Thursday, May 7, 2009

വില പേശല്‍.

ഇത് ഒരു കഥയല്ല- ഭാഗം 12.

ഏത് സാധനം വാങ്ങുമ്പോഴും വിലപേശിയേ വാങ്ങാവു, പണിക്ക് ആളെ വിളിക്കുമ്പോള്‍ കൂലി കുറവായി പറഞ്ഞ് തര്‍ക്കിച്ച് ഉറപ്പിക്കണം എന്നൊക്കെ പല കാലത്തായി പലരും പറഞ്ഞു തന്നിട്ടുണ്ടെങ്കിലും ഒരു ആവശ്യം വരുമ്പോള്‍, സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. കൂടാതെ ഒരാളുടെ മുഖത്ത് നോക്കി വായില്‍ തോന്നിയ പോലെ സംഖ്യ പറയാന്‍ കഴിവില്ലാത്തത് ഈ രംഗത്തെ പരാജയത്തിന്‍റെ പ്രധാന കാരണമാണ്. പത്ത് രൂപ വില പറഞ്ഞ ഒരു സാധനം ഒമ്പത് രൂപക്ക് ചോദിക്കുന്നത് മര്യാദ. എന്നാല്‍ ആ സാധനം ഒരു മടിയും കൂടാതെ അമ്പത് പൈസ വിലക്ക് ചോദിക്കുന്നതോ? ഈ രംഗത്ത് പ്രഗത്ഭരായവരെ ബഹുമാനിക്കാതെ വയ്യ.

കണക്ക് പറഞ്ഞ് കാര്യം നടത്താന്‍ കഴിയാത്ത ദൌര്‍ബല്യത്തെ കൊള്ളരുതായ്മയായി പലപ്പോഴും പലരും പറയാറുണ്ട്. അതുകൊണ്ട് പലപ്പോഴും കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവും. പക്ഷെ അപൂര്‍വ്വം ചിലരെങ്കിലും ആ പാവത്താനെ പറ്റിക്കരുത് എന്ന നിലപാട് എടുക്കും. മനുഷ്യന്‍റെ നന്മ കാണാനുള്ള ഒരു അവസരം നമുക്ക് ലഭിക്കുകയും ചെയ്യും. വില പേശാനറിയാത്തതിന്‍റെ അത്തരമൊരു ഗുണവശം വളരെ ചെറുപ്പത്തിലെ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

കുട്ടിമാമയുടെ ഒരു സുഹൃത്തിന്‍റെ ശുപാര്‍ശയുടെ ഫലമായിട്ടാണ് എനിക്ക്ആദ്യമായി ഒരു ജോലി ലഭിച്ചത്. താല്കാലികമായിരുന്നെങ്കിലും ആ ജോലി തൊഴില്‍രഹിതനായ എനിക്ക് ആശ്വാസം ആയിരുന്നു. ശമ്പളം കിട്ടിയപ്പോള്‍, സുഹൃത്തിന്ന് എന്തെങ്കിലും പാരിതോഷികം കൊണ്ടുപോയി കൊടുക്കണമെന്ന് കുട്ടിമാമ പറഞ്ഞു. കക്ഷി ശരിക്കുമൊരു സമ്പന്നനായതു കൊണ്ട് എന്തെങ്കിലും കുറെ പഴങ്ങള്‍ വാങ്ങിച്ച് കൊടുത്താല്‍ മതി എന്നും മറ്റു വിധത്തിലുള്ള ഒരു സാധനവും അത്ര ഉചിതമാവില്ലെന്നും പറഞ്ഞു തന്നു. എന്നിട്ടും മിഴിച്ചു നിന്ന എന്‍റെ കയ്യില്‍ വാങ്ങി കൊടുക്കാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റും പണവും തന്നു.

