Saturday, August 6, 2011

നന്മ നിറഞ്ഞ ഒരു കാലം.

'' വിദ്യാര്‍ത്ഥികളും ബസ്സ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി '' ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഇടക്കിടയ്ക്ക് മാധ്യമങ്ങളില്‍ കാണാറുണ്ട്. രണ്ടു വിഭാഗക്കാര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും. മിന്നല്‍ പണി മുടക്കില്‍ അവസാനിക്കുന്ന അത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല.

നാലര പതിറ്റാണ്ടിന്ന് മുമ്പാണ് ഞാന്‍ പഠിച്ചത്. ആ കാലത്ത് ഇത്തരം സംഭവങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. ഇന്നത്തെയത്ര ബസ്സുകള്‍ അന്ന് ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണവും താരതമ്യേന കുറവായിരുന്നു. ഒരുപക്ഷെ അതുകൊണ്ടായിരിക്കണം ബസ്സുകള്‍ തമ്മിലുള്ള മത്സരവും വിദ്യാര്‍ത്ഥികളെ ഒഴിവാക്കാനുള്ള പ്രവണതയും തീര്‍ത്തും ഇല്ലാതിരുന്നത്.

ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വിദ്യാര്‍ത്ഥികളോട് സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. അവരില്‍ പലരേയും ഇന്നും ഓര്‍മ്മയുണ്ട്. ടി. ബി.ടി ബസ്സിലെ ഡ്രൈവര്‍ ശങ്കരന്‍ നായര്‍ , മയില്‍ വാഹനം ബസ്സിലെ ഡ്രൈവര്‍മാരായ ശേഖരന്‍ നായര്‍, വാസുപ്പിള്ള, ശ്രീധരന്‍ നായര്‍, നാരായണന്‍ എന്നിവരും കണ്ടക്ടര്‍മാരായ ജബ്ബാറണ്ണന്‍ , ജോസഫേട്ടന്‍ എന്നിവരും സ്ഥിരം യാത്രക്കാരായ വിദ്യര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടവരായിരുന്നു. ഒരിക്കലും ബസ്സ് നിര്‍ത്തി കുട്ടികളെ കയറ്റാതെ അവര്‍ പോവാറില്ല.

വൈകുന്നേരം കോളേജ് വിട്ട് ഇറങ്ങിയാല്‍ വേഗം നടന്ന് ബസ്സ് സ്റ്റാന്‍ഡില്‍ എത്തും. വാസുപ്പിള്ളയാണ് ഡ്രൈവര്‍. അല്‍പ്പം കറുത്ത് തടിച്ച് വെണ്‍ചാമരം പോലത്തെ മുടിയുള്ള അദ്ദേഹം തൊട്ടടുത്ത റാക്കില്‍ നിര്‍ത്തിയിട്ട കെ. എസ്. ആര്‍. ടി. സി. ബസ്സ് ഡ്രൈവറോട് സംസാരിക്കുകയാവും.

'' ഇവരൊക്കെ എന്‍റെ കുട്ട്യേള് ആണ് '' അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തും.

ഡ്രൈവറുടെ തൊട്ടടുത്ത് നീളം കൂടിയ സീറ്റിലാണ് ഞങ്ങളൊക്കെ ഇരിക്കാറ്. അഞ്ചു പേര്‍ക്കിരിക്കാനുള്ള സീറ്റില്‍ ഏഴും എട്ടും പേര്‍ തിക്കി തിരക്കി ഇരിക്കും. പിന്നെ വഴി നീളെ വിശേഷങ്ങള്‍ പറച്ചിലാണ്. ഡ്രൈവര്‍ വാസുപ്പിള്ളയും ഞങ്ങളുടെ സംഭാഷണത്തില്‍ ചേരും.

ഒരു ദിവസം നൂറണിയില്‍ വെച്ച് ഒരു യാത്രക്കാരന്‍ കൈ കാണിച്ചു. വാസുപ്പിള്ള നിര്‍ത്തിയില്ല.

'' ഒരാള് കൈ കാണിച്ചല്ലോ '' ഞാന്‍ പറഞ്ഞു.

'' കണ്ടു '' അദ്ദേഹം പറഞ്ഞു '' ബട്ട് ഹി ഈസ് എ ലെപ്പര്‍ ''.

എനിക്ക് വിഷമം തോന്നി.

