Monday, August 10, 2009

കല്ലു പറഞ്ഞ കാര്യം.

വളരെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍കാരെ പണിക്ക് കിട്ടിയത്. വീട്ടിലെ ചില ഭാഗങ്ങളില്‍ നിലം കേടുവന്നിരുന്നു.
അത് പുതുക്കി പണിയണം. മാര്‍ബിള്‍ ഇടാം എന്ന ആശയം മക്കളുടേതാണ്. എന്തോ ആവട്ടെ പണിക്ക് ആളെ ഏര്‍പ്പാടാക്കിന്‍ എന്ന്
അവരെ തന്നെ ഏല്‍പ്പിച്ചു.

അതിനെന്താ പ്രയാസം. നമ്മുടെ പഴയ ആള്‍ക്കാരില്ലേ, അവരെ തന്നെ വിളിച്ചാല്‍ പോരെ,എന്ന് സുന്ദരി പറഞ്ഞപ്പോഴാണ് എനിക്ക്
ആ കാര്യം ഓര്‍മ്മ വന്നത്. മുമ്പ് ഒരിക്കല്‍ ഇതേ പോലെ പണി വന്നപ്പോള്‍ ചെയ്തു തന്ന ഒരു കൂട്ടരുണ്ട്. സ്വന്തമായി ഗ്രൈന്‍റിങ്ങ് മെഷീന്‍ ഇല്ല എന്ന ഒരു കുറവേ അന്ന് അവര്‍ക്കുണ്ടായിരുന്നുള്ളു. അന്ന് പണി പുരോഗമിക്കവെ ഒരു മെഷീന്‍ വാങ്ങാനായി ശകലം പണം തന്ന് സഹായിക്കാമോ എന്ന് ഒരു അഭ്യര്‍ത്ഥന അവര്‍ നടത്തി. പണം കൂലിയില്‍ തട്ടി കിഴിക്കാം,ബാക്കി വല്ലതും ഉണ്ടെങ്കില്‍ ഇടക്ക് വന്ന്
തരാം, ഒരു കുടുംബം കര പിടിക്കുന്ന കാര്യമാണ് എന്നൊക്കെ പറയുകയും ചെയ്തു. അബദ്ധം പറ്റാന്‍ പിന്നെ ഏറെ താമസം
ഉണ്ടായില്ല. ഭാര്യയുടെ വാക്കുകള്‍ തള്ളി കളഞ്ഞ് മടി കൂടാതെ പതിനായിരം രൂപ അവര്‍ക്ക് കൊടുത്തു. പുതിയ ഗ്രൈന്‍റര്‍ കൊണ്ട് പണി ചെയ്തു. കൂലിയില്‍ തരാനുള്ളത് തട്ടി കിഴിച്ചു. പോകുമ്പോള്‍ ആ വിദ്വാന്‍ കാല്‍കള്‍ നമസ്കരിച്ചു. സാറിന്ന് എന്ത് ആവശ്യമുണ്ടെങ്കിലും ഒരു വാക്ക് ആരോടെങ്കിലും പറഞ്ഞ് അറിയിച്ചാല്‍ മതി, ഞാന്‍ ആ സെക്കന്‍റില്‍ എത്തും എന്ന് പറഞ്ഞിട്ടാണ് അയാള്‍ പോയത്.

ഞാന്‍ നേരില്‍ ചെന്ന് വിവരം അറിയിച്ചു. കക്ഷിക്ക് വലിയ സന്തോഷം.' സാറ്' ധൈര്യമായി മാര്‍ബിള്‍ വാങ്ങിച്ചൊ. പിറ്റെന്ന് ഞാനെത്തും ' എന്നും പറഞ്ഞ് വാങ്ങാനുള്ള അളവ് കണക്കാക്കി വാങ്ങിച്ചില്ലെങ്കില്‍ ഒന്നുകില്‍ അധികമാവും, അല്ലെങ്കിലോ തികയതെ വരും എന്നൊരു മുന്നറിയിപ്പും തന്നു.' നീളവും വീതിയും അളന്ന് ' വിസ്തീര്‍ണ്ണം കണക്കാക്കുന്ന രീതി പറയാന്‍
തുനിഞ്ഞപ്പോള്‍ ഞാന്‍ വിലക്കി. നാല്‍പ്പത് കൊല്ലം മുമ്പ് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ എനിക്കോ ഇയാള്‍ ക്ലാസ്സ് എടുക്കുന്നത്.

