Tuesday, October 20, 2009

ദര്‍ശനം പുണ്യ ദര്‍ശനം - ഭാഗം 1.

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി, വൃശ്ചികം ഒന്ന് മുതല്‍ തുടങ്ങുന്ന മണ്ഡലപൂജക്കാലത്തും,
തുടര്‍ന്ന്ആരംഭിക്കുന്നതും മകരവിളക്കും കഴിഞ്ഞ് കുറച്ച് ദിവസം കൂടി നീളുന്നതുമായ പൂജാ
സമയത്തും, ഞാന്‍ ശബരിമല ദര്‍ശനം നടത്തിയിട്ട്. മോഹം ഇല്ലാഞ്ഞിട്ടല്ല, കൊല്ലം തോറും
വര്‍ദ്ധിച്ച് വരുന്ന ഭക്തജനത്തിരക്കും, മണിക്കൂറുകളോളം നീളുന്ന ക്യൂവിലെ കാത്ത് നില്‍പ്പും , അതും കഴിഞ്ഞ് ലഭിക്കുന്ന നിമിഷാര്‍ദ്ധത്തിലൊതുങ്ങുന്ന ദര്‍ശന സൌഭാഗ്യവും , താരതമ്യേന തിരക്ക് കുറഞ്ഞ മാസപൂജക്കാലം തീര്‍ത്ഥാടനത്തിന്ന് തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

1969 ലെ വിഷുവിനാണ് ഞാന്‍ ആദ്യമായി ശബരിമല ചവിട്ടുന്നത്. തുടര്‍ന്ന് ഈ പ്രാവശ്യം
വരെ നടന്ന തീര്‍ത്ഥാടനത്തിലൊക്കെയും പലപല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അരിഷ്ടിച്ച് ജീവിച്ച കാലത്തും തരക്കേടില്ലാത്ത ഇന്നത്തെ ചുറ്റുപാടിലും ഭഗവത്ദര്‍ശനം നല്‍കുന്ന സുഖം
ഒരുപോലെ ഹൃദ്യമായതാണ്. ഈശ്വരകടാക്ഷം ഒന്ന് മാത്രമാണ് അന്നത്തെ കഷ്ടപ്പാട് നിറഞ്ഞ അവസ്ഥയില്‍ നിന്നും , ഭാര്യയോടും മക്കളോടും ഒപ്പം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്ത് ഭഗവാനെ തൊഴാന്‍ ചെല്ലുന്ന ഇന്നത്തെ നിലയില്‍ എത്തിച്ചത്.

ഇക്കൊല്ലം തുലാമാസം ഒന്നാം തിയ്യതി ശനിയാഴ്ചയാണ്(17.10.2009 ) ഞങ്ങള്‍ മലയിലേക്ക് യാത്ര പുറപ്പെട്ടത്. ഉച്ച തിരിഞ്ഞ നേരത്ത്പമ്പയില്‍ എത്തി. കുളി കഴിഞ്ഞ് മലകയറ്റം തുടങ്ങി.
തലക്ക് മുകളിലായി സൂര്യന്‍ ഞങ്ങള്‍ക്ക് തുണയായി പോന്നു. ചുട്ടു പൊള്ളുന്ന കോണ്‍ക്രീറ്റ്
നടപ്പാത, തീ ചൊരിയുന്ന പകല്‍, ഞാന്‍ ക്ഷീണിച്ച് അവശനാവാന്‍ അധിക നേരം വേണ്ടിവന്നില്ല. മൂത്ത മകന്‍ എന്‍റെ പള്ളികെട്ട് ഏറ്റുവാങ്ങി. കെട്ടിന്ന് മുകളിലിട്ട വിരിപ്പ് രണ്ടാമനും. ഞാന്‍
തളരുമ്പോഴൊക്കെ ഇളയവന്‍ ഒരു കൈത്താങ്ങ് നല്‍കി കൂടെ നിന്നു. ഞാന്‍ നോക്കുമ്പോള്‍ എന്നെ പോലെ തന്നെ സുന്ദരിയും വല്ലാത്ത അവശ നിലയിലായിരുന്നു. മക്കള്‍ ഓരോരുത്തരും
മാറിമാറി അമ്മയെ സഹായിക്കുന്നുണ്ട്.

