Saturday, July 18, 2009

നള ദമയന്തി കഥയിലെ അരയന്നം പോലെ .

'സാറിനെ കാണാന്‍ ആരോ പുറത്ത് കാത്ത് നില്‍പ്പുണ്ട്' എന്ന് ഓഫീസ് അറ്റന്‍ഡന്‍റ് കൃഷ്ണേട്ടന്‍ വന്ന് പറഞ്ഞു. നേരം പത്തേ കാല്‍ ആവുന്നതേയുള്ളു. 'ആരടപ്പാ ഈ നേരത്ത് അന്വേഷിച്ച് വരാന്‍ ' എന്നും വിചാരിച്ച് വെളിയില്‍
ചെല്ലുമ്പോഴുണ്ട് സ്റ്റെയര്‍ കേസില്‍ ചന്ദ്രന്‍ നായര്‍ നില്‍ക്കുന്നു. ഇയാള്‍ എന്തിനാണ് എന്നെ തിരക്കി എത്തിയത് എന്ന് എനിക്ക് മനസ്സിലായില്ല. എന്ത് ഏടാകൂടമാണോ ഇയാള്‍ പറയാന്‍ വന്നത്എന്ന് എനിക്ക് ആശങ്ക തോന്നി. എന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുന്ന സമയമാണ് . ക്ഷണിക്കലൊക്കെ തുടങ്ങി കഴിഞ്ഞു. അത്യാവശ്യമുള്ള ഓഫീസ് ജോലികള്‍ തീര്‍ത്ത് അടുത്ത ആഴ്ച മുതല്‍ ലീവില്‍
പ്രവേശിക്കേണ്ടതാണ്. ഈ സമയത്ത് ഇനി എന്തെങ്കിലും മാറ്റങ്ങള്‍ പറയാനായിരിക്കുമോ ചന്ദ്രന്‍ നായര്‍ വന്നത് എന്ന് ഞാന്‍ ശങ്കിച്ചു. കാരണം അദ്ദേഹമാണ് എന്‍റെ കല്യാണത്തിന്‍റെ ദല്ലാള്‍ .

'ഒമ്പതര മുതല്‍ ഞാന്‍ കാത്ത് നില്‍ക്കാന്‍ തുടങ്ങിയതാണ്' ചന്ദ്രന്‍ നായര്‍ പറഞ്ഞു 'എപ്പോഴാണ് ഇതിനകത്ത് കേറിയത്'. ഒമ്പത് മണിക്ക് ഞാന്‍ എത്തിയെന്നും ലീവ് എടുക്കുന്നതിന്ന് മുമ്പ് കുറെയേറെ ജോലികള്‍ തീര്‍ക്കാനുള്ളതിനാല്‍ നേരത്തെ വന്ന് വൈകിയേ പോവാറുള്ളു എന്നും ഞാന്‍ പറഞ്ഞു. ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മൂപ്പര്‍ എന്നെ പുറത്തേക്ക് വിളിച്ചു. സംഗതി പന്തികേടായി എനിക്ക് തോന്നി. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് വല്ല അസൌകര്യവും കാണുമോ എന്ന് ഞാന്‍ ശങ്കിച്ചു.

എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി മതിലും ചാരി നില്‍ക്കുന്ന ഒരു സ്ത്രീയെ അദ്ദേഹം എനിക്ക് കാണിച്ചു തന്നു. 'ഇവരുടെ കാര്യം ശരിയാക്കാനാണ് ഞാന്‍ നിന്നെ കാണാന്‍ വന്നത് ' ചന്ദ്രന്‍ നായര്‍ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ അവരെ സൂക്ഷിച്ച് നോക്കി. മുമ്പ് കണ്ട മുഖ പരിചയം പോലും തോന്നുന്നില്ല. ' എനിക്ക് ഇവരെ അറിയില്ലല്ലോ ' ഞാന്‍ പറഞ്ഞു.

