Saturday, October 1, 2011

അച്ചാച്ചന്‍.

കാര്യമായി ബന്ധുക്കളോ സമ്പത്തോ ഇല്ലാത്തവന്ന് അതിന്‍റെ കുറവ് ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും അനുഭവപ്പെടും. മുത്തശ്ശി മരിച്ചു കിടക്കുന്ന അവസരത്തില്‍ ശവദാഹത്തിന്നു വേണ്ട പണം സംഘടിപ്പിക്കുവാന്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് രാത്രി നേരത്ത് സൈക്കിളില്‍ പോവേണ്ടി വന്ന അനുഭവം ഞാന്‍ ആദ്യ കാലത്തെ ഒരു പോസ്റ്റില്‍ എഴുതിയിരുന്നു. അമ്മ മരിക്കുമ്പോഴേക്കും ചുറ്റുപാടുകള്‍ കുറെ ഭേദപ്പെട്ടു. കടന്നു പോയ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ എനിക്ക് നല്‍കിയ മനോധൈര്യം കാരണം അമ്മയുടെ മരണത്തെ നിര്‍വികാരനായി നോക്കി നില്‍ക്കാനായത് വേറൊരു കഥ.

എന്‍റെ വിവാഹത്തിന്നും വേണ്ടപ്പെട്ടവരെന്ന് പറയാവുന്ന ആരും ഉണ്ടായിരുന്നില്ല. അമ്മയുടെ ഏക മകന്‍, അച്ഛന്‍റെ ആറോ ഏഴോ മക്കളില്‍ ഒരാള്‍, ബന്ധുക്കളാരും ഇല്ലാത്ത അവസ്ഥ, പരിമിതികള്‍ അതൊക്കെയായിരുന്നു. സഹായിക്കാനും, സഹകരിക്കാനും കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഏതായാലും വിവാഹം ഒട്ടും വര്‍ണ്ണപകിട്ടില്ലാത്ത കേവലം ഒരു ചടങ്ങായി മാറി.

എന്‍റെ ഭാര്യയെ മൂന്ന് പ്രസവത്തിന്നും അവളുടെ വീട്ടിലേക്ക് അയച്ചില്ല. എന്‍റെ അമ്മ തന്നെയാണ് എല്ലാ ശുശ്രൂഷകളും ചെയ്തത്. ആദ്യ പ്രസവത്തിന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഞാന്‍ ഓഫീസില്‍ പോകും. അമ്മയും ഭാര്യയും ആസ്പത്രിയില്‍ കൂടും. ഓഫീസ് വിട്ടതും ഞാന്‍ അവരുടെ അടുത്തെത്തും. വിവരങ്ങള്‍ അന്വേഷിക്കാന്‍ കൂടി ബന്ധുക്കളാരും ഇല്ല. ഞങ്ങള്‍ മൂന്നു പേരും സ്നേഹവും വിഷമങ്ങളും പങ്കു വെച്ച് അങ്ങിനെ കഴിഞ്ഞു. ഇന്ന് നാളെ എന്നു പറഞ്ഞ് ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് എത്തുമ്പോള്‍ ഭാര്യക്ക് തീരെ വയ്യ. എന്തോ ഒരു അസ്വസ്ഥത. പല പ്രാവശ്യം പറഞ്ഞിട്ടും ആരും നോക്കാന്‍ എത്തിയില്ല. ഒടുവില്‍ അമ്മ ക്ഷോഭിച്ച് സംസാരിച്ചപ്പോള്‍ താഴെ ലേബര്‍ റൂമിലേക്ക് കൊണ്ടു പോയി. ഞാന്‍ അമ്മയോടൊപ്പം വരാന്തയില്‍ നിന്നു.

സിനിമകളില്‍ പ്രസവ വാര്‍ഡിന്നു മുമ്പില്‍ വെപ്രാളപ്പെട്ട് നില്‍ക്കുന്ന ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങിനെയൊന്നുമല്ല ഉണ്ടായത്.