ഞാന്‍ പാലക്കാട് റെയില്‍വെ ഗേറ്റിന്ന് സമീപമുള്ള ഫ്രൂട്ട് സ്റ്റാളില്‍ ചെന്നു. കയ്യിലുള്ള ലിസ്റ്റ് കൊടുത്തു. മൂന്നൊ നാലോ വിധം പഴങ്ങള്‍ ഓരോ കിലൊ വിതം ത്രാസ്സില്‍ തൂക്കി പഴയ പത്ര കടലാസ്സില്‍ പൊതിഞ്ഞു കെട്ടി. നാല്‍പ്പത് കൊല്ലം
 മുമ്പാണ്സംഭവം. അന്ന് പ്ലാസ്റ്റിക്ക് ക്യാരിബാഗ് ആവിര്‍ഭവിച്ചിട്ടില്ല. എന്‍റെ കയ്യിലുള്ള ചാക്ക് സഞ്ചിയിലേക്ക് പൊതികള്‍ ഇറക്കി വെച്ചു. ഞാന്‍ കൊടുത്ത ലിസ്റ്റില്‍ തന്നെ വില കണക്കാക്കി. ആറോ ഏഴോ രൂപയായിരുന്നു വെന്ന് തോന്നുന്നു. തുക പറഞ്ഞതും ഞാന്‍ കറക്ട് സംഖ്യ എടുത്തു കൊടുത്തു.

ലിസ്റ്റും വാങ്ങി ഞാന്‍ നടക്കാന്‍ തുടങ്ങിയതേയുള്ളു. പീടികക്കാരന്‍ എന്നെ കൈകൊട്ടി വിളിച്ചു. ഞാന്‍ ചെന്നതും ഒരു രൂപ നോട്ട് എടുത്ത് നീട്ടി' നിങ്ങള്‍ ഇത് വെച്ചോളിന്‍' എന്ന് പറഞ്ഞു. എനിക്ക് ഉണ്ടായ സന്തോഷത്തിന്ന് അതിരില്ല. ഞാന്‍
 വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍' ഈ മണ്ടശിരോമണിയെ ഇതിലേറെ പറ്റിച്ചാല്‍ ദൈവം വെറുതെ വിടില്ല എന്ന് കടക്കാരന്ന് തോന്നിയിട്ടുണ്ടാവും' എന്ന് വീട്ടുകാര്‍ പറഞ്ഞു.

കാലം ഏറെ കഴിഞ്ഞിട്ടും ഇലക്ട്രിസിറ്റി ഓഫീസില്‍ വെച്ച് ലൈന്‍മാന്‍ ചന്ദ്രേട്ടന്‍ മേശയ്ക്ക് വിലപേശിയ രംഗം എനിക്ക് മറക്കാനാവില്ല. മരം കൊണ്ട് ഉണ്ടക്കിയ രണ്ടു മേശകള്‍ ഒരാള്‍ വില്‍ക്കാനായി ചുമന്നുകൊണ്ട് പോകുന്നത് കണ്ടു. ഓവര്‍സിയര്‍ രാമേട്ടന്ന് അതില്‍ നിന്നും ഒരെണ്ണം വാങ്ങണമെന്ന് കലശലായ ആഗ്രഹം. അദ്ദേഹത്തിന്ന് വില പറയാന്‍ വയ്യ. അതിനാല്‍ 
'മര്യാദ വിലയ്ക്ക് വാങ്ങിക്ക് 'എന്നു പറഞ്ഞ് മൂപ്പര്‍ ശിഷ്യന്‍ ചന്ദ്രേട്ടനെ ചട്ടം കെട്ടി. ഉടനെ ശിഷ്യന്‍ കൈകൊട്ടി അയാളെ വിളിച്ചു. ഓഫീസ് മുറ്റത്ത് മേശകള്‍ ഇറക്കി 'എന്താ ഇതിന്‍റെ വില' എന്ന് ചന്ദ്രേട്ടന്‍ അന്വേഷിച്ചു. അയാള്‍ ഒരു മേശയ്ക്ക് അമ്പത് രൂപ വെച്ച് വില പറഞ്ഞു. 'നിങ്ങള്‍ ഇത് വില്‍ക്കാനാണോ, അതോ ഒരു രസത്തിന്ന് ഏറ്റികൊണ്ട് നടക്കാനാണോ ഉദ്ദേശം' എന്നായി ചന്ദ്രേട്ടന്‍. 'പാകം പോലെ പറയിന്‍' എന്ന് കച്ചവടക്കാരന്‍ പറഞ്ഞതും, രണ്ടും കൂടി ഞാന്‍ എട്ട് രൂപയ്ക്ക് എടുക്കാം എന്ന് ചന്ദ്രേട്ടന്‍  അറിയിച്ചു.

