Saturday, August 15, 2009

ജേണല്‍ എന്‍ട്രി.

നേരം പുലരുന്നതിന്ന് മുമ്പ് തുടങ്ങുന്ന നടത്തം , തിരിച്ച് വന്നതിന്ന് ശേഷമുള്ള കുളി, ഒരു മണിക്കൂറോളം നീളുന്ന നാമ ജപം, അതിന് ശേഷമുള്ള പ്രാതല്‍ എന്നിവ കഴിഞ്ഞാല്‍ പിന്നെകുറെ നേരത്തേക്ക് വിശേഷിച്ച് യാതൊന്നും ചെയ്യാനില്ല. മക്കള്‍
രണ്ടുപേര്‍ ജോലിക്ക് പോവാന്‍ ഒരുങ്ങുന്നു. ഞാന്‍ പത്രം എടുത്ത് ഉമ്മറത്ത് ഒരു കസേലയിലിരുന്ന് വായിച്ച് തുടങ്ങിയതേ ഉള്ളു. അപ്പോള്‍ ഒരു അപരിചിതന്‍ പടി കടന്ന് വരുന്നു.

പ്രായം അറുപത്തഞ്ചിന്ന് മുകളിലാവും. മുടി കൊഴിഞ്ഞു പോയ തല. മെലിഞ്ഞ് അധികം പൊക്കമില്ലാത്ത ശരീരം. ക്ഷീണിച്ച
പ്രകൃതം. വെള്ള ഫുള്‍കൈ ഷര്‍ട്ടും, മുണ്ടും.വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന മാതിരി ഒരു പ്ലാസ്റ്റ്ക്ക് കാരി ബാഗ് മടക്കി
കയ്യില്‍ വെച്ചിട്ടുണ്ട്.

അയാള്‍ എന്തെങ്കിലും സഹായം ചോദിച്ച് വരുന്നതായിരിക്കുമെന്ന് ഞാന്‍ കരുതി. മുറ്റത്ത്എത്തും മുമ്പ് അയാള്‍ നിന്നു.'നായ
ഉണ്ടോ ' എന്ന് ചോദിക്കാനായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ അയാളുടെ ചോദ്യം ' ഇവിടെ പെണ്‍കുട്ടികള്‍ ഉണ്ടോ 'എന്നായിരുന്നു.ഇതെന്ത് കഥ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പുതുതായി ഒരുവീട്ടില്‍ കയറി ചെല്ലുമ്പോള്‍ ' നായ ഉണ്ടോ '
എന്ന് ചോദിക്കുന്നത് സ്വാഭാവികം. അതിന്ന് പകരം ' പെണ്‍കുട്ടിയുണ്ടോ ' എന്ന ചോദ്യം ആദ്യമായിട്ടാണ്' കേള്‍ക്കാന്‍
ഇടയാകുന്നത്.' ഇവിടെ ചെറിയ പെണ്‍കുട്ടികളൊ ന്നും ഇല്ല ' എന്ന്ഞാന്‍ പറഞ്ഞു.

അയാള്‍ ഉമ്മറത്തെത്തി. ' പത്തിരുപത്തി മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുണ്ടോ എന്നാണ് അറിയേണ്ടത് 'എന്ന് ഒന്നു
കൂടി തെളിച്ച് പറഞ്ഞു. എന്‍റെ മൂത്ത മകന്‍റെ ഭാര്യ ആ പ്രായ പരിധിയിലാണ്. ആ വസ്തുത ഞാന്‍ അറിയിച്ചു. ഒരു ചെറുക്കന് പറ്റിയ പെണ്‍കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയതാണെന്നും ദോഷജാതകം ഉള്ള വല്ല കുട്ടികളും പരിചയത്തിലുണ്ടോ എന്നും അയാള്‍ തിരക്കി.

മൂന്ന് കൊല്ലത്തെ തിരച്ചിലിന്ന് ശേഷമാണ് മൂത്ത മകന് ഒരു വധുവിനെ കണ്ടെത്തിയത്. ഒരു ഇടവേളക്ക് ശേഷം അടുത്ത
ആള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആ കാര്യം ഞാന്‍ അയാളോട് പറഞ്ഞു.

' ശുദ്ധ ജാതകം ചേരുമോ 'എന്ന് ആഗതതന്‍റെ ചോദ്യത്തിന്ന് .' ഉവ്വ് ' എന്ന് ഞാന്‍ മറുപടി നല്‍കി.