'' ആരും ഇവിടെ കെട്ടിക്കാത്ത് നില്‍ക്കണ്ടാ. ഞങ്ങളുണ്ട് നോക്കാന്‍ '' എന്ന് നേഴ്സ് വന്നു പറഞ്ഞു. അതു കേട്ടതും അമ്മ എന്നോട് മുറിയിലേക്ക് പൊയി ഇരുന്നോളാന്‍ ആവശ്യപ്പെട്ടു. ശാരീരികവും മാസീകവുമായി തളര്‍ന്നിരുന്ന ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി. '' ഉണ്ണി '' എന്ന് വിളിക്കുന്ന എന്‍റെ സുഹൃത്ത് രാമദാസ് ഞങ്ങള്‍ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോള്‍ ഞാന്‍ ഉറക്കത്തിലാണ്.

'' അമ്മ ഊണ് കഴിച്ചോളാന്‍ പറഞ്ഞു '' അദ്ദേഹം എന്നെ ഉണര്‍ത്തിയിട്ട് പറഞ്ഞു. ഞങ്ങള്‍ രണ്ടാളും ഉണ്ണാനിരുന്നു. ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റതേയുള്ളു, അമ്മ എത്തി.

'' സുന്ദരി പ്രസവിച്ചു. ആണ്‍കുട്ടി '' അമ്മ പറഞ്ഞു '' ഒമ്പതേ കാലിന്നാണ് ''.

'' എന്നിട്ട് കുട്ടിയെവിടെ '' ഞാന്‍ ചോദിച്ചു.

'' കുറച്ച് കഴിഞ്ഞാല്‍ കാട്ടിത്തരും ''.

ആ സമയത്ത് എന്‍റെ സുഹൃത്ത് ബാലന്‍ മാസ്റ്ററുടെ ഭാര്യ ശാന്തമ്മ ടീച്ചറും മാസ്റ്ററുടെ അനുജന്‍ അര്‍ജുനനും എത്തി. ടീച്ചര്‍ താഴെ ചെന്ന് കുട്ടിയെ ഏറ്റു വാങ്ങി മുറിയിലേക്ക് വന്നു.

'' കുട്ടിയെ മടിയില്‍ വെച്ചു തരട്ടെ '' അവര്‍ ചോദിച്ചു.

'' കുറച്ച് വലുതാവട്ടെ '' ഞാന്‍ പറഞ്ഞു. അവര്‍ കുട്ടിയെ കട്ടിലില്‍ കിടത്തി.കുട്ടിയുടെ മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങള്‍ നോക്കി ഞാന്‍ അടുത്ത് ഇരുന്നു. ഭാര്യയുടെ അച്ഛനമ്മമാര്‍ മൂന്നാമത്തെ ദിവസമാണ് കുട്ടിയെ കാണാനെത്തിയത്. അങ്ങിനെ ബന്ധുക്കളില്ലാതെ ആ പ്രസവം കഴിഞ്ഞു.

അടുത്ത പ്രസവങ്ങള്‍ക്കും ആരും ഉണ്ടായില്ല. രണ്ടാമത്തെ പ്രസവത്തിന്ന് വീടിനടുത്തുള്ള സുധാ ക്ലിനിക്കില്‍ ഭാര്യയെ പ്രവേശിപ്പിച്ച ശേഷമാണ് ഓഫീസില്‍ വിളിച്ച് എന്നെ വിവരം അറിയിച്ചത്. തിരക്കിട്ട് ഞാന്‍ വീട്ടിലെത്തുമ്പോള്‍ അളിയന്‍ കണ്ണനും ഉണ്ണിയും ചായ കുടിക്കുകയാണ്.

'' ചായ കുടിച്ചോളൂ '' അളിയന്‍ പറഞ്ഞു '' കുറച്ച് സമയം കഴിയും എന്നാ പറഞ്ഞത് ''.

വേഷം മാറ്റി ഞാന്‍ ചായ കുടിക്കുമ്പോഴേക്കും അമ്മ എത്തി.

'' പ്രസവിച്ചു, ആണ്‍കുട്ടിയാണ് ''. ഞങ്ങള്‍ ക്ലിനിക്കിലേക്ക് ഓടി.

