Tuesday, August 30, 2011

അജ്ഞാതനായ ഒരു സുഹൃത്തിന്‍റെ ഓര്‍മ്മയ്ക്ക്.

ടി. എന്‍. വി. ആര്‍. ഹോട്ടലില്‍ ശാപ്പാട് ഇല്ല. ടിഫിന്‍ മാത്രമേ കിട്ടു. അതുകൊണ്ട് ഉച്ച നേരത്ത് വലിയ തിരക്ക് കാണില്ല. മിക്കവാറും ഉച്ച ഭക്ഷണത്തിന്ന് ഞാന്‍ അവിടെ ചെല്ലും. സേവയോ, തൈര് ശാദമോ കഴിക്കും.

ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞ് തിരിച്ചു വരികയാണ്. സ്വാമി സ്റ്റോറില്‍ കയറി ഒരു പച്ച റീഫില്ലും വാങ്ങി ഓഫീസിലേക്ക് നടന്നു. മാര്‍ക്കറ്റ് റോഡില്‍ നിന്ന് ബി. ഓ. സി. റോഡ് വേര്‍പിരിഞ്ഞു പോകുന്ന ജങ്ക്ഷന്‍ കഴിഞ്ഞതേയുള്ളു. ആരോ '' സാറേ '' എന്ന് വിളിക്കുന്നു. ഞാന്‍ ചുറ്റും നോക്കി. വഴിയോരത്ത് തുണി വില്‍ക്കുന്ന ആളാണ്. ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു.

'' എന്താ '' ഞാന്‍ ചോദിച്ചു.

'' നല്ല ബനിയനുണ്ട് സാര്‍. എടുക്കട്ടെ ''.

'' വേണ്ടാ '' എന്നു പറഞ്ഞ് ഒഴിവാക്കാം. പക്ഷെ എന്തുകൊണ്ടോ എനിക്കതിന്ന് ആയില്ല. ആ മദ്ധ്യ വയസ്ക്കന്‍റെ മുഖത്തുള്ള പ്രതീക്ഷാ നിര്‍ഭരമായ നോട്ടം എനിക്ക് അവഗണിക്കാന്‍ കഴിഞ്ഞില്ല.

'' നല്ലതാണോ '' ഞാന്‍ ചോദിച്ചു.

'' തിരുപ്പൂരില്‍ നിന്ന് കൊണ്ടു വരുന്നതാണ് , സാര്‍ . പീടികയില്‍ ഇതിന്ന് ഇരട്ടി വില വാങ്ങും '' അയാള്‍ പറഞ്ഞു.

'' ശരി. നാളെ വാങ്ങാം '' ഞാന്‍ പറഞ്ഞു '' ഇന്ന് പൈസ എടുത്തിട്ടില്ല ''.

'' അതിനെന്താ സാറേ. നാളെ തന്നാല്‍ മതി ''. പത്ത് ബനിയനുകള്‍ അയാള്‍ പൊതിയാന്‍ തുടങ്ങി.

'' വേണ്ടാ. കടം തരാന്‍ നിങ്ങള്‍ക്ക് എന്നെ പരിചയം ഇല്ലല്ലോ '' ഞാന്‍ വിലക്കി.

'' അതൊന്നും സാരമില്ല '' അയാള്‍ പൊതി എന്നെ ഏല്‍പ്പിച്ചു '' നൂറി എഴുപത്തിയഞ്ച് ഉറുപ്പികയാണ്. സാറ് നൂറ്റമ്പത് തന്നാല്‍ മതി ''.

മനമില്ലാ മനസ്സോടെ ഞാന്‍ പൊതിയും വാങ്ങി നടന്നു.

പിറ്റേന്ന് നൂറ്റമ്പത് രൂപയുമായി ഞാന്‍ ഉച്ചയ്ക്ക് ചെന്നു. പക്ഷെ അയാള്‍ സ്ഥലത്തില്ല. ഞാന്‍ തൊട്ടടുത്ത് ഫ്രൂട്ട്‌സ് വില്‍ക്കുന്ന ഉന്തുവണ്ടിക്കാരനോട് അയാളെ അന്വേഷിച്ചു.

'' ഇന്ന് കണ്ടില്ല '' എന്ന മറുപടി കേട്ടതോടെ എനിക്ക് വിഷമം തോന്നി. വെറുതെ അയാളോട് കടം വാങ്ങാന്‍ പോയി.

തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും അയാള്‍ ഇല്ല. എന്താണ് വേണ്ടത് എന്നറിയാതെ ഒരു മനപ്രയാസം ഉണ്ടായി തുടങ്ങി.

അടുത്ത തിങ്കളാഴ്ചയാണ് പിന്നീട് അയാളെ കാണുന്നത്.