പിറ്റേന്ന് സാധനങ്ങള്‍ വാങ്ങി. വിവരം പണിക്കാരനെ അറിയിച്ചു. രണ്ട് ദിവസത്തെ തിരക്ക് ഉണ്ടെന്നും ശനിയാഴ്ച കണിശമായും
എത്തുമെന്നും കക്ഷി പറഞ്ഞു. അത് വെറും വാക്കായി. പലവട്ടം വിളിച്ചിട്ടും അയാള്‍ വന്നില്ല. അപ്പോഴാണ് രാജസ്ഥാനില്‍ നിന്നും വന്ന ഒരു 'ടീം' സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞത്. അവരെ ചെന്ന് കണ്ടു. പിറ്റേന്ന് തലവന്‍ വീട്ടിലെത്തി. എന്തിന്ന് പറയുന്നു, അതിന്ന് അടുത്ത ദിവസം പണിക്കാരെത്തി. ആദ്യം ഞങ്ങള്‍ക്ക് പണിക്കാരെ കുറിച്ച് ഒട്ടും മതിപ്പ് തോന്നിയില്ല. ഒക്കെ പത്തിനും
പതിനാലിനും ഇടക്കുള്ള പിള്ളേര്‍. ഇവന്മാര്‍ സംഗതി കുളമാക്കുമോ ഈശ്വരാ എന്ന് തോന്നി. എന്നാല്‍ അളവെടുക്കലും മുറിക്കലും മേല്‍മട്ടം ശരിയാക്കാന്‍ ചുമരില്‍ അടയാളമിടുന്നതും കണ്ടപ്പോള്‍ ഈ പഹയര് കൊള്ളാമല്ലോ എന്ന് മാറ്റി ചിന്തിച്ചു. ഒറ്റ പ്രശ്നം മാത്രമേ ഉണ്ടായുള്ളു. പിള്ളേര്‍ക്ക് മലയാളം വശമില്ല, എനിക്ക് ഹിന്ദിയും.

ആദ്യത്തെ ദിവസം തന്നെ പിള്ളരെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. കാലത്ത് എട്ടരക്ക് എത്തും. വൈകീട്ട് എട്ടായാലും പോവില്ല. പണി നിറുത്തിക്കോളാന്‍ നിര്‍ബന്ധിച്ചാലേ പോകൂ. രണ്ട് നേരം ഓരോ ചായ മാത്രം വാങ്ങി കഴിക്കും. മറ്റെന്ത് കൊടുത്താലും വാങ്ങില്ല.
ഇതിനിടെ അത്യാവശ്യം ഞങ്ങള്‍ തമ്മില്‍ സംഭാഷണം തുടങ്ങി. സംഘത്തില്‍ ഒരുവന്‍റെ പേര് കല്ലു, മറ്റൊരാള്‍ നര്‍സി.
ശേഷിച്ചവരുടെ പേര് വായില്‍ കൊള്ളാത്ത മട്ടില്‍. മക്കള്‍ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് കേട്ട് ഇവരും എന്നെ അതുതന്നെ വിളിക്കാന്‍ തുടങ്ങി.

ഒരു ദിവസം ഞാന്‍ പത്രം വായിക്കുകയാണ്. കല്ലു അടുത്ത് വന്നു. കേരളത്തില്‍ എല്ലാവരും പത്രം വായിക്കുന്നു എന്ന് വളരെ അത്ഭുതത്തോടെ അവന്‍ പറഞ്ഞു. നാട്ടില്‍ പണ്ഡിറ്റുകള്‍ക്കേ പത്രം വായിക്കാനറിയൂ എന്നായി അവന്‍. കേരളത്തിലെ സാക്ഷരതക്ക് കിട്ടിയ സാക്ഷ്യപത്രം. അന്ന് വൈകീട്ട് അടുത്ത മാസം അവന്‍ രാജസ്ഥാനിലേക്ക് പോവുകയാണെന്ന് കല്ലു പറഞ്ഞു.'എന്താ അവിടെ വിശേഷം ' എന്ന് സുന്ദരി തിരക്കി. പെങ്ങളുടെ കല്യാണമാണെന്ന് അവന്‍ പറഞ്ഞു. അവന്‍റെ ചേച്ചിയുടെ വിവാഹമായിരിക്കുമെന്ന് ഞാന്‍ കരുതി. പെങ്ങള്‍ക്ക് എത്ര വയസ്സായി എന്ന് സുന്ദരി ചോദിച്ചതിനുള്ള മറുപടി കേട്ട് ഞാന്‍ ഞെട്ടി. അവള്‍ക്ക് എട്ട് വയസ്സ് കഴിഞ്ഞ് ഒമ്പത് തുടങ്ങി എന്ന് അവന്‍ പറഞ്ഞു.

