Tuesday, August 16, 2011

രക്തസാക്ഷി ദിനവും ഒരു ശിക്ഷയും.

വര്‍ണ്ണശബളമായ പ്രൈമറി വിദ്യാഭ്യാസമായിരുന്നില്ല എന്‍റേത്. ഒരു പക്ഷെ ആ കാലഘട്ടത്തിലെ ഒട്ടു മിക്ക കുട്ടികളുടേയും അവസ്ഥ അതായിരുന്നു. അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കിട്ടുന്ന രണ്ടോ മൂന്നോ ജോഡി ഉടുപ്പുകള്‍, കാക്കിസ്സഞ്ചിക്കകത്ത് വെക്കാനൊരു സ്ലേറ്റും , മലയാളം പാഠാവലിയും. ചിലപ്പോള്‍ ഒരു നാല്‍പ്പതാം പേജ് നോട്ട് പുസ്തകവും, കടലാസ്സ് പെന്‍സിലും കൂടി കാണും. കഴിഞ്ഞു പഠനവുമായി ബന്ധപ്പെട്ട ചിലവുകള്‍.

പഴയ റെയില്‍വെ സ്റ്റേഷന്ന് മുമ്പിലുള്ള ജൂനിയര്‍ ബേസിക്ക് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. റെയില്‍വെ സ്റ്റേഷന്നും സ്കൂളിന്നും ഇടയില്‍ പഴയ പാലക്കാട്- ഷൊര്‍ണ്ണൂര്‍ റോഡ് ( റെയില്‍വെ സ്റ്റേഷന്‍ പിന്നീട് കിഴക്കോട്ടേക്ക് മാറ്റി, അതോടൊപ്പം റോഡും പുതുതായി നിര്‍മ്മിച്ചു ). സ്കൂളിന്ന് കിഴക്കു ഭാഗത്ത് ഇടവഴി. വടക്കും , പടിഞ്ഞാറും ഭാഗങ്ങള്‍ ജാനകി വിലാസ്‌കാരുടെ വീടും മുറ്റവും. ബാല്യ കാല സ്മരണകള്‍ ആ ഇടുങ്ങിയ പരിസരത്ത് ഒതുങ്ങി കൂടുന്നു.

അദ്ധ്യാപകര്‍ക്ക് പുറമെ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് മാത്രമേ ശീലക്കുട ഉണ്ടായിരുന്നുള്ളു. മറ്റെല്ലാവര്‍ക്കും പട്ടക്കുടയാണ്. പനയോലകൊണ്ട് ഉണ്ടാക്കിയ കുടകള്‍ക്ക് മുളങ്കാലാണ്. മിക്കവരും പാതയോരത്തുള്ള വീപ്പക്കുറ്റിയില്‍ നിന്ന് ഉരുകിയൊലിച്ച ടാര്‍ വീട്ടില്‍ കൊണ്ടുപോയി കുടയുടേ മുകളില്‍ അടിക്കും. എത്ര കനത്ത മഴയാണെങ്കിലും പട്ട കുട പിടിച്ചാല്‍ ഒട്ടും നനയില്ല. ഒരേയൊരു പോരായ്മ സൂക്ഷിച്ചു വെക്കാനുള്ള പ്രയാസമാണ്. സ്കൂളിന്ന് മുന്നിലായി മതില്‍ക്കെട്ടിനകത്ത് കുറച്ച് സ്ഥലമുണ്ട്. എല്ലാവരും കുടകള്‍ അവിടെ വെക്കും. മാറി പോവാതിരിക്കാന്‍ കുടയില്‍ ചിലരൊക്കെ പേര് എഴുതും. കുടക്കാലിലും , തട്ടിലും ചുവപ്പും പച്ചയും ചായം തേച്ച് ഭംഗിയാക്കുന്നവരും ഉണ്ട്.