ഞാന്‍ ശരിക്കും അന്തം വിട്ടു. എന്തൊരു വില പേശലാണ് ഇത്. കച്ചവടക്കാരന്‍റെ വായില്‍ നിന്നും ഈ വിദ്വാന്‍
 വല്ലതും കേള്‍ക്കും എന്ന്എനിക്ക് തോന്നി. അതൊന്നും സംഭവിച്ചില്ല എന്നു മാത്രമല്ല, കുറെ നേരം ഇരുവരും തര്‍ക്കിച്ച് നിന്നു.അതിന്‍റെ പണിക്കുലിയും മരത്തിന്‍റെ വിലയും കണക്കാക്കിയാല്‍ ഈ വില തന്നെ മുതലാവില്ലെന്ന് കച്ചവടക്കാരന്‍. ഇതെന്താ തേക്കോ വീട്ടിയോ ഒന്നുമല്ലല്ലൊ. മൂത്ത മഞ്ഞപാവിട്ട മരം കൊണ്ട് ഉണ്ടാക്കിയതല്ലേ. ആരെങ്കിലും വില കൊടുത്ത് ഇത് വാങ്ങിക്കുമോ എന്നായി ചന്ദ്രേട്ടന്‍. ഒടുവില്‍ ഇരുപത്തിനാലുരൂപയ്ക്ക് രണ്ടു മേശയും കൂടി കച്ചവടം ഉറപ്പിച്ചു.പണം വാങ്ങി മേശകളും കൊടുത്ത് അയാള്‍ പോയപ്പോള്‍ വഴിവാണിഭക്കാര്‍ ഒരു സാധനത്തിന്ന് പറയുന്ന വിലയും അതിന്‍റെ അതിന്‍റെ യഥാര്‍ത്ഥ വിലയും തമ്മിലുള്ള അന്തരം എന്നെ നടുക്കി.

രാമേശ്വരത്ത് വെച്ച് പിതൃക്രിയ ചെയ്യുന്നതിന്ന് ദക്ഷിണ പറഞ്ഞ് ഉറപ്പിച്ചത് ഇതിലേറെ രസകരമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇരുപത്തൊമ്പത്കൊല്ലം മുമ്പാണ് സംഭവം നടന്നത്. ഞാനും അമ്മയും സുന്ദരിയും കൈകുഞ്ഞായ മൂത്തപുത്രനും കുട്ടിയേട്ടനും കുടുംബവും കൂടി രാമേശ്വരത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മുത്തശ്ശി മരിച്ച് രണ്ടുകൊല്ലം കഴിഞ്ഞിരുന്നു. അവര്‍ക്ക് മോക്ഷം കിട്ടാന്‍ രാമേശ്വരത്ത് ചെന്ന് ക്രിയ ചെയ്യണമെന്ന് എന്‍റെ അമ്മക്ക് മോഹം. ഞാന്‍ ആദ്യമായി രാമേശ്വരത്ത് ചെല്ലുകയാണ്. അവിടുത്തെ നടപടിക്രമങ്ങള്‍ ഒന്നും എനിക്ക് അറിയില്ല. എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് കുട്ടിയേട്ടന്‍ 
പറഞ്ഞതാണ് ഏക ആശ്വാസം. പക്ഷി ശാസ്ത്രികളെ പോയി കണ്ട് വേണ്ടതുപോലെ ചെയ്യിക്കാമെന്ന് തീവണ്ടിയില്‍ വെച്ച് അദ്ദേഹം ഏറ്റിരുന്നു.

മീറ്റര്‍ഗേജ്റെയിലാണ് രാമേശ്വരത്തേക്ക്. പഴയ കാലത്തെ കരിവണ്ടിയും. ഒരു ദിവസം രാത്രി സംഘം യാത്ര പുറപ്പെടുന്നു. പുലര്‍ച്ചെ അവിടെ എത്തിച്ചേരുമെന്നാണ്കണക്ക്കൂട്ടല്‍. പക്ഷെ ആ നേരത്ത് വണ്ടി മധുര കടന്നിട്ടേയുള്ളു. ഇപ്പോഴെത്തും എന്ന് വിചാരിച്ച് ഞങ്ങള്‍ ഇരുന്നു. നട്ടുച്ച നേരത്ത് വണ്ടി രാമേശ്വരം സ്റ്റേഷനില്‍ എത്തുന്നു. എല്ലാവരും ക്ഷീണിച്ച്അവശര്‍. ആദ്യം
കണ്ണില്‍ പെട്ട ഹോട്ടലില്‍ സംഘം കയറി. തലേന്ന് രാത്രിക്ക് ശേഷം ഭക്ഷണം കഴിക്കാത്തതിന്‍റെ ക്ഷീണം എല്ലാവര്‍ക്കും
ധാരാളമായിട്ടുണ്ട്. വെറുതെ കിട്ടിയാലും വേണ്ടാ എന്ന് മടി കൂടാതെ പറയത്തക്ക രീതിയിലുള്ള ഭക്ഷണം ആര്‍ത്തിയോടെ വെട്ടി വിഴുങ്ങി, പക്ഷി ശാസ്ത്രികളെ തേടി ഇറങ്ങി. ഒന്ന് രണ്ട് തെരുവുകള്‍ പിന്നിട്ടപ്പോള്‍ സംഗതി കണ്ടെത്തി.