ഒരു ദിവസം രാവിലെ '' എന്തോ എനിക്ക് വല്ലാതെ തോന്നുന്നു, ആസ്പത്രിയിലേക്ക് ചെന്നാലോ '' എന്ന് ഭാര്യ ചോദിച്ചു. മൂന്നാമത്തെ പ്രസവത്തിന്ന് ഡോക്ടര്‍ പറഞ്ഞ തിയ്യതി ആവാറായിരിക്കുന്നു.

'' ഒരു വണ്ടി വിളിക്കട്ടെ '' ഞാന്‍ ചോദിച്ചു.

'' വേണ്ടാ. നടക്കാനുള്ള ദൂരമല്ലേയുള്ളു. നമുക്ക് പോവാം '' ഭാര്യ പറഞ്ഞു.

പാടത്തിന്‍റെ വരമ്പിലൂടെ നടന്ന് റെയില്‍വെ ലൈന്‍ കടന്ന് ഞങ്ങള്‍ ക്ലിനിക്കിലെത്തി.

'' ഇവിടെ കിടന്നോട്ടെ, അമ്മയെ വേഗം വരാന്‍ പറയൂ '' മിഡ് വൈഫ് പറഞ്ഞതും ഞാന്‍ വീട്ടിലേക്ക് ഓടി. ഒരു മണിക്കൂറിനകം അമ്മ തിരിച്ചെത്തി.

'' പ്രസവിച്ചു. ഇതും ആണ്‍കുട്ടിയാണ് '' അമ്മ പറഞ്ഞു. മക്കളോടൊപ്പം ഞാന്‍ ക്ലിനിക്കിലേക്ക് നടന്നു. അനുജനെ കാണാനുള്ള ആഗ്രഹത്തില്‍ മക്കള്‍ രണ്ടാളും മുമ്പെ ഓടി. ആഗ്രഹിച്ച മട്ടില്‍ പെണ്‍കുട്ടിയാവാത്തതിനാല്‍ ഭാര്യ കടുത്ത നിരാശയിലായിരുന്നു. അങ്ങിനെ ആരോരുമില്ലാതെ മൂന്ന് പ്രസവങ്ങളും കഴിഞ്ഞു.

കൊല്ലങ്ങള്‍ പിന്നിടുന്നതിനോടൊപ്പം മക്കള്‍ വളര്‍ന്നു. മൂന്നുപേരും വിവാഹിതരായി. അതോടെ ഞങ്ങള്‍ക്ക് മൂന്ന് പെണ്‍മക്കളെ കിട്ടി. മരുമകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഞങ്ങള്‍ക്ക് സന്തോഷമായി. അടുത്ത തലമുറ ഉണ്ടാവുകയാണ്.

'' പ്രസവം ഇവിടെ വെച്ചാണെങ്കില്‍ ഞാന്‍ നന്നായി നോക്കും '' ഭാര്യ സന്നദ്ധത അറിയിച്ചു.

ലോക്കല്‍ ഫണ്ട് ഓഡിറ്റ് പാര്‍ട്ടി അമ്പലത്തിലെ കണക്കുകള്‍ പരിശോധിക്കാന്‍ വന്ന ദിവസങ്ങളില്‍ സംശയങ്ങള്‍ ദൂരീകരിക്കാനും വിശദീകരണം നല്‍കാനുമായി ഞാന്‍ അവരോടൊപ്പം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. അവസാന ദിവസം ഉച്ചയോടെ എന്‍റെ മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ മകന്‍.

'' ഇന്ന് സ്കാന്‍ ചെയ്യിച്ചു. വയറിന്‍റെ വലുപ്പം കണ്ട് ഡോക്ടര്‍ പറഞ്ഞിട്ടാണ് '' മകന്‍ പറഞ്ഞു '' ഇരട്ട കുട്ടികളാണ്. ഐഡെന്‍റിക്കല്‍ ട്വിന്‍സ് ''. അവന്‍ ആഹ്ലാദത്തിമര്‍പ്പിലാണ്. എനിക്ക് ചിരി വന്നു.

'' ഇരട്ട കുട്ടികളുടെ അച്ഛാ '' ഞാന്‍ വീളിച്ചു. മകനും ചിരി പൊട്ടി.