ഒഴിവു നേരത്ത് പെണ്‍കുട്ടികള്‍ കൊത്താങ്കല്ല് കളിക്കും. കുറെ പേര്‍ പുറകിലെ മുറ്റത്ത് ചില്ലിട്ട് കളിയില്‍ ഏര്‍പ്പെടും. പുറകിലെ പ്ലാവിന്‍ ചോട്ടില്‍ കയര്‍ ചാട്ടവുമായി കുറച്ചു പേര്‍ കൂടും . ഗോട്ടികളി, അണ്ടികളി എന്നിവയാണ് ആണ്‍കുട്ടികളുടെ കളികള്‍. കിഴക്കു വശത്തെ ഇടവഴിയുടെ ഓരത്താണ് ആണ്‍കുട്ടികള്‍ മൂത്രം ഒഴിക്കാറ്. അവിടെ തന്നെയാണ് അണ്ടികളിയും. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ചില ആണ്‍കുട്ടികള്‍ ജാനകി വിലാസ്കാരുടെ മുന്‍വശത്ത് പന്ത് കളിക്കും. കവറിട്ട പന്ത് എന്നു വിളിക്കുന്ന ടെന്നിസ് ബോളാണ് കളിക്കാന്‍ ഉപയോഗിക്കുക.

പഴുക്ക പ്ലാവില പെറുക്കിയെടുത്ത് ഞെട്ടി ഇലയുടെ നടുവിലൂടെ തുളച്ചു കയറ്റി കളിപ്പാട്ടം ഉണ്ടാക്കും. അത് ആനയാണ്. വേലിയോരത്ത് ഉണ്ടാവുന്ന കൊട്ടയുടെ കായ പൊട്ടിച്ച് ഒരു ഈര്‍ക്കിലക്കോലിന്‍റെ രണ്ടറ്റവും അതില്‍ തുളച്ച് കയറ്റും. അര്‍ദ്ധവൃത്താകൃതിയിലുള്ള ആ ഈര്‍ക്കിളിന്ന് നടുവിലായി വേറൊരു ഈര്‍ക്കില്‍ കുത്തി നിര്‍ത്തും. അവയ്ക്കിടയിലൂടെ രണ്ട് ഈര്‍ക്കില്‍ കൊള്ളികള്‍ കടത്തി തിരിച്ചാല്‍ തുന്നല്‍ മിഷ്യന്‍റെ ശബ്ദം ഉണ്ടാവും. ആ കളിപ്പാട്ടങ്ങളുമായി ചിലര്‍ ഒഴിവുനേരം ആഘോഷിക്കും.

ആ കാലത്ത് കാറ് വളരെ കുറവായിരുന്നു. തീവണ്ടി പോവുന്ന നേരത്ത് ഗെയിറ്റ് അടയ്ക്കും. ആ സമയത്ത് ഏതെങ്കിലും കാറ് വന്നു നിന്നാല്‍ കുട്ടികള്‍ അത് കാണാന്‍ ഓടും.

വലിയ രണ്ട് ഫ്ലാസ്കുകളില്‍ ഐസ് ഫ്രൂട്ടുമായി ഒരള്‍ സ്കൂളിന്ന് മുന്നില്‍ റോഡോരത്ത് വന്നിരിക്കും. അതുപോലെ ഒരു കമ്പില്‍ ചുവപ്പും വെളുപ്പം കലര്‍ന്ന ലാലിമുട്ടായിയുമായി വേറൊരാളും. ഒരു കാലില്‍ ചിലങ്ക കെട്ടിയ അയാള്‍ മുട്ടായി കൊടുക്കുന്ന നേരം ഡാന്‍സ് ചെയ്യും. കമ്പില്‍ നിന്ന് മിട്ടായി വലിച്ചൂരി വാച്ചിന്‍റെ രൂപത്തില്‍ കുട്ടികളുടെ കയ്യില്‍ കെട്ടി കൊടുക്കുകയാണ് ചെയ്യാറ്. കയ്യില്‍ പറ്റിപ്പിടിക്കുന്ന മുട്ടായി അയാള്‍ ഇടയ്ക്കിടയ്ക്ക് നക്കും. തൊട്ടടുത്ത മലയാ സ്റ്റോറില്‍ നിന്ന് പൊട്ടു കടലയും ശര്‍ക്കരയും വാങ്ങി തിന്നുന്നവരും ഉണ്ട്.