'അത് എനിക്ക് അറിയില്ലേ' ചന്ദ്രന്‍ നായര്‍ പറഞ്ഞു' അവര് ഈ നാട്ടിലൊന്നും അല്ല താമസിക്കുന്നത്'. പിന്നെ ഇത് എന്ത് പുലിവാലാണ് എന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ' നമുക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ആണ് ഇവള്‍. ഇവള്‍ക്ക് ഒരു പ്രശ്നമുണ്ട് '. തുടര്‍ന്ന് അദ്ദേഹം കാര്യം വിസ്തരിച്ചു. പെണ്‍കിടാവ് ഒരു മറുനാടന്‍ മലയാളിയാണ്. ജോലി സ്ഥലത്ത് വെച്ച് ഒരു ചെറുപ്പക്കാരനുമായി അവള്‍ പ്രേമത്തിലായി. ഇപ്പോള്‍ അയാള്‍ നാട്ടില്‍ വന്നിട്ടുണ്ട്. പയ്യന്ന് വേറെ വിവാഹാലോചനകള്‍ നടക്കുന്നതായി അറിയുന്നു . അങ്ങിനെ സംഭവിച്ചാല്‍ ഇവളുടെ സ്ഥിതിയെന്ത്. ഇത്ര ആയിട്ടും ഈ കാര്യത്തില്‍ എന്‍റെ റോള്‍ എന്തെന്ന് എനിക്ക് മനസ്സിലായില്ല.

'അതിന്ന് ഇപ്പോള്‍ ഞാനെന്താ ചെയ്യേണ്ടത്' എന്ന് ഞാന്‍ തുറന്ന് ചോദിച്ചു. ചന്ദ്രന്‍ നായര്‍ ഒന്ന് ചിരിച്ചു. ' ഏയ് , അത്ര വലിയ കാര്യം ഒന്നുമില്ല' മൂപ്പര്‍ പറഞ്ഞു' ഒന്ന് ആ പയ്യന്‍റെ വീട് വരെ ചെല്ലണം. ഇങ്ങിനെ ഒരു പെണ്‍കുട്ടി വന്ന് കാത്ത് നില്‍പ്പുണ്ട്. ഇത്രടം വരെ ഒന്ന് വരണം എന്ന് ചെറുക്കനോട് പറയണം. വേറൊന്നും വേണ്ടാ '.

എന്നാല്‍ പിന്നെ ആ സ്ത്രീക്ക് നേരിട്ട് അങ്ങോട്ട് ചെന്ന് കണ്ടാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു.'നല്ല കഥയായി ' നായര്‍ അത് പറ്റില്ല എന്ന് കൈ ആംഗ്യം കാട്ടി. ചെക്കന്‍റെ അച്ഛന്‍ വലിയ ഉദ്യോഗസ്ഥനായിരുന്ന് പെന്‍ഷനായ ആളാണ്. ചൂലിന്‍
കെട്ട് എടുത്ത് അയാള്‍ തല്ലി ഓടിക്കും. അങ്ങിനെ ആണെങ്കില്‍ നിങ്ങള്‍ക്ക് തന്നെ അവിടെ ചെന്ന് അയാളോട് പറഞ്ഞുകൂടെ എന്ന് ഞാന്‍ സംശയം ചോദിച്ചു.

അതും പറ്റില്ല , അവിടുത്തെ കാരണവര്‍ക്ക് എന്നെ നന്നായി അറിയാം. ചിലപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് നടക്കുന്ന കാര്യം കൂടി ഇല്ലാതാവും. നീ ആവുമ്പോള്‍ കിഴവന്ന് ആളെ അറിയില്ല. ആ പയ്യനെ പുറത്തേക്ക് വിളിച്ച് സ്വകാര്യത്തില്‍ പറഞ്ഞാല്‍ മതി. അവന്‍ തീര്‍ച്ചയായും വരും. എന്തിനാണ് വേണ്ടാത്ത പണിക്ക് പുറപ്പെടുന്നത് എന്ന് ഞാന്‍ ശങ്കിച്ചു. ആ സമയത്താണ് 'സാര്‍ , പ്ലീസ് ഞാന്‍ ഒരു സഹോദരിയാണെന്ന് കരുതി ഒന്ന് ഹെല്‍പ്പ് ചെയ്യൂ ' എന്ന് സ്ത്രി കഥാപാത്രം
മൊഴിയുന്നത്. തുലഞ്ഞ് പോട്ടെ എന്ന്ശപിച്ച് ഓഫീസില്‍ കയറി പതിനഞ്ച് മിനുട്ട് നേരത്തേക്ക് പുറത്ത് പോവാന്‍ സമ്മതം ചോദിച്ച് കൃഷ്ണേട്ടന്‍റെ പക്കല്‍ നിന്നും സൈക്കിളിന്‍റെ താക്കോലും വാങ്ങി താഴെ ചെന്നു. ചന്ദ്രന്‍ നായര്‍ വഴി പറഞ്ഞ് തന്നു. ഒരു കാരണവശാലും പയ്യന്‍റെ അച്ഛന്‍ വിവരം അറിയരുത് എന്ന് എനിക്ക് താക്കീതും തന്നു.