അയാള്‍ ഉമ്മറത്തെ തിണ്ടില്‍ ഇരുന്നു. പ്ലാസ്റ്റിക്ക് കവര്‍ തുറന്നു. അതില്‍ നിന്നും മൂന്ന് ഫോട്ടോകള്‍ എടുത്ത് നീട്ടി. ഒന്നിനൊന്ന് ഭംഗി കൂടുതല്‍ തോന്നിക്കുന്ന പെണ്‍കുട്ടികള്‍. ഞാന്‍ സുന്ദരിയെ വിളിച്ചു. ഫോട്ടോകള്‍ രണ്ടാള്‍ക്കും ബോധിച്ചു. കുട്ടികള്‍ മൂവരും വളരെ വേണ്ടപ്പെട്ടവരുടെ മക്കളാണെന്നും ജാതകം യോജിപ്പുണ്ടെങ്കില്‍ കാര്യം നടത്തി തരാമെന്നും അയാളേറ്റു.
പ്രതിഫലം എത്രയാണെന്ന് ഞാന്‍ തിരക്കി. പിന്നീട് അതൊരു തര്‍ക്കത്തിന്ന് ഇട വരുത്തരതല്ലോ.

കല്യാണം നടത്തിയാല്‍ അയ്യായിരം രൂപയും റജിസ്ട്രേഷന്ന് നാനൂറ്റി അമ്പതു രൂപയും ആണ് നിരക്ക് എന്ന് മറുപടി
കിട്ടി. അതൊട്ടും അധികമല്ല. പല ബ്യൂറോകള്‍ക്കും കുറിപ്പുകള്‍ കിട്ടാന്‍ പണം അടച്ച ഓര്‍മ്മയുണ്ട്. അങ്ങിനെ കിട്ടിയ കുറിപ്പില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടി പ്രസവിച്ച് കിടക്കുകയാണെന്ന് മറുപടി കിട്ടിയതും ഞാനോര്‍ത്തു. ഇടനിലക്കാരന്‍ ഉള്ളതിനാല്‍ അത്തരം നാണക്കേട് ഉണ്ടാവില്ലല്ലോ എന്ന ഒരു സമാധാനവും ഉണ്ട്.

ഒരു ജോത്സ്യനെ കണ്ടാലല്ലേ തീരുമാനിക്കാന്‍ പറ്റു എന്ന് ആലോചിക്കുമ്പോഴാണ് താന്‍ ജോത്സ്യനാണെന്നും പയ്യന്‍റെ ജാതക
കുറിപ്പ് കിട്ടിയാല്‍ പൊരുത്തം ഇപ്പോള്‍ തന്നെ നോക്കി തരാമെന്നും കക്ഷി പറഞ്ഞത്. ഈശ്വര കൃപ എന്ന് മനസ്സില്‍ ഓര്‍ത്തു. മകന്‍റെ ജാതക കുറിപ്പ്ഹാജരാക്കി. ലഗ്നാലും ചന്ദ്രാലും ശുക്രാലും രണ്ട്, അഞ്ച്, ഏഴ്, എട്ട്ഭാവങ്ങള്‍ അയാള്‍
പരിശോധിച്ചു.മകന്‍റെ ജാതകം മൂന്ന് പെണ്‍കുട്ടികളുടെ ജാതകങ്ങളുമായി നന്നായി ചേരുമെന്ന് വിധി കല്‍പ്പിച്ചു.

എന്താണ് അടുത്ത പരിപാടി എന്ന് ആലോചിച്ചു. അടുത്ത ഞായറാഴ്ച പോവ്വാന്‍ പറ്റുമോ എന്നായി അയാള്‍ . ' അതിലേ ആ നീല ചൂരീദാര്‍ ഇട്ട കുട്ടിയുടെ കേസ് നോക്കണ്ടാ ' അയാള്‍ പറഞ്ഞു ' അത് നിങ്ങളുടെ സ്ഥിതിക്ക് ഒട്ടും പോരാ '.അങ്ങിനെ ആരേയും ചെറുതാക്കി കാണരുതെന്നും അതും കൂടി നോക്കണമെന്നും വീട്ടുകാരി നിര്‍ബന്ധം പറഞ്ഞു. ഏതാണ് ശരിയാവുക എന്ന് പറയാനാവില്ലല്ലൊ.