ഇവനും കല്യാണം ഉണ്ടാവുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. കല്ലു അത് നിഷേധിച്ചില്ല. കല്യാണത്തിന്ന് തനിക്ക് പത്തായിരം
രൂപയും ഒരു പങ്കയും സ്ത്രീധനമായി കിട്ടുമെന്ന് അവന്‍ വലിയ സന്തോഷത്തോടെ പറഞ്ഞു.അപ്പോഴാണ് അവന്‍റെ
സമപ്രായക്കാരന്‍ വിവാഹിതനാണെന്ന വിവരം ഞങ്ങള്‍ അറിയുന്നത്.

വേറൊരു ദിവസം വീട്ടില്‍ നിന്ന് വന്ന എഴുത്തിലെ വിവരം കല്ലു പറഞ്ഞു. അവന്‍റെ ചെറിയച്ഛന്‍ ശമ്പളം കിട്ടിയ മുവ്വായിരം
രൂപയുമായി റോഡിലൂടെ പോവുമ്പോള്‍ ഒരു കള്ളന്‍ അത് തട്ടിപ്പറിച്ചു. നാട്ടുകാരുടെ സഹായത്തോടെ അവനെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പരാതിയൊക്കെ വാക്കാലായിരുന്നു.

' നീ ഇവന്‍റെ പണം എടുത്തോ ' എന്ന് പൊലീസുകാരന്‍ ചോദിച്ചു. ഉവ്വെന്ന് കള്ളന്‍ സമ്മതിച്ചു.
'എന്തിനാ എടുത്തത് ' എന്നായി അടുത്ത ചോദ്യം.
' എന്‍റെ കയ്യില്‍ പൈസ ഒന്നും ഇല്ല. ഇവനോട് ചോദിച്ചിട്ട് തന്നില്ല, അതാ എടുത്തത് ' കള്ളന്‍ മൊഴിഞ്ഞു.
' കേട്ടോടാ ' കല്ലുവിന്‍റെ ചെറിയച്ഛനോട് പൊലീസ് പറഞ്ഞു ' അവന്‍ ചോദിച്ചതും കൊടുത്താല്‍ അവന്‍ എടുക്കില്ലായിരുന്നു. നീ അത് ചെയ്തില്ല. അതാണ് അവന്‍ എടുത്തത് '
പിന്നെ കാര്യങ്ങള്‍ വളരെ എളുപ്പം നടന്നു. കള്ളനില്‍ നിന്നും പണം വാങ്ങി. ആയിരം രൂപ കല്ലുവിന്‍റെ ചെറിയച്ഛന്ന് കൊടുത്തു, ആയിരം കള്ളനും. ബാക്കി തുക പൊലീസ് എടുത്തു.
ഭാഗ്യം. ' ഇനി നീ കക്കരുത് ' എന്ന് കള്ളന്ന് ഒരു ഉപദേശം നല്‍കി. ' പണം കയ്യില്‍ വെച്ച് നടക്കരുത് ' എന്ന് കല്ലുവിന്‍റെ ചെറിയച്ഛനും.
നീതിന്യായ നിര്‍വഹണത്തിന്‍റെ ഈ രീതി എനിക്ക് വിശ്വസിക്കാനായില്ല.


( പ്രസിദ്ധീകരിച്ച് തുടങ്ങിയ ' ഓര്‍മ്മതെറ്റ് പോലെ ' എന്ന എന്‍റെ നോവലിലേക്ക് ഈ ബ്ലോഗില്‍ നിന്നും ലിങ്ക് കൊടുത്തിട്ടുണ്ട് )

5 comments:

ramanika said...