ഇടക്ക് കാണുന്ന മരത്തണലുകളില്‍ ഞങ്ങള്‍ വിശ്രമിച്ചു. അപ്പോഴെല്ലാം എന്‍റെ മനസ്സില്‍
ഗത കാല സ്മരണകള്‍ കടന്നു വന്നു. പമ്പയില്‍ നിന്ന് പുറപ്പെട്ടാല്‍ ഒരിടത്തും ഇരിക്കാതെ നേരെ സന്നിധാനം വരെ ഒറ്റയടിക്ക് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഹോ, ഇത് അത്ര വലിയ ദൂരമൊന്നുമല്ലല്ലോ എന്നായിരുന്നു അന്നൊക്കെ മനസ്സില്‍.

ഞങ്ങള്‍ക്ക്താങ്ങായി കൂടെ ഉള്ള മക്കളെ കുട്ടിക്കാലത്ത്ശബരിമലക്ക് കൊണ്ടു പോയതും
ഓര്‍മ്മയില്‍ എത്തി. മൂത്തവന്‍ ബിജു രണ്ട് വയസ്സ് തികയുന്നതിന്ന് മുമ്പാണ്ആദ്യമായി ശബരിമലക്ക്മാലയിട്ടത്.എന്‍റെ കൂടെ അമ്മയും മേമയും പിന്നെ അവനും . ട്രെയിനിലും
ബസ്സിലും ആയി യാത്ര ചെയ്ത്പമ്പയില്‍ എത്തുമ്പോള്‍ നേരം ഇരുട്ടി. കുളി കഴിഞ്ഞ് കയറ്റം
ആരംഭിച്ചപ്പോള്‍ രാത്രിയായി. ഇടമുറിയാതെയുള്ള ജനക്കൂട്ടവും വെളിച്ചവും രാത്രിയാണെന്ന് തോന്നിച്ചില്ല.

നീലിമല കയറി തുടങ്ങി. എന്‍റേയും മകന്‍റേയും പള്ളിക്കെട്ടുകളും സൈഡ് ബാഗും ചുമന്ന് കുട്ടിയെ മാറിലടക്കി പിടിച്ച് ഞാന്‍ നടന്നു. അധികം കഴിഞ്ഞില്ല, ക്ഷീണിച്ച അമ്മയും മേമയും
അവരുടെ കെട്ടുകളും ബാഗുകളും എന്നെ ഏല്‍പ്പിച്ചു. ഒരു ചുമടുകാരനെ പോലെ ഭാരമെല്ലാം
ചുമന്ന് ഞാന്‍ കയറ്റം കയറുകയാണ്. മാറത്ത് ചേര്‍ത്ത് പിടിച്ച മകന്‍ കുസൃതി കാട്ടി തുടങ്ങി. അവന്‍റെ കുഞ്ഞി ക്കൈകള്‍ കൊണ്ട്എന്‍റെ മൂക്കിലും ചെവിയിലും പിടിച്ച് വലിക്കാനും, ആ
കുഞ്ഞരിപ്പല്ലുകള്‍കൊണ്ട് എന്‍റെ മുഖത്തും കാതിന്‍റെ തട്ടിലും കടിക്കാനും തുടങ്ങി. സ്വന്തം
കുസൃതികളില്‍ രസിച്ചിട്ടെന്ന മട്ടില്‍ അവന്‍ ഇടക്കിടക്ക് കുലുങ്ങി ചിരിച്ചു കൊണ്ടിരുന്നു.

ഇതേ രീതിയിലാണ് രണ്ടാമന്‍ ബിനുവും ആദ്യമായി ദര്‍ശനത്തിന്ന് എത്തുന്നത്. അവന്‍
കൃശഗാത്രനായിരുന്നു. അവനെ എടുക്കുന്ന ആളുടെ കഴുത്തില്‍ ഒരു വേതാളത്തിനെപ്പോലെ
അവന്‍ തൂങ്ങി കിടക്കും . നേരത്തെ പറഞ്ഞതില്‍ അധികമായി ഒരു പള്ളിക്കെട്ട് കൂടി അന്ന് എടുക്കേണ്ടി വന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇളയവനെ നടക്കാറായ ശേഷമാണ് മലയിലേക്ക് കൊണ്ടുപോവാന്‍ തുടങ്ങിയത്.