'' അങ്ങിനെ ഞാനൊരു മുത്തശ്ശനാനാവാന്‍ പോവുകയാണ് '' വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'' ഏയ്, അതു പറ്റില്ല '' ചെറിയ മകന്‍ പറഞ്ഞു '' ഞങ്ങളുടെ അച്ഛന്‍ വയസ്സനാവാന്‍ പാടില്ല ''.

'' എന്താ പിന്നെ അവര്‍ വിളിക്കേണ്ടാത് '' ഞാന്‍ ചോദിച്ചു.

'' അച്ചാച്ചന്‍ എന്ന് വിളിച്ചോട്ടെ, അമ്മയെ അച്ചമ്മ എന്നും '' അവന്‍ പറഞ്ഞു.

ആ പേരുകള്‍ ഐകകണ്ഠ്യേന അംഗീകരിക്കപ്പെട്ടു. മനസ്സ് നിറയെ സന്തോഷവുമായി ഞങ്ങള്‍ അച്ചാച്ചനും അച്ചമ്മയും ആവാന്‍ ഒരുങ്ങി.




17 comments:

കലി said...

ഏയ്, അതു പറ്റില്ല '' ചെറിയ മകന്‍ പറഞ്ഞു '' ഞങ്ങളുടെ അച്ഛന്‍ വയസ്സനാവാന്‍ പാടില്ല ''.

makanano paranjathu.. atho atma gathamo ????????

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ജീവിതത്തിൽ ഓരോ കുടുംബത്തിനും സമാനമായ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങൾ ഉണ്ട്. ഞാൻ വിവാഹിതനല്ല.അതുകൊണ്ട് സ്വന്തമായി ഇത്തരം അനുഭവങ്ങലില്ല. എന്നാൽ എന്റെ സഹോദരിയുടെ പ്രസവദിവസം ഞാൻ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നു. അവളുടെ കെട്ടിയോൻ ഗൾഫിലായിരുന്നു. സത്യത്തിൽ പ്രസവിച്ച ദിവസം മുതൽ ആ കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കാണുന്നത് ഒരു വലിയ അനുഭവം തന്നെയായിരുന്നു. ഇത്രയും സ്നേഹത്തിലും പരിചരണത്തിലും കുട്ടി ഒന്നു കരയുമ്പോൾ ഉള്ള ഉൽക്കണ്ഠകളിലൂടെയുമൊക്കെയാണല്ലോ ഓരോ കുട്ടിയെയും രക്ഷിതാക്കൾ വളർത്തുന്നത്. ആരെങ്കിലും ആക്രമിക്കപ്പെടുമ്പോൽ ഞാൻ ചിന്തിക്കാറൂണ്ട്. ആക്രമിക്കപ്പെട്ട ആൾ ഇതുപോലെ രക്ഷിതാക്കൾ വളർത്തുനവരല്ലേ? എങ്ങനെ ആ രക്ഷിതാക്കൾക്ക് അത് സഹിക്കാൻ കഴിയുമെന്ന്.എന്റെ ആദ്യത്തെ ശേഷാറിക്കുട്ടി ജനിച്ചതിനു ശേഷം ഞാൻ കുറച്ചുകൂടി സമാധാനപ്രിയനായി. സത്യത്തിൽ ഒരു ശേഷാറിക്കുഞ്ഞ് ജനിച്ചതിനു ശേഷം ഞാൻ പഠിപ്പിക്കുന്ന കുട്ടികളെ അതിനുമുമ്പെന്നപോലെ അത്യാവശ്യം ചൂരൽ പ്രയോഗം നടത്താൻ പോലും എനിക്കു കഴിയാതായി. വാത്സല്യം മൂത്ത് ഇപ്പോൾ പഠിക്കാൻ വരുന്ന കുട്ടികൾ ഇപ്പോൾ എന്നെ തീരെ വകവയ്ക്കാതായി എന്നു പറഞ്ഞാൽ മതിയല്ലോ! . സഹോദരീപുത്രരോട് ഇത്രയധികം സ്നേഹവാത്സല്യങ്ങൾ തോന്നുമെങ്കിൽ സ്വന്തം മക്കളോട് എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാവിന്നതേ ഉള്ളൂ. എല്ലാ മക്കളും ഇതുപോലെയാണ്. ഓരോ രക്ഷിതാക്കളുടെയും പൊൻ കുഞ്ഞുങ്ങൾ. അതുകൊണ്ട് ആരും ആരെയും ആക്രമിക്കാതിരിക്കുക, വേദനിപ്പിക്കാതിരിക്കുക എന്നൊക്കെ പറയാനാണ് എനിക്ക് തോന്നുന്നത്; ഇന്നത്തെ (ഒരുപക്ഷെ എന്നത്തെയും) അക്രമാസക്തലോകം കാണുമ്പോൾ