'' നാല് ദിവസവും ഞാന്‍ പൈസയുമായി വന്നിരുന്നു '' പണം ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'' ക്ഷമിക്കണം സാറേ. എനിക്ക് അത്യാവശ്യമായിട്ട് നാട്ടില്‍ പോണ്ടി വന്നു '' അയാള്‍ കാരണം വ്യക്തമാക്കി.

'' വീട് എവിടെയാണ് '' ഞാന്‍ ചോദിച്ചു.

'' കുറച്ച് പടിഞ്ഞാറാ. പട്ടാമ്പീന്ന് പിന്നേം പോണം ''.

ക്രമേണ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം ഉണ്ടായി. അയാളോട് സംസാരിക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ റോഡിന്‍റെ എതിര്‍വശത്ത് കൂടി നടക്കാന്‍ തുടങ്ങി. എന്നെ കാണുമ്പോള്‍ '' സാറേ, സുഖം അല്ലേ '' എന്ന് അയാള്‍ കുശലാന്വേഷണം നടത്തും.

'' നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം എന്ത് വിശ്വാസത്തിലാണ് നിങ്ങള്‍ എനിക്ക് കടം തന്നത് '' ഒരു ദിവസം ഞാന്‍ അയാളോട് ചോദിച്ചു.

'' മനുഷ്യര് തമ്മില് അന്യോന്യം ഒരു വിശ്വാസം ഇല്ലെങ്കില്‍ ഈ ലോകം ഉണ്ടോ സാറേ '' അയാള്‍ പറഞ്ഞു '' പിന്നെ, എന്‍റെ നൂറ്റമ്പത് ഉറുപ്പിക പറ്റിച്ചിട്ട് കഴിഞ്ഞു കൂടണ്ട ആളല്ല സാറ് എന്ന് ഒറ്റ നോട്ടത്തില്‍ അറിയില്ലേ ''.

അയാളുടെ തത്വശാസ്ത്രം എനിക്ക് ഇഷ്ടപ്പെട്ടു. മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം ഇല്ലാതായാല്‍ ഈ ലോകം ഇപ്പോഴത്തെ നിലയില്‍ ആവില്ല.

വേനല്‍ക്കാലം കഴിഞ്ഞ് എത്തിയ മഴക്കാലവും കടന്നു പോയി. പലപ്പോഴും അയാള്‍ വേറുതെ ഇരിക്കുന്നത് കാണാം.

'' ഈ കച്ചവടം കൊണ്ട് കഴിഞ്ഞു കൂടാന്‍ വല്ലതും കിട്ടാറുണ്ടോ '' ഒരു ദിവസം ഞാന്‍ ചോദിച്ചു.

'' ഞങ്ങളെപ്പോലെ ഉള്ളോര്‍ക്ക് എന്തെങ്കിലും കിട്ടുന്നതന്നെ വലിയ ഭാഗ്യം അല്ലേ സാര്‍. ആരേയും ഉപദ്രവിക്കാതെ ഇങ്ങിനെ പോണം എന്നെ പടച്ചോനോട് പറയാറുള്ളു ''.

നോമ്പ് കാലം ഏതാണ്ട് അവസാനിക്കാറായി.

'' ഇക്കുറി പെരുനാളിന്ന് പോയാല് പിന്നെ ഒരു ട്രിപ്പേ ഞാന്‍ ഇങ്ങിട്ട് വരൂ '' അയാള്‍ ഒരു ദിവസം പറഞ്ഞു.

'' അതെന്താ '' ഞാന്‍ അന്വേഷിച്ചു.

'' നാട്ടില് തന്നെ കൂടണം എന്ന് വിചാരിക്കുന്നു. കുറച്ചും കൂടി ജവുളി വാങ്ങി ഒരു സൈക്കിളില്‍ കൊണ്ടു നടന്ന് വില്‍ക്കണം ''.

'' അപ്പോള്‍ ബിസിനസ്സ് നന്നാക്കാനുള്ള ഒരുക്കത്തിലാണ് ''.

'' അതല്ല സാറേ, ഉമ്മാക്ക് വയസ്സായി. എന്‍റെ മൂന്ന് മക്കളെ നോക്കാന്‍ ആള് വേണ്ടേ''.

'' അപ്പോള്‍ ഭാര്യ ''.

'' പടച്ചോന്‍ നേരത്തെ കൂട്ടിക്കൊണ്ടു പോയി ''.

എന്‍റെ മനസ്സിനുള്ളല്‍ ഒരു നടുക്കം തോന്നി.

പെരുനാള്‍ കഴിഞ്ഞതിന്ന് ശേഷം ഒരു ദിവസം അയാളെ വീണ്ടും കണ്ടു.

'' ഞാന്‍ സാറിനെ കാത്ത് ഇരിക്ക്യാണ് '' അയാള്‍ പറഞ്ഞു '' ഇന്ന് വൈകുന്നേരം ഞാന്‍ പോവും ''.