എത്ര വേഗത്തിലാണ് കാലം എന്‍റെ മുമ്പിലൂടെ ഓടി മറഞ്ഞത്. കൌമാരം യൌവനത്തിലൂടെ ശരീരത്തിന്ന് ക്ഷീണം സമ്മാനിച്ചു കൊണ്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്നു. മാറ്റങ്ങള്‍ പലപ്പോഴും
അത്ഭുതാവഹമാണ്. അത് മനുഷ്യനെ മാത്രം ബാധിക്കുന്നതല്ല. ഞാന്‍ ആദ്യമായി എത്തിയ ശബരിമലയല്ല ഇന്നത്തേത്. കരിങ്കല്ലില്‍ നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരം ഉടച്ചാണ്
അന്നൊക്കെ കയറുക. ഇന്ന് അതെല്ലാം മാറി. പടികള്‍ക്ക് ലോഹത്തിന്‍റെ ആവരണം ഉണ്ടായി.
ക്ഷേത്രത്തിന്ന് ചുറ്റും ഫ്ലൈഓവറും. ഓട ഉപയോഗിച്ച് കെട്ടിയിരുന്ന വിരികള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴി മാറി. വനത്തിലൂടെയുള്ള വഴി കോണ്‍ക്രീറ്റ് നടപ്പാതയായി.

സ്വാമി അയ്യപ്പന്‍ റോഡും ചന്ദ്രാനന്ദന്‍ റോഡും പിന്നീടാണ് ഉണ്ടായത്. അപ്പാച്ചി മേട് കയറി എത്തുന്ന അയ്യപ്പ ഭക്തന്മാര്‍ ശബരി പീഠം, ശരം കുത്തിയാല്‍ വഴിയാണ്സന്നിധാനത്തില്‍
എത്തിയിരുന്നത്. ആദ്യമൊക്കെ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ ചാലക്കയത്ത് പാര്‍ക്ക് ചെയ്യണം, അവിടുന്നങ്ങോട്ട് ദേവസ്വം വക ബസ്സുകളിലാണ് പമ്പയില്‍ എത്തുക. കുമളി, വണ്ടിപ്പെരിയാര്‍
വഴിയും ധാരാളം ഭക്തര്‍ എത്തിയിരുന്നു, അതില്‍ ഭൂരിഭാഗവും തമിഴ് നാട്ടുകാരായിരുന്നു.

മകര വിളക്ക് ദര്‍ശനത്തിന്ന് പോവാന്‍ ചില കൊല്ലം തുലാമാസം ഒന്നാം തിയ്യതി തന്നെ മാലയിടും. ഒരിക്കലും വൃശ്ചികം ഒന്ന് കടക്കാറില്ല. ആ കാലത്ത് വ്രതശുദ്ധി കര്‍ശനമായി പാലിക്കപ്പെട്ടിരുന്നു. ഇന്നോ? രാവിലെ കുളിച്ച് മാലയിടുന്നു. വൈകീട്ട് കെട്ട് നിറച്ച് യാത്ര തുടങ്ങുന്നു. അനുഷ്ഠാനങ്ങളെല്ലാം അത്ര മേല്‍ ലളിതവത്കരിച്ചിരിക്കുന്നു

ആദ്യ കാലത്ത് ഒരു പ്ലേറ്റും കൊണ്ട് ചെന്ന് രണ്ട് രൂപക്ക് നല്‍കിയാല്‍ വലിയൊരു തവി
അരവണ പ്ലേറ്റില്‍ ഒഴിച്ച്തരും. ഇന്ന് അരവണ ടിന്നിലാണ് വിതരണം ചെയ്യുന്നത്.തിരക്കുള്ള
സീസണില്‍ ആ പ്രസാദം കിട്ടാനും പ്രയാസമാണ്.

പാലക്കാട് നിന്ന് പത്ത് രൂപ ടിക്കറ്റ് എടുത്ത് പച്ച എക്സ്പ്രസ്സ് ബസ്സില്‍ കോട്ടയത്ത് എത്തുകയും അവീടെ നിന്നും വേറൊരു പത്ത് രൂപ കൊടുത്ത്പമ്പയിലേക്ക് ടിക്കറ്റ്വാങ്ങി ഞാനും കുട്ടിയേട്ടനും കൂടി ശബരിമലയില്‍ എത്തുകയും ഉണ്ടായിട്ടുണ്ട്. ശബരിമലക്കുള്ള
ഭക്തരെ ചൂഷണം ചെയ്യുകയാണ്എന്ന് കുട്ടിയേട്ടന്‍ പരാതി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

ശബരിമലയാത്ര നല്‍കിയ അനുഭൂതികളോടൊപ്പം നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നടക്കാന്‍ കഴിയുന്നേടത്തോളം കാലം ഭഗവാനെ ചെന്ന് ദര്‍ശിക്കാന്‍ അനുഗ്രഹിക്കണേ എന്ന് മാത്രമാണ്എന്‍റെ മോഹം.
( കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല.)