'' ഇതാണ് മോന്‍ ജീവിതം '' അല്‍പ്പം കഴിഞ്ഞ് അദ്ദേഹം തുടര്‍ന്നു '' അയാളെ കയറ്റാത്തതില്‍ എനിക്ക് സങ്കടം ഉണ്ട്. സുഖക്കേട് വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ല. പക്ഷെ അയാളെ കയറ്റിയാല്‍ ചില യാത്രക്കാര്‍ക്ക് ഇഷ്ടക്കേടാവും. അതും നോക്കണ്ടേ ''.

ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ കാലഘട്ടമാണ് അത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.സി. സി. പരിശീലനം നിര്‍ബ്ബന്ധമായിരുന്നു. ഒന്നിട വിട്ട ദിവസങ്ങളില്‍ എന്‍.സി. സി. പരേഡുണ്ടാവും. അത് കഴിഞ്ഞ് പോരുമ്പോള്‍ നേരം വൈകും. വൈകീട്ട് ആറേകാലിനാണ് നാരായണേട്ടന്‍റെ ബസ്സ്. ബസ്സിന്‍റെ മുമ്പില്‍ ചാരി നിന്ന് അദ്ദേഹം ഞങ്ങളോട് സംസാരിക്കും.

കാല്‍ക്കൊല്ല പരീക്ഷ കഴിഞ്ഞ് പേപ്പറൊക്കെ കിട്ടിയോ, എത്ര മാര്‍ക്കുണ്ട്, എന്തേ മാര്‍ക്ക് ഇത്ര കുറഞ്ഞത് എന്നൊക്കെ അന്വേഷിക്കും. നല്ലോണം പഠിക്കണം കേട്ടോ എന്നൊരു ഉപദേശവും തരും.

വിദ്യാര്‍ത്ഥികളുടെ ഐഡന്‍റിറ്റി കാര്‍ഡില്‍ ബസ്സ് കമ്പനിക്കാരുടെ സീലും ഒപ്പും വേണം എന്നൊരു നിബന്ധന ആ കാലത്ത് ഉണ്ടായിരുന്നു. മയില്‍ വാഹനം കമ്പനിയുടെ ഓഫീസ് ഷൊര്‍ണ്ണൂരാണ്. മൂന്ന് മാസത്തേക്കാണ് അവര്‍ കണ്‍സഷന്‍ തരാറുള്ളത്. കാലാവധി കഴിയുമ്പോള്‍ ഷൊര്‍ണ്ണൂരില്‍ ചെന്ന് വീണ്ടും ഒപ്പ് വാങ്ങണം. പല കുട്ടികള്‍ക്കും അത് പ്രയാസമുള്ള കാര്യമായിരുന്നു. ഒരു ദിവസത്തെ മിനക്കേടിന്ന് പുറമെ പണച്ചിലവും ഉണ്ട് പലര്‍ക്കും അതിനുള്ള വക കാണില്ല. ഒരു തവണ ഞാന്‍ പരിചയക്കാരന്‍റെ സൈക്കിള്‍ വാങ്ങി നാല്‍പ്പതോളം കിലോമീറ്റര്‍ അകലെയുള്ള ബസ്സ് കമ്പനിയുടെ ഓഫീസില്‍ ചെന്ന് ഒപ്പ് വാങ്ങിച്ചിട്ടുണ്ട്. കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ ഷൊര്‍ണ്ണൂരില്‍ ചെല്ലാനുള്ള ബുദ്ധിമുട്ട് പറഞ്ഞതോടെ നാരായണേട്ടന്‍ കാര്‍ഡ് വാങ്ങി കൊണ്ടു പോയി പുതുക്കി കൊണ്ടു വന്ന് തരും.

'' നിങ്ങളൊക്കെ പഠിച്ച് ബ്രേക്ക് ഇന്‍സ്പെക്ടറോ, ആര്‍. ടി ഓ യോ ആവുമ്പോള്‍ ഞങ്ങളെപോലെ ഉള്ളോരെ ബുദ്ധികുട്ടിക്കരുത് '' എന്ന് നാരായണേട്ടന്‍ കൂടെ കൂടെ പറയും

ജബ്ബാറണ്ണന്‍ കുട്ടികളുടെ ഉറ്റ സുഹൃത്തായിരുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ അദ്ദേഹത്തെ കാണാറില്ല. എല്‍. പി. സ്കൂളിന്‍റെ വാര്‍ഷികവും സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ഒന്നിച്ചാണ്. മുന്‍കാല വിദ്യാര്‍ത്ഥികളുടെ വക ഒരു നാടകവും ഉണ്ടായിരുന്നു. പെട്ടെന്ന് തട്ടിക്കൂട്ടിയ ആ നാടകത്തില്‍ മരണശേഷം യമന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്ന ഒരു ബസ്സ് കണ്ടക്ടറുടേ വേഷമാണ് എനിക്ക് കിട്ടിയത്. നാടകത്തില്‍ അഭിനയിക്കാന്‍ കണ്ടക്ടറുടെ ബാഗ് വേണം. പറളി - പാലക്കാട് ആറാം നമ്പര്‍ ടൌണ്‍ ബസ്സിലെ കണ്ടക്ടര്‍ ജബ്ബാറണ്ണനായിരുന്നു. ഞാന്‍ ആവശ്യം ഉന്നയിച്ചു.