പറഞ്ഞു തന്ന അറിവ് വെച്ച് കയറി ചെന്നത് വലിയൊരു വീട്ടിലാണ്. കൂട്ടില്‍ കിടന്ന് ഒരു ശ്വാനന്‍ പുറത്ത് വിട്ടാല്‍ എന്നെ ശരിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി കുരച്ച് ബഹളം സൃഷ്ടിച്ച് സ്വാഗതം അരുളി. കൂട്ടിന്ന് വെളിയിലുള്ള ശുനകനെ പേടിച്ചാല്‍ മതി, അകത്ത് ഉള്ളവനെ കാര്യമാക്കേണ്ടാ എന്ന തിയറിയുടെ അടിസ്ഥാനത്തില്‍ ' നീ കിടന്ന് ചിലക്കാതെ അടങ്ങി കിടക്കെടാ സാരമേയ സൂനൂ ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ സധൈര്യം മുന്നോട്ട് നടന്നു. എന്‍റെ കണക്ക് കൂട്ടലുകളാകെ തെറ്റിച്ച് ഉമ്മറത്ത് സ്റ്റെപ്പിന്ന് ഇരു വശത്തുമായി കാരണവരും പുത്രനും ഇരിക്കുന്നു.

എങ്ങിനെ ഈ കാര്യം അവതരിപ്പിക്കും എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കുമ്പോള്‍ 'ആരാ, എന്താ വേണ്ടത്'
എന്ന് കാരണവര്‍ ചോദിച്ചു. 'എനിക്ക് ഇദ്ദേഹത്തോട് ഒരു കാര്യം പറയാനുണ്ട്' മകനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. ' എന്താണെങ്കിലും പറഞ്ഞോളൂ, ഞാന്‍ അന്യനൊന്നുമല്ല ' എന്നായി കാരണവര്‍. വിഷയം എപ്പോഴായാലും ഇയാള്‍ അറിയേണ്ടതാണ്. നേരത്തെ ആയാല്‍ അത്രയും നന്ന് എന്ന് തീരുമാനമെടുത്ത്' ഇങ്ങേരുടെ കാമുകിയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ ഇലക്ട്രിസിറ്റി ഓഫീസിന്ന് മുമ്പില്‍ നില്‍ക്കുന്നുണ്ട്. ഇയാളോട് എന്തോ അത്യാവശ്യം പറയാനുണ്ടത്രേ. ഒന്ന് അവിടം വരെ ഇയാളോട് വരാന്‍ പറയാന്‍ എന്നെ പറഞ്ഞു വിട്ടതാണ് ' എന്ന് ഒറ്റ ശ്വാസത്തില്‍ ഞാന്‍ വെച്ച് കാച്ചി.

രണ്ടുപേരും മുഖത്തോട് മുഖം നോക്കി. 'നിങ്ങളാരാ' എന്ന് പിതാവ് എന്നോട് ചോദിച്ചു. ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനാണെന്നും , ഒരു സഹായം അഭ്യര്‍ത്ഥിച്ചത് കാരണം വന്നതാണെന്നും ഞാന്‍ വിശദീകരിച്ചു. ' ശരി, നിങ്ങള്‍ പൊയ്ക്കോളു,വേണ്ടത് ചെയ്യാം ' എന്ന് പറഞ്ഞ് അവര്‍ എന്നെ തിരിച്ചയച്ചു. ഓഫീസിന്ന് മുന്നില്‍ എന്നേയും കാത്ത് നിന്ന ചന്ദ്രന്‍ നായരോട് വിവരം പറഞ്ഞ് ഞാന്‍ ജോലിക്ക് കയറി.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. ചന്ദ്രന്‍ നായര്‍ ഞാനിരിക്കുന്ന ഇടം തപ്പി പിടിച്ച് അരികിലെത്തി.
'ആ വിദ്വാന്‍ ഇനിയും എത്തിയില്ലല്ലോ' എന്ന് എന്നോട് ഒരു പരിഭവം. വരുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനും.' ഒരു ഉപകാരം കൂടി താന്‍ ചെയ്യണം , അയാള്‍ വരുമോ ഇല്ലയോ എന്ന് രണ്ടിലൊന്ന് പറയാന്‍ പറഞ്ഞിട്ട് വിവരം അറിഞ്ഞ് വരണം 'കക്ഷി പറഞ്ഞു . എനിക്ക് പറ്റില്ല എന്ന് ഞാന്‍ പലവുരു പറഞ്ഞ് നോക്കി.മുഖം മുറിഞ്ഞ് കാര്യം പറയാനുള്ള കഴിവുകേട് വീണ്ടും എന്നെ തോല്‍പ്പിച്ചു. കൃഷ്ണേട്ടന്‍റെ കയ്യില്‍ നിന്നും സൈക്കിളിന്‍റെ ചാവി വാങ്ങി ഞാന്‍ രണ്ടാമങ്കത്തിന്ന് പുറപ്പെട്ടു.

