമ്പച്ചെടി മരുന്നാണ് എന്ന് മുത്തശ്ശി പറയും. പക്ഷെ ഒരിക്കലും അത് ഉപയോഗിച്ചു കണ്ടിട്ടില്ല. നവരാത്രി കാലത്താണ് തുമ്പയെക്കൊണ്ടുള്ള ഉപയോഗം. സരസ്വതി പൂജയ്ക്ക് ഏറ്റവും പ്രധാനം തുമ്പപൂക്കളാണ്. ദേവിക്ക് ഏറ്റവും ഇഷ്ടമുള്ള പൂക്കളാണത്രേ അവ.

പീടിക സാധനങ്ങള്‍ പൊതിഞ്ഞു തരാറുള്ള പഴയ ന്യൂസ് പേപ്പര്‍ കുമ്പിളു കുത്തി അതിലാണ് പൂക്കള്‍ ശേഖരിക്കുക. സ്കൂളിലാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കാറ്. അവിലും മലരും രണ്ടച്ച് ശര്‍ക്കരയും കൂടി അമ്മ പൊതിഞ്ഞു തരും, വേറൊരു പൊതിയില്‍ തുമ്പ പൂക്കളും. അതുമായിട്ടാണ് സ്കൂളിലേക്ക് ചെല്ലാറ്.

കുട്ടികള്‍ സ്കൂളിന്‍റെ പരിസരം അടിച്ചു വൃത്തിയാക്കി വെള്ളം തളിക്കും. ചിലര്‍ പൂജയ്ക്കുള്ള പൂക്കള്‍ നന്നാക്കാനിരിക്കും. സരസ്വതി ദേവിയുടെ ഫോട്ടോയും സ്റ്റേജും പൂമാലകള്‍ ചാര്‍ത്തി അലങ്കരിക്കും. പതിനൊന്ന് മണിയോടെ പൂജ തുടങ്ങും. നാരായണന്‍ മാസ്റ്ററാണ് പൂജ ചെയ്യുക. കല്‍പ്പൂരം കത്തിച്ചു കഴിഞ്ഞാല്‍ പ്രസാദ വിതരണം തുടങ്ങും. അവിലും മലരും ചെറുപഴത്തിന്‍റെ കഷ്ണങ്ങളും നീട്ടിയ കൈകളില്‍ തരും. വെള്ളപ്പയര്‍ പുഴുങ്ങിയതും പായസവും കയ്യില്‍ തരില്ല. ജാനകി വിലാസുകാരുടെ വീടിന്‍റെ മുന്‍വശത്തുള്ള പ്ലാവിന്‍റെ കൊഴിഞ്ഞു വീണ ഇലകളിലാണ് ആ നിവേദ്യങ്ങള്‍ തരിക.

പ്രസാദം വാങ്ങിയതും ആരേയും കാത്തു നില്‍ക്കാതെ ഒറ്റ ഓട്ടമാണ്. വീടെത്തിയിട്ടു വേണം കളി തുടങ്ങാന്‍. നവരാത്രിയായതിനാല്‍ ആരും പഠിക്കാന്‍ പറയില്ല.

ഗെയിറ്റ് കടന്ന് റെയിലിന്‍റെ ഓരത്ത് എത്തി. ഭാഗ്യത്തിന് രണ്ടാമത്തെ റെയിലില്‍ വണ്ടിയൊന്നും നില്‍പ്പില്ല. തീവണ്ടിയുടെ അടുത്തു കൂടി നടക്കാന്‍ പേടിയാണ്. ഗുഡ്സ് വാഗണുകളുടേയും പാതച്ചാലിന്‍റേയും ഇടയ്ക്കുള്ള ഇടുങ്ങിയ ഭാഗത്തു കൂടി വേണം നടക്കാന്‍ . എഞ്ചിന്‍റെ അടുത്ത് എത്തുമ്പോഴാണ് ഏറെ ഭയം. അതിന്‍റെ ഇരു വശങ്ങളിലുള്ള കുഴലുകളിലൂടെ തിളച്ച വെള്ളവും നീരാവിയും വന്നു കൊണ്ടേയിരിക്കും.

കുറച്ചകലെയായി റെയിലിന്നരികെയുള്ള പാതച്ചാലില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോള്‍ ഞാന്‍ അവരെ ശ്രദ്ധിച്ചു. രണ്ടും പെണ്‍കുട്ടികളാണ്. മുതിര്‍ന്ന കുട്ടി കരയുന്നുണ്ട്. ഒരു പാവാടയല്ലാതെ മറ്റൊന്നും അവള്‍ ധരിച്ചിട്ടില്ല. ഇളയവള്‍ക്ക് അതും ഇല്ല. എണ്ണമയമില്ലാത്ത ചെമ്പിച്ച മുടി മാന്തിക്കൊണ്ട് രണ്ടുപേരും മണ്ണില്‍ വീണ ചോറ് പെറുക്കി തിന്നുകയാണ്, നല്ല തുമ്പപൂ പോലെ വെളുത്ത ചോറ്. തൊട്ടടുത്ത് അലുമിനിയത്തിന്‍റെ ഒരു ചോറ്റുപാത്രം കിടപ്പുണ്ട്.