നിരവധി കാലത്തെ പഴക്കം തോന്നിക്കുന്ന കെട്ടിടം. ഞങ്ങള്‍ അതിനകത്ത് കയറി. സ്ത്രീകള്‍ ഒരു ഭാഗത്തിരുന്നു. പുരോഹിതന്‍ എന്ന് തോന്നിച്ച ഒരാളുടെ മുന്നില്‍ ആരൊക്കേയൊ ഇരുന്ന് സംസാരിക്കുന്നു. ഞങ്ങളോട് കാത്തിരിക്കാന്‍ ആംഗ്യം
 കാണിച്ച് അവര്‍ സംഭാഷണം തുടര്‍ന്നു. ഇതിനകം കുട്ടികള്‍ ഉറങ്ങി. ക്രിയകള്‍ ചെയ്യിച്ച് അന്നു രാത്രി തന്നെ തിരിച്ച് പോവാനാവുമോ എന്നതായിരുന്നു ഞങ്ങളുടെ ശങ്ക.ഏതായാലും ഏറെ കഴിയുന്നതിന്ന് മുമ്പ് പുരോഹിതനോട് സംസാരിച്ചിരുന്ന ആളുകള്‍ എഴുന്നേറ്റ് പോയി. ഞാനും കുട്ടിയേട്ടനും കൂടി അദ്ദേഹത്തിന്‍റെ മുന്നിലെത്തി.

ആരൊക്കെയാണ് ക്രിയാദികള്‍ ചെയ്യുന്നത് എന്ന് ആദ്യമേ അദ്ദേഹം അന്വേഷിച്ചു. ഞങ്ങള്‍ അത്പറഞ്ഞു കൊടുത്തു. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ, അമ്മയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ആയി പിന്നീടുള്ള അന്വേഷണം. എല്ലാം ചോദിച്ചറിഞ്ഞശേഷം
 അദ്ദേഹം ഒരു കുറിപ്പടി കുട്ടിയേട്ടനെ ഏല്‍പ്പിച്ചു. ക്രിയകള്‍ നടത്തി തരാനുള്ള ദക്ഷിണയുടെ കണക്കാണ്. കുട്ടിയേട്ടന്‍ ലിസ്റ്റ് എനിക്ക് കൈമാറി. അതൊന്ന് നോക്കിയതെയുള്ളു, എന്‍റെ കണ്ണ് തള്ളിപ്പോയി. അറുന്നൂറ്റി ഇരുപത്തഞ്ച് രൂപ ദക്ഷിണയയി കണക്കാക്കിയിരിക്കുകയാണ്. വിഷമത്തോടെ ഞാന്‍ കുട്ടിയേട്ടനെ നോക്കി. അത്ര ഭീമമായ തുക ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. കുട്ടിയേട്ടന്‍ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച് ലിസ്റ്റും വെച്ച് ഇരുപ്പായി.