ഇത്തവണ ചെന്നപ്പോള്‍ കണ്ട ഏക മാറ്റം പിതാവും പുത്രനും ഇരിപ്പിടങ്ങള്‍ മാറി എന്നത് മാത്രമാണ്. 'ങും, എന്താ' എന്ന് തെല്ലൊരു നീരസം കലര്‍ന്ന ശബ്ദത്തില്‍ കാരണവര്‍ ചോദിച്ചു. ' അവര് ഇപ്പോഴും കാത്ത് നില്‍പ്പുണ്ട്. എന്താണ്' അവരോട് പറയേണ്ടത് ' എന്ന് ഞാന്‍ പറഞ്ഞൊപ്പിച്ചു.

'ഹേയ്, മിസ്റ്റര്‍ , നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ ഇങ്ങിനെ ദൂതും കൊണ്ട് നടക്കാന്‍' കിഴവന്‍ അലറി. ' പ്രേമിക്കുന്നതിന്ന് മുമ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മകന്‍ പഠിക്കാത്തതിന്‍റെ കുഴപ്പമാണ് ഇതൊക്കെ ' എന്നും പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു. എനിക്ക് വന്ന ദേഷ്യത്തിന്ന് അതിരില്ല. ഒരു ആവശ്യവും ഇല്ലാതെയാണ് അന്യന്‍റെ വായിലെ വര്‍ത്തമാനമെല്ലാം എനിക്ക് കേള്‍ക്കേണ്ടി വന്നത്. ചന്ദ്രന്‍ നായരാണ് ഇതിനെല്ലാം കാരണക്കാരന്‍. കിട്ടിയത് പലിശ ചേര്‍ത്ത് ഞാന്‍ അയാള്‍ക്ക് കൊടുക്കുന്നുണ്ട്.

ഇലക്ട്രിസിറ്റി ഓഫീസിന്‍റെ മതിലും ചാരി കഥാനായിക നില്‍പ്പുണ്ട്. ചന്ദ്രന്‍ നായരെ അവിടെയൊന്നും കാണാനില്ല. അയാളോട് തോന്നിയ ദേഷ്യം മുഴുവന്‍ അവളോടായി. 'എന്തായി' അവര്‍ ചോദിച്ചു. 'ഇവിടെ തന്നെ നിന്നോളൂ' ഞാന്‍ പറഞ്ഞു
' അവര് താലിയും മാലയും വാങ്ങാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ എത്തും കെട്ടും കഴിഞ്ഞ് സദ്യയും ഉണ്ട് നേരെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാം '.

സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് ഞാന്‍ മുകളിലേക്ക് കയറി പൊയി. യാത്ര പറയാന്‍ പോലും അന്ന് എന്‍റെ അടുത്ത്ചന്ദ്രന്‍ നായര്‍ വന്നില്ല.

3 comments:

raj said...

ഹംസ ദൂത് - ഇങ്ങിനത്തെ ദൂതന്മാരെ അയച്ചാല്‍ ഈ ദുനിയാവില്‍ ഒരു പ്രേമവും പൂക്കില്ല,തളിര്‍ക്കില്ല.

keraladasanunni said...

ശരിയാണ്. ഉത്തമനായ ദൂതനെ (ഹനുമാനെപ്പോലെ) ഏറ്റെടുത്ത ദൌത്യം നിറവേറ്റാനാകൂ
palakkattettan

nalina kumari said...

അങ്ങനെ ഒരു ഹംസം ആകാനും വിധി വന്നു അല്ലെ..?