ഞായറാഴ്ച കാലത്ത് ഒമ്പതര മണിക്ക്പട്ടാമ്പിയില്‍ ഗുരുവായൂര്‍ റോഡ് തിരിയുന്ന ഭാഗത്ത് അയാള്‍ നില്‍ക്കാമെന്നും, ഞങ്ങള്‍ കാര്‍ നിര്‍ത്തി അയാളെ കയറ്റിക്കൊള്ളാമെന്നും ധാരണയായി.സുന്ദരി അഞ്ഞൂറ് രൂപയുമായി എത്തി. ' എന്താ ഇത് '
അയാള്‍ ചോദിച്ചു. റജിസ്ട്രേഷന്‍ ഫീസ്സ് നല്‍കിയതാണെന്ന് പറഞ്ഞു. ' താന്‍ മുന്‍കൂറായി പണമൊന്നും വാങ്ങില്ലെന്നും പെണ്ണ് കാണല്‍ കഴിഞ്ഞ് ബോധിച്ചിട്ട് തന്നാല്‍ മതിയെന്നും പറഞ്ഞ് മൂപ്പര്‍ പണം കൈപ്പറ്റിയില്ല.

വല്ല ആവശ്യവും വന്നാല്‍ ബന്ധപ്പെടണമല്ലൊ. ഞാന്‍ അയാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. വീട് വിറ്റ് പുതിയ വീട് ഉണ്ടാക്കുന്നതിനാല്‍ ഫോണില്ലെന്ന് മറുപടി കിട്ടി. ' മൊബൈലോ ' വീണ്ടും എന്‍റെ അന്വേഷണം . അതൊന്നും കയ്യില്‍
വെച്ചുകൊണ്ട് നടക്കാന്‍ പറ്റാത്തതിനാല്‍ വാങ്ങിയിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. പകരം തന്‍റെ മേല്‍വിലാസം കുറിച്ചെടുത്തു കൊള്ളാന്‍ പറഞ്ഞു.

ഞാന്‍ കടലാസും പേനയും എടുത്തു. ബാലകൃഷ്ണന്‍ നായര്‍ . ഞാനെഴുതി. വീട്ട് പേര് പറഞ്ഞതും എഴുതി ചേര്‍ത്തു. അയ്യപ്പന്‍ കാവിന്ന് സമീപം. ചെര്‍പ്ലശ്ശേരി പോസ്റ്റ്. പാലക്കാട് ജില്ല. ഈ ഘട്ടത്തില്‍ മകന്‍ ബിനു പുറത്തേക്ക് വന്നു. ' ഇതാരാ ' നായര്‍ ചോദിച്ചു. ഇയാള്‍ക്ക് വേണ്ടിയാണ് ആലോചന നടത്തുന്നത് എന്ന് ഞാന്‍ പറഞ്ഞു.

' ദൈവാധീനം ഉണ്ട് ' നായര്‍ ഉറക്കെ ആത്മഗതം ചെയ്തു ' എന്താ ചെയ്യാ എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു '. എനിക്ക് ഒന്നും മനസ്സിലായില്ല. മകന്ന് ജാതക പ്രകാരം ചില കുഴപ്പങ്ങളുണ്ടെന്നും ശരിയായ പരിഹാരം ചെയ്യാതിരുന്നാല്‍
വിവാഹം നടക്കില്ലെന്നും നായര്‍ വെളിപ്പെടുത്തി. മകന്‍റെ കയ്യ് നോക്കി സംഗതി ഉറപ്പ് വരുത്തി. വീടിന്‍റെ മുന്‍വശത്തുള്ള തുളസിയില്‍ നിന്നും ഒരു കതിര്‍ പൊട്ടിച്ച് വരാന്‍ മകനോട് ആവശ്യപ്പെട്ടു. അത് എണ്ണി നോക്കി. കൃത്യം ഇരുപത്തി ഒന്ന് ഇല. ' ഇരുപത്തൊന്ന് ദിവസത്തെ പൂജ വേണ്ടി വരും ' നായര്‍ പറഞ്ഞു.