'' എപ്പഴാ കുട്ട്യേ നാടകം തുടങ്ങ്വാ '' അദ്ദേഹം ചോദിച്ചു.

'' രാത്രി പത്ത് മണിയാവും എന്ന് തോന്നുന്നു '' ഞാന്‍ മറുപടി നല്‍കി.

'' എന്നാല്‍ സാരൂല്യാ. എട്ടരയ്ക്ക് ലാസ്റ്റ് ട്രിപ്പ് കഴിഞ്ഞ് ഞാന്‍ എത്തും. വന്നതും ബാഗ് തരാം ''.

'' അതുപോരാ. കാണാനും വരണം ''.

റെയില്‍വെ സ്റ്റേഷന്ന് അടുത്തുള്ള ഗെയിറ്റിന്‍റെ ഇരു വശങ്ങളിലായിട്ടാണ് സ്കൂളും ബസ്സ് നിര്‍ത്തിയിടുന്ന സ്ഥലവും. രണ്ടും തന്നില്‍ കഷ്ടിച്ച് ഒരു ഫര്‍ലാങ്ങ് ദൂരമേയുള്ളു. ജബ്ബാറണ്ണന്‍ വരാമെന്ന് ഏറ്റു. പറഞ്ഞതു പോലെ നാടക ദിവസം ഒഴിഞ്ഞ ബാഗുമായി വന്ന് ജബ്ബാറണ്ണന്‍ അത് എന്നെ ഏല്‍പ്പിച്ചു.

മരിച്ചു ശേഷം കണ്ടക്ടറെ രണ്ട് കിങ്കരന്മാര്‍ ചേര്‍ന്ന് യമധര്‍മ്മ രാജാവിന്‍റെ മുമ്പില്‍ ഹാജരാക്കുന്നതാണ് രംഗം .

'' എന്താ ഇവന്‍ ചെയ്ത് തെറ്റ് '' യമന്‍റെ ഗര്‍ജ്ജനം.

'' പ്രഭോ, ഇവന്‍ യാത്രക്കാര്‍ക്ക് ബാക്കി കൊടുക്കാതെ പറ്റിച്ചിട്ടുണ്ട് '' ചിത്രഗുപ്തന്‍ ഒരു പുസ്തകത്തിലേക്ക് നോക്കി ഉറക്കെ വായിച്ചു '' അതിന്ന് പുറമെ ഇവന്‍ യാത്രക്കാരായ സ്ത്രീകളുടെ ദേഹത്ത് ചാരി നിന്നാണ് ടിക്കറ്റ് കൊടുത്തിരുന്നത് ''.

'' ഓഹോ. ഇവനെ മയില്‍ വാഹനം ​ബസ്സില്‍ പലക്കാട് നിന്ന് ഷൊര്‍ണ്ണൂര്‍ വരെ യാത്ര ചെയ്യിക്ക് , അല്ലെങ്കിലോ നരകത്തില്‍ കൊണ്ടു പോയി തിളച്ചു ഉരുകി കിടക്കുന്ന പത്ത് ലിറ്റര്‍ ഇരുമ്പ് കുടിപ്പിക്ക് '' അദ്ദേഹം തിരിഞ്ഞ് കണ്ടക്ടറോട് പറഞ്ഞു '' എന്താ വേണ്ടത് എന്ന് നീ തന്നെ നിശ്ചയിച്ചോ ''.

'' ഞാന്‍ ഇരുമ്പ് ഉരുക്കിയത് കുടിച്ചോളാം '' എന്ന് കണ്ടക്ടര്‍ തൊഴുത് പറയുന്നതോടെ രംഗം അവസാനിച്ചു. നാടകം കഴിഞ്ഞതും മുഖവും തുടച്ച് ജബ്ബാറണ്ണനെ ബാഗ് ഏല്‍പ്പിക്കാന്‍ ചെന്നു.