കളിക്കാനുള്ള എന്‍റെ മോഹം ഇല്ലാതായി. ആ കാഴ്ച എന്നെ ദുഖിപ്പിച്ചു എന്നത് നേര്, എവിടെ നിന്നോ യാചിച്ചു കിട്ടിയ ആഹാരവുമായി വന്നതാവും അവര്‍. റെയില്‍ കടന്ന് മറു വശത്തേക്ക് പോകുമ്പോള്‍ സിഗ്നലിന്‍റെ കമ്പി തടഞ്ഞു വീണതാവണം. തെറിച്ചു പോയ ചോറ്റുപാത്രത്തിന്‍റെ മൂടി തുറന്ന് ചോറ് നിലത്ത് ചിന്നി പോയിരിക്കും.

ഈ സംഭവം നടന്നിട്ട് എത്രയോ വര്‍ഷങ്ങള്‍ ആയി. എന്നിട്ടും ഈ കഴിഞ്ഞ നവരാത്രി പൂജയ്ക്ക് ഒരുങ്ങുമ്പോള്‍ തുമ്പ പൂക്കളും ഒരു പിടി ചോറിന്‍റെ വറ്റും എന്‍റെ കണ്‍മുന്നിലെത്തി.





22 comments:

keraladasanunni said...

അര നൂറ്റാണ്ടിന്ന് മുമ്പ് നടന്ന സംഭവമാണെങ്കിലും
മനസ്സില്‍ അത് മായാതെ നില്‍പ്പുണ്ട്. ഈ നവരാത്രിക്ക് തുമ്പപൂക്കള്‍ കിട്ടുമോ എന്ന് നോക്കുമ്പോള്‍ ആ രംഗം ഓര്‍മ്മയിലെത്തി, ഒട്ടും
തിളക്കം നഷ്ടപ്പെടാതെ.

പഥികൻ said...

കണ്ടു മറന്നതും മറക്കാന്‍ ശ്രമിക്കുന്നതുമായ എത്ര എത്ര കാഴ്ചകള്‍

രാജഗോപാൽ said...

ഒരു "മധുരനൊമ്പര"ക്കുറിപ്പായി ഇത്. ഓർമകളുടെ ഒരു യാത്ര.

ഇപ്പോൾ അമ്പലങ്ങളിലായി പൂജവെപ്പ്.

പൂവട്ടികൾ വീശി
കൊള്ളാവുന്നിടത്തോളം തുമ്പപൂക്കൾ നിറച്ച് കുന്നിൻ ചെരിവുകൾകയറി ഇറങ്ങി നടന്നിരുന്ന ഒരു ബാല്യം ഈ ജന്മത്തിൽ തന്നെയായിരുന്നോ?

തുമ്പപൂക്കൾ പോലെ ചിതറിക്കിടക്കുന്ന വറ്റുകളും നഷ്ടപ്പെട്ട അന്നത്തെയോർത്ത് കരയുന്ന രണ്ട് കുട്ടികളും ഒരു വിഷ്വൽ പോലെ മനസ്സിൽ.

ajith said...

നിലത്തുവീണ തുമ്പപ്പൂ ചോറ്...സങ്കടപ്പെടുത്തുന്ന ഓര്‍മ്മ

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

ഉള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ .. അര നുറ്റാണ്ട് പിന്നിട്ടിട്ടു പോലും
കഴിഞ്ഞില്ലല്ലോ റെയിലിന്റെ വക്കിലെ കുഞ്ഞിന്റെ വിശപ്പടക്കാന്‍

ശ്രീനാഥന്‍ said...

ആ പെൺകുട്ടികൾ നൊമ്പരപ്പെടുത്തുന്നു. തുമ്പപ്പൂ കാണാൻ ഇപ്പോൾ വലിയ പ്രയാസവും. ഇഷ്ടപ്പെട്ടു ഈ കുറിപ്പ്!

Kattil Abdul Nissar said...

എം.ടി.പറഞ്ഞിട്ടുണ്ട്, വേദനിപ്പിക്കുന്ന അനുഭവ ങ്ങള്‍ എല്ലാം പിന്നീട് സുഖമുള്ള ഓര്‍മ്മകള്‍ ആണെന്ന്. ഈ വായനയില്‍ അതാണ്‌ വ്യക്തമാ കുന്നത്.നമ്മള്‍ ജനിച്ചത്‌ സത്യസന്ധമായ ഒരു കാലത്താണ്.അതിന്റെ വിശുദ്ധി ഇത്തിരിഎങ്കിലും നമ്മളില്‍ അവശേഷിക്കും.
സ്നേഹപൂര്‍വ്വം,
ഓര്‍മകളില്‍ ജീവിക്കുന്ന ഞാന്‍ .