നോട്ട് പുസ്തകത്തില്‍ നിന്നും കാല്‍പ്പായ കടലാസ്സ് മൂപ്പര്‍ ചോദിച്ച് വാങ്ങി, എന്തോ അതില്‍ കുത്തിക്കുറിച്ചു. ' ഒന്നിന്‍റേയും പത്തിന്‍റേയും ഇടക്ക് ഒരു സംഖ്യ പറയൂ ' മകനോട് അയാള്‍ പറഞ്ഞു. എട്ട് എന്ന് കുട്ടി മറുപടി നല്‍കി. ' ഇനി പതിനൊന്നിനും ഇരുപതിനും ഇടക്ക് ഒരു സംഖ്യ പറയൂ ' എന്നായിരുന്നു അടുത്ത ചോദ്യം. മറുപടി പത്തൊമ്പത് എന്നായിരുന്നു. നായര്‍ കടലാസ്സ് നിവര്‍ത്തി കാട്ടി. അതില്‍ ഒന്ന് മുതല്‍ ഇരുപത് വരെയുള്ള അക്കങ്ങള്‍ കുറിച്ചിരുന്നു. എട്ടും പത്തൊമ്പതും
മാത്രം അതില്‍ ഉണ്ടായിരുന്നില്ല.

മുമ്പിലിരിക്കുന്നത് ഒരു മഹാത്മാവാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. സുന്ദരി ചെന്ന് ചായ ഉണ്ടാക്കി ആതിത്ഥ്യ മര്യാദ കാട്ടി. തൃശ്ശൂരിനടുത്ത് ചേര്‍പ്പില്‍ ഒരു മനയില്‍ ഇതിന്ന് പ്രത്യേക പൂജ ചെയ്യിക്കണം എന്ന് പ്രതിവിധി പറഞ്ഞു. ചിലവ് എഴുന്നൂറ്റി എണ്‍പത് രൂപ വരുമെന്നും താന്‍ അന്ന് വൈകുന്നേരം അവിടേക്ക് പോകുന്നുണ്ടെന്നും പറഞ്ഞതോടെ പണം അദ്ദേഹത്തെ ഏല്‍പ്പിച്ചാലോ എന്ന് ആലോചിച്ചു.

എണ്ണൂറ് രൂപ ഞാന്‍ അയാളുടെ കയ്യിലേല്‍പ്പിച്ചു. ' എഴുന്നൂറ്റി എണ്‍പത് രൂപയാണ് ചിലവ് എന്ന് ഞാന്‍
പറഞ്ഞിരുന്നല്ലോ '. യാതൊരു കാരണ വശാലും അധികം ഒന്നും വാങ്ങില്ലെന്ന് അയാള്‍ക്ക് വാശി. സാരമില്ല, ബാക്കി കയ്യില്‍ വെച്ചേക്കൂ എന്ന എന്‍റെ വാക്കുകള്‍ സ്വീകരിച്ചില്ല. ഒടുവില്‍ ചില്ലറ മാറി പറഞ്ഞ തുക മാത്രം വാങ്ങി പട്ടാമ്പിയില്‍ വെച്ച് കാണാമെന്ന ഉറപ്പോടെ യാത്ര പറഞ്ഞു നായര്‍ തിരിച്ച് പോയി.

' നമുക്ക് വേറൊരു പണിക്കരെ കാണിച്ച് പൊരുത്തം ഒന്നു കൂടി നോക്കിച്ചാലെന്താ ' എന്ന ആശയം പിറ്റേന്നാണ് ഭാര്യ പറഞ്ഞത്. ഉടനെ തന്നെ ഫോണില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ നായര്‍ക്ക് കത്തെഴുതി. ഒരു വിവരവും കിട്ടാഞ്ഞതിനാല്‍
നേരിട്ട് ചെര്‍പ്ലശ്ശേരിയിലെത്തി അയാളെ കാണാമെന്ന് നിശ്ചയിച്ചു. ഞാനും മൂത്ത മകനും കൂടി അയ്യപ്പന്‍ കാവിന്നടുത്തുള്ള സകല പീടികകളിലും കയറി ഇറങ്ങി. ആ വീട്ടുപേരില്‍ ബാലകൃഷ്ണന്‍ നായര്‍ എന്ന ഒരാളെ ആര്‍ക്കും അറിയില്ല. അറ്റ കൈക്ക് പോസ്റ്റ് ഓഫീസില്‍ ചെന്ന് അന്വേഷിച്ചതോടെ പതിവ് പോലെ പറ്റിക്കപ്പെട്ടു എന്ന് ബോദ്ധ്യമായി. എന്നെ അത്ഭുതപ്പെടുത്തി ശനിയാഴ്ച സന്ധ്യക്ക് എനിക്ക് നായരുടെ ഫോണ്‍ വന്നു. ആ കുട്ടികളുടെ വിവാഹം ഉറപ്പിച്ചുവെന്നും വേറെ കുറച്ച് കുറുപ്പുകളുമായി ഇരുപത്തെട്ടാം തിയ്യതി എത്താമെന്നും , വഴിപാടിന്ന് കൊടുത്ത പണം തന്‍റെ കയ്യിലുണ്ടെന്നും അയാള്‍ പറഞ്ഞു.പിറ്റേന്ന് ഞങ്ങള്‍ ചെന്ന് മടങ്ങി പോരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വിവരം തന്നതാണത്രേ.

