Sunday, July 19, 2009

പിന്നില്‍ ഒരു കാലൊച്ച.

1988 ലാണ് സംഭവം നടന്നത്.തികച്ചും അസാധാരണമായ ഒന്ന്. ഇന്നും എനിക്ക് യുക്തിക്ക് നിരക്കുന്ന ഒരു വിശദീകരണം
ഈ സംഭവത്തെകുറിച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരം ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ചായകുടി കഴിഞ്ഞ് കുറച്ച് നേരം ഇരിക്കും. ആ സമയത്താണ് മക്കളുടെ വക സ്കൂള്‍ പുരാണം അവതരിപ്പിക്കല്‍. സമയം ആറേകാല്‍
ആയാല്‍ ക്ലബ്ബിലേക്ക് ഇറങ്ങും. പിന്നെ എട്ടര മണി വരെ ചീട്ടുകളിയാണ്. മറ്റെന്ത് കാര്യം ഒഴിവാക്കിയാലും ഞങ്ങള്‍ അംഗങ്ങള്‍
ആരും കളിയോഗം ഒഴിവാക്കാറില്ല.

ജനവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ആണ് ഇത് നടക്കുന്നത്. വീട്ടിലേക്കുള്ള മണ്‍പാതയുടെ ഇരുവശത്തും ഉള്ള വയലുകള്‍ എല്ലാം വിളഞ്ഞ കതിര്‍ ചൂടി നില്‍ക്കുകയാണ്. ഒന്നാന്തരം കാലാവസ്ഥ. വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ഞാന്‍
സാവധാനം നടക്കുകയാണ്. അസ്തമിക്കാന്‍ തയ്യാറെടുത്ത സൂര്യന്‍ മുഖത്താകെ ചുവപ്പ് ചായം തേച്ച് ഓവര്‍ ബ്രിഡ്ജിന്ന്
അരികിലായി യാത്രാമൊഴി ചൊല്ലി നില്‍ക്കുന്നു. ഞാന്‍ മനസ്സില്‍ അദ്ധ്യാത്മ രാമായണത്തിലെ ആദിത്യസ്തുതിയുടെ ഈരടികള്‍ മൂളിപ്പാട്ട് പോലെ ഉരുവിടുന്നുണ്ടായിരുന്നു.

പെട്ടെന്ന് പുറകില്‍ ഒരു കാലൊച്ച. ആരോ ഓടി വരുന്നത് പോലെ. കളി കഴിഞ്ഞ് വരുമ്പോള്‍ വല്ലതും വാങ്ങിയിട്ട് വരണമെന്ന്
പറയാന്‍ ചിലപ്പോള്‍ മക്കള്‍ വരാറുണ്ട്. അങ്ങിനെ ആവുമെന്ന് വിചാരിച്ച് ഞാന്‍ നിന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ പുറകില്‍
ആരുമില്ല. വെറും തോന്നലാണ് എന്ന് കരുതി ഞാന്‍ വീണ്ടും നടക്കാന്‍ തുടങ്ങിയതും കാലൊച്ച പിന്നില്‍ കേട്ട്തുടങ്ങി.
ഇതെന്ത് മറിമായമാണെന്ന് കരുതി ഞാന്‍ നിന്നു. ഇത്തവണ പരിസരം മുഴുവന്‍ ഞാന്‍ ശ്രദ്ധിച്ച് നോക്കി. അടുത്തെങ്ങും ഒരു ജീവി പോലുമില്ല. ഞാന്‍ നടന്ന് തുടങ്ങിയതോടെ കാലൊച്ച പിന്നിലുണ്ട്. എന്നെ അത്ഭുതപ്പെടുത്തി നൂറ്റമ്പത് മീറ്റര്‍ ദൂരത്തെ നടത്തം മുഴുവന്‍ പിന്നിലെ കാലൊച്ചയുടെ അകമ്പടിയോടെ ആയിരുന്നു.