പക്ഷി ശാസ്ത്രികള്‍ മാത്രമല്ല ഞാനും അക്ഷമനായി. കുട്ടിയേട്ടനില്‍ എന്തെങ്കിലും ഒരു വാക്ക് വീണു കിട്ടാനായി ' എന്ന വേണും, ശൊല്ലുങ്കോ' എന്ന് ശാസ്ത്രി ധൃതികൂട്ടി. അതു വരെ സൂക്ഷിച്ച മൌനത്തിന്‍റെ കവചം പൊട്ടിച്ചെറിഞ്ഞ്, കുട്ടിയേട്ടന്‍റെ വായില്‍ നിന്നും അത്ര പണം തരാനാവില്ല എന്ന വസ്തുത പുറത്ത് വന്നു. ശാസ്ത്രികള്‍ക്ക് അതില്‍ 
പരിഭവം തോന്നിയില്ല എന്ന് മാത്രമല്ല, അത്തരത്തില്‍ ഒരു നിഷേധം അയാള്‍ ആഗ്രഹിച്ചത് പോലെ എനിക്ക്തോന്നി.
'ശരി എവ്വളവ് തരും' എന്നായി ശാസ്ത്രി. കുട്ടിയേട്ടന്‍ ഒരു കയ്യിലെ വിരലുകള്‍ കാട്ടി അഞ്ച് രൂപ എന്ന് അറിയിച്ചു. 'അത് പോരാത്' എന്നും പറഞ്ഞ് ലിസ്റ്റ് വാങ്ങി അതില്‍ കുറെ വെട്ടും തിരുത്തും വരുത്തി മുന്നൂറ്റി അമ്പത് രൂപയാക്കി തിരിച്ച് തന്നു. കുട്ടിയേട്ടന്‍ പഴയ പടി ഇരുപ്പ് തുടര്‍ന്നു. ഇത്തവണ സംഖ്യ പത്ത് രൂപയായി ഉയര്‍ത്തി. നാലഞ്ച് ആവര്‍ത്തി ഈ പരിപാടി
കഴിഞ്ഞപ്പോഴേക്കും ചോദിക്കുന്ന തുകയും കൊടുക്കാമെന്ന് പറഞ്ഞ തുകയും തമ്മിലുള്ള അകലം കുറഞ്ഞുവന്നു.

ശാസ്ത്രികള്‍ അമ്പതിലേക്ക് എത്തിയപ്പോള്‍ കുട്ടിയേട്ടന്‍ ഇരുപത്തി അഞ്ച് രൂപയിലേക്ക് കടക്കുകയും 'ഇനിയും
 കൂടുതല്‍ ചോദിച്ചാല്‍ ഇറങ്ങി പോകുമെന്നും നാട്ടില്‍ ക്രിയ നടത്തുന്നത് തൊഴിലായിട്ടുള്ള തനിക്ക് ആരുടേയും സഹായമില്ലാതെ, കൂടെയുള്ളവര്‍ക്ക് വേണ്ട ക്രിയകള്‍ നടത്താന്‍ ആവുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കയ്യില്‍ കിട്ടിയ ഇര ചാടി പോകാതെ
നോക്കാനുള്ള ബുദ്ധി ശാസ്ത്രികള്‍ക്ക് ഉണ്ടായിരുന്നതിനാല്‍, തര്‍ക്കങ്ങള്‍ ഒക്കെ അവിടെ വെച്ച് അവസാനിച്ചു. ശാസ്ത്രികളുടെ സഹായി ആയ ഒരു മുടന്തന്‍ ബ്രാഹ്മണ യുവാവ് ക്രിയ ചെയ്യിക്കാന്‍ നിയുക്തനായി. കൊമ്പ് തീര്‍ത്ഥം കുളമ്പ് തീര്‍ത്ഥം എന്നൊക്കെ പറഞ്ഞ് പല പല തീര്‍ത്ഥങ്ങള്‍ ആ സാധു ഞങ്ങളുടെ തലയിലൂടെ ഒഴിച്ച് തന്നു.

എനിക്കെന്തോ ആ മനുഷ്യനോട് സഹതാപം തോന്നി. അയാള്‍ക്ക് കിട്ടുന്ന വീതം എത്രയാണ് എന്ന് ഞാന്‍ തിരക്കി. തല ചായ്ക്കാന്‍ ഇടവും അല്‍പ്പം ഭക്ഷണവും മാത്രമെ കിട്ടുകയുള്ളു എന്ന് ആ പാവം സങ്കടത്തോടെ പറഞ്ഞു. ശാസ്ത്രികള്‍ കണക്ക് പറഞ്ഞ് വാങ്ങുന്നതിനാല്‍ അയാള്‍ക്ക് ആരും ഒന്നും കൊടുക്കാറില്ല. ഒരു പത്ത് രൂപ നോട്ട് ഞാന്‍ അയാളുടെ കയ്യില്‍ 
വെച്ച് കൊടുത്തു. 'യാര്‍ കിട്ടെയും ശൊല്ലാതീങ്കോ' എന്നും പറഞ്ഞ് കൂപ്പുകയ്യോടെ അയാള്‍ അത് വാങ്ങി.

വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ പുറകിലെ മതിലിന്‍റെ ഒരു ഓരത്ത് കൂട്ടി വെക്കുക പതിവാണ്. അത് കുറെയേറെ ആവുമ്പോള്‍ ആരെങ്കിലും വന്ന് കൊണ്ടുപോകും. കാലിയായ ഉജാല, ഹാര്‍പിക് ബോട്ടിലുകള്‍, കേട് വന്ന് മാറ്റിയ പൈപ്പുകള്‍ , ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടിയ പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍ തുടങ്ങി അനാവശ്യമായ സര്‍വ്വ ഏടാകൂടങ്ങളും കൂടി അടിവശം ദ്രവിച്ച എഞ്ചിന്‍ ഓയില്‍ ഡ്രമ്മിലും ചുറ്റിലുമായി നിക്ഷേപിക്കുകയാണ് പതിവ്. സത്യത്തില്‍ 'ചേട്ടാ ഭഗവതി' കുടികൊള്ളുന്ന ഇടമായിട്ടാണ്' എനിക്ക് അവിടം തോന്നാറ്. ആര്‍ക്കെങ്കിലും വല്ലതും കൊടുത്താലും വേണ്ടില്ല, ഈ പണ്ടാരം ഒഴിവാക്കിയേ പറ്റു എന്ന് ഞാന്‍ ആലോചിച്ച് ഇരിക്കുമ്പോഴാണ് പഴയ സാധനങ്ങള്‍ കൊണ്ടു പോകുന്ന രാവുത്തര്‍ വന്നത്. മുഷിഞ്ഞുലഞ്ഞ ഷര്‍ട്ടും മുണ്ടും, അതുപോലെ ഒരു തലേക്കെട്ട്, നരച്ച കുറ്റിത്താടി, ആകെ കൂടി പരിക്ഷീണീതന്‍ .
അയാള്‍ പറയുന്നതിലും വെച്ച് പത്ത് രൂപ കൂടുതല്‍ കൊടുത്താലും ഈ വസ്തുക്കള്‍ എല്ലാം കൊണ്ടു പോകാന്‍ ഇയാളെ തന്നെ ഏല്‍പ്പിക്കാമെന്ന് ഞാന്‍ ഉറപ്പിച്ചു. ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം കുടിക്കാനും കൊടുത്തു.

പഴയത് വല്ലതും ഉണ്ടോ എന്ന് അയാള്‍ വിനീതമായി ചോദിച്ചു. ആ വാക്കുകളിലെ ഭവ്യത മുഖത്ത് തെളിഞ്ഞ് കാണുന്ന നിഷ്കളങ്കമായ ചിരി എന്നിവ കണ്ടപ്പോള്‍ ഞാന്‍ സസന്തോഷം വീടിന്‍റെ പുറകിലേക്ക് അയാളെ ആനയിച്ചു. ആക്രി സാധനങ്ങള്‍ കണ്ടതും 'ഇത്ര കാലമായിട്ടും ആരും ഇതൊന്നും വാങ്ങിയില്ലേ' എന്ന് അയാള്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച മാതിരി
ഒന്നുമല്ല കാര്യങ്ങള്‍ . ഈ സംഗതികള്‍ക്ക് എന്തോ വിലയുണ്ട്. ഒരു പക്ഷെ ഇയാള്‍ വിലപേശി യോജിക്കാതെ പോയതായിരിക്കുമെന്ന തോന്നല്‍ എനിക്ക് ഉണ്ടായി. നയത്തില്‍ കാര്യങ്ങള്‍ ഞാന്‍ തിരക്കി.

എന്‍റെ അനുമാനം ശരിയായിരുന്നു. അയാള്‍ മുമ്പും വന്ന് സാധനങ്ങള്‍ നോക്കിയിട്ടുണ്ട്. അന്ന് വില പറഞ്ഞ് യോജിക്കാതെ പോവുകയാണ് ഉണ്ടായത്. സുന്ദരി ചോദിച്ച തുകയും അയാള്‍ കൊടുക്കാമെന്ന് സമ്മതിച്ച സംഖ്യയും
 ഞാന്‍ ചോദിച്ചറിഞ്ഞു. 'സാറെ, നൂറ്റമ്പത് ഉറുപ്പിക കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ ഇവിടുത്തെ അമ്മ ഇരുന്നൂറ്റി അമ്പത് ഉറുപ്പികയില്‍ നിന്നും ഒരു പൈസ വിട്ട് തരില്ല എന്നും പറഞ്ഞ് തരാതിരുന്നതാണ്' എന്ന് അയാള്‍ അറിയിച്ചു. നൂറ് രൂപയ്ക്ക് വേണ്ടി ഈ കാരണവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാതെ സൂക്ഷിച്ച് വെക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി.