എനിക്ക് ഉണ്ടായ സന്തോഷത്തിന്ന് അതിരുണ്ടായിരുന്നില്ല. ഇത്ര നല്ല മാന്യനെ ഞാന്‍ വൃഥാ സംശയിച്ചല്ലോ എന്നൊരു കുറ്റബോധം എനിക്ക് തോന്നി. അതിന്ന് ശേഷം പല ഇരുപത്തെട്ടാം തിയ്യതികളും കടന്ന് പോയി. നായര്‍ വന്നില്ല എന്ന് മാത്രം.

അപ്പോഴാണ് വാഷിങ്ങ് മെഷീന്‍ പ്രവര്‍ത്തിക്കാതാവുന്നത്. ഡീലറെ വിവരം അറിയിച്ചു. ഒരു ദിവസം ടെക്നീഷ്യന്‍ ഹാജര്‍. വിദ്വാന്‍ കൈ വെച്ചതോടെ സാധനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിന്ന് കേടൊന്നും ഇല്ലല്ലോ എന്നും പറഞ്ഞ് 221.00 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കി.

അയാള്‍ പോയതോടെ സുന്ദരി എന്‍റെ അടുത്തെത്തി.' നോക്കൂ, നമ്മളുടെ ഒരു കഷ്ട കാലം. ആ നായര് എഴുന്നൂറ്റി എണ്‍പത് ഉറുപ്പിക പറ്റിച്ചു. ഇവന് ഇരുന്നൂറ്റി ഇരുപത്തൊന്ന് വേറേയും '. ആ നിമിഷം എന്‍റെ മനസ്സിലെ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥി ഉണര്‍ന്നു. 780.00+221.00 = 1001.00. നല്ല അന്തസ്സ് ഉള്ള സംഖ്യ. ഞാന്‍ ആ തുക സംഭാവനയായി കണക്കാക്കാന്‍
നിശ്ചയിച്ചു.ബാറ്റ്ലി ബോയ് എഴുതിയ അക്കൌണ്ടന്‍സിയുടെ ബാലപാഠങ്ങള്‍ അനുസ്മരിച്ച്

ഡൊണേഷന്‍ അക്കൌണ്ട് ഡെബ്റ്റര്‍ ...... 1001.00
ട്ടു ബാലകൃഷ്ണന്‍ നായര്‍ ............. 780.00
റിപ്പയര്‍ ചാര്‍ജ്ജ് ...................... 221.00

എന്നൊരു ജേണല്‍ മനസ്സില്‍ തയ്യാറാക്കി. അതോടെ ഞാന്‍ അതീവ സന്തുഷ്ടനായി, അനന്തരം എന്നാണ് ധൂമകേതുപോലെ ഒരു തട്ടിപ്പുകാരന്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചും കൊണ്ട്സെറ്റിയില്‍ ചാരി കിടന്നു.

( ' ഓര്‍മ്മതെറ്റ് പോലെ ' എന്ന നോവലിന്‍റെ 2ഉം,3ഉം അദ്ധ്യായങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. )

3 comments:

ramanika said...

അനുഭവം രസിപ്പിച്ചു !
ഒരു ജേര്‍ണല്‍ എന്‍ട്രി വഴി കണക്കു ക്ലോസ് ചെയ്തത് ഇഷ്ടപ്പെട്ടു !
നോവല്‍ തുടക്കം മനോഹരം

keraladasanunni said...

ramanika.
വളരെ നന്ദി. പാലക്കാടന്‍ ഗ്രാമീണ ഭാഷയായതിനാല്‍ ഇഷ്ടപ്പെടാതെ വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.
palakkattettan.

nalina kumari said...

എനിക്ക് ചിരി വന്നു..ഇങ്ങനെ നമ്മള്‍ എത്ര ആളുകളാല്‍ പറ്റിക്കപ്പെടുന്നു...