'' എവിടെ പോയാലും സന്തോഷമായി ഇരിക്കട്ടെ '' എന്‍റെ ശബ്ദം ഇടറിയിരുന്നു.

'' സാറ് ഒരു മിനുട്ട് എനിക്കും വേണ്ടി നില്‍ക്കണം '' അയാള്‍ കുറച്ചകലത്തുള്ള ഉന്തുവണ്ടിയില്‍ നിന്നും ഒരു ഗ്ലാസ്സ് ചായയും പത്രക്കടലാസിന്‍റെ കീറില്‍ ഒരു പഴംപൊരിയുമായി വന്നു.

'' സാറ് ഇത് കഴിക്കണം. ഇതേ ഇപ്പൊ തരാനുള്ളു '' അയാള്‍ അവ എനിക്ക് നേരെ നീട്ടി.

സാവധാനം ഞാന്‍ അത് കഴിച്ചു.

'' ഇനി എപ്പഴാ നമ്മള്‍ തമ്മില്‍ കാണുക '' ഞാന്‍ ചോദിച്ചു.

'' ഭൂമി ഉരുണ്ടതല്ലേ സാറെ. എവിടേങ്കിലും വെച്ച് കാണും ''.

ഞാന്‍ സാവധാനം നടന്നു. പെട്രോള്‍ പമ്പ് കടന്ന് വലത്തോട്ട് തിരിയുന്നതിന്ന് മുമ്പ് ഞാന്‍ തിരിഞ്ഞു നോക്കി. അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു.

'' എല്ലാവര്‍ക്കും എന്‍റെ പെരുനാളാശംസകള്‍ ''.
26 comments:

പഥികൻ said...

" മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം ഇല്ലാതായാല്‍ ഈ ലോകം ഇപ്പോഴത്തെ നിലയില്‍ ആവില്ല. "

Nice theory !

Odiyan/ഒടിയന്‍ said...

ഭൂമി ഉരുണ്ടു തന്നെ ഇരിക്കുന്നിടത്തോളം കാലം പ്രതീക്ഷക്കു വകയുണ്ട്...കണ്ട് മുട്ടിയേക്കാം..

കലി (veejyots) said...

'' മനുഷ്യര് തമ്മില് അന്യോന്യം ഒരു വിശ്വാസം ഇല്ലെങ്കില്‍ ഈ ലോകം ഉണ്ടോ സാറേ '' അയാള്‍ പറഞ്ഞു '' പിന്നെ, എന്‍റെ നൂറ്റമ്പത് ഉറുപ്പിക പറ്റിച്ചിട്ട് കഴിഞ്ഞു കൂടണ്ട ആളല്ല സാറ് എന്ന് ഒറ്റ നോട്ടത്തില്‍ അറിയില്ലേ ''.

atma prashamsa ano.....chinthikkan vaka nalkunna post tks a lot

keraladasanunni said...

പഥികന്‍ ,
പരസ്പര വിശ്വാസവും സ്നേഹവും ഇല്ലെങ്കില്‍ 
സമാധാനപരമായ ജീവിതം ഉണ്ടാവില്ല.

Odiyan / ഒടിയന്‍,
അതെ. എന്നെങ്കിലും കണ്ടുമുട്ടിയേക്കും.

കലി (veejyots),

ഒട്ടും ആത്മപ്രശംസ അല്ല. ഞാന്‍ കണ്ട ആ മനുഷ്യന്‍റെ വലിയ മനസ്ഥിതിയാണ് ആ വാക്കുകളില്‍.

' എന്നെക്കാണുന്ന ഞാന്‍ 'എന്ന ഈ ബ്ലോഗില്‍ എന്‍റെ ജീവിതത്തിലുണ്ടായ കൊച്ചു കൊച്ചു കാര്യങ്ങള്‍ ( മോശമായത് ഒഴിവാക്കി )
യഥാതഥാ അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളത് .

Kattil Abdul Nissar said...

ബഷീര്‍ പറഞ്ഞ ഒരു കഥയിലും ഇത്തരം ഉയര്‍ന്ന മാനുഷികത ദൃശ്യമാകുന്നുണ്ട്. വായന കൊണ്ട് എന്തെങ്കിലും ഒരു ചലനം മനസ്സില്‍ ഉണ്ടാവണം .എന്നാലേ അതിനു അര്‍ഥം ഉണ്ടാവൂ.

keraladasanunni said...

Kattil Abdul Nissar ,

നമ്മള്‍ കണ്ടെത്തുന്ന നന്മകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാനായാലേ എഴുത്തിന്ന് അര്‍ത്ഥമുണ്ടാവുകയുള്ളു.

രാജഗോപാൽ said...