'' ഞങ്ങളെ തന്നെ വെച്ചൂ അല്ലേ '' എന്നും പറഞ്ഞ് അദ്ദേഹം സ്നേഹത്തോടെ തോളില്‍ ഒന്നു തട്ടി. പഠനം കഴിഞ്ഞ് ഉദ്യോഗസ്ഥനായതിന്ന് ശേഷവും വളരെക്കാലം ജബ്ബാറണ്ണനെ കണ്ടിരുന്നു. അപ്പോഴൊക്കെ പഴയ പോലെ കുശലാന്വേഷണങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ മറക്കാറില്ല.

ജോസഫേട്ടന്‍ അന്നേ പ്രായം ചെന്ന ആളാണ്. മുഴുവന്‍ കഷണ്ടിയായ അദ്ദേഹത്തിന്‍റെ തലയില്‍ ചെറിയൊരു മുഴ ഉണ്ടായിരുന്നു.

'' മക്കളെ, ഒന്ന് ഒട്ടിചേര്‍ന്ന് നില്‍ക്കിന്‍. പഴുത് കാണാന്‍ പാടില്ല '' അദ്ദേഹം ഞങ്ങളെ ഒതുക്കി നിര്‍ത്തുമ്പോള്‍ പറയും ''ആര് കണ്ടാലും മയില്‍ വാഹനം ആണ് എന്ന് തോന്നണ്ടേ ''. ആ പറയുന്നത് അനുസരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഓഫീസ് സമയത്ത് അല്ലാത്തതിനാല്‍ , ജോലികിട്ടിയതിന്ന് ശേഷം അദ്ദേഹത്തിന്‍റെ ബസ്സില്‍ പോവാറില്ല. മൂന്ന് നാല് കൊല്ലങ്ങള്‍ക്ക് ശേഷം ഒരു തവണ ഞാന്‍ ആ ബസ്സില്‍ കയറി. എന്‍റെ കൈവശം അപ്പോള്‍ ട്രഷറി കോഡിന്‍റേയും അക്കൌണ്ട് കോഡിന്‍റേയും പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അന്നും അദ്ദേഹം കണ്‍സഷന്‍ ചാര്‍ജ്ജാണ് എടുത്തത്.

'' ജോസഫേട്ടാ, എന്‍റെ പഠിപ്പ് കഴിഞ്ഞു കുറച്ചായി '' ഞാന്‍ പറഞ്ഞു '' ഇപ്പോള്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിക്കാരനാണ് ''.

'' അതുവ്വോ. സന്തോഷായി '' അദ്ദേഹം ചിരിച്ചു.

പിന്നീട് ഒരു വട്ടം കൂടി അദ്ദേഹത്തിനെ കണ്ടു. അന്ന് അദ്ദേഹം ജോലിയിലല്ലായിരുന്നു. പുറകിലെ സീറ്റില്‍ ഇരിക്കുകയാണ്.

'' ജോസഫേട്ടാ '' ഞാന്‍ വിളിച്ചു.

അല്‍പ്പം നീങ്ങി അദ്ദേഹം എന്നെ അടുത്തിരുത്തി.

'' ഞാന്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞു. വയസ്സായില്ലേ '' ജോസഫേട്ടന്‍ പറഞ്ഞു.

ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ കൈ കൊടുത്ത് ഇറങ്ങി. പിന്നീട് അദ്ദേഹത്തിനെ കണ്ടിട്ടില്ല.



14 comments:

കലി said...

അത് അന്ത കാലം ... ഇന്ന് എല്ലാം മാറി... എങ്കിലും ആ നല്ല കാലങ്ങള്‍ ഓര്‍മിപ്പിച്ചതിനു വളരെ നന്ദി ..

ശ്രീനാഥന്‍ said...

ഓർമയും സൌഹൃദങ്ങളും എന്തു തിളക്കം - ഉണ്ണിയേട്ടനെ സമ്മതിച്ചിരിക്കുന്നു. ആ നാടകഡയലോഗുകൾ അസ്സലായി.

വീകെ said...

അത്തരം നല്ല കാലങ്ങൾ എന്റേയും മനസ്സിലുണ്ട്.
വെള്ളിയാഴ്ചകളിൽ അര മണിക്കൂർ വൈകി നാലരക്കാണല്ലൊ വിടാറ്. എന്നും നാലുമണിക്കു തന്നെ ഞങ്ങളേയും കൊണ്ടു പോകുന്ന കെ.എൻ മേനോൻ വണ്ടിക്കാര് വെള്ളിയാഴ്ചകളിൽ സ്കൂൾ പടിക്കൽ അര മണീക്കൂർ കിടന്ന് ഞങ്ങളേയും കൊണ്ടേ പോകാറുള്ളു.
എന്തൊരു സ്നേഹമായിരുന്നു അന്നൊക്കെ മനുഷ്യർ തമ്മിൽ...!!