നാരായണന്‍ മാഷാണ് ഹെഡ്മാസ്റ്റര്‍. അദ്ദേഹത്തിന്‍റെ ക്ലാസ്സില്‍ മാത്രം ഒരു പ്ലാറ്റ്ഫോമുണ്ട്, അതിലാണ് ഹെഡ്മാസ്റ്ററുടെ പൂട്ടാവുന്ന മേശയും, അലമാറയും, കസേലയും. സ്കൂള്‍ പാര്‍ലിമെണ്ട് കൂടുമ്പോള്‍ ആ മേശയ്ക്ക് മുമ്പില്‍ ഒരു സ്റ്റൂളിട്ട് സ്പീക്കറെ ഇരുത്തും. മറ്റെല്ലാവര്‍ക്കും മുമ്പില്‍ അങ്ങിനെ ഇരിക്കാന്‍ ഒരു ഗമയാണ്. ഞാന്‍ പല തവണ സ്പീക്കര്‍ ആയിട്ടുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നാണ് ഇരിക്കാറ്. എന്‍റെ അടുത്ത് ഇരുന്നിരുന്നത് വെളുത്ത് തടിച്ച ഒരു പെണ്‍കുട്ടി ( പേര് ഓര്‍മ്മ വരുന്നില്ല ) ആയിരുന്നു. ആ കുട്ടി ഒരു ചെറിയ കുപ്പിയില്‍ സെന്‍റ് കൊണ്ടുവരാറുണ്ട്.

'' കണക്ക് ചെയ്തത് എനിക്ക് കാണിച്ചു തന്നാല്‍ കുട്ടിടെ കുപ്പയത്തില്‍ ഞാന്‍ സെന്‍റ് തേക്കാം '' എന്ന് ആ കുട്ടി പറയും. കണക്ക് തെറ്റിച്ച് തല്ല് കിട്ടാതിരിക്കാനാണ്. മിക്ക ദിവസങ്ങളിലും എന്‍റെ ഷര്‍ട്ട് സെന്‍റ് മണം ഉള്ളതാവും.

ആ കുട്ടിയുടേ അച്ഛന്‍ ആഴ്ചതോറും ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് വരും. അപ്പോഴൊക്കെ അവള്‍ക്ക് തിന്നാന്‍ മിഠായി കൊണ്ടു വരും.

'' കുട്ടി എന്നെ ചേച്ചീന്ന് വിളിച്ചാല്‍ ഞാന്‍ കുട്ടിക്ക് മിഠായി തരാം '' അവള്‍ പറയും. മിഠായിയുടെ മധുരം നാവില്‍ നിന്ന് മാറും മുമ്പ് ഞാന്‍ വീണ്ടും '' കുട്ടി '' എന്ന് വിളിച്ചിരിക്കും

പഠിക്കാതെ ചെന്നാല്‍ അടി ഉറപ്പാണ്. അതുകൊണ്ട് കേട്ടെഴുത്തും കണക്കും തെറ്റിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കും. ഉറക്കെ ശബ്ദം ഉണ്ടാക്കുകയോ, വികൃതി കാട്ടുകയോ ചെയ്താല്‍ ശിക്ഷ കുറച്ചു കൂടി കഠിനമാണ്. ഹെഡ്മാസ്റ്ററാണ് അതിനുള്ള ശിക്ഷ നടപ്പാക്കുക. ട്രൌസര്‍ മുകളിലേക്ക് പൊക്കും. ചന്തിക്ക് തൊട്ടു താഴെ നാല് പെട. ഒറ്റ നോട്ടത്തില്‍ തല്ലിയതിന്‍റെ അടയാളം പുറമെ കാണാതിരിക്കാനും , ബെഞ്ചില്‍ ഇരിക്കുമ്പോള്‍ വേദനിക്കാനും ആണ് അങ്ങിനെ ചെയ്തിരുന്നത്. പെണ്‍കുട്ടികള്‍ക്ക് ഇളവൊന്നും ലഭിച്ചിരുന്നില്ല. അവരുടെ പാവാട മേലോട്ട് പൊക്കി ഇതേ പോലെ അടിക്കും. ഇതൊക്കെയാണെങ്കിലും അദ്ധ്യാപകര്‍ക്ക് കുട്ടികളോട് വളരെ സ്നേഹമായിരുന്നു. ഒരിക്കല്‍ ക്ലാസ്സില്‍ തല ചുറ്റി വീണ ഒരു കുട്ടിയെ രണ്ടു കയ്യിലും കൂടി കോരി എടുത്ത് ഹെഡ്മാസ്റ്റര്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോവുകയുണ്ടായി.