കള്ളനില്‍ നിന്നും പണം വാങ്ങി. ആയിരം രൂപ കല്ലുവിന്‍റെ ചെറിയച്ഛന്ന് കൊടുത്തു, ആയിരം കള്ളനും. ബാക്കി തുക പൊലീസ് എടുത്തു.
ഭാഗ്യം. ' ഇനി നീ കക്കരുത് ' എന്ന് കള്ളന്ന് ഒരു ഉപദേശം നല്‍കി. ' പണം കയ്യില്‍ വെച്ച് നടക്കരുത് ' എന്ന് കല്ലുവിന്‍റെ ചെറിയച്ഛനും.
നീതിന്യായ നിര്‍വഹണത്തിന്‍റെ ഈ രീതി എനിക്ക്
ishtapettu!

രാജഗോപാൽ said...

അഞ്ചാറ് കൊല്ലം മുന്‍പ് വീട് പണിക്കാലം. അമ്മ വിശ്വസ്തനെന്ന് പറഞ്ഞു സംഘടിപ്പിച്ചു തന്ന ആശാരി വേലായുധന്‍ എല്ലാ മരപ്പണിയും കഴിഞ്ഞ ശേഷം സ്വന്തം ഇഷ്ടപ്രകാരം മൂന്നു കട്ടിലുകളും "kitchen cabinet" ന്റെ ആദി രൂപവും ഉണ്ടാക്കിയ ശേഷം കണക്കു നോക്കിയപ്പോള്‍ ആറായിരം ഉറുപ്പിക ഇങ്ങോട്ട് തരാനാണ്. അത് കേട്ട്, അത്യാവശ്യം സമൃദ്ധമായി സേവിച്ച "മര നീരിന്റെ" "സെന്റി"യില്‍ കണ്ണ് നീരണിഞ്ഞു എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. "കുട്ടി ഇതോര്‍ത്ത് വിഷമിക്കേണ്ട" ഇതിലധികം പണം കുട്ടിക്ക് അടുത്തകൊല്ലം മാസപ്പടി കൂടുമ്പോള്‍ കിട്ടും. അതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം. രാജസ്ഥാനിലെ നീതി നിര്‍വഹണ രീതി ഇതില്‍ കൂടുതല്‍ നന്നായി എങ്ങിനെ അവതരിപ്പിക്കാനാണ്. ശൈശവ വിവാഹം നിയമവിരുദ്ധം നമുക്കാണ്. "ലോകത്തെവിടെയും" കാണാത്ത രാവിലത്തെ പത്രം വായനയും ട്രെയിനില്‍ പണം കൊടുത്തു ടിക്കറ്റ്‌ വാങ്ങി യാത്ര ചെയ്യുന്നതും നമുക്ക് മാത്രം അവകാശപ്പെട്ട ചില "ദു" ശീലങ്ങള്‍ ആണ്. പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളില്‍ ചിലത്.

കണ്ണനുണ്ണി said...

ഏട്ടാ ഓര്‍മ്മകള്‍ മനോഹരം....
ആ രാജസ്ഥാന്‍ പയ്യന്റെ കഥ ആവും മിക്ക ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്കും പറയുവാന്‍ ഉള്ളത്.... അവരൊക്കെ ഇന്നും ഇരുപതു കൊല്ലം പിറകിലാണ് ജീവിക്കുന്നത്....

keraladasanunni said...

ramanika
വളരെ നന്ദി.
raj
ആ പയ്യന്മാര്‍ എവിടെ വെച്ച് കണ്ടാലും അച്ഛാ എന്ന് വിളിച്ച് അടുത്ത് വരും. നല്ല സ്നേഹമുള്ള കൂട്ടര്‍. കല്ലു ഇപ്പോള്‍ ബാംഗ്ലൂരിലാണത്രേ.
കണ്ണനുണ്ണി.
വാസ്തവം. ഇങ്ങിനെ ചിലര്‍ ഈ നാട്ടില്‍ കഴിയുന്നു എന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി വയ്യ.

നളിനകുമാരി said...

നിഷ്കളങ്കരായ ആളുകള്‍...പാവം..