ഒടിയന്‍/Odiyan said...

കേട്ടിട്ട് തന്നെ അസൂയ തോന്നുന്നു..ഇത്രെയും നല്ല മനുഷ്യരുണ്ടോ..ആ പഴയ നല്ല ഓര്‍മ്മകള്‍ പങ്കു വച്ചതിനു എന്റെ അഭിനന്ദനങ്ങള്‍ ..ഞാനെങ്ങന ഫോളോ ചെയ്യാതിരിക്കും ഇതൊക്കെ വായിച്ചപ്പോള്‍...

Shruthi said...

Vallya padhippukar aayirunnilla avaraarum....Innu namukk lokavivaram viral thumpilund...Pakshe manushyatham oru puravasthuvaayi chithalarikkunnu.......
Nannayi..

keraladasanunni said...

കലി (veejyots ) ,

എന്തൊരു നല്ല കാലമായിരുന്നു അത്. എങ്ങിനെ ഈ മാറ്റം സംഭവിച്ചു എന്ന് അത്ഭുതം 
തോന്നാറുണ്ട്.

ശ്രീനാഥന്‍ സാര്‍,

തിരിഞ്ഞു നോക്കുമ്പോള്‍ കൈ മുതലായിട്ട് ഇതൊക്കെ ഉള്ളു.

keraladasanunni said...

വി. കെ,

കുട്ടികളുടെ പുസ്തകക്കെട്ടുകള്‍ വാങ്ങി മുന്‍വശത്തെ ചില്ലിനോട് ചേര്‍ത്ത് വെച്ച് '' സുഖമായി നിന്നോളിന്‍ '' എന്ന് പറഞ്ഞീരുന്ന ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നു. അതൊന്നും ഇന്നില്ല.

Odiyan / ഒടിയന്‍,

നല്ല മനുഷ്യര്‍ ഇന്നും ധാരാളം ഉണ്ട്. അല്ലാത്തവര്‍ കുറച്ചെ ഉള്ളു. അഭിപ്രായം പറഞ്ഞതിന്ന് നന്ദി.

Nayam ,

ശരിയാണ്. ചിലര്‍ക്ക് മനുഷ്യത്വം എന്താണെന്ന് അറിയില്ല.

ramanika said...

നല്ല കുറിപ്പ്
പല നല്ല ബസ്‌ ജീവനക്കാരും ഓര്‍മ്മയില്‍ എത്തി !

keraladasanunni said...

ramanika,

വളരെ നന്ദി. നാം കണ്ടു മുട്ടുന്ന പലരും നന്മ നിറഞ്ഞവരാണ്.

jyo.mds said...

ഇത് വായിച്ചപ്പോള്‍ കോളേജില്‍ പോകുന്ന കാലത്തെ പല ഓര്‍മ്മകളും മനസ്സിലെത്തി.നന്നായി എഴുതി.

keraladasanunni said...

jyo,


കോളേജ് പഠനകാലം അവിസ്മരണീയം 
തന്നെയാണ്.

രാജഗോപാൽ said...

പണ്ട് പ്രീ ഡിഗ്രിക്ക് പൊന്നാനി കോളേജിലേക്ക് പോയിരുന്ന കാലത്തെ കേരള റോഡ് വെയ്സിലെ ഡ്രൈവറുടേയും കണ്ടക്റ്ററുടെയും സ്നേഹമുള്ള മുഖങ്ങൾ ഓർമ വന്നു. ഇന്ന് ബസ് ജീവനക്കാർക്ക് കുട്ടികളെ കണ്ണെടുത്താൽ കണ്ടു കൂടാ. നന്മയ്ക്കും മൂല്യങ്ങൾക്കും ശോഷണം വന്ന് കൊണ്ടിരിക്കുന്ന “കഷ്ട” കാലം.

ajith said...

പൊതുവെ സമൂഹം ദുഷിക്കുമ്പോള്‍ ഒരു കൂട്ടം മാത്രം നല്ലതായിരിക്കുക സാദ്ധ്യമാണോ..?

keraladasanunni said...

രാജഗോപാല്‍ ,

കാലം വരുത്തിയ മാറ്റമാണെന്ന് സമാധാനിക്കാം അല്ലേ.

ajith,

ഒരിക്കലും ഒരു സമൂഹം ദുഷിക്കുകയില്ല. സമൂഹത്തിലെ ചെറിയൊരു ഘടകം മാത്രമേ ദുഷിക്കുന്നുള്ളു.