"വിശ്വാസം അതല്ലേ എല്ലാം" ഈ അടുത്ത കാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു പരസ്യവാചകമാണിത്. അതാണു ശരി.

ശ്രീനാഥന്‍ said...

സുഹൃത്തിന്റെ സ്മരണ ചെറുതെങ്കിലും ഹൃദയസ്പർശിയായി. ടി എൻ വി ആറിൽ ഞാനും പോകാറുണ്ട്. പാലക്കാട്ടെ ഏറ്റവും നല്ല വെജിറ്റേറിയൻ റെസ്റ്റോറെന്റാണത്.

Sukanya said...

പരസ്പര വിശ്വാസത്തിന് മങ്ങലേറ്റു തുടങ്ങിയ കാലത്ത്‌ ഇങ്ങനെ ഒന്നുകണ്ടതില്‍ സന്തോഷം. ഞങ്ങളും പോവാറുണ്ട് TNVR-ഇല്‍. പക്ഷെ വൈകുന്നേരം ആണ് പോവുക.

keraladasanunni said...

രാജഗോപാല്‍ ,

അതെ. സ്വര്‍ണ്ണത്തിന്‍റെ പരസ്യം.

ശ്രീനാഥന്‍,

വളരെ നന്ദി. പാലക്കാട്ടെ നല്ല സസ്യഭക്ഷണശാലകളില്‍ ഒന്നാണ്- അത്.

Sukanya,

സമൂഹത്തിന്‍റെ താഴേ തട്ടില്‍ എത്രയോ നല്ലവരുണ്ട്. ആരും അവരെ കാണുന്നില്ല.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ചില മനുഷ്യർ മനസ്സിൽ അങ്ങിനെ നിൽക്കും..

keraladasanunni said...

ആയിരത്തില്‍ ഒരുവന്‍ ,
ശരിയാണ്. ചിലര്‍ മനസ്സില്‍ നിന്ന് മായില്ല.

ajikalathera said...

ഇതുപോലുള്ള ആള്‍ക്കാര്‍ ഇപ്പൊ നമ്മുടെ നാട്ടില്‍ ഉണ്ട് ? വിശ്വസിക്കാന്‍ പറ്റണില്ല ......നന്നായിട്ടുണ്ട്.

keraladasanunni said...

ajikalathera,

ഉണ്ട്. അവരെ തിരിച്ചറിയാറില്ല എന്നു മാത്രം.

Nayam said...

Nalla ezhuthu...Sparshichu.....

keraladasanunni said...

Nayam ,

വളരെ നന്ദി.

kochumol(കുങ്കുമം) said...

പരസ്പര വിശ്വാസവും സ്നേഹവും ഇല്ലെങ്കില്‍
സമാധാനപരമായ ജീവിതം ഉണ്ടാവില്ല..............വിശ്വാസം അതല്ലേ എല്ലാം ..........

keraladasanunni said...

kochumol( കുങ്കുമം ) ,
വിശ്വാസം തന്നെ എല്ലാം 

jyo said...

ഇത്തരം നന്മ നിറഞ്ഞവര്‍ ഇന്ന് ചുരുക്കമാണ്-

ajith said...

നന്മ നിറഞ്ഞ എഴുത്ത്...നന്മ നിറഞ്ഞ മനുഷ്യര്‍

keraladasanunni said...

ajith ,
എപ്പോഴും നല്ലതിനെ മാത്രം ശ്രദ്ധിക്കുകയും അല്ലാത്തവയെ അവഗണിക്കുകയുമാണ് പതിവ്.

അനീഷ്‌ പുതുവലില്‍ said...

തീര്‍ച്ചയായും ഇങ്ങനെ ഉള്ളവരെ കണ്ടുമുട്ടുക തന്നെ ചെയ്യും ..

ശങ്കരനാരായണന്‍ മലപ്പുറം said...

സങ്കടവും അതോടൊപ്പം സന്തോഷവും ഉണ്ടാക്കി!

keraladasanunni said...

jyo,
നന്മയുടെ സൌരഭ്യം പരക്കട്ടെ അല്ലേ.

അനീഷ് പുതുവലില്,
അതെ കണ്ടു മുട്ടുക തന്നെ ചെയ്യും.

ശങ്കരനാരായണന്‍, മലപ്പുറം,
സങ്കടവും സന്തോഷവും കോര്‍ത്തിണക്കിയതല്ലേ ജീവിതം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നന്മയുടെ ഒരു മങ്ങാത്ത ഓർമ്മ..!

keraladasanunni said...

മുരളി മുകുന്ദന്‍, ബിലാത്തിപട്ടണം,

കഴിഞ്ഞ കാലത്തിന്‍റെ ബാക്കിപത്രത്തില്‍ 
ആസ്തികളായി ഇത്തരം അനുഭവങ്ങളേയുള്ളു.