Thursday, February 18, 2010

അന്ത്യോപചാരം.

വൈകുന്നേരത്തെ എക്സ്പ്രസ്സ് ട്രെയിന്‍ കടന്ന് പോയതും ആളുകള്‍ റെയില്‍വെ
സ്റ്റേഷന്‍റെ കിഴക്ക് ഭാഗത്തുള്ള സിഗ്നല്‍ പോസ്റ്റിന്നു നേരെ ഓടുന്നത് കണ്ടു. ആര്‍ക്കോ
അപകടം പിണഞ്ഞുവെന്ന് മനസ്സിലായി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വിവരം കിട്ടി.
തീവണ്ടിയില്‍ ചായ വില്‍പ്പന നടത്തുന്ന ഒരാളാണ് അപകടത്തില്‍ പെട്ടത്.

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ ഒരു കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും അയാള്‍ അടുത്തതിലേക്ക്
കയറാന്‍ ശ്രമിച്ചപ്പോള്‍ സിഗ്നല്‍ പോസ്റ്റില്‍ തലയടിച്ച് മരിച്ചതായിട്ടാണ് അറിഞ്ഞത്.
ഏറെ കഴിയുന്നതിന്ന് മുമ്പ് മൃതദേഹം സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തിച്ചു.

'നമുക്കൊന്ന് പോയി അയാളെ കണ്ടാലോ' എന്ന് ഭാര്യ ചോദിച്ചു. വെള്ളത്തില്‍ വീണും
തീപ്പൊള്ളിയും മരിച്ചത്, റോഡപകടങ്ങളില്‍ മരിച്ചത്, തൂങ്ങി മരിച്ചത്, ട്രെയിന്‍ ഇടിച്ചുള്ള
മരണം എന്നിങ്ങനെ സമീപ പ്രദേശങ്ങളില്‍ വല്ല അസാധാരണ മരണവും സംഭവിച്ചു എന്നറിഞ്ഞാല്‍
ആ മൃതദേഹം കാണാന്‍ കൂട്ടുകാരോടൊപ്പം ചെല്ലുന്ന ഒരു പതിവ് ആ കാലത്ത് ഉണ്ടായിരുന്നു.
അതോര്‍ത്താണ് ഭാര്യ അങ്ങിനെ ചോദിച്ചത്.


ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ മകനും കൂടെ പുറപ്പെട്ടു.
ഇതിനകം പരേതന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്ത് എത്തിയിരുന്നു.
അവരുടെ അലമുറകള്‍ ഉയര്‍ന്ന് പൊങ്ങി. തലയുടെ ഒരു വശം തകര്‍ന്ന് നിര്‍ജ്ജീവമായ
ശരീരം അവര്‍ക്കിടയില്‍ കിടന്നു. ആ രംഗം എന്‍റെ മകനെ വല്ലാതെ വേദനിപ്പിച്ചു. ഈ
പാവത്തിന്ന് ഇങ്ങിനെ വന്നല്ലോ എന്നവന്‍ വിലപിച്ചു. സിഗ്നല്‍ കടന്ന ശേഷം  പെട്ടി
മാറി കയറിയാല്‍ അയാള്‍ക്ക് ഇങ്ങിനെ വരില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു .

ഇതിലേറെ ബീഭത്സമായ മൃതദേഹങ്ങള്‍ പലപ്പോഴായി കണ്ടിട്ടുള്ള എനിക്ക്
ആ കാഴ്ച ഒന്നും തോന്നിച്ചില്ല . കുട്ടിയെ ഈ ദൃശ്യം കാണിക്കാന്‍ കൊണ്ടു
പോയതിന്ന് അമ്മ ഞങ്ങളോട് ദേഷ്യപ്പെട്ടു. വൈകുന്നേരം ക്ലബ്ബിലേക്ക് ഞാന്‍
പോവുമ്പോഴും ആള്‍ത്തിരക്ക്കുറഞ്ഞിരുന്നില്ല.

എട്ടര മണിയോടെ ഞാന്‍ കളി കഴിഞ്ഞ് ഇറങ്ങി. അജിതന്‍ വരാഞ്ഞതിനാല്‍ 
സ്കൂട്ടര്‍ ഇല്ല. ഞാന്‍ പതുക്കെ നടന്നു. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്
ആരുമില്ല. മൃത ശരീരം അനാഥമായി കിടക്കുന്നു. കരഞ്ഞ് ബഹളം കൂട്ടിയ
വേണ്ടപ്പെട്ടവര്‍ തിരിച്ച് പോയി കഴിഞ്ഞു. പരിസരത്ത് ഒറ്റ ജീവിപോലും 
ഇല്ല. പ്രകാശം തൂകി ഒരു ഇലക്ട്രിക് വിളക്ക് മാത്രം ആ ശരീരത്തിന്ന് കൂട്ടുണ്ട്.