Shruthi said...

Tharakkedilla....

Sukanya said...

തുമ്പയെ പോലെ നൈര്‍മല്യം ഉള്ള കുഞ്ഞുമനസ്സിലെ മുറിവുകള്‍ മറക്കാന്‍ കഴിയില്ല അല്ലെ?

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടത്തെ കാഴ്ച്ചയുടെ ആ നൊമ്പരം ഈ എഴുതിൽ ഇപ്പോഴും കാണാം കേട്ടൊ ഭായ്

Anonymous said...

nice work!
welcome to my blog
nilaambari.blogspot.com
if u like it join and support me

keraladasanunni said...

പഥികന്‍,
ഓര്‍മ്മയില്‍ ഒളിച്ചിരിക്കുന്ന ഒര്‍മ്മകള്‍.

രാജഗോപാല്‍,
കാലത്തിനനുസരിച്ച് വരുന്ന മാറ്റങ്ങള്‍. പാറിപ്പറന്ന എണ്ണമയമില്ലാത്ത മുടിയും, കറുത്ത നിറവും ആയി അവര്‍ കണ്ണിന്ന്
മുമ്പിലുള്ളതുപോലെ.
ajith,
തീര്‍ച്ചയായും സങ്കടപ്പെടുത്തുന്ന ഒരോര്‍മ്മയാണത്.
അനീഷ് പുതുവലില്‍ ,
കുട്ടികളുടെ സങ്കടം എളുപ്പം മറക്കാനാവില്ല. ഈ സംഭവം നടന്ന് സ്ഥലത്ത് പിന്നീടൊരിക്കല്‍ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളുമായി ടെയിനിന്‍റെ മുന്നില്‍ ചാടി. അവരും ഇളയകുട്ടിയും ( ആണ്‍കുഞ്ഞ് ) മരിച്ചു. കയ്യൊടിഞ്ഞ എട്ടു വയസ്സുകാരി അവിടെ നിന്ന് കരയുന്നുണ്ടായിരുന്നു. അതും  വിഷമം ഉണ്ടാക്കിയ ദൃശ്യമാണ്.

keraladasanunni said...

ശ്രിനാഥന്‍ ,
തുമ്പ പൂക്കള്‍ കാണാനേ ഇല്ല. ആ രംഗം മാത്രം മനസ്സിലുണ്ട്.

Kattil Abdul Nissar ,
ശരിയാണ്. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ആണ് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

Nayam ,
നന്ദി.

Sukanya ,
ഇത്തരം ഓര്‍മ്മകള്‍ വല്ലപ്പോഴും മനസ്സില്‍ എത്തും.

keraladasanunni said...

മുരളി മുകുന്ദന്‍, ബിലാത്തി പട്ടണം,
വളരെ നന്ദി.

ARUN RiyAs,
Thanks.

surajazhiyakam said...

അനുഭവങ്ങള്‍ ഹൃദ്യമായി പറഞ്ഞപ്പോള്‍ ഓരോ ഫ്രെയിമും മായാതെ നില്‍ക്കുന്നു.

jyo.mds said...

മനസ്സില്‍ തട്ടുന്ന വിവരണം.
തുമ്പപൂവും മുക്കുറ്റിയും എന്നും മനസ്സിന്റെ ഉമ്മറത്ത് വിരിഞ്ഞു നില്‍ക്കുന്നു.

keraladasanunni said...

surajazhiyakam,
വളരെ നന്ദി.

jyo,
പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം 

കുസുമം ആര്‍ പുന്നപ്ര said...

ചില കാഴ്ചകള്‍ കണ്ണില്‍ നിന്നും മായുകയില്ല. ചില ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായാത്തതുപോലെ.നല്ല കഥ

keraladasanunni said...

അഭിപ്രായത്തിന്ന് വളരെ നന്ദി. ഇത് കഥയല്ല. നടന്ന സംഭവമാണ്.

Unknown said...

ഓര്‍മ്മകുറിപ്പ് നന്നായി..

keraladasanunni said...

നിശാസുരഭി,
വളരെ നന്ദി.

Anonymous said...

ഓര്‍മ്മകള്‍ മരിക്കിമോ........

അതെ, എത്ര ചെറിയ കാര്യമായാലും, മനസ്സില്‍ തട്ടിയാല്‍, അത് മരണം വരെ മറക്കില്ല. കീപ്‌ റൈറ്റിംഗ്, ഉണ്ണി ഏട്ടാ.