ഒരു രക്തസാക്ഷി ദിനത്തില്‍ നടപ്പാക്കിയ ശിക്ഷ മറന്നിട്ടില്ല. അന്ന് രാവിലത്തെ അസംബ്ലിയില്‍ ആ ദിനത്തിന്‍റെ പ്രാധാന്യവും , രക്തസാക്ഷികളോടുള്ള ആദര സൂചകമായി ബെല്ലടിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്ന് മൌനം ആചരിക്കണമെന്നും , ആരും ശബ്ദം ഉണ്ടാക്കരുതെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

'' ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍ സര്‍വ്വ എണ്ണത്തിനേയും പെടച്ച് നീളം വലിക്കും '' അദ്ദേഹം മുന്നറിയിപ്പ് തന്നു.

ബെല്ലടിച്ചതും എല്ലാവരും എഴുന്നേറ്റു നിന്നു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയെ ഭഞ്ജിച്ച് എവിടെ നിന്നോ ഒരു ചിരി പൊട്ടി. സെക്കന്‍ഡുകള്‍ക്കകം അത് പടര്‍ന്നു പിടിച്ചു. ഒടുവില്‍ അതൊരു കൂട്ടച്ചിരിയായി മാറി. മൌനാചരണം അവസാനിച്ച നിമിഷം നാരായണന്‍ മാസ്റ്റര്‍ ചൂരലെടുത്തു. ഗോവിന്ദന്‍കുട്ടി മാഷാണ് മൂന്നാം ക്ലാസ്സ് വരെയുള്ളവര്‍ക്ക് ശിക്ഷ നല്‍കിയത്. രണ്ടു കയ്യിലും ഈരണ്ടടി വീതം വാങ്ങി കുട്ടികള്‍ കരച്ചില്‍ ആരംഭിച്ചു.

പതിവ് രീതിയിലാണ് നാരായണന്‍ മാസ്റ്റര്‍ ശിക്ഷ നടപ്പാക്കിയത്. അഞ്ചാം ക്ലാസ്സുകാരുടേതാണ് ആദ്യത്തെ ഊഴം. പുറകില്‍ നിന്ന് ഒരോരുത്തരായി എഴുന്നേറ്റു ചെന്ന് ശിക്ഷ വാങ്ങി പോന്നു. തൊട്ടടുത്ത ക്ലാസിലുള്ള ഞങ്ങള്‍ തല്ലുന്നതും നോക്കി പേടിച്ചിരിക്കുകയാണ്. അപ്പോഴാണ് അതുണ്ടായത്. സ്കൂളിലെ ഏറ്റവും വലിയ പെണ്‍കുട്ടി മടിച്ചു മടിച്ചാണ് എഴുന്നേറ്റ് ചെന്നത്. എണ്ണക്കറുപ്പ് നിറത്തിലുള്ള അവളുടെ നെറ്റിയില്‍ ഒരു മുറിപ്പാടുണ്ട്. കളിക്കുമ്പോഴെല്ലാം ഉറക്കെയാണ് അവള്‍ വര്‍ത്തമാനം പറയാറ്. നാരായണന്‍ മാസ്റ്റര്‍ അവളുടെ പാവാട പൊക്കിയതും ഒന്ന് സ്തംഭിച്ചു. അവള്‍ അടി വസ്ത്രം ധരിച്ചിരുന്നില്ല.

'' പൊയ്ക്കോ '' ഹെഡ് മാസ്റ്റര്‍ അവളോട് പറഞ്ഞിട്ട് ചൂരല്‍ മേശപ്പുറത്ത് ഇട്ടു. അതോടെ അന്നത്തെ ശിക്ഷ നിന്നു. അടി കിട്ടുന്നതില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ആര്‍ക്കും സന്തോഷം തോന്നിയില്ല. തിരിച്ച് ബെഞ്ചില്‍ ചെന്നിരുന്ന അവള്‍ തേങ്ങി കരയുന്നതും നോക്കി എല്ലാവരും ഇരുന്നു. ഉച്ചയ്ക്ക് വീട്ടിലേക്ക് പോയ അവള്‍ പിന്നെ സ്കൂളില്‍ വന്നില്ല.

ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം എന്തോ സാധനം വാങ്ങാന്‍ മലയാ സ്റ്റോറിലേക്ക് ഞാന്‍ ചെന്നതാണ്. സ്കൂളിന്ന് തൊട്ടടുത്തുള്ള ഇടവഴിയിലൂടെ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന ദമ്പതികള്‍ക്ക് പുറകില്‍ തലയില്‍ ഒരു വലിയ പെട്ടിയുമായി ഒരു സ്ത്രി വരുന്നു. നെറ്റിയില്‍ ആ മുറിപ്പാടുണ്ട്. അത് അവളായിരുന്നു. വെള്ള മുണ്ടും, ജാക്കറ്റുമാണ് വേഷം. തോളില്‍ ഒരു തോര്‍ത്ത് മടക്കിയിട്ടിട്ടുണ്ട്. കഴുത്തില്‍ ഒരു കറുപ്പ് ചരട്. പാലമരത്തിന്‍റെ ചുവട്ടിലൂടെ നടന്ന് പാളം കടന്ന് അവള്‍ പ്ലാറ്റ്ഫോമില്‍ പെട്ടി ഇറക്കി വെച്ചു.

വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. ഓഫീസില്‍ നിന്ന് വരുന്ന വഴി സിഗററ്റ് വാങ്ങാന്‍ ഞാന്‍ പീടികയില്‍ കയറിയതാണ്. സാധനം വാങ്ങാന്‍ കുറച്ചു പേരുണ്ട്. തോളിലിരിക്കുന്ന കുട്ടിക്ക് കൊടുക്കാന്‍ മിഠായി ചോദിച്ചും കൊണ്ട് ഒരു സ്ത്രീ ധൃതി കൂട്ടുന്നു.

'' ഒന്ന് അടങ്ങിയിരിക്കിന്‍ തള്ളേ '' പീടികക്കാരന്‍ പറഞ്ഞു '' എനിക്ക് രണ്ട് കയ്യേ ഉള്ളു ''.

'' വേഗം കൊണ്ടാ, ഈ ചെക്കന്‍ വാശി പീടിക്കാന്‍ തുടങ്ങിയാല്‍ എന്നെക്കൊണ്ട് ആവില്ല '' കുറച്ചു നേരം നിന്നിട്ട് ആ സ്ത്രീ പീടികക്കാരനോട് പറഞ്ഞു '' മകളുടെ കുട്ടിയാണ്. ഇന്നലെ വിരുന്ന് വന്നതാ ''

കുട്ടിയുടെ കവിളില്‍ തലോടി അതിനോട് എന്തോ പറഞ്ഞ് അവര്‍ ചിരിച്ചു. ഞാന്‍ ആ സ്ത്രീയെ ഒന്നു നോക്കി. അവളുടെ നെറ്റിയിലെ മുറിപ്പാട് ഞാന്‍ കണ്ടു. എനിക്ക് ആളെ മനസ്സിലായി. മുന്‍വശത്തെ രണ്ട് പല്ലുകളും , പഴയ തടിയും ആരോഗ്യവും എങ്ങോ പോയി മറഞ്ഞിട്ടുണ്ട്. മൂപ്പെത്തും മുമ്പ് കയറി വന്ന വാര്‍ദ്ധക്യം തകര്‍ത്ത ശരീരത്തിലെ മുടി മാത്രം നരച്ചിട്ടില്ല.

വായിലെ മുറുക്കാന്‍ റോഡിലേക്ക് നീട്ടിത്തുപ്പി, മിഠായിക്കായി അവള്‍ കാത്തു നിന്നു.

19 comments:

കലി said...

NALLA AVATHARANAM .. ALPAM VISHAM THONNI

.. CONGRATS

വീകെ said...

ഇന്നും അതൊന്നും മറക്കാറായിട്ടില്ലാല്ലെ...!
ആശംസകൾ...

ajith said...

ഈ ഓര്‍മ്മകള്‍ ഇങ്ങിനെ റീവൈന്‍ഡ് ചെയ്ത് കാണുന്നതൊരു സുഖമാണല്ലേ. ഞങ്ങള്‍ക്ക് വായിക്കാനും സുഖം

ശ്രീനാഥന്‍ said...

നന്നായി ഈ ബാല്യസ്മരണ

Sukanya said...