നമ്മുടെ ഇവിടെയും ഇപ്പോൾ അപ്പൂപ്പൻ- അമ്മൂമ്മ വിളിയില്ല. അപ്പൂപ്പനെയും അമ്മൂമ്മയെയും അച്ഛൻ, അമ്മ, ഉമ്മ, വാപ്പാ എന്നൊക്കെത്തന്നെ ചെറുമക്കൾ വിളീക്കുന്നത്. ചില വീടുകളിൽ അമ്മുമ്മത്തള്ളയെ കൊച്ചുമക്കൾ വിളീക്കുന്നത് മറ്റേ അമ്മ, മറ്റേ ഉമ്മ, വീട്ടിലമ്മ, വീട്ടീ ഉമ്മാ എന്നൊക്കെയാണ്. എന്റെ ശേഷക്കാരികൾ അവരുടെ അമ്മൂമ്മയായ എന്റെ ഉമ്മയെ വിളിക്കുന്നത് വാവാവാ ഉമ്മച്ചി എന്നാണ്. കാരണം അവരെ തൊട്ടിലിലിട്ട് കൂടുതലും വവാവോ എന്ന് താരാട്ട് പാടിയത് അവരാണ്.അവരുടെ വാപ്പയുടെ ഉമ്മയെ മതിനി ഉമ്മച്ചി എന്നാണ് വിളിക്കുക. എന്റെ ഉമ്മ അവരുടെ നാത്തൂനെന്ന നിലയിൽ അവരെ മതിനി എന്നു വിളീക്കുന്നത് കേട്ടുകേട്ടാണ് വാപ്പുമ്മ മതിനിയുമ്മ ആയത്. അവരുടെ വാപ്പയുടെ വാപ്പ സിംഗപ്പൂർ ജോലിയുള്ള ആളായതിനാൽ അദ്ദേഹത്തെ സിംഗപ്പൂർ വാപ്പച്ചി എന്നാണ് വിളിക്കുന്നത്. എന്റെ വാപ്പയായ അവരുടെ ഉപ്പാപ്പ അദ്ധ്യാപകനായൈരുനതിനാൽ സാറുവാപ്പച്ചി എന്നാണ് വിളിക്കുന്നത്. ഏറ്റവും വലിയ രസം അവളുമാരുടെ സ്വന്തം വാപ്പയെ അവർ ദുബായി വാപ്പച്ചി എന്നാണ് വിളിക്കുന്നത്. എല്ലാവരെയും തിരിച്ചരിയണമല്ലോ! ഈ കുട്ടികളുടെയൊക്കെ ഒരു കാര്യം!

രാജഗോപാൽ said...

തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോന്നവർക്കേ അതു എഴുത്തിലൂടെ ഹൃദ്യമാക്കാൻ കഴിയൂ. ഇതു അങ്ങിനെയുള്ള ഒരു ഓർമ്മകുറിപ്പ്. അമ്മയോട് വലിയ ബഹുമാനം തോന്നി. പേരക്കുട്ടികൾക്കുള്ള കാത്തിരിപ്പ്, പ്രതീക്ഷകൾ സന്തോഷം തരുന്നതാണ്

ശ്രീനാഥന്‍ said...