6 comments:

Anonymous said...
This comment has been removed by the author.
Anonymous said...

ഈശ്വരകടാക്ഷം ഒന്ന് മാത്രമാണ്
ഞാന്‍ ഇന്നു ജീവിച്ചിരിക്കുന്നത്

ഈ കഥ. ഭാഗം - 27.

ദര്‍ശനം പുണ്യദര്‍ശനം.

നല്ല അവതരണം അവിടെ പോയ ഒരു ഫീല്‍ എനിക്ക് ഇഷ്ട്ടപട്ടു

കണ്ണനുണ്ണി said...

17 വയസ്സ് മുതല്‍ ഇങ്ങോട്ട് സ്വാമിയെ കാണാന്‍ പോവാത്ത ഒരു മണ്ഡല കാലവും ഉണ്ടായിട്ടില്ല എന്‍റെ ജീവിതത്തില്‍...
ഇനിയും അങ്ങനെ തന്നെ ആവനമേ എന്ന് പ്രാര്‍ ത്തിക്കുന്നു..
നന്നായി ഏട്ടാ ഈ ഓര്‍മ്മകള്‍

രാജഗോപാൽ said...

എന്നെ ഹൃദയം തൊട്ട രണ്ടു സന്ദര്‍ഭങ്ങളാണ് താഴെ quote ചെയ്തത്.

1. "ഞാന്‍ ക്ഷീണിച്ച് അവശനാവാന്‍ അധിക നേരം വേണ്ടിവന്നില്ല. മൂത്ത മകന്‍ എന്‍റെ പള്ളികെട്ട് ഏറ്റുവാങ്ങി. കെട്ടിന്ന് മുകളിലിട്ട വിരിപ്പ് രണ്ടാമനും. ഞാന്‍ തളരുമ്പോഴൊക്കെ ഇളയവന്‍ ഒരു കൈത്താങ്ങ് നല്‍കി കൂടെ നിന്നു".
2. "എന്‍റേയും മകന്‍റേയും പള്ളിക്കെട്ടുകളും സൈഡ് ബാഗും ചുമന്ന് കുട്ടിയെ മാറിലടക്കി പിടിച്ച് ഞാന്‍ നടന്നു".

ഇതല്ലേ ദാസേട്ടാ ദര്‍ശന പുണ്യം.

keraladasanunni said...

kuttanJKV,
ശരിയാണ്-. ഈശ്വര കടാക്ഷം ഒന്നു കൊണ്ട് മാത്രമാണ്- നമ്മള്‍ ജീവിക്കുന്നത്.

കണ്ണനുണ്ണി,

ഭഗവാന്‍റെ അനുഗ്രഹം അതിന്ന് സഹായിക്കും.

raj,
നമ്മള്‍ സ്നേഹം തലമുറകളിലൂടെ കൈമാറുകയാണ്. ഞാന്‍ എടുത്ത് നടന്ന മക്കളുടെ കൈകളില്‍ ഞാന്‍ എന്നെ ഏല്‍പ്പിക്കുന്നു.

നളിനകുമാരി said...

ഞങ്ങള്‍ വൈഷ്ണോദേവിയെ കാണാന്‍ പോയിട്ട് തിരിച്ചു വരുമ്പോള്‍ കാലാവസ്ഥ മാറി മഞ്ഞു മൂടി. അതുകാരണം ഹെലി കോപ്റെര്‍ ഉണ്ടായില്ല. കുതിരപ്പുറത്തോ ആള്‍ക്കാര്‍ എടുത്തു കൊണ്ട് പോകുന്ന ഡോളിയിലോ ഇറങ്ങാന്‍ എനിക്കിഷ്ടമായില്ല. എന്നെ മുഴുവന്‍ വഴിയും കൈപിടിച്ച് ഇറങ്ങാന്‍ സഹായിച്ചത് എന്റെ മോന്‍ തന്നെ ആയിരുന്നു.