ഈ സമയത്താണ് കുളത്തിലേക്ക് പോയിരുന്ന സുന്ദരി തിരിച്ചെത്തുന്നത്. കാരണവര്‍ വീണ്ടും ഭവ്യതയോടെ ചെറിയൊരു ചിരിയുമായി നിന്നു. ഒരു മുഖവുരയും കൂടാതെ' കഴിഞ്ഞ ആഴ്ച ഒരാള്‍ വന്ന്മുന്നൂറ് രൂപ തരാമെന്ന് പറഞ്ഞിട്ട് ഞാന്‍ കൊടുക്കാതിരുന്നതാണ്. ഒരു നാന്നൂറ്റന്പത് രൂപ തന്ന് വേണച്ചാല്‍ എടുത്തോളൂ' എന്നായി വീട്ടമ്മ. ഞാന്‍ അവളുടെ കൂടെ
അകത്തേക്ക് ചെന്നു. കിഴവനെ നിരാശപ്പെടുത്തരുതെന്ന് എനിക്കുണ്ട്. 'ആ സാധു മനുഷ്യന്‍ കൊണ്ടു പോട്ടേടോ' എന്ന് ഞാന്‍ പറഞ്ഞു. 'വിജയേട്ടന്‍ അറിയാഞ്ഞിട്ടാണ്. ആനക്ക് അര പണം വില കാണുന്ന വര്‍ഗ്ഗമാണ് ഇവരൊക്കെ'. അവിടെ കിടക്കുന്നതില്‍ പൊട്ട സാധനങ്ങള്‍ മാത്രമല്ല, കുറെ പിച്ചള പൈപ്പുകളും ഇരുമ്പ് കമ്പിയുടെ കക്ഷ്ണങ്ങളും ഒക്കെ ഉണ്ടെന്നും 
ശരിക്ക് വില കണക്കാക്കിയാല്‍ പത്തെണ്ണൂറ് ഉറുപ്പിക കിട്ടുമെന്നും വീട്ടുകാരി അറിയിച്ചു.

ഈ പറഞ്ഞതൊക്കെ തെറ്റാണെന്ന്സ്ഥാപിക്കാന്‍ ഉള്ള അറിവ്എനിക്കില്ല. എന്നാലും മുറ്റത്ത് പ്രതീക്ഷയോടെ നില്‍ക്കുന്ന വയസ്സനെ നിരാശപ്പെടുത്തരുതെന്ന് എനിക്ക് തോന്നി. 'കണക്ക് ഒന്നും നോക്കണ്ടാ.അയാള്‍ അതൊക്കെ കൊണ്ടുപൊയ്ക്കോട്ടെ. ഒരു നേരത്തെ കഞ്ഞിക്ക് വക കിട്ടിക്കോട്ടെ. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ആരെങ്കിലും ഈ പണി ചെയ്യുമോ ' എന്ന് ഞാന്‍ 
പറഞ്ഞു നോക്കി. 'ഇതപ്പൊ പറ്റീത്. അയാള്‍ ആരാന്ന് നിങ്ങള്‍ക്ക് അറിയ്വൊ' ഭാര്യ ചോദിച്ചു. കിഴവന്ന് ടൌണില്‍
 രണ്ട് നില ടെറസ്സ് വീട് ഉണ്ടെന്നും മൂന്ന് പെണ്‍ മക്കള്‍ ഉള്ളതിനെ നല്ല നിലയ്ക്ക് കെട്ടിച്ചയച്ചുവെന്നും ആണ്‍കുട്ടികള്‍ രണ്ടെണ്ണം ഗള്‍ഫില്‍ ആണെന്നും ഇയാള്‍ക്ക് ഈ പണി ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു കേട്ടപ്പോള്‍, വിലപേശല്‍ എന്ന വിഷയത്തില്‍ ഒരു ഡിപ്ലോമയെങ്കിലും എടുക്കണമെന്ന് എനിക്ക് തോന്നി.

2 comments:

ശ്രീ said...

എഴുത്ത് നന്നാകുന്നുണ്ട് മാഷേ

keraladasanunni said...

Hallo Sree
വളരെ നന്ദി.
സ്നേഹത്തോടെ
Palakkattettan