റെയില്‍വെ സ്റ്റേഷനിലെ ഫുട്ടോവര്‍ ബ്രിഡ്ജില്‍ നിന്ന് ഞാന്‍ വന്ന വഴി മുഴുവന്‍ നോക്കി. വീട്ടിന്ന് മുമ്പിലെ ആലിന്‍ചുവട് മുതല്‍ സ്റ്റേഷന്‍ വരെ ഒന്നുമില്ല. രാത്രി തിരിച്ച് വരുമ്പോള്‍ ഇത് തുടര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്ന് ചിന്തിച്ച് ഞാന്‍ എന്‍റെ വഴിക്ക് പോയി. തിരിച്ച് വരുമ്പോള്‍ എന്നല്ല പിന്നീടൊരിക്കലും ഈ പ്രതിഭാസം ഉണ്ടായിട്ടില്ല.

ഈ കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്ന് മാത്രമല്ല, ഇയാള്‍ക്ക് ശകലം ബുദ്ധിഭ്രമം ഉണ്ട് എന്ന് വിചാരിക്കുകയും
ചെയ്യും. അമ്മയെങ്ങാനും അറിഞ്ഞാല്‍ പിന്നീട് സന്ധ്യക്കുള്ള യാത്ര വിലക്കി എന്നും വന്നേക്കാം. ഇതൊക്കെ കണക്കാക്കി നടന്ന കാര്യം ഞാന്‍ മനസ്സില്‍ തന്നെ ഒതുക്കി.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞു കാണും. ഒരു ദിവസം ഓഫീസില്‍ ഞാനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ. കെ.വി. രാമചന്ദ്രനും മാത്രം. 'തന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ എന്തെങ്കിലും അസാധാരണമായ വല്ലതും ഉണ്ടോ' എന്ന് അദ്ദേഹം ചോദിച്ചു. എന്ത് കാര്യമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായില്ല. കാര്യം എന്താണെന്ന് ഞാന്‍ തിരക്കി .

ആരോടും പറയുകയൊന്നും വേണ്ടാ എന്നും പറഞ്ഞ് രാമചന്ദ്രന്‍ വസ്തുത വെളിപ്പെടുത്തി. നമ്മുടെ സ്വാമി പറഞ്ഞതാണ് എന്നും പറഞ്ഞാണ് തുടങ്ങിയത്. സ്വാമി എന്നു വിളിക്കപ്പെടുന്ന ശ്രീ. പി.എസ്. രാമചന്ദ്രന്‍ കെ.എസ്.ഇ.ബി. എഞ്ചിനീയറാണ്. വൈദ്യുതി തകരാര്‍ വന്ന ഒരു ദിവസം ലൈന്‍ ഓഫ് ചെയ്യാന്‍ ജീവനക്കാരെ കിട്ടിയില്ല. എന്‍റെ വീടിന്നടുത്തുള്ള എ.ബി. സ്വിച്ച് ഓഫാക്കാനായി സന്ധ്യ നേരത്ത് സ്വാമി വന്നു. വൈദ്യുതി വിച്ഛേദിച്ച് തിരിച്ച് വന്ന് സ്വാമി മണ്‍പാതയിലെത്തി. രണ്ട് ചുവട് നടന്നതേയുള്ളു. പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം. തിരിഞ്ഞ് നോക്കുമ്പോള്‍ ആരുമില്ല. എന്നാലോ നടക്കുമ്പോള്‍ കാലടി ശബ്ദം കേള്‍ക്കാനുമുണ്ട്. അദ്ദേഹം പരിഭ്രമിച്ചു.

അപ്പോള്‍ ഞാന്‍ നേരിട്ട അസാധാരണമായ ആ സംഭവം ആദ്യമായി രാമചന്ദ്രനോട് പറഞ്ഞു. ഇന്നും ചിലപ്പോള്‍ ആ മണ്‍പാതയിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍ ആ സംഭവം ഓര്‍മ്മയില്‍ കടന്നു വരും, പൊരുളറിയാത്ത എത്രയോ കാര്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനായി .

1 comment:

നളിനകുമാരി said...

പിന്നീട് അങ്ങനെ തോന്നിയിട്ടേ ഇല്ല?
അപ്പോള്‍ അത് എന്തായിരിക്കും?