വായിച്ചപ്പോള്‍ എല്ലാം പരിചിതം എന്നപോലെ. നന്നായി പറഞ്ഞു.

രാജഗോപാൽ said...

കുറച്ചു നേരത്തേയ്ക്ക് പതിറ്റാണ്ടുകൾക്കപ്പുറത്തെ ആ ബാല്യ കാലത്തെത്തിയത് പോലെ.

keraladasanunni said...

കലി ( veejyots ),
ചില ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തുന്നവയാണ്.

വി. കെ,
ഇടയ്ക്ക് ഓര്‍മ്മ പുതുക്കാന്‍ ഓരോ കണ്ടു മുട്ടലുകള്‍.

ajith,
ഓര്‍മ്മിക്കാന്‍ ഉള്ള അനുഭവങ്ങളല്ലേ ഒരു വ്യക്തിയുടെ ശരിക്കുള്ള സ്വത്ത്.

ശ്രീനാഥന്‍ ,
വളരെ നന്ദി.

Sukanya,
കഥാപാത്രങ്ങളും ചുറ്റുപാടുകളും ഉള്‍ക്കൊള്ളാന്‍ 
കഴിയുന്നതുകൊണ്ടാണ് പരിചിതമായി തോന്നുന്നത്.

രാജഗോപാല്‍ ,
ഇനി മടങ്ങി വരാത്ത കാലം 

ഒടിയന്‍/Odiyan said...

എത്ര വര്‍ഷം മുന്‍പത്തെ ഓര്‍മ്മകള്‍..എങ്ങനെ ഒര്‍തെടുക്കാനാവുന്നു ..എന്തായാലും ഫ്രീ ആയിട്ട് കുറെ സെന്റു അടിക്കാന്‍ കിട്ടിയില്ലേ..വളരെ നന്നായിട്ടുണ്ട്..

jyo.mds said...

nannaayi ezhuthiyirikkunnu-touching.

keraladasanunni said...

odiyan / ഒടിയന്‍ ,

മനസ്സിന്‍റെ അടിത്തട്ടില്‍ ഇടം പിടിച്ച ഒട്ടേറെ ഓര്‍മ്മകളുണ്ട്. അതില്‍ നിന്നും ഓരോന്ന് എടുത്ത് എഴുതുകയാണ്.

jyo,

വളരെ നന്ദി.

പഥികൻ said...

നല്ല സുഖം, ഓർമകളിലൂടെയുള്ള ഈ ഊളിയിടലിന്‌

keraladasanunni said...

പഥികന്‍,

സന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും വളരെ നന്ദി.

Shruthi said...

Tharakkedilla....
Onnu koodi adukki perukkamaaayirunnu. Avasanathodaduthappolaanu oru order veche....
:)

keraladasanunni said...

Nayam

വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് വളരെ നന്ദി.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഉണിച്ചേട്ടാ, അത്രവലിയ ദുരന്തമൊന്നും ഈ ഓര്‍മ്മകളില്‍ ഇല്ല. പക്ഷെ, വായിച്ചുതീരുമ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു കൊളുത്തിവലി! അതാണ് ഈ എഴുത്തിനെ മികച്ചതാക്കിയത്. അഭിനന്ദനങ്ങള്‍!!

keraladasanunni said...

ഷാബു,

എന്നെക്കാള്‍ ഒരു ക്ലാസ്സ് മീതെ പഠിച്ചിരുന്ന പെണ്‍കുട്ടിക്ക് ജീവിത പ്രാരബ്ധങ്ങള്‍കൊണ്ട് അകാല വാര്‍ദ്ധക്യം സംഭവിച്ചത് ഓര്‍ത്തുപോയതാണ്.

ramanika said...

വീണ്ടും ഒരു സ്കൂള്‍ കുട്ടിയായി .....!

keraladasanunni said...

ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് കുട്ടിക്കാലമാണല്ലോ.

vasanthalathika said...

മനസ്സില്‍ വല്ലാതെ തോന്നി.കാലം എത്ര മാറ്റങ്ങള്‍ കൊണ്ടുവരുന്നു.എന്നാലും ഒരു നുറുങ്ങു ചിന്തയില്‍ നമ്മള്‍ പഴയലോകത്തെത്തുന്നു..