കുടുംബവിശേഷം നല്ല സുഖമായി തോന്നി. അമ്മയുടെ ഏക മകന്‍, അച്ഛന്‍റെ ആറോ ഏഴോ മക്കളില്‍ ഒരാള്‍, ബന്ധുക്കളാരും ഇല്ലാത്ത അവസ്ഥ- എന്റെ അഛന്റെ സ്ഥിതി (പന്ത്രണ്ടാമത്തെ മകനായിരുന്നു എന്നു മാത്രം) ഇതു തന്നെയായിരുന്നു!

keraladasanunni said...

കലി (veejyots ),
ആത്മഗതമല്ല. സംഭാഷണത്തിനിടയില്‍ 
മകന്‍ പറഞ്ഞതാണ്.

ഇ.എ. സജിം, തട്ടത്തുമല,
ഈ അഭിപ്രായം പോസ്റ്റാക്കിയത് വായിച്ചു. വളരെ സന്തോഷമുണ്ട്. വിശദമായി എഴുതിയതിന്ന് വളരെ നന്ദി.

രാജഗോപാല്‍,
അതെ. സന്തോഷമുള്ള കാത്തിരിപ്പാണ്.

ശ്രീനാഥന്‍,
ഓരോരുത്തരുടെ യോഗം എന്നല്ലേ പറയാനൊക്കൂ.

പഥികൻ said...

അച്ചാചനു അഭിനന്ദനങ്ങൾ...ഓർമ്മകുറിപ്പ് ഹൃദ്യമായി.

Shruthi said...

Thairum kannimaanga uppilittathum koodi oonu kazhichaalulla anubhavaanu ithu vaayikkumpo.....
Ottum adhikaayi nu thonnoollya...nna ottum korayoollya...
Ashamsakal....

jyo.mds said...

വളരെ ലളിതമായി എഴുതിയ ജീവിതാനുഭവങ്ങള്‍.
ഐഡന്റിക്കല്‍ ട്വിന്‍സ് ഒരു സന്തോഷകരമായ അനുഭവമല്ലേ.ആശംസകള്‍.

kARNOr(കാര്‍ന്നോര്) said...

അച്ചാച്ചോ... സ്വകാര്യസന്തോഷങ്ങൾ പങ്കുവച്ചത് വായിച്ചു സന്തോഷിച്ചു.. ഞങ്ങൾക്ക് മുൻപുള്ള തലമുറ തീയിൽ കുരുത്തതുതന്നെ എന്ന് ഒന്നുകൂടി ഉറപ്പിക്കുന്ന പോസ്റ്റ്. ദൈവം അനുഗ്രഹിക്കട്ടെ

keraladasanunni said...

പഥികന്‍,
വായിച്ചതിനും അഭിനന്ദനത്തിനും ഒരുപാട് നന്ദി.
Nayam,
അഭിപ്രായം വളരെ രസകരമായിട്ടുണ്ട്.
jyo,
അതെ വളരെ സന്തോഷകരമായ അനുഭവമാണ്. ആശംസകള്‍ക്ക് നന്ദി.
kArNOr( കാര്‍ണോര് ),
ഉവ്വ്. ഒരുപാട് ദുരിതങ്ങളും യാതനകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങിനെ ഓരോ സന്തോഷങ്ങള്‍ ലഭിക്കുന്നു.

അഭിഷേക് said...

oru jananam athi prasannamayoru divya muhoorthamanu....sneham athinte vila...aasamsakal ഓർമ്മകുറിപ്പ് ഹൃദ്യമായി.

keraladasanunni said...

അഭിഷേക്,
സ്ന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും ഒരുപാട് നന്ദി.

M. Ashraf said...

സന്തോഷം അനുഭവിപ്പിച്ച കുറിപ്പ്. അഭിനന്ദനങ്ങള്‍, ഭാവുകങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു അച്ചാച്ഛന്റെ സന്തോഷത്തിന്റെ അനുഭവകുറിപ്പുകൾ...!

keraladasanunni said...

എം. അഷറഫ്,
വളരെ നന്ദി.

മുരളിമുകുന്ദന്‍ , ബിലാത്തിപട്ടണം ,
അച്ചാച്ചന്‍റെ സന്തോഷം.