ഫുട്ട് ഓവര്‍ബ്രിഡ്ജിന്ന് മുകളില്‍ നിന്ന് ഞാന്‍ ആ ശവ ശരീരത്തിനെ
നോക്കി. പുതപ്പിച്ച വസ്ത്രം കാറ്റത്ത് പാറിപ്പോയി കുറച്ചകലെ കിടപ്പുണ്ട്.
ഒരു വശം തകര്‍ന്ന മുഖം ഒന്ന് ആവരണം ചെയ്തു തരൂ എന്ന് എന്നോട്
യാചിക്കുന്നത് പോലെ തോന്നി.

ഞാന്‍ ഇറങ്ങി ചെന്ന് ചോര പുരണ്ട് തുണി എടുത്ത് ആ ശരീരത്തിലിട്ടു.
തുണി കാറ്റത്ത് പറക്കാതിരിക്കാനായി റെയിലില്‍ നിന്നും തെറിച്ചു വീണ
കരിങ്കല്‍ ചീളുകള്‍ പെറുക്കി പുതപ്പിന്ന്ചുറ്റും വെച്ചു. ആ ശരീരത്തെ
ഒന്നു കൂടി നോക്കി ഞാന്‍  തിരിച്ചു നടന്നു.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 51, 52, 53, 54 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ).

8 comments:

സുമേഷ് | Sumesh Menon said...

ബന്ധുക്കള്‍ വിലപിക്കാനുള്ള രംഗം ഭംഗിയായി അഭിനയിച്ചിട്ടു അവരവരുടെ വഴിക്ക് പോയി. അതൊരു അനാഥപ്രേതമായി മാറി.
(എവിടെയാ സംഭവിച്ചത്? പറളിയിലാണോ?)

keraladasanunni said...

സുമേഷ് /Sumesh Menon,
അതെ പറളിയില്‍. എന്‍റെ വീടിന്ന് നേരെ മുന്നിലായിട്ട്.
വീട് വരെ ഉറവ്, വീഥി വരെ മനൈവി. കാട് വരെ പുള്ളൈ, കടശ്ശി വരെ യാരോ എന്നൊരു ചൊല്ലുണ്ട് തമിഴില്‍ . സ്വന്തക്കാര്‍ വീട് വരേയം, ഭാര്യ വീടിന്ന് മുന്നിലുള്ള പാത വരേയും, മക്കള്‍ ശ്മശാനം വരേയും
ഉണ്ടാവും. അവസാനം വരെ ആര് ഉണ്ടാവും എന്ന് വിലപിക്കുന്ന വരികളാണ് അവ. എത്ര പ്രസക്തം. അതിന്‍റെ അര്‍ത്ഥം നേരില്‍ കണ്ട നിമിഷങ്ങളാണ് കുറിച്ചത്.

ശ്രീ said...

എന്നാലും ബോഡി കൊണ്ടു പോകാന്‍ വേണ്ടപ്പെട്ടവര്‍ ആരുമെത്താത്തത് കഷ്ടം തന്നെ.

മുകളിലെ കമന്റില്‍ പറഞ്ഞത് വാസ്തവം തന്നെ, മാഷേ.

Sukanya said...

ആരോരുമില്ലാത്തത്, ജീവിക്കുമ്പോഴും മരിച്ചാലും, ഈ അവസ്ഥ ദുഃഖം തന്നെ.
(പറളി ഞങ്ങളുടെ ബ്ലോക്ക്‌ ഓഫീസ് പരിധിയിലാണ്)

keraladasanunni said...

ശ്രീ,
പിറ്റേന്ന് പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ആ രാത്രി അത് അനാഥമായി കിടന്നു എന്നേയുള്ളു.

Sukanya,
തീര്‍ച്ചയായും. അനാഥത്വം എന്നത് വേദനാജനകമാണ്. സമീപ വാസിയാണെന്നറിഞ്ഞ് സന്തോഷിക്കുന്നു. സ്റ്റേഷന്ന് മുന്നില്‍ തന്നെയാണ് താമസ സ്ഥലം.

Typist | എഴുത്തുകാരി said...

ബന്ധുക്കള്‍ ഉണ്ടായിരുന്നിട്ടും അവര്‍ അനാഥ പ്രേതമായി ഇട്ടിട്ടു പോയി അല്ലേ?

keraladasanunni said...

Typist / എഴുത്തുകാരി,
രാത്രിയായപ്പോള്‍ വേണ്ടപ്പെട്ടവര്‍ സ്ഥലം വിട്ടു. പാറാവിന്ന് ആള്‍ എത്തിയതുമില്ല.
Palakkattettan.

നളിനകുമാരി said...

അപകട മരണം അതും ട്രെയിന്‍ തട്ടി മരിച്ചത് കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് rly സ്റ്റേഷന്‍ പരിധിയില്‍ വച്ചു ഒരിക്കല്‍ കണ്ടു. ആരാണോ എന്തോ. തല മുതല്‍ വയറു വരെ മാത്രം ബാക്കി ഭാഗം ഇല്ലെന്നു കേട്ടോ. അവിടെ മൂടിയിട്ടിട്ടുണ്ടായിരുന്നു.ആ ഓര്മ ഇപ്പോഴും പിന്തുടരുന്നു ചിലപ്പോള്‍...